LIMA WORLD LIBRARY

വെള്ളി നാണയത്തിലേക്ക് സ്വാഗതം: ലഹരിയില്‍ മയങ്ങരുത് യുവതലമുറ-മിനി സുരേഷ്‌

1987-ലെ പ്രീഡിഗ്രിക്കാലം. കോട്ടയത്തെ പ്രമുഖ
കോളേജുകള്‍ക്ക് മുന്‍പില്‍ വലിയൊരു കുട്ടയില്‍
മുല്ലപ്പൂക്കളുമായി രണ്ട് നാടോടിസ്ത്രീകള്‍ പ്രത്യക്ഷപ്പെട്ടു.ബ്ലൗസ്സിടാതെ സാരികൊണ്ട് മാറുമറച്ച് ഭാരതി രാജചിത്രങ്ങളിലെ കഥാ പാത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്ന അവരുടെ പക്കല്‍
നിന്നും പൂക്കള്‍ വാങ്ങുവാനന്ന് പെണ്‍കുട്ടികളുടെ
തിക്കും ,തിരക്കുമായിരുന്നു.കുറച്ച് കഴിഞ്ഞപ്പോള്‍
കേട്ടു. പൂക്കള്‍ക്കൊപ്പം ‘പൂമ്പൊടി ‘കൂടി ഇവര്‍ വിതരണം നടത്തുന്നുണ്ടെന്ന്.

 

പിന്നെ അധികമാരും അവരുടെ അടുത്തേക്ക് ചെല്ലാതെയായി.ഏറെ താമസിയാതെ
അവര്‍ പോലീസിന്റെ പിടിയിലാകുകയും ചെയ്തു.പക്ഷേ സ്‌കൂളില്‍ മിടുക്കിയായി പഠിച്ചിരുന്ന
ഒരു കൂട്ടുകാരി അതിനോടകം ആ മയക്കുമരുന്ന് ലോബിയുടെ വലയില്‍ കുരുങ്ങി കാലിടറി വീണത് വേദനയോടെയേ ഇന്നും
ഓര്‍ക്കുവാന്‍ കഴിയുന്നുള്ളൂ.
1987 മുതല്‍ തന്നെയാണ് ഐക്യരാഷ്ട്ര സംഘടന ജൂണ്‍ 26 ലഹരി വിരുദ്ധ ദിനമായി ആചരിച്ച് വരുന്നതും.
വ്യത്യസ്ത രൂപങ്ങളിലും, ഭാവങ്ങളിലും സമൂഹത്തെ കാര്‍ന്നു തിന്നു കൊണ്ടിരിക്കുന്ന
ലഹരിയെന്ന വന്‍വിപത്തിന്റെ ഭീകരമുഖം വീണ്ടും നേരിട്ടറിയുവാന്‍ കഴിഞ്ഞത് ചെന്നൈയില്‍ മകന്‍
പഠിക്കുന്ന കാലത്താണ്.

ഏക മകനായതിനാല്‍
പരീക്ഷാക്കാലം വരുമ്പോള്‍ ഒരു മാസത്തേക്ക് ഫ്‌ലാറ്റ് വാടകക്ക് എടുത്ത് ഞാനും കൂടെ താമസിക്കുവാന്‍ ചെല്ലുമായിരുന്നു.
മയക്കു മരുന്ന് ഉപയോഗിക്കുന്ന ആണ്‍കുട്ടികളെയും,പെണ്‍കുട്ടികളെയും അന്ന് കാണുവാന്‍ കഴിഞ്ഞിട്ടുണ്ട്.അവരില്‍ പലരും
വിദേശ മലയാളികളുടെ മക്കളായിരുന്നു.ഒരമ്മയുടെ
ആധിയോടെ ചിലരെയൊക്കെ ഉപദേശിച്ചിട്ടുമുണ്ട്.
നല്ല ജോലിയൊക്കെ നേടിയെങ്കിലും പൂര്‍ണ്ണമായും
പലര്‍ക്കും മയക്കുമരുന്നിന്റെ നീരാളിപ്പിടുത്തത്തില്‍നിന്നും
മോചിതരാകുവാന്‍ കഴിഞ്ഞിട്ടില്ല എന്നറിഞ്ഞത്
ഏറെ ഞെട്ടലോടെയാണ്.ഇവരില്‍ വിവാഹബന്ധം
തകര്‍ന്നവരുമുണ്ട്.ലഹരി പകരുന്ന സുഖം അറിയാനുള്ള ആകാംക്ഷയില്‍ ഉപയോഗിച്ചു തുടങ്ങുന്നവര്‍ ക്രമേണ അതിന് അടിമപ്പെടുന്നു.

