ഭൂട്ടാൻ, ആസ്സാം, മേഘാലയ തുടങ്ങിയവയിലൂടെ നടത്തിയ യാത്രകൾക്കുശേഷം മറ്റൊരു യാത്രാ മോഹം ജനിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ നാഗാലാന്റ്, ത്രിപുര, മണിപ്പൂർ, മിസ്സോറാം, അരുണാചൽപ്രദേശ് എന്നിവയിലൂടെക്കൂടി ഒരു യാത്രപോയാലോ? .എന്നാൽ ഇരുപത്തിയൊൻപത് സംസ്ഥാനങ്ങളിലൂടെയും ഒരോട്ടപ്രദക്ഷിണം നടത്തിയിട്ടുണ്ട് എന്ന് ധൃതംഗപുളകിതനാ കാലോ ? മനസ്സിലെ ചിന്ത വേഗം നടപ്പിലാക്കിയില്ലേൽ ഒരിക്കലും നടക്കില്ല എന്നതാണ് പൊതുവെ ഏത് യാത്രികരുടെയും തിയറി. കാശ്മീർ സന്ദർശനത്തിൽ സഹയാത്രികരായിരുന്നവരെ കാര്യസാധ്യത്തിനായി വിളിച്ചു.അതിൽ നിലമ്പൂരുകാരനായ ആദർശും പൂക്കോട്ടുംപാടംകാരനായ റിട്ടയേർഡ് എസ്.ഐ അരവിന്ദേട്ടനും കൂടെ വരാമെന്ന് പറഞ്ഞു. യാത്രികനും പരിസ്ഥിതി പ്രവർത്തകനുമായ ജയപ്രകാശ് നിലമ്പൂരുമായി ബന്ധപ്പെട്ടപ്പോൾ ഗിരീഷ്മരേങ്ങലത്തും കുഞ്ഞിമോയിൻ മാഷും മഹ്സൂം മാഷും യാത്രാസംഘത്തിൽ ചേർന്നു. ഗൂഗിൾ ഗുരുവിന് ശിഷ്യപ്പെട്ട് ഏകദേശം ഒരു റൂട്ട് മാപ്പ് തയ്യാറാക്കി. മഞ്ചേരിയിലെ ഒരു കൂൾബാറിൽ വെച്ച് ഞങ്ങൾ ആറു പേർ കൂടുകയും ഏകദേശം പോകേണ്ട രീതിയെപ്പറ്റി വിശദീകരിക്കുകയും ചെയ്തു. അത്യാവശ്യം യാത്രാ പ്ലാൻ പറഞ്ഞുകഴിഞ്ഞ് ബാക്കിയൊക്കെ ‘ഹോട്ടൽ വരുംപോലെ വരും’ ആയിരിക്കും എന്ന് മുൻകൂർ ജാമ്യവുമെടുത്തു. അത്യാവശ്യം റിസ്കെടുത്ത് കട്ടക്ക് കൂടെ നിൽക്കുന്നവരാണ് കൂട്ടുകാരെന്ന് ബോധ്യപ്പെട്ട നിമിഷങ്ങൾ.18 ദിവസത്തോളം വേണ്ടിവരും യാത്രയെന്ന് പറഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടുമുള്ള ട്രെയിൻ ബുക്ക് ചെയ്യാൻ തീരുമാനിച്ചു. പാലക്കാട് നിന്നും വിവേക് എക്സ്പ്രസ്സിൽ കയറി നാഗാലാന്റിലെ ദിമാപൂരിൽ നാലായിരത്തോളം കിലോമീറ്റർ താണ്ടി ട്രെയിനിറങ്ങി. അവിടത്തെ ചില കാഴ്ച്ചകൾ കണ്ട് 70 കിലോമീറ്ററോളം ദൂരമുള്ള കൊഹിമയിലേക്ക് യാത്ര തിരിച്ചു.രണ്ടു മണിക്കൂറോളം യാത്ര ചെയ്ത് കൊഹിമയിലെത്തി.
