LIMA WORLD LIBRARY

എന്റെ പ്രകൃതീ പ്രണയങ്ങള്‍- ജയന്‍ വര്‍ഗീസ്‌

നാടകങ്ങള്‍ എഴുതിയിരുന്ന കാലത്ത് അതിലെ ആശയ സംഘട്ടനങ്ങള്‍ രൂപപ്പെടുത്താനായി വേനല്‍ക്കാലങ്ങളില്‍ഞാന്‍ ചില യാത്രകള്‍ നടത്തിയിരുന്നു. എവിടെയാണ് പോകുന്നതെന്ന് ഭാര്യയോട് പോലും പറയുകയില്ല. പറഞ്ഞാല്‍ ഒരുപക്ഷേ അവള്‍ അപ്പനമ്മമാരെ വിളിച്ചു പറഞ്ഞ് തടസ്സം സൃഷ്ടിച്ചേക്കും എന്ന ഭയം മൂലമാണ്പറയാതിരുന്നിട്ടുള്ളത്. സന്ധ്യക്കെ തിരിച്ചെത്തുകയുള്ളു എന്ന് മാത്രം പറയും. രാവിലെ ഏതെങ്കിലുംചായക്കടയില്‍ നിന്ന് രണ്ടു കഷ്ണം പുട്ടും, ഒരേത്തപ്പഴവും, ചായയും കഴിക്കും. പിന്നെ രണ്ടു മൈല്‍ നടന്നുവനത്തില്‍ കയറും. അര മൈല്‍ കൂടി നടന്നാല്‍ പുഴയിലെത്തും. പോത്തുകുഴി എന്നാണ് ആഭാഗത്തിന് പേര്. ഗണപതി, തോണിക്കുഴി, കാക്ക മുതലായ കുറെ കുഴികളും കൂടി മുകള്‍ ഭാഗത്തുണ്ട്. മുള്ളരിങ്ങാടന്‍ മലനിരകളില്‍ നിന്നാരംഭിച്ച് പരീക്കണ്ണി, കുത്തുകുഴി ഭാഗങ്ങള്‍ പിന്നിട്ട് കോതമംഗലം കൂടി കക്കടാശേരിയില്‍ വച്ച്മൂവാറ്റു പുഴയാറില്‍ ലയിക്കുന്ന ഈ പുഴ മൂന്നു പുഴകള്‍ സംഗമിക്കുന്ന മൂവാറ്റു പുഴയുടെ ഒരു പുഴയാണ്. പുഴയില്‍വെള്ളം കുറവായതു കൊണ്ട് മിനുത്ത പാറക്കല്ലുകള്‍ അടുക്കി വച്ചതു പോലെ പരന്നും, ഉയര്‍ന്നുമായിനില്‍ക്കുന്നുണ്ട്. അതിലൂടെ ചവിട്ടിയും ചാടിക്കടന്നുമാണ് മുകള്‍ ഭാഗത്തേക്കുള്ള യാത്ര.

ഗണപതിയില്‍ എത്തുമ്പോള്‍ മരച്ചാര്‍ത്തുകള്‍ തണല്‍ വിരിക്കുന്ന മിനുത്ത പാറപ്പുറത്ത് കുറെ കിടക്കും. ഒരുവശത്തുകൂടി നവ വധുവിനെപ്പോലെ നാണം കുണുങ്ങി പാറകളില്‍ തട്ടി പതഞ്ഞൊഴുകുന്ന യുവതിയായ പുഴ. സഹസ്രാബ്ദങ്ങളുടെ കാലടിപ്പാടുകള്‍ പതിഞ്ഞു മിനുസമായിത്തീര്‍ന്ന പാറക്കൂട്ടങ്ങള്‍. നനഞ്ഞ പാറയിലെ നറുംപായലുകള്‍ നക്കി നക്കി പുളക്കുന്ന കല്ലേമുട്ടി മീനുകള്‍. വനശീതളിമയില്‍ പാടിപ്പറക്കുന്ന കാക്കാംപീച്ചികളും, കാക്കക്കുയിലുകളും. പകലിരവില്ലാതെ വീണമീട്ടി പാടിപ്പാടി മരിക്കുന്ന ചീവീടുകള്‍.

