LIMA WORLD LIBRARY

വെറ്റമഷിത്തണ്ടാല്‍ കുറിച്ച ആദ്യ പ്രണയമാകട്ടെ കൈയ്യക്ഷരം-ബിനു തങ്കച്ചന്‍ മാവേലിക്കര

ജനുവരി 23-ലോക കൈയ്യക്ഷര ദിനം. ഒരാളുടെ കൈയ്യക്ഷരം കണ്ടാല്‍ അയാളുടെ സ്വഭാവം മനസ്സിലാക്കാമെന്ന വാദം ഉണ്ട്. ഇതിനു അപവാദവും ഉണ്ട്, മഹാത്മഗാന്ധിജിയുടെ കൈയ്യക്ഷരം അത്ര മനോഹരമായിരുന്നില്ല. കൈയ്യക്ഷരവും സ്വഭാവവും തമ്മില്‍ ബന്ധം ഉണ്ടായാലും ഇല്ലെങ്കിലും കൈയ്യക്ഷരത്തിന്റെ മനോഹാരിത എപ്പോഴും ആകര്‍ഷകം തന്നെയാണ്. നല്ല കൈയ്യക്ഷരം കണ്ടാല്‍ നമ്മള്‍ ഒന്നു നോക്കിയിരിക്കുമെന്നതില്‍ തര്‍ക്കമില്ല. ആകര്‍ഷകമായ ചിത്രപ്പണികള്‍ ചാര്‍ത്തി എഴുതുന്നതാണു നല്ല കൈയ്യക്ഷരം എന്ന ചിന്ത എനിക്കില്ല. മറിച്ചു വ്യക്തമായി വായിക്കാന്‍ കഴിയുന്ന എഴുത്ത്, അത് മനോഹരം തന്നെയാണ്.

എന്നെ ഏറ്റവും ആകര്‍ഷിച്ച ചില കൈയ്യക്ഷരങ്ങളുണ്ട്. അതിലൊന്ന് എന്റെ സഹപാഠിയും അയല്‍വാസിയും ആയ പി.എസ്.ഷിബുവിന്റേതാണ്. മാവേലിക്കര ബിഷപ് ഹോഡ്ജസ് എച്ച്എസ്എസിലും മാവേലിക്കര വിവേകാനന്ദ ട്യൂട്ടോറിയലിലും ഒപ്പം പഠിച്ച ഷിബുവിന്റെ കൈയ്യക്ഷരത്തിന്റെ ആരാധകനായിരുന്നു ഞാന്‍. ഓരോ അക്ഷരവും കൃത്യമായി എടുത്തെഴുതുന്ന രീതി വലിയ നല്ല കൈയ്യക്ഷരമുള്ളവര്‍ക്ക് പലപ്പോഴും ഇഷ്ടമാകണമെന്നില്ല. എന്നാല്‍ പഴയകാലത്തെ പേനകളുടെ രാജാവ് എന്നു വിശേഷിപ്പിക്കാവുന്ന റെയനോള്‍ഡ്‌സ് പേന ഉപയോഗിച്ചു അക്ഷരം പെറുക്കി പെറുക്കി എഴുതുന്ന അവന്റെ ശൈലി എനിക്കേറെ ഇഷ്ടമായിരുന്നു. അതിനാല്‍ പലപ്പോഴും നോട്‌സ് നോക്കി എഴുതാന്‍ അവന്റെ ബുക്കിനെ ഞാന്‍ ആശ്രയിച്ചിരുന്നു. എന്റെ അമ്മ പറയുമായിരുന്നു അവന്റെ ഒമിറംൃശശേിഴ നല്ലതാണ്, അതു പോലെ എഴുതണമെന്ന്.

പിന്നീട് ഞാന്‍ കണ്ട മനോഹരമായ മറ്റൊരു കൈയ്യക്ഷരം വിവേകാനന്ദ ട്യൂട്ടോറിയലില്‍ എന്നെ സയന്‍സ് പഠിപ്പിച്ച സോമനാഥ് സാറിന്റേതായിരുന്നു. കലാപരമായ ആ എഴുത്തും എന്നെ ഏറെ മോഹിപ്പിച്ചതാണ്. അദ്ധ്യാപക കുപ്പായം അണിഞ്ഞു തുടക്കക്കാരനായ കാലത്തു വിവേകാനന്ദയില്‍ ഞാന്‍ പഠിപ്പിച്ച നിജുന്‍ ചെറിയാന്‍ തോമസിന്റെ എഴുത്തും ഏറെ ആകര്‍ഷകമായിരുന്നു. ഇംഗ്ലീഷ് ഈൃശെ്‌ല ണൃശശേിഴ ന്റെ മനോഹാരിത ഞാന്‍ കണ്ടത് നിജുന്‍ ചെറിയാന്റെ കൈയ്യെഴുത്തിലാണ്. മഷിപ്പേന ഉപയോഗിച്ചുള്ള നിജുന്റെ എഴുത്തിനു തന്നെ ഒരു ചന്തം ഉണ്ടായിരുന്നു.