കെവ്ഹി -റാ എന്നായിരുന്നുവത്രെ കൊഹിമയുടെ ആദ്യകാലത്തെ പേര്.കെവ്ഹി എന്നത് ഒരുതരം പൂവിന്റെ പേരാണത്രെ. അത് ധാരാളം വിരിയുന്ന നാട് എന്നാണ് കെവ്ഹി -റാ എന്ന വാക്കിന്റെ അർത്ഥം.1878 ഓടെ ബ്രിട്ടീഷുകാർ ഇവിടെ ആധിപത്യം സ്ഥാപിച്ചതോടെ കോഴിക്കോടിനെ കാലിക്കറ്റ് ആക്കിയപോലെ കെവ്ഹി – റായെ കൊഹിമയാക്കി മാറ്റി.ഹൈറേഞ്ച് പ്രദേശങ്ങളിലെ കാലാവസ്ഥയുള്ള ഇവിടെ നഗരത്തിൽ മാത്രം ഒരു ലക്ഷത്തോളം പേർ താമസിക്കുന്നുണ്ട്.
ആറു പേർ ഉള്ളതിനാൽ രണ്ട് മുറികൾ എടുക്കേണ്ടിവന്നു. ഒന്ന് മയങ്ങാൻ തോന്നിയെങ്കിലും, അതിന് നിൽക്കാതെ കുളിച്ച് ഫ്രഷ് ആയതിനുശേഷം പുറത്തിറങ്ങി. അധികം ഇരുട്ടുന്നതിനുമുമ്പ് ഹോട്ടലിലേക്ക് തിരിച്ചെത്തണേ, രാത്രിയായാൽ ഇവിടെ ചില്ലറ പ്രശ്നങ്ങളൊക്കെയുണ്ട്. ഹോട്ടൽ ഓണർ ചിരിച്ചുകൊണ്ടാണ് പറഞ്ഞതെങ്കിലും ഞങ്ങളത് ഗൗരവമായിട്ടെടുത്തു.
ഏതൊരു നാട്ടിലെത്തിയാലും അവിടത്തെ രീതികൾ അറിയാനുള്ള എളുപ്പവഴി അവിടത്തെ മാർക്കറ്റുകൾ സന്ദർശിക്കുക എന്നതാണ്.ദിമാപൂരിൽ കണ്ട കാഴ്ച്ചകളുടെ ആവർത്തനമാണ് കൊഹിമയിലുമുള്ളത്. ചൂണ്ടയിട്ട് മീൻ പിടിക്കുന്നവർ മീനിനെ കോമ്പലയാക്കി വെക്കുന്നപോലെ ഇവിടെ ജീവനുള്ള തവളകളെ ഒരു കയറിൽ കെട്ടിയിട്ടിരിക്കുന്നു. ഞങ്ങൾ തവളക്കുനേരെ കൈചൂണ്ടുന്നതുകണ്ടപ്പോൾ ആ കച്ചവടക്കാരി ഇരുന്നിടത്തു നിന്നും എണീറ്റ് കയറിന്റെ ഒരറ്റം പിടിച്ച് പൊന്തിച്ചു. മുപ്പതിലേറെ തവളകളെ കെട്ടിയിട്ട ഒരു കോമ്പലയായിരുന്നു അത്. ചെറുതായിരിക്കുമ്പോൾ ഒരിക്കൽ മാത്രമാണെങ്കിലും തവളയെ കഴിച്ചത് എനിക്ക് ഓർമ്മവന്നു. പക്ഷേ എന്ത് രുചിയായിരുന്നു എന്നൊന്നും ഓർമ്മ വന്നില്ല. ഞങ്ങൾ വാങ്ങാനല്ല കാണാനാണ് വന്നിട്ടുള്ളതെന്നും അവർ കഴിക്കുന്ന പലതും ഞങ്ങൾക്ക് അറപ്പുളവാക്കുന്നുണ്ടെന്നും കച്ചവടക്കാരികൾക്ക് ബോധ്യമായി. പുൽച്ചാടിയെപ്പോലെയുള്ള ഒരു ജീവിയെ കാണിച്ചു തന്ന് നാഗാസ്ത്രീകളുടെ എനർജിയുടെ രഹസ്യം അതാണെന്ന് ഇംഗ്ലീഷിൽ പറഞ്ഞു. പട്ടുനൂൽപ്പുഴുവിന്റെ തോൽ പൊട്ടിച്ച് എങ്ങനെയാണ് പാചകം ചെയ്യേണ്ടത് എന്ന് ഒരു സ്ത്രീ വിശദീകരിച്ചു.