മൺഡേ സപ്ലിമെന്റ് –147
മരണ സ്മരണകൾ .
ജീവിതത്തിൽ സുനാമി, മാരകരോഗം, യുദ്ധം തുടങ്ങിയ ദുരന്തങ്ങൾ എപ്പോൾ വേണമെങ്കിലും സംഭവിക്കാം. മനുഷ്യപ്രയത്നത്തിന്റെ പരിമിതിയും പ്രപഞ്ചശക്തികളുടെ അപാരതയുമാണ് ഇതു കാണിക്കുന്നത്. ജീവിതത്തിലെ ഏറ്റവും വലിയഅത്ഭുതമെന്തെന്ന,
മഹാഭാരതത്തിലെ തടാക ദേവതയുടെ ചോദ്യത്തിന് ധർമ്മപുത്രൻ നൽകുന്ന മറുപടി ഇതായിരുന്നു :
“മറ്റുള്ളവർ മരിക്കുന്നത് കണ്ടുകൊണ്ടിരുന്നിട്ടും മരണം തന്റെ അടുത്തേക്ക് വരില്ലെന്ന വിചാരത്തിൽ മനുഷ്യൻ വീണ്ടും ദുഷ്കൃത്യത്തിൽ ഏർപ്പെട്ട് തോന്നിയത് പോലെ ജീവിക്കുന്നു”. മരണം മറ്റുള്ളവർക്കേ വരൂ എന്നത് ഒരു ദുരന്ത ചിന്തയാണെന്ന കാര്യം ആരും ഓർക്കുന്നില്ല.
ലോകത്തിൽ ശാശ്വതമായി ഒന്നുമില്ലെന്ന് മരണം നമ്മെ പഠിപ്പിക്കുന്നു. ഇന്നു നാം നേടുന്നത് എന്തുമാകട്ടെ ഇന്നല്ലെങ്കിൽ നാളെ അവ നമുക്ക് നഷ്ടമാകും. ആ നഷ്ടം നമ്മെ ദുരിതത്തിലാഴ്ത്തും. എന്നാൽ നേട്ടങ്ങളുടെ നശ്വരതയെക്കുറിച്ച് ബോധവാന്മാരായാൽ അതിന്റെ വേർപാട് നമ്മളെ തളർത്തില്ല. ജീവിതത്തിൽ ശാന്തി കണ്ടെത്താനുള്ള ഏക മാർഗമതാണ്.
ചിന്താലോകത്തെ പ്രതിഭാസമായ ഗുരു ഓഷോ പറയുന്നു:”മൃത്യു സുന്ദരമാണ്. എന്നാൽ ഒരിക്കലും ആവശ്യപ്പെടരുത്. അങ്ങനെ ചെയ്താൽ അത് ആത്മഹത്യയായി മാറുന്നു. ജീവിക്കുമ്പോൾ ജീവിക്കുക.മരിക്കുമ്പോൾ മരിക്കുക. രണ്ടും തമ്മിൽ കൂട്ടിക്കുഴയ്ക്കരുത്. അതാണ് ജീവിതത്തിന്റെ സൗന്ദര്യം”.
എന്നാൽമഹാന്മാരായ നേതാക്കന്മാർ ഒരിക്കലും വിസ്മരിക്കപ്പെടുന്നില്ല. മരണാനന്തരം അവരുടെ മഹത്തായ സേവനങ്ങൾ സ്വർണ്ണലിപികളിൽ ആലേഖനം ചെയ്യപ്പെടും. കാരണം, വ്യക്തിയിലെ ഉൽകൃഷ്ട ഗുണങ്ങളാണ് അവർക്ക് അമരത്വം നൽകുന്നത്.
ഉത്തർപ്രദേശിലെ വാരണാസിയിലെ മുഗൾസരായിൽ 1904 ഒക്ടോബർ രണ്ടാം തീയതി ജനിച്ച
ലാൽബഹദൂർ ശ്രീവാസ്തവയുടെ കളിത്തോഴൻ ദാരിദ്ര്യം തന്നെയായിരുന്നു. സാഹസികത ചെറുപ്പകാലം മുതലേ കൂട്ടിനുണ്ടായിരുന്നു. ഒരിക്കൽ കടത്തുവള്ളം ഇല്ലാതിരുന്നതിനാൽ വലിയ നദി നീന്തിയാണത്രേ അക്കര കടന്നത്. 1921ൽ ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചപ്പോൾ പഠിപ്പ് ഉപേക്ഷിച്ച് അതിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. പിന്നീട് അദ്ദേഹം കാശി വിദ്യാ പീഠത്തിൽ ചേരുകയും അവിടുത്തെ ‘ശാസ്ത്രി ബിരുദം നേടിയത്
മുതലാണ് ലാൽ ബഹദൂർ ശാസ്ത്രി എന്ന് അദ്ദേഹം അറിയപ്പെടാൻ തുടങ്ങിയത്.
