ഞാന്‍, ആകാശവാണിയുടെ മംഗലാപുരം നിലയത്തില്‍ നിന്നും വിരമിച്ചിട്ട് അധിക ദിവസമായിട്ടില്ല. ഒരു വൈകുന്നേരം, തൃശ്ശൂരിലെ പുത്തൂര്‍ പഞ്ചായത്തിലെ മരത്താക്കര ബൈപാസിനരികിലുള്ള എന്റെ വീട്ടില്‍ നിന്നും തൊട്ടടുത്തുള്ള കുഞ്ഞനമ്പാറയിലെ ഒരു സുഹൃദ് സന്ദര്‍ശനത്തിനു ശേഷമുള്ള മടക്കത്തിലുള്ള കാല്‍നടയാത്രയിലാണ്, ‘പ്രൊഫെസര്‍ കെ കെ ഭാസ്‌കരന്‍ മെമ്മോറിയല്‍ വായനശാല’ വര്‍ഷങ്ങള്‍ക്കു ശേഷം ദൃഷ്ടിയില്‍ പെടുന്നത്. കേരളത്തിനു പുറത്തെ വര്‍ഷങ്ങളായുള്ള ജീവിതം നാട്ടില്‍ കൊണ്ടു വന്ന മാറ്റങ്ങളെ മനസ്സില്‍ ഒന്നോടിച്ചു വിടാറാണ് പതിവ്. ഔദ്യോഗിക ജീവിതത്തില്‍ കുടുംബവും ഒപ്പം ഉണ്ടാകുമെന്നതിനാല്‍ ഒഴിച്ചു കൂടാത്ത കാര്യങ്ങള്‍ക്കല്ലാതെ നാട്ടില്‍ വരുന്നതും പതിവില്ല. അതുകൊണ്ടു തന്നെ, മുന്‍പു കണ്ട നാട്ടുകാഴ്ചകള്‍ പലതും ഇന്നില്ല. പുതിയ കാഴ്ചകള്‍ ധാരാളമുണ്ട് താനും.
വായനശാലയെ ആകെ ഒന്നു നോക്കി നടപ്പ് തുടര്‍ന്നു. ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് പണിത കെട്ടിടമാണ്. വര്‍ഷാവര്‍ഷമുള്ള പഞ്ചായത്തിന്റെ വെള്ളപൂശല്‍ മുറയ്ക്കു നടക്കുന്നുണ്ടെന്നൊഴിച്ചാല്‍ വേറെ പറയത്തക്ക മാറ്റമൊന്നും വന്നിട്ടില്ല. എന്റെ അച്ഛന്റെ പേരാണ് വായനശാലക്ക്. അതുകൊണ്ടു തന്നെ ഇതിനെ കുറിച്ചുള്ള ഓര്‍മ്മയും സുഖകരമായ ഒരു കാറ്റായ് ഒപ്പം കൂടി. ജനോപകാരപ്രദമായ ഏതു കാര്യത്തിനും മുന്നിട്ടിറങ്ങുന്ന പ്രകൃതമായിരുന്ന അച്ഛന്. അതുകൊണ്ടുതന്നെ, അച്ഛന് നാട്ടില്‍ നല്ല ജനപ്രീതിയുണ്ടായിരുന്നു.