മൊബൈൽ ഫോൺ ഫോട്ടോഗ്രാഫിയിൽ പ്രസിദ്ധനായ ഗിരീഷ് മാഷ് നിരവധി ഫോട്ടോകൾ എടുത്തു. പച്ചക്കറി മാർക്കറ്റിൽ എത്തിയപ്പോൾ നമുക്ക് പരിചയമില്ലാത്ത എത്രയോ തരം ഇനങ്ങൾ വിൽപ്പനയ്ക്ക് വെച്ചിരുന്നു.മലപ്പുറത്ത് മുത്തിൾ എന്ന് വിളിക്കുന്ന കുടങ്ങൽ വിൽക്കുന്നതുകണ്ട് അദ്ഭുതം തോന്നി. എന്തിനാണിതെന്ന് ചോദിച്ചപ്പോൾ അവർ ബ്രഹ്മി എന്നാണ് കുടങ്ങലിനെ വിളിക്കുന്നതെന്നും അതിന്റെ സബ്ജി ഹെൽത്തിയും രുചികരവുമാണെന്ന് കച്ചവടക്കാരിപറഞ്ഞുതന്നു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നേരത്തെ ഇരുട്ടുകയും ( 5 മണിയോടെ ) രാവിലെ നേരത്തെ തന്നെ (4:30 ഓടെ ) പുലരുകയും ചെയ്യും. അത്താഴം കഴിക്കാനായി റെസ്റ്റോറെന്റിൽ എത്തിയപ്പോൾ കുഞ്ഞിമോയിൻ മാഷും മഹ്സൂം മാഷും ഒന്നും കഴിച്ചില്ല. രാവിലെ ദിമാപൂർ മാർക്കറ്റിൽ നായയിറച്ചി വിൽക്കാൻ വെച്ചു കണ്ടത് ഓർമ്മ വന്നതാണ് കാരണം. ബാക്കിയുള്ള ഞാനടക്കമുള്ള 4 പേരും കിട്ടിയത് നല്ലവണ്ണം തട്ടിവിട്ടു.നേരം ഇരുട്ടാൻ തുടങ്ങിയതിനാൽ ഭക്ഷണശേഷം വേഗംതന്നെ താമസിക്കുന്ന ഹോട്ടലിലെ ത്തി.
ഞാനും അരവിന്ദേട്ടനും ആദർശും ഒരു മുറിയിലും കാളികാവുകാരായ ഗിരീഷ്മാഷും കുഞ്ഞിമോയിൻമാഷും മഹ്സൂം മാഷും മറ്റൊരു മുറിയിലുമായിരുന്നു കിടക്കാൻ ഉദ്ദേശിച്ചത്. അടുത്ത ദിവസത്തെ യാത്ര പ്ലാൻ ചെയ്യാൻ ഞങ്ങളുടെ മുറിയിലേക്ക് എല്ലാവരും എത്തി.നാഗാലാന്റിൽനിന്നും മണിപ്പൂരിലേക്ക് പോകാനാണ് മുമ്പേ നിശ്ചയിച്ചിരുന്നത്. പക്ഷേ അവിടെ കർഫ്യൂ ആയതിനാൽ അങ്ങോട്ട് പോകാൻ പറ്റില്ലല്ലോ? മണിപ്പൂരിലെ മ്യാൻമർ അതിർത്തികളിലൊന്നായ മൊറെ ( More)യിൽ നിന്നും വിസയില്ലാതെ മ്യാൻമറിലെ തമു ( Tamu )വിലെത്താം എന്ന് ഗൂഗിൾ ഗുരു പറഞ്ഞപ്പോൾ എത്ര സന്തോഷിച്ചതാണ്?മൊറെയിൽനിന്നും മെനൽ നദിയിലെ ഇൻഡോ- മ്യാൻമർ ഫ്രന്റ്ഷിപ് പാലം കടന്ന് മ്യാൻമറിൽ ചുളുവിൽ വിസാരഹിതരായി എത്തുന്നത് എത്ര സ്വപ്നം കണ്ടതാണ്?കർഫ്യു അതെല്ലാം പൊളിച്ചു കളഞ്ഞു. ഇനി മിസോറാമിലേക്കോ ത്രിപുരയിലേക്കോ എത്തണമെങ്കിൽ കൊഹിമയിൽനിന്നും ദി മാപൂർ വഴി ആസ്സാമിലെ ഗുവാഹട്ടിയിലെത്തണം!.ദാമാപുരിലിറങ്ങിയതിനു ശേഷമുള്ള ചെലവുകൾ ഞാൻ വിശദീകരിച്ചു.