നെഹ്റുവിന്റെ മരണശേഷം ശാസ്ത്രി ഇന്ത്യൻപ്രധാനമന്ത്രിയായി. 1965 ലെ പാകിസ്ഥാൻ ആക്രമണത്തെ അടിച്ചമർത്തുന്നതിൽ അദ്ദേഹം തന്റെ
കഴിവ് പ്രദർശിപ്പിച്ചു.
അക്കാലത്ത് സൈനികരെയും കർഷകരെയും ഉത്തേജിപ്പിക്കാൻവേണ്ടി ശാസ്ത്രിയുടെ ജനകീയ മുദ്രാവാക്യം ആയിരുന്നു, ‘ജയ് ജവാൻ ജയ് കിസാൻ’. ഇതേ പേരിൽ ശാസ്ത്രിയുടെ ജീവിതത്തെ ആസ്പദമാക്കി,മിലൻ അജ്മേര സംവിധാനം ചെയ്ത ഒരു ചലച്ചിത്രം 2015 ൽ പുറത്തിറങ്ങി.
ഇന്ത്യയെയും പാകിസ്താനെയും തമ്മിൽ
രഞ്ജിപ്പിക്കുന്നതിന്
സോവിയറ്റ് പ്രധാനമന്ത്രി കോസിജന്റെ ക്ഷണം അനുസരിച്ച് ശാസ്ത്രിയും പാകിസ്ഥാൻ പ്രസിഡന്റ് അയൂബ്ഖാനും താഷ്കന്റിൽ എത്തി. 1966 ജനുവരി പത്താം തീയതി അവർ ഇരുവരും ചരിത്ര പ്രാധാന്യമുള്ള ഒരു അനാക്രമണ സന്ധിയിൽ ഒപ്പുവച്ചു. ഈ സംഭവം ശാസ്ത്രിയുടെ പ്രശസ്തി ഉച്ചകോടിയിലെത്തിച്ചു.
പിറ്റേന്ന് ഇന്ത്യയിലേക്ക് തിരിക്കാൻ തീരുമാനിച്ചിരുന്ന ശാസ്ത്രിക്ക് അന്ന് അർദ്ധരാത്രിയിൽ പെട്ടെന്നുണ്ടായ ഹൃദ്രോഗം മൂലം നിര്യാണം സംഭവിച്ച വാർത്ത ലോകത്തെ ഞെട്ടിച്ചു. റഷ്യൻ പ്രധാനമന്ത്രി കോസിജനുംപാകിസ്ഥാൻ പ്രസിഡന്റ് അയൂബ്ഖാനും ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ ശവക്കച്ച ഒരുമിച്ച് വഹിച്ചത് ഒരു ചരിത്ര സംഭവമായി.
സ്വന്തമായി ഒരു കിടപ്പാടം പോലും ഇല്ലാതിരുന്ന ശാസ്ത്രി, ഗാന്ധിജിയുടെ ആദർശങ്ങളെ അക്ഷരംപ്രതി പാലിക്കുവാൻ ശ്രമിച്ചു. ജീവിതത്തിൽ ദാരിദ്ര്യം നന്നായി അനുഭവിച്ച അദ്ദേഹത്തിന് സാധാരണക്കാരുടെ ആവലാതികളെ അവഗണിക്കുവാൻ കഴിയുമായിരുന്നില്ല. ഭാരതീയർ എക്കാലവും അദ്ദേഹത്തെ സ്മരിക്കുക തന്നെ ചെയ്യും.
വിക്രം സാരാഭായിയെ ഇന്ത്യൻ ശൂന്യാകാശ ഗവേഷണ പദ്ധതികളുടെ പിതാവായിട്ടാണ് അറിയപ്പെടുന്നത്. ആരും കാണാത്ത സ്വപ്നങ്ങൾ കാണുകയും കണ്ട സ്വപ്നങ്ങളെല്ലാം അസാധാരണ പാടവത്തോടെ നടപ്പിലാക്കി ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക പുരോഗതി വാനോളം ഉയർത്തിയ അതികായൻ ആയിരുന്നു അദ്ദേഹം. ഒരു ബഹുമുഖ പ്രതിഭയും തികഞ്ഞ മനുഷ്യസ്നേഹി യുമായിരുന്നു വിക്രം സാരാഭായി.
ഭൂമധ്യരേഖയ്ക്ക് അടുത്തു കിടക്കുന്ന സൗകര്യപ്രദമായ സ്ഥലം എന്ന നിലയ്ക്കാണ് തിരുവനന്തപുരത്തെ തുമ്പ എന്ന പ്രദേശം റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കാനുള്ള സ്ഥലമായി അദ്ദേഹം തെരഞ്ഞെടുത്തത്. 1967 നവംബർ രണ്ടിന് ഇന്ത്യ നിർമ്മിച്ച ആദ്യ റോക്കറ്റ് ‘രോഹിണി’ തുമ്പയിൽ നിന്നും വിക്ഷേപിച്ചു.