പ്രായത്തിന്റെ പക്വതയില്ലായ്മയും,,കെട്ടുറപ്പില്ലാത്ത കുടുംബപശ്ചാത്തലവുമെല്ലാം ഈ അവസ്ഥയിലേക്ക്
പലരെയും എത്തിക്കുന്നതില്‍ പങ്ക് വഹിക്കുന്നുണ്ട്.
കൗമാര ദശയില്‍ മക്കളില്‍ ഉണ്ടാകുന്ന മാറ്റങ്ങളേയും,അവരുടെ കൂട്ടുകാരേയും ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കേണ്ടത് മാതാപിതാക്കളുടെ
ഉത്തരവാദിത്വമാണ്.സ്‌നേഹത്തോടെ ചേര്‍ത്തു നിര്‍ത്തുന്നു എന്നൊരു വിശ്വാസമാണ് ആ പ്രായത്തില്‍ മക്കളില്‍ ഉളവാക്കേണ്ടത്.

 

അമിതനിയന്ത്രണങ്ങള്‍ വിപരീതഫലമായിരിക്കും സൃഷ്ടിക്കുന്നത്.കഴുകന്‍
കണ്ണുകളുമായി കുട്ടികളെ റാഞ്ചിയെടുക്കുവാന്‍
മയക്കുമരുന്നു ലോബികളിലെ ഏജന്റന്മാരുടെ സംഘം തന്നെയുണ്ട്.പലവേഷത്തിലും.ഭാവത്തിലും
അവതരിക്കാറുള്ള ഇവരുടെ പിടിയിലകപ്പെടാതെ
ശ്രദ്ധിക്കുന്നതില്‍ മാതാപിതാക്കളും,അധ്യാപകരും
സദാ ജാഗരൂകരായിരിക്കണം.

കേരള സര്‍ക്കാരിന്റെ ആരോഗ്യ വകുപ്പിന്റെ കീഴില്‍ 19 ലഹരി വിമോചന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.ആരോഗ്യ വകുപ്പും,എക്‌സൈസ് വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന വിമുക്തി
പദ്ധതിയുടെ കീഴില്‍ 14 ലഹരി വിമോചനകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.മയക്കു
മരുന്നിനോടുള്ള ആസക്തി പല മസ്തിഷ്‌ക മാറ്റങ്ങള്‍ക്കും കാരണമാകും.അതിനാലാണ് മയക്കു മരുന്നിന് അടിമയായ ഒരാളെ രോഗിയായിത്തന്നെ
കണക്കാക്കുന്നത്.
മനസ്സിനെ ഉത്തേജിപ്പിക്കുകയും,പെരുമാറ്റത്തെ സ്വാധീനിക്കുകയും ചെയ്യുന്ന ലഹരി വസ്തുക്കള്‍
ഉപേക്ഷിച്ചില്ലെങ്കില്‍ അത് വ്യക്തിക്കും സമൂഹത്തിനും ഒരു പോലെ ദോഷം ചെയ്യും. യുവതലമുറയെ ഈ മാരക വിപത്തില്‍ നിന്ന് രക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ തന്നെ വെല്ലുവിളിയാണ്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px