അക്ഷരത്താളിലിന്ന് അമൃതേത്ത് തൂകുമീ
ഗുരുവിനും പൊയ്മുഖം കലികാല ചേഷ്ടയാൽ!
കരിനീഴൽ വീഴുമീ ജീവിത പന്ഥാവിൽ
തെളിനീരു കിനിയുന്ന മുഖമിന്നു മിഥ്യയോ?
ദുഃഖങ്ങൾ പങ്കിടാൻ, സാന്ത്വനം തന്നിടാൻ,
സന്തോഷമൊക്കെയും തമ്മിൽ വിളമ്പുവാൻ
സൗഹൃദം തന്നിലായ് ഇഴ ചേർന്നൊഴുകുമ്പോൾ
അണയുന്നു തിരിനാളം ഉടലിന്റെ ജീവനിൽ.
പ്രണയത്തിൻ മധുരവും ചേലൊത്ത നിറമെന്നും
തിന്മതൻ കൂട്ടിലായ് കാലം കഴിക്കുമ്പോൾ
എന്നിലന്നാളിയ യൗവനനാമ്പുകൾ
ചിറകറ്റെരിഞ്ഞുപോയ് കനൽചൂടിലാകവെ.
കുഞ്ഞിളം കൊഞ്ചലിൻ പുഞ്ചിരിശീലുകൾ
തല്ലിക്കെടുത്തുന്നു ഉന്മാദചിത്തത്താൽ!
നിഴലുകൾ അന്ധകാരം വീഴ്ത്തുമീ വീഥിയിൽ
ഇടറിടും പലകുറി ചേതനയറ്റപോൽ.
കൂടപ്പിറക്കാത്ത കൂടപ്പിറപ്പുകൾ
കൂട്ടിനായെത്തുന്ന സൗഹൃദക്കൂടുകൾ
ചിറകറ്റ പക്ഷിയ്ക്കൊരു തൂവലേകാതെ
ചിറകരിഞ്ഞീടുന്നു നിത്യം പറവയെ.
വിവേകം വികാരത്തിന്നടിമയായ് ത്തീരുകിൽ
തേർത്തട്ടുടഞ്ഞു നീ നിശ്ചലമാകും മുന്നേ
ആദികവിതൻ നാവിലന്നുതിർന്ന
“മാനിഷാദ”യെന്ന നാലക്ഷരം കുറിച്ചിടാം…












