ബ്രിട്ടനില്‍ ജൂണ്‍ 21ന് അന്തിമ ലോക്ക്ഡൗണ്‍ വിലക്കുകള്‍ നീക്കുന്നതിന് മുന്നോടിയായി കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നു. ഇതനുസരിച്ചു 17 മുതല്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം നീക്കും. നിലവില്‍ 30 പേരെയാണ് അനുവദിച്ചിട്ടുള്ളത്. പ്രിയപ്പെട്ടവരുടെ അവസാനയാത്രയില്‍ വിടപറയാന്‍ എത്തുന്നവരുടെ എണ്ണം കുറയ്‌ക്കേണ്ടി വരുന്നത് പല കുടുംബങ്ങള്‍ക്കും വലിയ വേദനയായി മാറുന്ന ഘട്ടത്തിലാണ് നടപടി . 17 മുതല്‍ നടക്കുന്ന ഫ്യൂണറലുകളില്‍ എത്ര പേരെ സാമൂഹിക അകലം പാലിച്ച്, സുരക്ഷിതമായി പ്രവേശിപ്പിക്കാന്‍ കഴിയുമെന്നത് അടിസ്ഥാനമാക്കിയാകും പരിധി നടപ്പാക്കുക.
ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ ആളുകളുടെ എണ്ണത്തെ കുറിച്ചും ആശങ്കപ്പെടേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇളവെന്ന് കമ്മ്യൂണിറ്റീസ് സെക്രട്ടറി റോബര്‍ ജെനറിക്ക് പറഞ്ഞു. ഇതോടെ ഫ്യൂണറല്‍ ഹോമുകളിലെയും, ആരാധനാലയങ്ങളിലെയും സുരക്ഷിതമായ സ്ഥലസൗകര്യം അടിസ്ഥാനമാക്കി ആളുകളെ പ്രവേശിപ്പിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്തമാസം മുതല്‍ സാമൂഹിക അകല നിയമങ്ങള്‍ റദ്ദാക്കാനാണു സര്‍ക്കാര്‍ പദ്ധതി. എങ്കിലും മാസ്‌ക് ധരിക്കണമെന്ന നിബന്ധന തുടരുമെന്നാണ് റിപ്പോര്‍ട്ട്. റെസ്‌റ്റൊറന്റുകളും, പബ്ബും, സിനിമയും സമ്പൂര്‍ണ്ണമായി തുറന്ന് കൊടുക്കും. ഇതിന് പുറമെ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയങ്ങളും, കണ്‍സേര്‍ട്ടുകളും തിരിച്ചെത്തുമെന്നും പ്രതീക്ഷിക്കുന്നു.
മാസ്‌ക് ഉള്‍പ്പെടെയുള്ള ചില നടപടികള്‍ വേനല്‍ക്കാലത്തും തുടരുമെന്ന് ഫോറിന്‍ സെക്രട്ടറി ഡൊമനിക് റാബ് വ്യക്തമാക്കി. കൊവിഡ് അടങ്ങുന്ന ഘട്ടത്തിലും ഭാവിയില്‍ വൈറസ് വ്യാപനം ഒഴിവാക്കാന്‍ ചില സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടി വരുമെന്ന് റാബ് വ്യക്തമാക്കി. ജൂണ്‍ അവസാനത്തോടെ ജീവിതം സാധാരണ നിലയിലേക്ക് പരമാവധി തിരിച്ചെത്തുമ്പോഴും സുരക്ഷ ഉറപ്പാക്കാന്‍ ചില കാര്യങ്ങള്‍ ബാക്കി നില്‍ക്കുമെന്നു അദ്ദേഹം പറഞ്ഞു.
from uk malayalam news













