LIMA WORLD LIBRARY

സ്വയം അറിയുക; സ്വയം നിയന്ത്രിക്കുക; സ്വയം നല്കുക-അഡ്വ. ചാര്‍ളി പോള്‍

സ്വയം അറിയുക, സ്വയം നിയന്ത്രിക്കുക, സ്വയം നല്കുക എന്നതാണ് ഗ്രീക്ക് ഫിലോസഫിയുടെ അന്ത: സത്ത. വൈകാരിക പക്വതയുടെ അന്ത:സത്തയും ഇത് തന്നെ. മനസ്സിനെ ക്രമീകരിച്ചാല്‍ വൈകാരിക പക്വതയാകും. സ്വന്തം വികാരങ്ങളെ തിരിച്ചറിയുക, വികാരങ്ങളെ നിയന്ത്രിച്ച് വരുതിയില്‍ നിറുത്തുക, സ്വയം പ്രചോദനത്തിന് വഴിയൊരുക്കുക, അന്യരുടെ വികാരങ്ങള്‍ അംഗീകരിക്കുക, മനുഷ്യബന്ധങ്ങള്‍ സമചിത്തതയോടെ കൈകാര്യം ചെയ്യുക എന്നിവയാണ് വൈകാരിക പക്വതയുടെ മാനങ്ങള്‍. ജീവിതവിജയത്തിന് മന:സംയമനമെന്ന വൈകാരിക പക്വത കൈവരിച്ചേ മതിയാകു.

ശാരീരികം, മാനസികം, വൈകാരികം, ആദ്ധ്യാത്മികം എന്നിങ്ങനെ മനുഷ്യന് നാല് തരം ബുദ്ധിമാനങ്ങള്‍ ഉണ്ട്. ഇവ ഓരോന്നും സംയോജിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് ജീവിത വിജയം കടന്നുവരിക. ഓരോബുദ്ധിമാനങ്ങള്‍ക്കും വ്യത്യസ്തമായ ദൗത്യമാണുള്ളത്. ശാരീരികബുദ്ധിമാനത്തിന്റെ ലക്ഷ്യം നിലനില്‍പ്പാണ്. മാനസിക ബുദ്ധിമാനത്തിന്റേത് വികസനവും വളര്‍ച്ചയുമാണ്. വൈകാരിക ബുദ്ധിമാനം ബന്ധങ്ങളെയും ആദ്ധ്യാത്മിക ബുദ്ധി മാനം സംതൃപ്തിയെയും കൈകാര്യം ചെയ്യുന്നു.

നാലു മേഖലകള്‍ക്കും തുല്യ പ്രധാനമാണെങ്കിലും വൈകാരിക പക്വതയുടെ മാനങ്ങളാണ് ഇന്ന് ഏറ്റവും അധികം ചര്‍ച്ച ചെയ്യുന്നത്. നമ്മുടെ ദര്‍ശനങ്ങള്‍ക്ക് അനുസരിച്ച് ജീവിതത്തെ ക്രമപ്പെടുത്താനുള്ള ഇന്ധനമാണ് വൈകാരിക ഭാവങ്ങളിലൂടെ ലഭിക്കേണ്ടത്. വൈകാരിക ബുദ്ധിമാനത്തിന് അഞ്ച് ഘടകങ്ങള്‍ ഉണ്ട്. സ്വയാവബോധം, ഉത്സാഹം, ആത്മനിയന്ത്രണം, തത്മയീഭാവം, ബന്ധങ്ങളിലെ ദൃഢത എന്നിവയാണവ. ഇവ സമന്വയിക്കുമ്പോഴാണ് വൈകാരിക പക്വത ആര്‍ജിക്കുന്നത്.

ആത്മനിയന്ത്രണം വൈകാരിക പക്വതയുടെ ആണിക്കല്ലാണ്. മനസ്സിന്റെ ബാലന്‍സ് നഷ്ടപ്പെടുത്തരുത്. മാനസിക നില തകരാറിലാക്കുന്ന പിരിമുറുക്കങ്ങളെയും നെഗറ്റീവ് ചിന്ത കളെയും നിയന്ത്രിക്കണം. അഹങ്കാരം , പുച്ഛഭാവം ഒഴിവാക്കണം. നെഗറ്റീവ് അനുഭവങ്ങള്‍ നല്കരുത്. സന്തോഷവും അന്തസ്സും നിറഞ്ഞ സമീപനത്തിലൂടെ വൈകാരിക പക്വത കൈവരിക്കാം.

സംതൃപ്തിയുടെ ഉറവ ആരംഭിക്കേണ്ടത് മനസ്സില്‍ നിന്നു മാണ്. സ്വന്തം മനോഭാവത്തിലാണ് മാറ്റം വരുത്തേണ്ടത്. മനസ്സിനെ ശാന്തമാക്കുക, അസ്വസ്ഥതകളുടെ നടുവിലും പുഞ്ചിരിക്കുക, കുറ്റപ്പെടുത്തിയാലും കാതോര്‍ക്കുക, ശുഭാപ്തി വിശ്വാസിയാകുക, നര്‍മ്മബോധം നഷ്ടപ്പെടുത്താതിരിക്കുക, വിശ്വസ്തത പുലര്‍ത്തുക, ക്ഷമ യോടെ കാത്തിരിക്കുക, സ്‌നേഹിച്ചു വശത്താക്കുക എന്നീ സമീപനങ്ങള്‍ മന: സംയമനത്തിനും അതുവഴി വൈകാരിക പക്വതയ്ക്കും ജീവിത വിജയത്തിനും സഹായകമാകും.

(ട്രെയ്‌നറും മെന്ററുമാണ് ലേഖകന്‍ – 8075789768)

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px