എന്നെ ആകര്‍ഷിച്ചിട്ടുള്ള മറ്റൊരു കൈയ്യക്ഷരത്തിന് ഉടമയാണ് പ്രൊഫസര്‍ കെ.വര്‍ഗീസ് ഉലുവത്ത് എന്ന രാജന്‍ സാര്‍. ആയാസരഹിതമായി കലാപരമായി എഴുതുന്നതില്‍ മിടുമിടുക്കന്‍. പേന പ്രേമിയായ രാജന്‍ സാറിന്റെ പക്കല്‍ ഓരോ ശൈലിയിലുമുള്ള എഴുത്തിനായി ഓരോ നിറത്തിലെ മഷി നിറച്ച പേനകളും ഉണ്ട്. മാവേലിക്കര കേളിയുടെ സര്‍ട്ടിഫിക്കറ്റുകളില്‍ മിക്കവയും തിളങ്ങിയത് രാജന്‍ സാറിന്റെ അക്ഷരവടിവിലാണ്. നല്ല മനോഹരമായ നിരവധി കൈയ്യക്ഷരങ്ങള്‍ കണ്ടിട്ടുണ്ട്. പത്രം ഓഫിസില്‍ എത്തുന്ന നിരവധി പ്രസ് റിലീസുകള്‍ (ഇപ്പോള്‍ ഭൂരിഭാഗവും ഡിടിപി എടുത്താണ് കൊണ്ടുവരുന്നത്) പലപ്പോഴും നല്ല കൈയ്യക്ഷരത്തിന്റെ ഉടമകളെ കാട്ടി തന്നിട്ടുണ്ട്. എല്ലാവരുടെയും പേര് പരാമര്‍ശിക്കുന്നില്ല.

ഇത്രയൊക്കെ എഴുതിയതു ഇന്നു ലോക കൈയ്യക്ഷര ദിനമായതിനാലാണ്. എന്റെ കൈയ്യക്ഷരം നല്ലതാണെന്നു ചിലര്‍ പറയാറുണ്ട്. എന്നാല്‍ അത്ര സുന്ദരമായി എനിക്കു തോന്നിയിട്ടില്ല. കടലാസില്‍ പേന സ്പര്‍ശിക്കാനും ചിന്തകളെ എഴുത്തിലേക്ക് പ്രകാശിപ്പിക്കാനും ഈ ദിനം പ്രോത്സാഹനമാകട്ടെ. കൈയ്യക്ഷരത്തിന്റെ പരിശുദ്ധിയും ശക്തിയും തിരിച്ചറിയാനുള്ള ദിനമായിരിക്കട്ടെ. കത്തെഴുത്ത് എന്ന വിവരവിനിമയം തന്നെ ചുരുക്കെഴുത്തിലെ സമൂഹമാധ്യമ സന്ദേശങ്ങളായും മൊബൈല്‍ ഫോണിലെ വാക്ചാതുരിയുമായി മാത്രം മാറ്റപ്പെട്ടിരിക്കുന്നു. എഴുത്ത് എന്ന പ്രക്രിയയെ സാങ്കേതിക വിദ്യ വേഗത്തിലാക്കുകയും ലോകമെമ്പാടുമുള്ള ആശയവിനിമയം കൂടുതല്‍ കാര്യക്ഷമമാക്കുകയും ചെയ്തിരിക്കുന്നു.

(ഇത്രയും ഞാന്‍ എഴുതാതെ ടൈപ്പ് ചെയ്ത് ഇടുന്നതും അതിന്റെ പ്രതിഫലനം) പേനയും കടലാസും ഉപയോഗിച്ച് എഴുതുന്ന പ്രവര്‍ത്തനം വളരെ സ്പര്‍ശിക്കുന്നതും ക്ഷമയുള്ളതുമായ ഒരു പരിശീലനമാണ്. സത്യത്തില്‍ എഴുത്ത് ശരീരത്തെയും മനസ്സിനെയും മന്ദഗതിയിലാക്കാനും വീണ്ടും സമന്വയിപ്പിക്കാനും പ്രേരിപ്പിക്കുന്നു എന്നതില്‍ തര്‍ക്കമില്ല. മനസ്സില്‍ അടുക്കിവെച്ചിരിക്കുന്ന ചടുലമായ ചിന്തകള്‍ നിമിഷങ്ങളില്‍ തൂലിക തുമ്പില്‍ നിന്നു കടലാസിലേക്കു പകരുകയാണ്, ആശയത്തിന്റെ പൂര്‍ത്തീകരണം. കാടുകയറിയ ചിന്തകളും വികാരവിക്ഷോഭങ്ങളും അതിന്റെ അതിരുകള്‍ക്കപ്പുറമുള്ള പ്രേരണകളായി കടലാസുകളില്‍ നിറയട്ടെ. മികച്ച വരികള്‍ കുറിക്കാന്‍ ആത്മവിശ്വാസം വേണം. ആ ആത്മവിശ്വാസം കൈവരിക്കാനുള്ള പരിശീലനമാണ് എഴുത്ത്. അതിനാല്‍ മറക്കാതിരിക്കാം എഴുത്ത്. എഴുതാം…… വികാരങ്ങളെ കടലാസിലേക്ക് പകര്‍ത്തും. വെറ്റമഷിത്തണ്ട് ഉപയോഗിച്ചെഴുതിയ ആദ്യ പ്രണയത്തിന്റെ പേരായിരിക്കട്ടെ നമ്മുടെ കൈയ്യക്ഷരം.