സഹയാത്രികരെല്ലാംകൂടി കോ-ഓർഡിനേറ്ററായി എന്നെയാണ് നിർബന്ധിച്ചേൽപ്പിച്ചത്. അതിനാൽ ജീവിതത്തിൽതന്നെ ലക്കും ലഗാനുമില്ലാത്ത ഞാനാകെ പരുങ്ങിയിരിപ്പാണ്. സംഘത്തിലെ കാരണവരായ കുഞ്ഞിമോയിൻ മാഷ് അവിടെ നിന്നും നമ്മൾ ചായ കുടിച്ചില്ലെ? അതിന്റെ പൈസ ഞാൻ പറഞ്ഞതിൽ വന്നില്ലല്ലോ എന്ന് പറഞ്ഞു. ഞാൻ ചെലവാക്കിയ പലതും എഴുതാൻ വിട്ടു പോയിരുന്നു. അതിനാൽ എന്നെക്കൊണ്ട് കണക്കു പണി പറ്റില്ല എന്ന് ബോധ്യപ്പെട്ടതിനാൽ കുഞ്ഞിമോയിൻമാഷ് തന്നെ സ്വയം കണക്കപ്പിള്ളയായി അവരോധിതനായി.തലയിൽനിന്നും വലിയൊരു ഭാരം ഒഴിഞ്ഞ സന്തോഷത്തിൽ ഇരിക്കുന്ന സമയത്ത് വാതിലിലൊരു മുട്ടുകേട്ടു.
മുറിയുടെ വാതിൽ തുറന്നു. യൂനിഫോമിട്ട 5 പോലീസുകാർ തോക്കും തോളിലേന്തി നിൽക്കുന്നു. ഭയം കൊണ്ട് നെഞ്ച് ഇടി തുടങ്ങി.അജാനുബാഹുക്കളായ അഞ്ചുപേരും റൂം സെർച്ചു ചെയ്യണമെന്ന് പറഞ്ഞ് മുറിയിലേക്ക് കയറി. വനിതാ പോലീസ് മാത്രം മുറിയുടെ മൂലയിൽനിന്നു. ഒരാൾ ബാത്റൂമിൽ കയറി നോക്കി. മറ്റുള്ളവർ ഞങ്ങളുടെ ബാഗുകൾ തുറന്ന് പരിശോധിക്കാൻ തുടങ്ങി.തട്ടിമുട്ടി ഹിന്ദി പറയാൻ അറിയാവുന്ന ഞാനാണ് പോലീസുകാരോട് മറുപടി പറഞ്ഞത്. എന്റെ ബാഗിൽ ‘ഔഷധ സസ്യങ്ങൾ’ എന്ന ഞാനെഴുതിയ പുസ്തകത്തിന്റെ കുറച്ചു കോപ്പികൾ ഉണ്ടായിരുന്നു. അതെന്താണെന്ന് ചോദിച്ചു. ഞാൻ പുസ്തകത്തിന്റെ ഉള്ളടക്കം വിശദീകരിച്ചുകൊടുത്തു.സ്ഥലങ്ങൾ കാണാൻ വന്നതാണെന്നും പറഞ്ഞു.ഈ കൊഹിമയിൽ എന്താണിത്ര കാണാൻ എന്നയാൾ തിരിച്ചുചോദിച്ചു. ഭയം കൊണ്ട് തപ്പിത്തപ്പിയാണ് മറുപടി പറഞ്ഞത്. എന്നാണിവിടെ വന്നത്? ഇന്ന് ഉച്ചക്ക് എന്ന് മറുപടി പറഞ്ഞു. അവരുടെ മുഖഭാവത്തിൽനിന്നും ഞങ്ങളുടെ മറുപടിയിൽ അവർക്ക് വിശ്വാസം വരാത്ത പോലെ തോന്നി. എന്തൊക്കെയോ സംശയിക്കുന്ന പോലെ.അപ്പോൾ ഞാൻ ബാഗിൽ സൂക്ഷിച്ചിരുന്ന ദിമാപുരിൽനിന്നും ജില്ലാ പോലീസ് മേധാവി തന്ന ഇന്നർലൈൻ പെർമിറ്റ് എടുത്തുകാണിച്ചു കൊടുത്തു. അതു കണ്ടപ്പോൾ അവരുടെ മുഖം തെളിഞ്ഞു.