ദൈവവും പ്രകൃതിയും മനുഷ്യനും ഇവിടെ ഒരേ നേര്‍രേഖയില്‍ വരുന്നതായി എനിക്ക് തോന്നും. മനസിന്റെമായാലോകത്തു നിന്നും കഥയും, പാത്രങ്ങളും, സംഭാഷണങ്ങളും, സംഘട്ടനങ്ങളും ഒഴുകിയൊഴുകി വന്നുകൊണ്ടേയിരിക്കും. എഴുതാന്‍ എന്റെ കയ്യില്‍ ഒന്നുമില്ല. മനസില്‍ എവിടെയോ അനവരതംഎഴുതിക്കൊണ്ടേയിരിക്കും. ഇത്തരം ഒരു യാത്ര പൂര്‍ത്തിയാവുമ്പോളേക്കും ഒരു നാടകം മുഴുവനുമായി എന്റെമനസിന്റെ താളുകളില്‍ രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞിരിക്കും. പിന്നെ വീട്ടിലെത്തിയാല്‍ സൗകര്യം പോലെ അത്കടലാസിലേക്ക് പകര്‍ത്തിയാല്‍ മതി. ഞാനെഴുതിയിട്ടുള്ള മിക്ക നാടകങ്ങളും ഇത്തരം വനയാത്രകള്‍ക്കു ശേഷംഎഴുതിയിട്ടുള്ളതാണ്.

ഗണപതിയില്‍ നിന്നും നേരെ വടക്കു കിഴക്കോട്ടു വനത്തിലൂടെ നടന്നാല്‍ പിന്നെ കുത്തനെയുള്ള കയറ്റമാണ്. മീനുളിഞ്ഞാന്‍ മുടി ( മല ) യുടെ തെക്കേ ചെരിവാണത്. ആ ചെരിവ് കുത്തനേ കയറി മുകളിലെത്തിയാല്‍ പിന്നെനിരപ്പാണ്. ഈ നിരപ്പിലൂടെ കിഴക്കോട്ടു നടന്നാല്‍ നേര്യമംഗലം ഭാഗത്തു കൂടി കടന്നു പോകുന്നഇടുക്കിയിലേക്കുള്ള റോഡില്‍ ഇറങ്ങാം. മല മുകളിലൂടെ നടന്നു പോകുമ്പോള്‍ താഴെ ചെമ്പന്‍കുഴി ( ഈചെമ്പന്‍കുഴി സ്‌കൂളില്‍ ആര്‍. എസ് . തീയറ്റേഴ്‌സിന്റെ കാലത്ത് ഞങ്ങള്‍ നാടകം അവതരിപ്പിച്ചുണ്ട്.) നീണ്ടപാറഭാഗത്തു കൂടി വളഞ്ഞു പുളഞ്ഞൊഴുകുന്ന കൃശ ഗാത്രിയായ പെരിയാര്‍ കാണാം. സാധാരണ ഗതിയില്‍ അവിടംവരെ പോയാല്‍ രാത്രിയായിപ്പോകും. റോഡിലിറങ്ങിയാല്‍ പിന്നെ ബസ് കിട്ടാന്‍ പ്രയാസമാകും. ഒരിക്കല്‍ ഇത്തരംഒരബദ്ധം പറ്റിയത് കൊണ്ട് പിന്നീടുള്ള യാത്രകളില്‍ സന്ധ്യക്ക് മുമ്പ് നേര്യമംഗലത്തിനു രണ്ടുമൂന്നു മൈല്‍പിന്നിലുള്ള തലക്കോട് എന്ന സ്ഥലത്ത് റോഡിലിറങ്ങി തിരിച്ചു പോരും.