(അല്‍പ്പം ചരിത്രം കൂടി എഴുതി അവസാനിപ്പിക്കാം……. ഭാഷയെ ഒരു കൂട്ടം ചിഹ്നങ്ങളോ പ്രതീകങ്ങളോ (ആലേഖനവ്യവസ്ഥ) ഉപയോഗിച്ച് രേഖപ്പെടുത്തുന്നതാണ് എഴുത്ത്. സാധന കൈമാറ്റങ്ങള്‍ കുറിച്ചു വെക്കേണ്ടി വന്നതിന്റെ ഫലമായാണ് എഴുത്ത് രൂപപ്പെട്ടത്. ഉദ്ദേശ്യം ബി.സി നാലാം സഹസ്രാബ്ദത്തില്‍ വാണിജ്യവും നടത്തിപ്പും ഓര്‍മ്മയില്‍ സൂക്ഷിക്കാനാവാത്ത വിധം സങ്കീര്‍ണ്ണമായി. ക്രയവിക്രയങ്ങള്‍ രേഖപ്പെടുത്തുന്നതിനും സ്ഥിരമായ രൂപത്തില്‍ അവതരിപ്പിക്കുന്നതിനും കൂടുതല്‍ ആവശ്യകത ഉണ്ടായി.

അറിയപ്പെടുന്ന ആദ്യത്തെ എഴുത്തുരീതി സുമേരിയയില്‍ (യൂഫ്രട്ടീസ് – ടൈഗ്രീസ് നദീതടങ്ങള്‍) നിന്നാണു കണ്ടെത്തിയിട്ടുള്ളത്. മുദ്രകളുണ്ടാക്കി ആവശ്യാനുസരണം നനവുള്ള കളിമണ്‍ കട്ടകളില്‍ അമര്‍ത്തിയെടുത്തു ഉണക്കി സൂക്ഷിക്കുകയായിരുന്നു അന്നു ചെയ്തിരുന്നത്. സമാനമായ രീതി സിന്ധുനദീതടത്തിലെ ഹാരപ്പന്‍- മൊഹന്‍ജദാരൊ സംസ്‌കാരത്തിലും കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് സുമേരിയന്‍ പ്രദേശങ്ങളില്‍ മുളം കമ്പുകള്‍ കൊണ്ട് കളിമണ്‍ ഫലകങ്ങളില്‍ നേരിട്ടെഴുതുന്ന രീതി നടപ്പിലായി. ഈജിപ്തില്‍ ഹിറൊഗ്ലിഫിക് എന്നു പറയുന്ന ചിത്രലിപികള്‍ പുരാതനകാലത്തു ഉപയോഗത്തിലിരുന്നു. ജന്തുക്കളുടേയും പക്ഷികളുടേയും മറ്റു വസ്തുക്കളുടേയും ചിത്രങ്ങളും അവയുടെ സങ്കലനങ്ങളും ഇതിനു ഉപയോഗിച്ചുവന്നു. പിരമിഡുകളിലും ക്ഷേത്രങ്ങളിലും ഇങ്ങനെയാണു എഴുതി വന്നിരുന്നത്. മനുഷ്യ ഭാഷണത്തിലെ വാക്കുകളിലെ ഓരോ ശബ്ദങ്ങള്‍ക്കും പ്രത്യേകം ആലേഖന രീതികള്‍ ഉപയോഗിച്ചു കൊണ്ടാണു ലിപികള്‍ പ്രചാരത്തിലായത്. ഇവ കൂടുതല്‍ ചിട്ടപ്പെടുത്തലുകള്‍ക്കു വിധേയമായതോടെ എഴുത്തുവിദ്യ പഠിക്കലും പഠിപ്പിക്കലും എളുപ്പമായി. വിവിധ ഭാഷകള്‍ നിലവില്‍ വന്നതോടെ വിവിധ ലിപികളും ലോകത്തില്‍ പലയിടത്തായി രൂപം കൊണ്ടു).

ബിനു തങ്കച്ചന്‍ മാവേലിക്കര, 9447399507,

binummmvka@gmail.com

https://chat.whatsapp.com/E4mfZkP1j1IHPQzPaSvvpZ

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px