LIMA WORLD LIBRARY

പുത്തന്‍ തലമുറയില്‍ സാഹിത്യത്തിന്റെ വളര്‍ച്ച-കലാ പത്മരാജ്‌

സാഹിത്യമെന്നത് സംസ്‌കൃത പദമാണ്. നഷ്ടമാകുന്നവയെ ഭാവനയിലൂടെ തിരികെ പിടിക്കുന്ന ഒരു ഘടകമാണ് സാഹിത്യം. ശബ്ദവും അര്‍ത്ഥവും ചേരുമ്പോഴാണ് സാഹിത്യം ജനിക്കുന്നത്. ഒരു ദേശത്തിന്റെ ഏറ്റവും മൗലികമായ സാംസ്‌ക്കാരിക മുദ്രയാണ് അവിടുത്തെ ഭാഷയും സാഹിത്യവും. വാമൊഴി പാരമ്പര്യത്തില്‍ തുടങ്ങി ഹസ്തലിഖിത രീതിയില്‍ നിന്ന് ഇന്ന് സൈബര്‍ യുഗത്തില്‍ എത്തിനില്‍ക്കുന്ന വിപുലമായ ചരിത്രമാണ് മലയാളഭാഷയ്ക്കും സാഹിത്യത്തിനും ഉള്ളത്. കേരളീയരുടെ മാതൃഭാഷയായ മലയാളത്തില്‍ രചിക്കപ്പെട്ട മലയാള സാഹിത്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പ്രാചീനകാലത്തെ തമിഴിലെയും സംസ്‌കൃതത്തിലെയും ചില പ്രമുഖ കൃതികളുടെ കര്‍ത്താക്കള്‍ കേരളീയരായിരുന്നു.

പ്രമുഖമായ ഇളങ്കോവടികളുടെ ‘ചിലപ്പതികാരം’ മഹാകാവ്യം രചിക്കപ്പെട്ടത് തൃശ്ശൂര്‍ ജില്ലയിലെ മതിലകത്താണ് എന്നത് തന്നെ നമുക്ക് അഭിമാനത്തിന് ഏറെ വക നല്‍കുന്നു. ഇരുപതാം നൂറ്റാണ്ടോടുകൂടി മലയാള സാഹിത്യ ലോകം അതിന്റെ സുവര്‍ണ്ണ ദശയില്‍ എത്തുകയായിരുന്നു. ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കവിത്രയങ്ങളുടെ സംഭാവനയില്‍ അതിന്റെ വളര്‍ച്ച വളരെ പ്രൗഢമായി തീര്‍ന്നു. കാലാകാലങ്ങളില്‍ പല സാഹിത്യ പ്രസ്ഥാനങ്ങളും കാവ്യരംഗത്ത് ആധിപത്യം ഉറപ്പിച്ചുകൊണ്ട് മുന്നോട്ടുവരികയാണ്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള പല നോവല്‍ എഴുത്തിലും പുതിയ ഒരു വീക്ഷണശൈലിയും, അന്തര്‍മുഖത്വവും, വിഷാദവും നമുക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ട്.

പണ്ടുമുതലേ മലയാളികള്‍ക്ക് വായനാശീലം ഉണ്ടായിരുന്നു. പണവും വിദ്യാഭ്യാസവും ഇല്ലാതിരുന്ന കാലത്തും പത്രങ്ങള്‍ വായിക്കുകയോ, കേള്‍ക്കുകയോ ചെയ്യുന്നത് ഒരു ശീലമായിരുന്നു. അക്കാലത്ത് ഓരോ പ്രധാന മുക്കിലും ഒരു ചായക്കട കാണുമായിരുന്നു. ചിലയിടങ്ങളില്‍ ലൈബ്രറികളും ഉണ്ടാകും. അവിടെ ഏതെങ്കിലും പത്രവും ഉണ്ടാകും പ്രത്യേകിച്ച് പുരുഷന്മാര്‍ സംവദിക്കുന്നത് അവിടെവെച്ചാണ്. ഒരാള്‍ ഉറക്കെ വായിക്കുകയും മറ്റുള്ളവര്‍ അത് കേള്‍ക്കുകയും, അവലോകനം ചെയ്യുകയും, ചര്‍ച്ച ചെയ്യുകയും ഒക്കെ ചെയ്തിരുന്നു. അങ്ങനെ അവര്‍ക്കിടയില്‍ സാഹിത്യവാസന വളര്‍ന്നുവരുന്നതിന് അത് ഇടയാക്കിയിട്ടുണ്ട്. അത്തരത്തിലുള്ള സംവാദങ്ങളും കൂടിച്ചേരലുകളും മലയാള സാഹിത്യ ലോകത്ത് വലിയ വഴിതിരിവുകള്‍ക്ക് കാരണമായിട്ടുണ്ട്.

