നാം ബഹുമാനിക്കുകയോ ആദരിക്കുകയോ ചെയ്യാത്തതൊന്നും നമ്മോട് ചേർന്നിരിക്കില്ല. ഒരു ഭിക്ഷാപാത്രം പോലും. നാം നിന്ദിക്കുന്ന ഓരോ ഉരുള ചോറു പോലും നമുക്കെതിരെ നിലവിളിക്കുന്ന ദിനം വരും. സത്യത്തിൽ അതാണ് വറുതി. ധാരാളിത്തം കൊണ്ടും മനസ്സിന്റെ ഹുങ്കു കൊണ്ടും നാം ഒരു നാൾ നിന്ദിച്ചവയേയും തള്ളിപ്പറഞ്ഞവരേയും അന്വേഷിച്ച് മറ്റൊരു നാളിൽ നാം അനേകം കാതങ്ങൾ അലയേണ്ടിവരും. ആയതിനാൽ നമുക്ക് ഇന്ന് ലഭിക്കുന്ന സ്നേഹത്തെ നിന്ദിക്കാതിരിക്കുക. ഒരു പക്ഷേ, നാളെ നാം അതിനു വേണ്ടി അലഞ്ഞു നടന്നാൽ പോലും നമുക്കത് തിരികെ കിട്ടിയെന്നു വരില്ല. ആരെയും സ്നേഹിക്കാതെയും ബഹുമാനിക്കാതെയും ആദരിക്കാതെയും ഒരാൾക്കും ഈ ഭൂമിയിൽ ജീവിക്കാൻ കഴിയില്ല. നാം ആരെയെങ്കിലും സ്നേഹിക്കുകയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിട്ടുണ്ടാകും. കാരണം, കടലോളം ആഴമുണ്ട് ഓരോ ജീവിതത്തിനും . നാം അതിനെ വെറുമൊരു നീർത്തുള്ളി പോലെ അവഗണിക്കരുത്.