തികച്ചും അര വട്ട് എന്നും, അപകടകരം എന്നും മറ്റുള്ളവര്‍ക്ക് തോന്നിയേക്കാവുന്ന ഇത്തരം ഏകാന്ത യാത്രകള്‍കുറേ വര്‍ഷങ്ങളില്‍ പതിവായി ഞാന്‍ നടത്തിയിരുന്നു. ആദ്യ കാലങ്ങളില്‍ മുള്ളരിങ്ങാടിനും, വണ്ണപ്പുറത്തിനുംഇടയില്‍ ഉയര്‍ന്നു നില്‍ക്കുന്ന ‘ തീയെരിയാന്‍ മുടി ‘ യുടെ മുകളിലൂടെയായിരുന്നു യാത്ര. മലമുകളിലെനിരപ്പിലൂടെ കിഴക്കോട്ടു നടന്നാല്‍ മുള്ളരിങ്ങാട്ടോ, വണ്ണപ്പുറത്തോ ഇറങ്ങി തിരിച്ചു പോരാം. മുകളില്‍ നിന്ന്‌നോക്കുമ്പോള്‍ ഇരു വശങ്ങളിലുമായി കോടമഞ്ഞു പുതച്ചുറങ്ങുന്ന ഈ മലമടക്കുകളിലൂടെ ഇപ്പോള്‍ വണ്ണപ്പുറം – മുള്ളരിങ്ങാട് ടാര്‍ റോഡും, ബസ് സര്‍വീസുമുണ്ട്. തീയെരിയാന്റെ ഇരു വശങ്ങളിലുമായി ധാരാളം കയ്യേറ്റക്കാര്‍ഭൂമി കയ്യേറി താമസം തുടങ്ങിയത് കൊണ്ട് ആ വഴിയുള്ള യാത്രകള്‍ അവസാനിപ്പിക്കുകയാണുണ്ടായത്.

വലിയ പ്രകൃതി നാശം സംഭവിക്കാതെ മീനുളിഞ്ഞാന്‍ ഇപ്പോഴും നിലവിലുണ്ട്. മീനുളിഞ്ഞാന്റെ മുകളില്‍നിന്നാരംഭിക്കുന്ന അള്ളുങ്ങല്‍ തോട് ചുള്ളിക്കണ്ടം എന്ന സ്ഥലത്ത് വച്ച് പുഴയില്‍ ചേരുന്നു. ജല സമൃദ്ധമായഈ തോട് പിറവിയെടുക്കുന്ന മീനുളിഞ്ഞാന്‍ മുടിയുടെ മുകളില്‍ ‘ ആലി വീണ കുത്ത് ‘ എന്ന വെള്ളച്ചാട്ടമുണ്ട്. മഹാരാജാവിന്റെ കാലത്തെന്നോ മുറിച്ചിട്ട മരങ്ങള്‍ വലിച്ചു മാറ്റാനെത്തിയ ഒരാനയും, ആനക്കാരനായ ആലിയും, ആന വലിച്ചിരുന്ന മരവും കൂടി ഈ കുത്തില്‍ വീണു കാലപുരി പൂകിയെന്നും, അന്ന് മുതല്‍ക്കാണ് ഈ കുത്ത് ( വെള്ളച്ചാട്ടം ) ഈ പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയതെന്നും പഴമക്കാര്‍ പറയുന്നു.

നാട്ടുകാരുടെ വിവരണങ്ങളില്‍ ആലി വീണ കുത്ത് ഒന്നേയുള്ളൂ എന്നാണ് കേള്‍വി. ഏറ്റവും താഴത്തുള്ള ഏറ്റവുംവലിയ കുത്ത്. ആലി വീണ കുത്തില്‍ നിന്ന് വീണ്ടും മുകളിലേക്ക് ചെന്നാല്‍ മീനുളിഞ്ഞാന്‍ മുടിയുടെവിവിധങ്ങളായ മടക്കുകളില്‍ നിന്ന്, കരിമ്പാറകളെ തഴുകി താഴേക്ക് നിപതിക്കുന്നതും, ആലിക്കുത്തിനോളംതന്നെയോ, അതിലും ചെറുതോ ആയ ആറോ, ഏഴോ കുത്തുകള്‍ കൂടിയുണ്ടെന്ന് ഞാന്‍ ഒറ്റക്ക് നടന്ന്കണ്ടെത്തിയിട്ടുണ്ട്. നേച്വര്‍ ടