വിലയിരുത്തുക, വിഭാവനം ചെയ്യുക, വീണ്ടെടുക്കുക എന്നീ 3 ദൗത്യങ്ങളാണ് പുതുവര്‍ഷത്തെ വരവേല്‍ക്കുമ്പോള്‍ മനസ്സില്‍ ഉണ്ടാകേണ്ടത്. പിന്നിട്ട വര്‍ഷത്തെ വിലയിരുത്തി, പാഠങ്ങള്‍ പഠിച്ച് പുതിയ കര്‍മ്മപദ്ധതികള്‍ വിഭാവനം ചെയ്യാനും നഷ്ടങ്ങള്‍ , കോട്ടങ്ങള്‍, പോരായ്മകള്‍ എന്നിവ ഉണ്ടായിട്ടുണ്ടെങ്കില്‍ അവ വീണ്ടെടുക്കാനുമുള്ള അവസരമാണ് പുതുവര്‍ഷം. വിജയങ്ങളും നേട്ടങ്ങളും സ്വപ്നം കാണുക, അവ ലഭിക്കുന്നതായി ചിന്തിക്കുക, വിശ്വസിക്കുക, ആസ്വദിക്കുക. അവയെല്ലാം വന്നു ചേരും. ആരോഗ്യം, സമ്പത്ത്, സന്തോഷം, സമാധാനം എല്ലാം പുതുവര്‍ഷത്തില്‍ ലഭിക്കട്ടെ. പുതുവര്‍ഷം വിജയവര്‍ഷമാകട്ടെ.
ബി സി 45 മുതലാണ് പുതുവര്‍ഷാഘോഷം നടന്നതായി കണക്കാക്കപ്പെടുന്നത്. കാരണം ജൂലിയന്‍ കലണ്ടര്‍ നിലവില്‍ വന്നത് അന്ന് മുതലാണ്. ജൂലിയസ് സീസര്‍ അധികാരത്തിന്‍ വന്നപ്പോള്‍ പഴയ റോമന്‍ കലണ്ടര്‍ നീക്കി പുതിയ കലണ്ടര്‍ തന്റെ പേരില്‍ പുറത്തിറക്കുകയായിരുന്നു. റോമന്‍ വിശ്വാസ പാരമ്പര്യത്തില്‍ നിന്നാണ് ആദ്യ മാസത്തിന് ജനുവരി എന്ന് പേര് ലഭിച്ചത്. ജാനൂസ് ഒരു റോമന്‍ ദേവതയാണ്. ജാനൂ സിന് രണ്ട് മുഖങ്ങളുണ്ട്. ഒരു മുഖം പിന്നോട്ടും മറ്റേ മുഖം മുന്നോട്ടുീ നോക്കുന്നുവെന്നാണ് സങ്കല്പം.
ജാനൂസില്‍ നിന്നാണ് ജനുവരി ഉണ്ടായത്. പഴയ വര്‍ഷത്തെയും പുതുവര്‍ഷത്തെയും കൂട്ടിയിണക്കുന്ന കണ്ണാടിയാണ് ജനുവരി. പഴയ വര്‍ഷത്തില്‍ നിന്നുളള പാഠങ്ങള്‍ പുതുവര്‍ഷത്തിന്റെ ഗതിവേഗത്തിന് ഊര്‍ജ്ജം പകരും. വ്യക്തി, കുടുംബ, സാമൂഹ്യ ജീവിതതലങ്ങളില്‍ ഗുണപരമായ മാറ്റങ്ങള്‍ക്ക് വേണ്ടിയുള്ള തീരുമാനങ്ങള്‍ പുതുവര്‍ഷത്തില്‍ എടുക്കാം. അവയില്‍ ഉറച്ചുനില്‍ക്കാം.
