🌻മൺഡേ സപ്ലിമെന്റ് –144 🌻
🌹 വേഷമല്ല വ്യക്തി ഗുണമാണ് പ്രധാനം. 🌹
ഒരു വ്യക്തി ഏതു കുലത്തിൽ പിറന്നു എന്നതല്ല, എങ്ങനെ ജീവിക്കുന്നു എന്നതാണ് പ്രധാനം. ജയവും പരാജയവും തമ്മിലുള്ള വ്യത്യാസം നമ്മുടെ വീക്ഷണത്തിനനുസരിച്ചാണ്. ജീവിതത്തിൽ പരാജയം ഉണ്ടാകാം പക്ഷേ അതിനെ എങ്ങനെ വീക്ഷിക്കുന്നു എന്നതാണ് പ്രധാനം. അതുകൊണ്ടാണ് വീക്ഷണം ശരിയായാൽ വിജയം തീർച്ചയാക്കാം എന്നു പറയുന്നത്.
നല്ല ചിന്തകളിൽ
നിന്നാണ് നല്ല കർമ്മങ്ങൾ ജന്മം കൊള്ളുന്നത്. നല്ല കർമ്മങ്ങൾ മനുഷ്യരെ നന്മയിലേക്കും പുരോഗതിയിലേക്കും നയിക്കുന്നു.
വസ്ത്രധാരണ
രീതിയോടും നമ്മുടെ കാഴ്ചപ്പാടുകൾക്ക് വളരെ പ്രാധാന്യമുണ്ട്. സാമാന്യജനം നിസ്സാരതകളിൽ രമിക്കുന്നു. അവർക്ക് വ്യക്തി ഗുണത്തേക്കാൾ വേഷഗുണത്തിൽ ആകും ഭ്രമം.
ചില ജീവിക്കുന്ന ഉദാഹരണങ്ങൾ : ഈശ്വരചന്ദ്ര വിദ്യാസാഗർ (1820–1891) പണ്ഡിതൻ ഗ്രന്ഥകാരൻ സമുദായ പരിഷ്കർത്താവ് ദീനബന്ധു എന്നീ നിലകളിളെല്ലാം തന്റെ വ്യക്തിമുദ്രപതിപ്പിച്ചിട്ടുണ്ട്. സേവനത്തിനായി അർപ്പണം ചെയ്ത ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഒരുദോത്തിയും ചെരുപ്പും ഒരംഗവസ്ത്രവും മാത്രമായിരുന്നു അദ്ദേഹം സാധാരണ ധരിച്ചിരുന്നത്. ഈ വേഷത്തിൽ ആയിരുന്നു അദ്ദേഹം ലെഫ്റ്റനന്റ് ഗവർണർ ഉൾപ്പെടെ വലിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരെ കണ്ടതും അവരുമായി സംഭാഷണം നടത്തിയിരുന്നതും. പാശ്ചാത്യ രീതിയിലുള്ള വേഷത്തിൽ അല്ലാത്തതിനാൽ ഒരു സ്വീകരണ സമ്മേളനത്തിലേക്ക് അദ്ദേഹത്തെ കടത്തിവിടാതിരുന്നതും, ക്ഷണം അനുസരിച്ച് ഒരു വിരുന്നിൽ
പങ്കെടുക്കാനായി എത്തിയപ്പോൾ, അദ്ദേഹം ധരിച്ചിരുന്ന വേഷത്തിന്റെ കാര്യം പറഞ്ഞ് കാവൽക്കാരൻ തടഞ്ഞതും പരക്കെ അറിവുള്ള
ഉദാഹരണങ്ങളാണല്ലോ.
ഗാന്ധിജി ഒരു ദോത്തി മാത്രമായിരുന്നല്ലോ
വസ്ത്രമായി ഉപയോഗിച്ചിരുന്നത്.
അദ്ദേഹം ഒരു വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കുന്ന സന്ദർഭം. ബ്രിട്ടീഷ് രാജാവാണ് യോഗാധ്യക്ഷൻ. രാജാവ് പ്രധാനമന്ത്രിയോട് ചോദിച്ചു , ഇയ്യാളാണോ ബ്രിട്ടീഷ് സാമ്രാജ്യത്തിന് ഭീഷണി ഉയർത്തിയ മനുഷ്യൻ ? അപ്പോൾ പ്രധാനമന്ത്രി പറഞ്ഞു : അതേ തിരുമനസേ, ഇദ്ദേഹത്തിന് സൈന്യമില്ല ഖജനാവില്ല. ബ്രിട്ടനിലെ കാലാവസ്ഥ നേരിടാൻ ആവശ്യമായ വസ്ത്രങ്ങൾ പോലുമില്ല. എന്നിട്ടും ബ്രിട്ടീഷ് സാമ്രാജ്യത്തിന് അദ്ദേഹം ഭീഷണിയാണ്. അൽപ്പനേരം മൗനിയായിരുന്ന ശേഷം രാജാവ് പറഞ്ഞു : “എങ്കിൽ പ്രധാനമന്ത്രി, നമുക്ക് അദ്ദേഹത്തെ തോൽപ്പിക്കാനാവില്ല. അദ്ദേഹം അജയ്യനാണ്. ഇന്ത്യ വിട്ടുപോരുക. നമുക്ക് ഹിറ്റ്ലറെ തോൽപ്പിക്കാം, പക്ഷേ ഈ അർദ്ധനഗ്നനായ ഫക്കീറിനെ തോൽപ്പിക്കാനാവില്ല.”