പുതുതലമുറയുടെ ഏറ്റവും പ്രധാനപ്പെട്ട ദോഷങ്ങളില്‍ ഒന്ന് അവരുടെ ഇടയിലുള്ള വായനാശീലവും ആശയ വിനിമയവും അന്യം നില്‍ക്കുന്ന ഒരു കാഴ്ചയാണ്. കൂടാതെ അവര്‍ക്ക് സാഹിത്യത്തിനോടുള്ള അഭിരുചിയും, അഭിനിവേശവും, വര്‍ണ്ണനയും, ഭാഷയോടുള്ള സ്‌നേഹവും വളരെ കുറവാണ്. കാരണം അന്യഭാഷകള്‍ക്ക് പ്രാധാന്യം കൊടുക്കുമ്പോള്‍ നമ്മുടെ ഭാഷയെയോ, അല്ലെങ്കില്‍ മലയാളസാഹിത്യത്തെയോ അറിയാനോ , അല്ലെങ്കില്‍ അതില്‍ അഭിമാനിക്കാനോ മറന്നു പോകുകയാണ് ചെയ്യുന്നത് . നമുക്കറിയാം ആയിരക്കണക്കിന് ഗദ്യകൃതികളാലും പദ്യകൃതികളാലും സമ്പുഷ്ടമാണ് നമ്മുടെ മലയാള സാഹിത്യം. അതുകൊണ്ട് തന്നെ ലോകത്ത് വെച്ച് സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള രണ്ടാമത്തെ ഭാഷയും ഇന്ത്യയില്‍ വെച്ച് പ്രഥമ സ്ഥാനവും നമ്മുടെ മലയാളത്തിനാണ് എന്നത് നമുക്ക് ഏറെ അഭിമാനിക്കാന്‍ വക നല്‍കുന്നു. ഇത്തരം ഭാഷയില്‍ നിന്ന് ഉരുതിരിയുന്ന സാഹിത്യത്തിന് അതിന്റേതായ മഹത്വം ഉണ്ടാകാറുണ്ട്.

പുത്തന്‍ തലമുറയില്‍ സാഹിത്യത്തിന്റെ വളര്‍ച്ച പല മേഖലയിലും വളരെയേറെ വ്യത്യസ്തത പുലര്‍ത്തുന്നതായിട്ടാണ് കാണാന്‍ കഴിയുന്നത്. അതായത് കഥ, കവിത, സിനിമ, നാടകം തുടങ്ങി സാഹിത്യത്തിന്റെ വ്യത്യസ്ത മേഖലകള്‍ പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയും തികച്ചും ജീവിതവുമായി താരതമ്യം ചെയ്യാന്‍ സാധിക്കാത്ത അവിശ്വസനീയമായ ആവിഷ്‌കാരമാണ് പല മേഖലകളിലും കാണാന്‍ കഴിയുന്നത്. യഥാര്‍ത്ഥ മനുഷ്യന്റെ വികാരവിചാരങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒന്നാകുന്നില്ല പുത്തന്‍ തലമുറയുടെ പുതുസാഹിത്യം.

