LIMA WORLD LIBRARY

ഇന്ത്യക്ക് യുകെയുടെ 1000 വെന്റിലേറ്ററുകള്‍ കൂടി; കോവിഡ് പ്രതിരോധത്തില്‍ സഹകരിച്ച് എന്‍എച്ച്എസ്

ഇന്ത്യയുടെ കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി തങ്ങളുടെ പക്കല്‍ അധികമുള്ളവയില്‍ നിന്നും 1000 വെന്റിലേറ്ററുകള്‍ കൂടി അയയ്ക്കുമെന്ന് ബ്രിട്ടീഷ് ഹോം ഓഫീസ് വ്യക്തമാക്കി. മെയ് 4ന് ഇരുവരും തമ്മില്‍ നടക്കുന്ന വിര്‍ച്വല്‍ യോഗത്തിലാണ് പ്രഖ്യാപനം നടക്കുക. കോവിഡ് പ്രതിരോധത്തില്‍ എന്‍എച്ച്എസിന്റെ സഹകരണം ഉണ്ടാവും. ഈ വര്‍ഷം ഇന്ത്യയിലേക്ക് തീരുമാനിച്ച സന്ദര്‍ശനം കൊവിഡ് സ്ഥിതിഗതികള്‍ മൂലം രണ്ട് തവണയാണ് ബോറിസ് ജോണ്‍സന് മാറ്റിവെയ്‌ക്കേണ്ടി വന്നത്. ഏപ്രില്‍ 25ന് തുടങ്ങേണ്ട സന്ദര്‍ശനവും റദ്ദാക്കിയിരുന്നു. ജനുവരി 25ന് ഇന്ത്യയുടെ റിപബ്ലിക് ദിനാഘോഷങ്ങളില്‍ അദ്ദേഹം മുഖ്യാതിഥി ആകേണ്ടതായിരുന്നു. അടുത്ത ദശകത്തില്‍ ഉഭയകക്ഷി സഹകരണം ആഴത്തിലാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ബോറിസ് ജോണ്‍സനും ‘കോംബ്രിഹെന്‍സീവ് റോഡ്മാപ്പ് 2030’ പുറത്തിറക്കും.

അഞ്ച് മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് റോഡ്മാപ്പ്- വ്യാപാരവും പുരോഗതിയും, ഡിഫന്‍സും സുരക്ഷയും, ക്ലൈമറ്റ് ആക്ഷന്‍, ഹെല്‍ത്ത്‌കെയര്‍, പീപ്പിള്‍-ടു-പീപ്പിള്‍ റിലേഷന്‍ എന്നിവയാണിത്. ആഭ്യന്തര, ആഗോള വിഷയങ്ങളില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിന് പുറമെ കോവിഡ്-19 സഹകരണവും, മഹാമാരിക്ക് എതിരായ പോരാട്ടവും ഇരുനേതാക്കളും ചര്‍ച്ച ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

നേരത്തെ 200 വെന്റിലേറ്ററുകളും, 495 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും, മൂന്ന് വലിയ ഓക്‌സിജന്‍ ജനറേഷന്‍ യൂണിറ്റുകളും യുകെ ഇന്ത്യക്കായി പ്രഖ്യാപിച്ചിരുന്നു. യുകെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റിയും, ചീഫ് സയന്റിഫിക് അഡൈ്വസര്‍ പാട്രിക് വാല്ലന്‍സും ഇന്ത്യയിലെ ആരോഗ്യ മേധാവികളുമായി സംസാരിച്ച് ഉപദേശവും, വൈദഗ്ധ്യവും നല്‍കി.

യുകെ എന്‍എച്ച്എസ് ചീഫ് പീപ്പിള്‍ ഓഫീസര്‍ പ്രേരണാ ഇസാറിന്റെ നേതൃത്വത്തില്‍ ക്ലിനിക്കല്‍ അഡൈ്വസറി ഗ്രൂപ്പിനെ നിയോഗിക്കുന്നുണ്ട്. ഇന്ത്യയിലെ എയിംസ് പോലുള്ള സ്ഥാപനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് കോവിഡ് പ്രതിരോധത്തില്‍ സഹായിക്കുകയാണ് ലക്ഷ്യം.

‘യുകെയിലെയും, ഇന്ത്യയിലെയും ജനങ്ങള്‍ തമ്മിലുള്ള മികച്ച ബന്ധത്തിന്റെ ഭാഗം കൊണ്ടാണ് ഇന്ത്യയില്‍ നിന്നുള്ള ഇപ്പോഴത്തെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ വേദനാജകമായത്. ബ്രിട്ടനിലെ ജനങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയില്‍ അഗാധമായ സന്തോഷമുണ്ട്. ജീവന്‍ രക്ഷിക്കാനുള്ള പരിശ്രമങ്ങളില്‍ യുകെ ഗവണ്‍മെന്റിന് പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഇന്ത്യക്ക് ആവശ്യമുള്ള സമയങ്ങളില്‍ യുകെ എപ്പോഴുമുണ്ടാകും’, ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി.

from – uk malayalam news

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px