അച്ഛന്റെ മരണത്തിനു ശേഷമാണ് വായനശാലയ്ക്ക് അച്ഛന്റെ പേര് ലഭിച്ചത്. അക്കാലത്ത്, മരത്താക്കര പ്രദേശത്ത് ഒരു വായനശാല വേണം എന്ന ആവശ്യമുയര്‍ന്നപ്പോള്‍ അതിനു വേണ്ടി മുന്നിട്ടിറങ്ങിയതും ജനകീയാസൂത്രണ പദ്ധതിയിലൂടെ അക്കാര്യം നടത്തിയെടുത്തതും അച്ഛനായിരുന്നു. അച്ഛനായിരുന്നു അതിന്റെ നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍. പഞ്ചായത്തുമായുള്ള കരാര്‍ പ്രകാരം എസ്റ്റിമേറ്റ് തുകയില്‍ കുറവായി, സമയബന്ധിതമായിതന്നെ അച്ഛനും കമ്മിറ്റികാരും കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. എന്നാല്‍, പദ്ധതി ഫണ്ടിലേക്ക് ലഭിക്കേണ്ട, ജനങ്ങളില്‍ നിന്നുമുള്ള ‘ഗുണഭോക്തൃ വിഹിതം’ കമ്മിറ്റികാര്‍ പിരിച്ചില്ല എന്ന കാരണത്താല്‍ പഞ്ചായത്തില്‍ നിന്നും ലഭിക്കേണ്ട അവസാന ഗഡു അവര്‍ നല്കിയില്ല. ഇതിനെതിരെ ജില്ലാ കളക്ടര്‍ക്ക് നല്കിയ പരാതിയില്‍ പഞ്ചായത്തിനെതിരെ ഉത്തരവും ഉണ്ടായി. എന്നിട്ടും ബാക്കി തുക നല്കുവാന്‍ പഞ്ചായത്ത് തയ്യാറായില്ല. അക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന പ്രതിഭാവം എന്ന ഒരു പ്രാദേശിക പത്രത്തില്‍ ഇതിനെ കുറിച്ചു മുന്‍പേജില്‍ വാര്‍ത്ത വരികയുണ്ടായി. എഡിറ്റോറിയലും ഈ വിഷയത്തെ പറ്റിയായിരുന്നു.
‘കളക്ടറുടെ ഉത്തരവ് അനാസ്ഥയില്‍; പണം നല്കാന്‍ ബാധ്യതയില്ലെന്ന് അധികൃതര്‍’ എന്ന തലക്കെട്ടോടെ വന്ന വാര്‍ത്തയെ തുടര്‍ന്ന്, വിഷയം നാട്ടില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കി. തിരുവനന്തപുരത്തുള്ള ജനകീയാസൂത്രണ പദ്ധതിയുടെ ഹെഡ് ഓഫീസിലും ഈ പത്രവാര്‍ത്ത എത്തുകയുണ്ടായി. അവിടെ നിന്നും പഞ്ചായത്തിലേക്ക് അന്വേക്ഷണവുമെത്തി. വാര്‍ത്ത വന്ന് രണ്ടാഴ്ച്ചയാകാറായപ്പോഴേക്കും പഞ്ചായത്തില്‍ നിന്നും അവസാന ഗഡുവും പാസാക്കി കിട്ടി.
മുഖ്യധാരപത്രങ്ങള്‍ക്കിടയിലും പ്രാദേശിക പ്രശ്‌നങ്ങളെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്ന പ്രാദേശിക പത്രങ്ങളുടെ പ്രസക്തി ഈയൊരു ചെറു പത്രത്തിലൂടെ ബോധ്യപ്പെട്ട ഒരു സംഭവമായിരുന്നു അത്. കവിയും ചലച്ചിത്ര സംവിധായകനുമായ സതീഷ് കളത്തില്‍ ആയിരുന്നു പ്രതിഭാവത്തിന്റെ എഡിറ്റര്‍. 2010 ജനുവരിയില്‍ ആരംഭിച്ച ഈ പത്രത്തിന് ഈ ജനുവരിയില്‍ കാല്‍നൂറ്റാണ്ട് തികയുമ്പോള്‍, ആ പത്രം ഇന്നില്ല.