ഗാന്ധിജിയെക്കുറിച്ച് പണ്ട് ‘ലണ്ടൻ ടൈംസ്’ എഴുതി :” ഗാന്ധിജി ആയിരം വർഷങ്ങളിൽ ഒരിക്കൽ സംഭവിക്കുന്ന അത്ഭുത പ്രതിഭാസമാണ്. അദ്ദേഹത്തിന്
ജന്മം നൽകാൻ ഇന്ത്യയ്ക്കല്ലാതെ മറ്റൊരു രാഷ്ട്രത്തിനുംസാധ്യമല്ല.”
പ്രസിദ്ധ ഐറിഷ് സാഹിത്യകാരനായിരുന്ന ബർണാഡ്ഷായ്ക്ക് സ്വീകരണം നൽകാനായി കൂടിയ മഹാസമ്മേള
നത്തിൽ, അദ്ദേഹം പാശ്ചാത്യവേഷം ധരിച്ചിരുന്നില്ല എന്ന കാരണത്താൽ കാവൽക്കാരൻ അദ്ദേഹത്തെപോലും വാതിലിൽ തടഞ്ഞു !
മുംബൈയിലെ ‘റിറ്റ്സ്’ ഹോട്ടൽ പണ്ടുകാലത്ത് വളരെ പ്രശസ്തമായ ഒരു സ്ഥാപനമായിരുന്നു. ഒരിക്കൽ ദാനശീലൻ എന്ന് പേരുകേട്ട ശ്രീ അളഗപ്പചെട്ടിയാർ റിറ്റ്സ് ഹോട്ടലിലെ റിസപ്ഷനിൽ ചെന്ന് തനിക്ക് താമസിക്കാനായി ഒരു മുറി ആവശ്യപ്പെട്ടു. വളരെ സാധാരണമായ വേഷത്തോടെയും എളിമയോടുകൂടിയും നിന്ന അളഗപ്പചെട്ടിയാരെ റിസപ്ഷനിൽ ഉണ്ടായിരുന്ന ഹോട്ടൽ ഉടമ ആപാദചൂഡം നോക്കി. ഇത്തരം ഒരു സാധാരണ വ്യക്തിക്ക് ഈ ഹോട്ടലിലെ ചെലവ് താങ്ങാനുള്ള ശേഷി ഉണ്ടാവില്ലെന്ന് ധരിച്ച ആയാൾ, ” മുറിയൊന്നും ഇപ്പോൾ ഒഴിവില്ലല്ലോ” എന്ന് പറഞ്ഞു. പല മുറികളും ഒഴിഞ്ഞുകിടക്കുന്നത് എങ്ങനെയോ അളഗപ്പചെട്ടിയാർ മനസ്സിലാക്കി. അതോടൊപ്പം ഹോട്ടലു ടമയുടെ മനസ്സിലിരിപ്പും മനസ്സിലാക്കി അദ്ദേഹം ചോദിച്ചു,”ഈ ഹോട്ടലിൽ എത്ര മുറികളാണ്ഉള്ളത്?” ഉടൻ പരിഹാസരൂപേണ ഹോട്ടൽ ഉടമ ചോദിച്ചു, “എന്താ, നിങ്ങൾ ഈ ഹോട്ടൽ വിലയ്ക്ക്
വാങ്ങാൻ വന്നതാണോ?”
“അതെ,വിലക്കുവാങ്ങാൻ തന്നെ വന്നതാണ്. എന്തുവില വേണം?” എന്നായി ചെട്ടിയാർ. ഇത് കേട്ട് വിസ്മയിച്ച ഹോട്ടലുടമ തമാശയ്ക്ക് ഒരു വൻ തുക വില പറഞ്ഞു. അളഗപ്പ ചെട്ടിയാർ ഒട്ടും അമാന്തിക്കാതെ തന്നെ തന്റെ ബാഗ് തുറന്നു ചെക്ക് ബുക്ക് എടുത്ത് ഹോട്ടലുടമ പറഞ്ഞ തുകയ്ക്ക് തന്നെ ചെക്ക് എഴുതി ഒപ്പിട്ടു കൊടുത്തു. അങ്ങനെ അളഗപ്പ
ചെട്ടിയാർ ‘റിറ്റ്സ്’ ഹോട്ടലിന്റെ ഉടമയായി. ഒരു വ്യക്തിയെ തെറ്റായി വിലയിരുത്തി സംസാരിച്ചതിന്റെ ദുരന്തഫലം !