ചിന്തകളും വികാരങ്ങളുമാണ് നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുന്നത്. ശ്രീബുദ്ധന്‍ പറയുന്നു; ”നമ്മള്‍ എന്താണോ അതെല്ലാം നമ്മുടെ ചിന്തകളുടെ ഫലമാണ്”. തത്വചിന്തകനായ റാല്‍ഫ് വാള്‍ഡോ എമേഴ്‌സണും ചിന്തയുടെ പ്രാധാന്യം എടുത്തു പറയുന്നുണ്ട്; ‘പ്രവൃത്തിയുടെ മുന്‍ഗാമി ചിന്തയാണ്. എല്ലാ ചിന്തകളും പ്രവൃത്തിയായി പരിണമിക്കുന്നു. ഒരുവന്‍ അവന്റെ നിരന്തര ചിന്തയുടെ ആകെത്തുകയാണ്’. ”മനസ്സിന് സങ്കല്പിക്കാന്‍ കഴിയുന്നതെല്ലാം കഴിയും” എന്നാണ് ഡബ്ലിയു.ക്ലെമന്റ് സ്റ്റോണ്‍ പറയുന്നത്. ഒരു ദിവസം നമ്മുടെ മനസ്സിലൂടെ അറുപതിനായിരത്തിലധികം ചിന്തകള്‍ കടന്നുപോകുന്നുവെന്ന് ഗവേഷകരുടെ കണ്ടെത്തല്‍. പുതുവര്‍ഷത്തിലെ ചിന്തകള്‍ സര്‍ഗ്ഗാത്മകവും പോസിറ്റീവും ആകട്ടെ. നെഗറ്റീവ് പറയുന്നവരുമായി അകലം പാലിക്കുക. ചിന്താധാര ഉയര്‍ത്തുക , നേട്ടങ്ങള്‍ കൊയ്യുക.
ശുഭാപ്തിവിശ്വാമെന്ന അടിത്തറയില്‍ പ്രത്യാശയെന്ന ശക്തമായ ആയുധവുമായി മുന്നേറിയാല്‍ നേട്ടം കൊയ്യാം. പൗലോ കൊയ്‌ലോ തന്റെ ആല്‍ക്കമെസ്റ്റ് എന്ന നോവലില്‍ പറയുന്നു;’ നിങ്ങള്‍ക്കെന്തെങ്കിലും വളരെയേറെ ആവശ്യമുള്ളപ്പോള്‍ ഈ പ്രപഞ്ചം നിങ്ങള്‍ക്ക് ശരിയായ ദിശയിലേക്കുള്ള സൂചന നല്കും. സ്വപ്നം സഫലമാക്കാന്‍ ഉള്ള ഗൂ ഢോപദേശം നല്കും. നിങ്ങളുടെ ഔത്സുക്യങ്ങള്‍ വ്യക്തതാ ബോധം സമ്മാനിക്കും. മാര്‍ഗ്ഗ തടസ്സങ്ങള്‍ കേവലം താല്ക്കാലികമാണെന്ന അറിവിന്റെ ആയുധം നല്കി നിങ്ങളെ യുദ്ധ സജ്ജനാക്കും’.
പരാജയത്തിന്റെ ഗര്‍ഭപാത്രത്തില്‍ നിന്നാണ് വിജയത്തിന്റെ പിറവി. എല്ലാ കാര്‍മേഘപടലങ്ങളിലും ഒരു വിജയത്തിന്റെ രജതരേഖ എപ്പോഴുമുണ്ടായിരിക്കും. അത് കണ്ടെത്തി, മാര്‍ഗ്ഗം തേടി മുന്നേറുമ്പോഴാണ് വിജയങ്ങള്‍ വന്നുചേരുന്നത്. സന്തോഷം, സ്‌നേഹം, സമൃദ്ധി, ഐശ്വര്യം, സമാധാനം, സംതൃപ്തി, നിര്‍വൃതി, വിജയം എല്ലാം പുതുവര്‍ഷം പ്രദാനം ചെയ്യട്ടെ.
(ഫോണ്‍: 8075789768. ട്രെയ്‌നറും മെന്ററുമാണ് ലേഖകന്‍)
About The Author
No related posts.