ഈ പത്രത്തിലൂടെയാണ് പ്രശസ്ത സാഹിത്യകാരിയായിരുന്ന ഗീതാ ഹിരണ്യനെ ഞാന്‍ ആദ്യമായി വായിക്കുന്നതും. പ്രതിഭാവത്തിന്റെ ആദ്യലക്കത്തില്‍ പ്രസിദ്ധീകരിച്ചു വന്ന, ഗീതാ ഹിരണ്യന്റ അവസാനകാല കൃതിയായി കരുതപ്പെടുന്ന ‘സുഖം’ എന്ന കവിത പിറന്നതിനും ഈ ജനുവരിയില്‍ കാല്‍നൂറ്റാണ്ട് തികയുകയാണ്. അക്കാലത്ത്, ഗീതാ ഹിരണ്യനെ കുറിച്ചു കേട്ടിട്ടുണ്ടെന്നല്ലാതെ അവരുടെ എഴുത്തുകള്‍ വായിക്കാന്‍ അധികം കഴിഞ്ഞിരുന്നില്ല. പ്രതിഭാവത്തില്‍ വന്ന, ‘സുഖം’ എന്ന കവിതയുടെ വായനയാണ് ആദ്യത്തേത്. അവരുടെ എഴുത്തുകളില്‍ എനിക്കിഷ്ടമായ മറ്റൊന്ന്, ‘ഘരെ ബായ്രെ’ എന്ന കഥയാണ്. 1916ല്‍, ഇതേ പേരില്‍ എഴുതപ്പെട്ട, രബീന്ദ്രനാഥ ടാഗോറിന്റെ നോവലിനെ ആസ്പദമാക്കി 1984ല്‍, സത്യജിത് റായ് സംവിധാനം ചെയ്ത ബംഗാളി സിനിമ ‘ഘരെ ബായ്രെ’ യുടെ തീം ഘടനയാണ് ഈ കഥയ്ക്കുള്ളത്.
ആണെഴുത്തിന്റെ ഒരു ഡീകണ്‍സ്ട്രക്ഷന്‍ പെണ്ണെഴുത്തിലൂടെ മലയാളത്തിലേക്ക് പറിച്ചു നടുകയാണ് ഇതിലൂടെ അവര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, നോവലിലും സിനിമയിലും ഉള്ളതുപോലെ ഈ കഥയിലെ മുഖ്യകഥാപാത്രങ്ങളായ കുടുംബനാഥയ്ക്കും കുടുംബനാഥനും അവര്‍ പേരുകള്‍ നല്കിയിട്ടില്ല.
അതിലൂടെ, ഗൂഢമായ ഒരു സന്ദേശമാണ് ഇക്കഥയില്‍ അവര്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്. ‘ഏതൊരു ഭാര്യാ-ഭര്‍ത്തൃ ബന്ധത്തിലും വ്യക്തികളുടെ പേരുകള്‍ മാത്രമേ മാറുന്നുള്ളു, അവരുടെ ജീവിത വൈശിഷ്ട്യങ്ങളും ഭാര്യാ-ഭര്‍ത്തൃ ബന്ധത്തിന്റെ അസ്ഥിത്വവും നിലനില്‍പ്പും ചിന്തകളും മറ്റും പൊതുവെ എല്ലായിടത്തും ഒന്നുതന്നെ’ എന്ന് വ്യംഗ്യമായി, ഒരു വീട്ടമ്മയുടെ ജീവിതം പറയുന്ന ഈ കഥയിലൂടെ, കഥാകാരി പറഞ്ഞു വെയ്ക്കുന്നു.
ഭര്‍ത്താവിന്റെയും മക്കളുടെയും കാമുകന്റേയും സ്വാര്‍ത്ഥതകള്‍ക്ക് നടുവില്‍, സ്വതന്ത്രമായി വളരാന്‍ കഴിയാതെ മുരടിച്ചു പോകുന്ന, ‘ഒരു കുള്ളന്‍ അരയാലിനെപോലെ ഒരു വീട്ടമ്മ… അവരുടെ പാഴായിപ്പോകുന്ന സ്‌നേഹം… ആര്‍ദ്രത… അവരെ വരിഞ്ഞു മുറുക്കുന്ന അസ്വാസ്ഥ്യങ്ങള്‍… ഭീതി… നിസ്സഹായത.’