വാഹനം വാങ്ങാൻ കർഷകൻ കെംപെഗൗഡ ബാംഗ്ലൂരിലെ മഹീന്ദ്ര ഷോറൂമിലെത്തി. മുഷിഞ്ഞ വസ്ത്രം ധരിച്ചിരുന്ന അദ്ദേഹത്തെ നോക്കി പത്തു രൂപ പോലും എടുക്കാൻ ഇല്ലാത്ത നിങ്ങൾ വാഹനം വാങ്ങുമോ എന്ന് ചോദിച്ച് ജീവനക്കാർ അദ്ദേഹത്തെ പരിഹസിച്ചു.
അപമാനിക്കപ്പെട്ട
കെംപെഗൗഡ മടങ്ങിപ്പോയി. അരമണിക്കൂറിനകം അദ്ദേഹം 10 ലക്ഷം രൂപയുമായി സുഹൃത്തുക്കളോടൊപ്പം ഷോറൂമിലെത്തിയത് വൻ വാർത്തയായി. സംഭവം അറിഞ്ഞ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര പ്രശ്നത്തിൽ ഇടപെട്ടു. തുടർന്ന് ജീവനക്കാർ കർഷകന്റെ വീട്ടിലെത്തി മാപ്പ് പറഞ്ഞു. അവർ അദ്ദേഹത്തെ വാഹനം വാങ്ങാൻ ക്ഷണിച്ചു. അന്നത്തെ വിലയായ 9.8 ലക്ഷം രൂപ നൽകി
കെംപെഗൗഡ തന്റെ ഇഷ്ട വാഹനം ‘ബെലേറോ’ പിക് അപ് സ്വന്തമാക്കി.
ധരിക്കുന്ന വസ്ത്രം നോക്കി ആരെയും വിലയിരുത്തരുതെന്ന് അദ്ദേഹം ജീവനക്കാരെ ഉപദേശിച്ചു.
ഇംഗ്ലണ്ടിലെ ഒരു കലാസംഘടന ചാർളി ചാപ്ലിന്റെ വേഷം കെട്ടുന്നവർക്ക് ഒരു മത്സരം ഏർപ്പെടുത്തി. ചാപ്പിളിനോട് കൂടുതൽ സാദൃശ്യമുള്ള വേഷമിടുന്ന ആളിന് വെള്ളിക്കപ്പ് സമ്മാനമായി കൊടുക്കും എന്നായിരുന്നു അറിയിപ്പ്. അന്ന് രൂക്ഷമായ സാമ്പത്തിക പരാധീനത അനുഭവിച്ചിരുന്ന ചാപ്ലിൻ പ്രതീക്ഷയോടെ ഈ മത്സരത്തിൽപങ്കെടുത്തു. പക്ഷേ സമ്മാനത്തിന് അർഹമായത് ആകർഷകമായ വസ്ത്രധാരണം നടത്തി ചാർലിചാപ്ലിൻ ആയി പ്രത്യക്ഷപ്പെട്ട
മറ്റൊരു മത്സരാർത്ഥി
ക്കായിരുന്നു.അയാളുടെ വസ്ത്രധാരണത്തിൽ ആകൃഷ്ടരായവർ പ്രതിഭാശാലിയായിരുന്ന ചാപ്ലിനെ കണ്ടില്ല. അവർ ചാർലി ചാപ്ലിന്റെ നിഴലിനെയാണ് ജീനിയസ് ആയി കണ്ടത് ! ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റിനെ കണ്ട്
പാവം ചാപ്ലിൻ അതീവ ദുഃഖിതനായി വേദി വിട്ടു.
നമ്മുടെ കാഴ്ചകൾ എല്ലായ്പ്പോഴും നമ്മുടെ കാഴ്ചപ്പാടുകളുമായി ബന്ധപ്പെട്ട് കിടക്കുന്നു. അതുകൊണ്ട് നാം നമ്മുടെ കാഴ്ചപ്പാടുകളെ രൂപപ്പെടുത്തേണ്ടതുണ്ട്. അപ്പോൾ മാത്രമേ നമ്മുടെ കാഴ്ചകൾ ശരിയായി വരികയുള്ളൂ.
11–04–2024.
🌹 🌹
About The Author
No related posts.