കലാ- സാമൂഹിക സാംസ്‌ക്കാരിക മേഖലകളിലെല്ലാം അതിന്റേതായ ന്യൂനതകള്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയും. പണ്ടുകാലത്ത് കാച്ചി കുറുക്കിയ കവിതകള്‍ക്കും കഥകള്‍ക്കും പ്രാധാന്യം ഏറുമ്പോള്‍ ഇന്ന് കഥ പറയുന്ന കവിതകള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം. അതിനുപുറമേ നമ്മുടെ പിന്‍കാല സാഹിത്യകാരന്മാരുടെ സൃഷ്ടികള്‍ പരിശോധിച്ചാല്‍ ആവര്‍ത്തനവിരസത തെല്ലുമില്ലായെന്ന് മാത്രമല്ല പദസമ്പത്ത് വളരെയധികം കൂടുതലായി കാണാന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷേ പുതുതലമുറയുടെ സൃഷ്ടികളില്‍ പദസമ്പത്തിന്റെ ദാരിദ്ര്യം നിഴലിച്ചു നില്‍ക്കുന്നതായിട്ടാണ് കാണാന്‍ കഴിയുന്നത്. മറ്റു ഭാഷയേക്കാള്‍ പ്രാധാന്യം ഇന്നത്തെ തലമുറ നമ്മുടെ മാതൃഭാഷയ്ക്ക് നല്‍കുന്നില്ല എന്നതാണ് മലയാള സാഹിത്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. നമ്മുടെ സംസ്‌കാരത്തെ കുറിച്ചും ഭാഷയെക്കുറിച്ചും ഭാഷയില്‍ എഴുതപ്പെട്ട മഹാ കൃതികളെക്കുറിച്ചും അറിയുവാനും അവ അവരുടെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുവാനും വിദേശ സാഹിത്യ കുതുകികള്‍ കാണിക്കുന്ന ജിജ്ഞാസ പോലും നമ്മുടെ പുതിയ തലമുറ അറിയുന്നില്ല എന്നത് ഏറെ ലജ്ജാകരമാണ്.

ഇന്നത്തെ സൈബര്‍ യുഗത്തില്‍ വായന അപ്രസക്തമാവുകയും ഒപ്പം നവമാധ്യമങ്ങളുടെ സ്വാധീനം പുതിയ തലമുറയില്‍ കാതലായ മാറ്റങ്ങള്‍ക്ക് വഴിതെളിക്കുകയും ചെയ്യുന്നു. എന്തും തന്റെ വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്നത് കൊണ്ട് അവര്‍ക്ക് ഒരിക്കലും പുസ്തകങ്ങളെയോ, ലൈബ്രറികളെയോ ആശ്രയിക്കേണ്ട അവസ്ഥ ഉണ്ടാകുന്നില്ല. നമ്മുടെ സാഹിത്യകാരന്മാര്‍ ഒരു കൃതിക്ക് ജീവന്‍ നല്‍കുന്നത് ഒരുപാട് പുസ്തകങ്ങള്‍ ഹൃദിസ്ഥമാക്കിയ അറിവില്‍ നിന്നായിരിക്കും. എന്നാല്‍ ഇന്ന് അവശ്യം വേണ്ടത് മാത്രം തിരഞ്ഞെടുത്തു പ്രദര്‍ശിപ്പിക്കാനുള്ള അവസരങ്ങള്‍ ഉണ്ടായതോടുകൂടി അവനവന്റെ അറിവ് പരിമിതമായി മാറുകയാണ് . ഇതുമൂലം ഒരു വിഷയത്തെക്കുറിച്ച് ഒരേ രീതിയില്‍ തന്നെ ചിന്തിക്കുകയും, വേറിട്ട വഴികളിലൂടെ സഞ്ചരിക്കാനും, വ്യത്യസ്തമായ രീതിയിലുള്ള ഭാവനകള്‍ മുന്നോട്ടു കൊണ്ടു വരാനോ പുത്തന്‍ തലമുറയ്ക്ക് കഴിയുന്നില്ല. അതുകൊണ്ടുതന്നെ ഒരു വിഷയത്തില്‍ ഉരുതിരിയുന്ന വ്യത്യസ്ത സാഹിത്യസൃഷ്ടികള്‍ വിലയിരുത്തുവാന്‍ വളരെയേറെ പ്രയാസം നേരിടുന്നു.