കുള്ളന്‍ അരയാലിന് ചില്ലകളുണ്ട്, ഇലകളുണ്ട്. പക്ഷേ, മറ്റുള്ളവര്‍ക്ക് ആവശ്യമായ കാറ്റോ തണലോ നല്കാന്‍ അതിനു കഴിയുന്നില്ല. അതുപോലെയാണ് ഇക്കഥയിലെ കുടുംബനാഥയുടെ അവസ്ഥയും. കാമുകനുമായി ശരീരം പങ്കിട്ടതിനു ശേഷമാണ്, നിര്‍മ്മലമെന്നു കരുതപ്പെടുന്ന സ്‌നേഹം അസ്തമിക്കുന്നുവന്ന് കഥാനായിക തിരിച്ചറിയുന്നത്. ഒരു ശരാശരി ഇന്ത്യന്‍ സ്ത്രീയുടെ സ്വകാര്യ രാജ്യത്തിനു വെളിച്ചം പകരാന്‍ പുറമെ നിന്നുള്ള മറ്റൊന്നിനും കഴിയുന്നില്ല എന്ന് എത്തിച്ചേരുന്നിടത്ത് ഈ കഥ പര്യവസാനിക്കുമ്പോള്‍, ‘വീടിനു പുറത്തും’ എന്ന അര്‍ത്ഥമുള്ള ‘ഘരെ ബായ്രെ’ എന്ന ഈ ബംഗാളി വാക്യം യഥാര്‍ത്ഥ സ്‌നേഹത്തിനും പരിചരണത്തിനും വേണ്ടിയുള്ള സ്ത്രീകളുടെ കാത്തിരിപ്പുകളും അന്വേഷണങ്ങളും പലപ്പോഴും നിരര്‍ത്ഥകമാണെന്ന വസ്തുതയെ ഒരിക്കല്‍കൂടി വെളിപ്പെടുത്തുന്നു.
സ്ത്രീജീവിതങ്ങളെ ആഴത്തില്‍ അപഗ്രഥിച്ചുകൊണ്ടുള്ളതാണ് ഗീത ഹിരണ്യന്റെ ഭൂരിഭാഗം കൃതികളും. അര്‍ബുദരോഗത്താല്‍ അല്പ്പായുസില്‍ അസ്തമിച്ചു പോയ അവരുടെ അവസാന നാളുകളില്‍ എഴുതിയ ‘സുഖം’ എന്ന ഈ ചെറുകവിതയും സ്ത്രീകളുടെ സമാനമായ ഇത്തരം കാഴ്ചപ്പാടുകളെ കുറിക്കുന്നു. ഇന്നിപ്പോള്‍ ഈ കവിത വീണ്ടും ഞാന്‍ വായിക്കുമ്പോള്‍, സീതയെ പ്രതിനിധീകരിച്ചുകൊണ്ട് ഇതിന്റെ ഒടുക്കത്തില്‍ കവയിത്രി പറയുന്ന വാക്കുകള്‍ ഇന്നും നമുക്കിടയില്‍ പ്രതിധ്വനിച്ചുകൊണ്ടിരിക്കുന്നു…
”ജനകജേ, ഭാഗ്യദോഷത്തിന്‍ ജന്മമേ, അയോദ്ധ്യയിലേയ്ക്കുള്ള ഈ മടക്കത്തില്‍ വൈമാനികന്‍ മാറിയന്നേയുള്ളൂ. സ്വദേശത്തോ വിദേശത്തോ വീട്ടിലോ കാട്ടിലോ നിനക്കില്ല മനഃസ്വാസ്ഥ്യം.”
പ്രശസ്ത എഴുത്തുകാരിയായിരുന്ന ലളിതാംബിക അന്തര്‍ജനത്തിന്റെ സഹോദര പുത്രിയും അദ്ധ്യാപകയുമായിരുന്ന ഗീതാ ഹിരണ്യന്‍ മലയാള സാഹിത്യത്തില്‍ തന്റേതായ ഇരിപ്പിടം സ്വന്തമാക്കി കടന്നു പോയതിനും ഈ ജനുവരിയില്‍ കാല്‍നൂറ്റാണ്ടിനടുത്ത് പ്രായമാകുന്നു. രണ്ടായിരത്തിരണ്ട് ജനുവരി രണ്ടിനായിരുന്നു അവരുടെ വിയോഗം. ഭര്‍ത്താവ്, കവിയും നിരൂപകനും അദ്ധ്യാപകനുമായ കെ.കെ. ഹിരണ്യന്‍ ഈയിടെയാണ് അന്തരിച്ചത്.
***************
ബി. അശോക് കുമാര്‍.
ശ്രീ നിലയം,
മരത്താക്കര പി.ഓ,
ഒല്ലൂര്‍. ഫോണ്‍: 9495227502
About The Author
No related posts.