ഇതാദ്യമേ കാണിക്കണ്ടെ എന്ന് ചോദിച്ചു. ഞങ്ങൾ വരുന്നതിന്റെ തലേ ദിവസം ചിലർ രണ്ട് പോലീസുകാരെ കൊന്നിട്ടുണ്ടെന്നും അവരിൽ ചിലർ ഏതോ ഹോട്ടൽ മുറികളിൽ താമസിക്കുന്നുണ്ടെന്നും അറിവ് ലഭിച്ചിട്ട് വന്നതാണ് എന്ന് പറഞ്ഞു. ഞങ്ങളെ ബുദ്ധിമുട്ടിച്ചതിൽ ക്ഷമയും പറഞ്ഞാണ് പോലീസുകാർ പോയത്. അപ്പോഴാണ് ഞങ്ങൾക്കെല്ലാവർക്കും ശ്വാസം നേരെ വീണത്.ഇന്നർലൈൻ പെർമിറ്റ് എടുത്തിട്ടില്ലെങ്കിൽ എന്തൊക്കെ ദുരവസ്ഥകളാണ് ഉണ്ടാകുക എന്നോർത്ത് ഞങ്ങളെല്ലാം നെടുവീർപ്പിട്ടു.പോലീസുകാരുടെ നിർഗമനത്തിനുശേഷം കൂടുതൽ ചർച്ചിക്കാൻ തോന്നിയില്ല. കൂട്ടുകാരെല്ലാം അവരവരുടെ സ്ഥാനങ്ങളിലേക്ക് തിരിച്ചുപോയി.
പിറ്റേ ദിവസം രാവിലെ എല്ലാവരും നേരത്തെത്തന്നെ ഉണർന്നു. ഇന്നലെ രാത്രിയിലെ പോലീസ് വന്നപ്പോഴുള്ള ഭീകരാവസ്ഥയും തുടർന്ന് ഉറങ്ങുമ്പോൾ കണ്ട ദുസ്വപ്നങ്ങളെപ്പറ്റിയും പറഞ്ഞു ചിരിച്ചു. റിസപ്ഷനിലെത്തിയപ്പോൾ മല്ലു മുതലാളി ഇന്നലെയുണ്ടായ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു. ഇന്നെന്താണ് പ്ലാൻ എന്ന് ചോദിച്ചപ്പോൾ അധികമൊന്നുമില്ല പ്രസിദ്ധമായ വാർ സിമെട്രി കാണണം അതിനുശേഷം കൊഹിമയോട് റ്റാറ്റ പറയണം.
നഗരത്തിൽ തന്നെയുള്ള പ്രധാന സ്ഥലമാണ് കൊഹിമ വാർ സിമെട്രി. 1944 ലെ രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാൻ അക്രമണത്തിൽ കൊല്ലപ്പെട്ട 1420 പേരുടെ മൃതദേഹം ഗാരിസൺ എന്ന പേരുള്ള കുന്നിൻ ചെരിവിലാണ് അടക്കം ചെയ്തിട്ടുള്ളത്. യുദ്ധത്തിൽ മരണപ്പെട്ടവരുടെ പേരുകളിൽ മലയാളികളെയും കണ്ടു. കൊഹിമ പോയെം (poem ) എന്നറിയപെടുന്ന
“When you go home
Tell them of us and Say ” എന്ന വരികൾ കുന്നിൻ ചെരിവിൽ പ്രത്യേകം തയ്യാറാക്കിയ ഫലകത്തിൽ വലിയ അക്ഷരങ്ങളിൽ കുറിച്ചിരിക്കുന്നത് ശ്രദ്ധിച്ചു. രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത് വീരചരമമടഞ്ഞ മലയാളികളടക്കമുള്ള ഇന്ത്യൻ ജവാന്മാർക്ക് അശ്രുപൂജ അർപ്പിച്ച് ഞങ്ങൾ താമസസ്ഥലത്തേക്ക് തിരിച്ചു.ഈ സിമട്രി പിന്നീട് ദുൽഖർ സൽമാൻ നായകനായ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന 2013 ൽ പുറത്തിറങ്ങിയ സിനിമയിൽ കാണുകയുണ്ടായി.
കൊഹിമയിൽനിന്നും ദിമാപുരിലേക്ക് ലൈൻ ബസ്സിലെത്തി.അവിടെ നിന്ന് തീവണ്ടി കയറി ഗുവാഹട്ടിയിലും.
About The Author
No related posts.