ഇന്നത്തെ കാലഘട്ടത്തില്‍ ആശയങ്ങള്‍ ഇല്ലാത്തതും എന്നാല്‍ എല്ലാവര്‍ക്കും സുലഭമായി ചെയ്യാന്‍ സാധിക്കുന്നതുമായ വസ്തുതകള്‍ക്ക് കൂടുതല്‍ പ്രാധാന്യവും പ്രോത്സാഹനവും നമ്മുടെ സമൂഹം നല്‍കുന്നു. അയല്‍ വീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയുവാനും അത് പ്രദര്‍ശിപ്പിക്കാനും ഉള്ള മലയാളികളുടെ ആവേശത്തിന് ആക്കം കൂട്ടുകയാണ് ഇന്ന് നമ്മള്‍ കാണുന്ന മാധ്യമങ്ങളിലെ അന്തി ചര്‍ച്ചയും മറ്റുമൊക്കെ. അതിലൂടെ നഷ്ടമാകുന്നത് കേരളീയസംസ്‌കാരവും ഒപ്പം സാഹിത്യ വാസനയുമാണ് . ഇത് ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണ്.

ഡിജിറ്റല്‍ യുഗത്തില്‍ വായനയുടെ പ്രാധാന്യം യുവതലമുറയില്‍ കുറയുന്നുണ്ടെങ്കിലും നല്ലൊരു വിഭാഗം ഇന്നും വായനയെ പിന്തുടരുന്നുണ്ട് . ഇന്ന് സാഹിത്യ ലോകത്തേക്ക് കടന്നുവരുന്ന പുതുതലമുറയുടെ ഭാവനകളില്‍ കാമ്പുള്ള വിഷയങ്ങള്‍ പ്രമേയങ്ങള്‍ ആക്കുന്നുണ്ട് . പുതിയ ചിന്തകളും, കാലഘട്ടത്തിലേക്കുള്ള കുതിച്ചുചാട്ടങ്ങളും, പുതിയ കണ്ടുപിടുത്തങ്ങളും, വികസന മാതൃകകളും, അവരുടെ സങ്കല്പത്തിലുള്ള ലോകങ്ങളും ഒക്കെ അവരുടെ രചനയില്‍ കടന്നുവരുന്നുണ്ട്. അപസര്‍പ്പക നോവലുകള്‍, നോവല്‍ സിരീസുകള്‍ തുടങ്ങി പുതുതലമുറ അവരുടേതായ വാതിലുകള്‍ തുറന്നു കഴിഞ്ഞു. മുതിര്‍ന്ന എഴുത്തുകാര്‍ക്കും പുതിയ എഴുത്തുകാര്‍ക്കും ഒരുപോലെ സ്വീകാര്യത കിട്ടുന്ന ഒരു കാലത്തിലൂടെയാണ് നാം ഏവരും കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ആനുകാലികങ്ങളില്‍ നല്ലത് ആര് എഴുതിയാലും അതിനെ വായിക്കാനും പ്രോത്സാഹിപ്പിക്കാനും മടിയില്ലാത്ത ഒരു കാലഘട്ടമാണ് ഇന്ന്.

കൂടാതെ ഇ- വായനയുടെ കടന്നുവരവും അതിനെ ഏറെ സ്വാധീനിക്കുന്നുണ്ട് അതിന് പുറമേ നവമാധ്യമങ്ങള്‍ യുവതലമുറയ്ക്ക് വായനയുടെയും എഴുത്തിന്റെയും പുതിയ സാധ്യതകള്‍ തുറക്കുന്നു മുണ്ട്. വായനക്കാര്‍ കാലത്തിനൊപ്പം സഞ്ചരിക്കുന്നത് കൊണ്ടു തന്നെ അവരുടെ രചനകള്‍ വായനക്കാരിലേക്ക് എത്തുന്നുമുണ്ട്. ആയതിനാല്‍ പൊതു ചിന്തകളും ഭാവനകളും വായനക്കാരിലേക്ക് എത്തിക്കുന്നതിനായി ഇനിയും സാഹിത്യ ലോകത്തേക്ക് പുതിയ തലമുറ ആവേശത്തോടെ കടന്നു വരട്ടെ എന്ന് ആശംസിക്കുന്നു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px