2024-ലും 2025-ലും സംഭവിച്ച രണ്ട് വേര്‍പാടുകളുടെ നൊമ്പരത്തോടെയാണ് ഇതെഴുതുന്നത്. വിടപറഞ്ഞ രണ്ടുപേരും രണ്ടാമൂഴത്തിലൂടെ ആത്മബന്ധത്തിന് പുതിയ ഭാഷ്യം രചിച്ചവര്‍. ഒരാള്‍ മലയാളസാഹിത്യത്തിനും മറ്റേയാള്‍ മാഗസിന്‍ ജേര്‍ണ്ണലിസത്തിലും കയ്യൊപ്പു പതിപ്പിച്ചയാള്‍.
എംടിക്കു ശേഷം എസ് ജയചന്ദ്രന്‍നായര്‍ സാര്‍ വിട പറയുമ്പോള്‍ ആ വേര്‍പാടുകള്‍ സൃഷ്ടിക്കുന്ന വിടവ് വളരെ വലുതാണ്. എംടിയെ ഏറ്റവും നന്നായി അറിഞ്ഞ പത്രാധിപരായിരുന്നു എസ് ജയചന്ദ്രന്‍നായര്‍ സാര്‍.
മലയാളത്തിലെ തലയെടുപ്പുള്ള സാഹിത്യകാരനും നിരൂപകനും പത്രാധിപരുമായിരുന്ന… സമകാലിക മലയാള പത്രപ്രവര്‍ത്തന രംഗത്തെ ഏറ്റവും ആദരിക്കപ്പെടുന്ന വ്യക്തിത്വമായിരുന്ന എസ്.ജയചന്ദ്രന്‍ നായര്‍ സാര്‍
അദ്ദേഹം കലാകൗമുദി പത്രാധിപരാിരുന്നപ്പോഴാണ് എംടിയുടെ രണ്ടാമൂഴം കലാകൗമുദിയില്‍ സീരിയലൈസ് ചെയ്ത് വന്നത് ഒരു നിയോഗം തന്നെ.
എംടി കൃതികളുടെ ഭൂമിക തേടിയുള്ള അദ്ദേഹത്തിന്റെ സഞ്ചാരമാണ് കഥാസരിത്സാഗരം എന്ന പുസ്തകം.
എം.ടിയുമായുള്ള തന്റെ ആത്മബന്ധത്തെക്കുറിച്ച് ഗ്രന്ഥകാരന്‍ വികാരനിര്‍ഭരമായി എഴുതിയത് വായനക്കാരന് ഹൃദയസ്പര്‍ശിയായി അനുഭവപ്പെടും.
‘എന്റെ കൈയ്യിലുള്ള പുസ്തകശേഖരം തീയില്‍പ്പെട്ട് കത്തി നശിക്കുകയെന്ന അത്യാപത്ത് യാദൃശ്ചികമായി സംഭവിച്ചാല്‍ അതില്‍ ഒരു പുസ്തകം പെടരുതേയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ട്. ”രണ്ടാമൂഴമാണ് ആ പുസ്തകം എന്തെന്നാല്‍ അതൊരു സംസ്‌കാരമാണ്. അത് തീയില്‍പെട്ട് വെന്തുനശിച്ചാല്‍ എനിക്ക് നഷ്ടപ്പെടുന്നത് ആ സംസ്‌കാരമായിരിക്കും.’
ഒരു ട്രെയിന്‍ യാത്രയിലാണ് വായനയുടെ വിസ്മയിപ്പിക്കുന്ന സുഗന്ധവുമായി ജയചന്ദ്രന്‍ നായര്‍ സാറിന്റെ റോസാദലങ്ങള്‍ എന്റെ ആത്മാവിനെ ആര്‍ദ്രമായി ഒന്നു തൊട്ടത്. കവി എസ് ജോസഫ് സാറിന്റെ കൈകളില്‍ നിന്നാണ് എന്റെ ഹൃദയത്തിലേക്ക് റോസാദലങ്ങള്‍ അടര്‍ന്നത്. പിന്നെ ഒരു സമാധാനവുമില്ലായിരുന്നു. മാതൃഭൂമി കോട്ടയം ബുക്ക് സ്റ്റാളിലെ സുഹൃത്ത് കോഴിക്കോടു നിന്നും കോപ്പി വരുത്തി നല്‍കി.
ഈ പുസ്തകം സ്വന്തമാക്കി വായിക്കേണ്ടതാണ്. വായിച്ചില്ലെങ്കില്‍ അതൊരു നഷ്ടം തന്നെയായിരിക്കും
അതിരുകളില്ലാത്ത ലോകത്തെ പുസ്തകങ്ങളിലൂടെ കണ്ടെത്തുകയാണ് ഗ്രന്ഥകാരന്‍.
ആഴത്തിലുള്ള വായന മനസ്സിനെ ശുദ്ധീകരിക്കുമെന്ന് ഈ പുസ്തകത്തില്‍ ഉദാഹരണ സഹിതം ഗ്രന്ഥകാരന്‍ പറയുന്നു.