വിക്രം സാരാഭായിയുടെ ഇഷ്ട സ്ഥലമായിരുന്നു കേരളം. മലയാളിയും ലോകപ്രശസ്ത നർത്തകിയുമായ മൃണാളിനിയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. 1942ൽ നടന്ന ആ വിവാഹം ശാസ്ത്രവും കലയും തമ്മിലുള്ള വിവാഹമായി കണക്കാക്കപ്പെടുന്നു. ഈ ദമ്പതിമാരുടെ മകളാണ് പ്രശസ്ത നർത്തകിയായ മല്ലികസാരഭായ്. തുമ്പയിലെതിരക്കുപിടിച്ച പരിപാടിക്കൊടുവിൽ കോവളത്തെ ഹോട്ടലിൽ വിശ്രമിക്കുമ്പോൾ 1971 ഡിസംബർ 30 ന് വിക്രം സാരാഭായി അന്തരിച്ചു. ഉറക്കത്തിലുണ്ടായ ഹൃദയാഘാതമായിരുന്നു കാരണം.
രാജ്യത്തിന്റെ ഉന്നമനത്തിനായി അത്യധ്വാനം ചെയ്യുന്ന വേളയിൽ,ജീവിതത്തിന്റെമൂർധന്യത്തിൽ, മരിക്കുക എന്നത് ജീവിതത്തിന് വേറിട്ട അർത്ഥം കൊടുക്കുന്ന ഒരു സംഭവമാണ്. “ജീവിതത്തിൽ സൗന്ദര്യം തരുന്നവരെയാണ്, സൗന്ദര്യത്തെയല്ല സ്നേഹിക്കേണ്ടത്” എന്നാണ് ടാഗോർ പറഞ്ഞിട്ടുള്ളത്.
മഹാത്മാഗാന്ധി വെടിയേറ്റ് മരിച്ചപ്പോൾ സരോജിനിനായിഡു പറഞ്ഞു :”വേദനാജനക മാണെങ്കിലും ഗാന്ധിജി അർഹിക്കുന്ന മരണമാണിത്. ഇദ്ദേഹത്തെപോലെ ഒരാൾ ഒരു സാധാരണ അസുഖം വന്നു മരിച്ചാൽ അതെത്ര ദയനീയമായിരിക്കും”. മരണം അവിശ്വസനീയമായി വന്നുഭവിക്കുമ്പോൾ ഉണ്ടാകുന്ന വ്യഥയാർന്ന പ്രതികരണം !
ധ്യാനം കൊണ്ടും സൗഹൃദങ്ങൾ കൊണ്ടുമാണ് ശാന്തമായി മരിക്കാനുള്ള പരിശീലനം നേടേണ്ടത്. ഈ ഭൂമിയുടെ സുഖങ്ങൾ ശാശ്വതമാണ് എന്ന് ധരിച്ച്, നമ്മുടെ ശരീര അവയവങ്ങളിൽ പ്രകൃതി വരുത്തുന്ന മാറ്റങ്ങളെ കുറിച്ച് അറിയാതെ ജീവിക്കുന്നതാണ് നമ്മുടെ തെറ്റ്. എന്നാൽ മനസ്സിന് പ്രായമില്ല.ഒരാൾക്ക് എത്ര പ്രായമുണ്ടെന്ന് വിശ്വസിക്കുന്നുവോ അതാണ് അയാളുടെ പ്രായം. മനസ്സാണ് പ്രധാനം. യുവാവാണെന്ന് സ്വയം നിശ്ചയിച്ചാൽ യുവാവ് തന്നെ. വൃദ്ധൻ ആണെന്ന് തീരുമാനിച്ചാൽ വൃദ്ധൻ ആവുകതന്നെ ചെയ്യും. അതിനാൽ മനസ്സിന്റെ യൗവ്വനം കാത്തുസൂക്ഷിക്കുക
യാണ് പ്രധാനം. പ്രസിദ്ധ ജർമൻ സാഹിത്യകാരനായിരുന്ന ഗോയ്ഥെ (Goethe) 83 മത്തെ വയസ്സിൽ, മരിക്കുന്നതിന് ചില ദിവസങ്ങൾക്കു മുൻപാണ് തന്റെ
വിശ്വപ്രശസ്തമായ ‘ഫൗസ്റ്റ്’ (Faust) എന്ന നിത്യഹരിത കാവ്യം പൂർത്തീകരിച്ചത്. ഇതുപോലെ എത്രയോ ഉദാഹരണങ്ങൾ.അതെ, ഏതുവിധ നേട്ടങ്ങൾക്കും വയസ്സ് ഒരു തടസ്സമല്ല എന്ന സത്യം ഇത് വെളിവാക്കുന്നു
ദൃഢനിശ്ചയത്തോടെ പ്രവർത്തിക്കുകതന്നെ ചെയ്യും എന്ന ആശയം വ്യക്തമാക്കുന്ന വള്ളത്തോളിന്റെ പ്രശസ്ത വരികൾ ഇവിടെ പ്രസക്തം : “എത്തേണ്ടതാമിടത്തെത്തിയാലും ശരി,
മദ്ധ്യേ മരണം വിഴുങ്ങിയാലും ശരി,
മുന്നോട്ടുതന്നെ നടക്കും, വഴിയിലെ മുള്ളുകളൊക്കെ
ചവിട്ടി മെതിച്ചു ഞാൻ “.
02–12–2024.
About The Author
No related posts.