ആത്മാവില്ലാത്ത വീടുകൾ പെരുകുന്ന കാലമാണിത്. കണ്ണിൽ നനവോ ചുണ്ടിൽ ചിരിയോ വാക്കിൽ ആത്മാർഥതയോ ഇല്ലാത്തവരുടെ കാലം. ബാങ്കു ബാലൻസുകളും സമ്പാദ്യങ്ങളും പെരുകുകയും കുടുംബ ബന്ധങ്ങളുടെ ഊഷ്മളതയും ഒത്തുചേരലുകളും കുറയുകയും ചെയ്തൊരു കാലം ! വീടുകൾക്കു ചായം പൂശിയും മുഖം വെളുപ്പിച്ചും ചുണ്ടുകൾ ചുവപ്പിച്ചും എല്ലാം മനോഹരമാക്കാൻ വെമ്പൽ കൊള്ളുമ്പോഴും ബന്ധങ്ങളുടെ ഇഴയടുപ്പവും ഊഷ്മളതയും ഇല്ലാതാക്കിയിട്ട് എന്തു നേട്ടം? സ്വയം ചുരുങ്ങി അവനവനിൽ അഭിരമിക്കുമ്പോൾ ഹൃദയം വരളുകയല്ലേ ? അടുപ്പത്തിന്റെ അകലം കൂടുകയല്ലേ ? ഉള്ളിൽ പരിചരണങ്ങളില്ലാതെ, ശ്രദ്ധകളില്ലാതെ കരിഞ്ഞുണങ്ങുന്ന ബന്ധങ്ങളുടെ ചേതനയറ്റ പൂക്കൾ മാത്രം ബാക്കിയാവുകയല്ലേ ? ഒന്നു നെഞ്ചിൽ കൈവച്ചു പറയാം , മെയാ കുൾപ്പാ, മെയാ കുൾപ്പാ, മെയാ മാക്സിമം കുൾപ്പാ !











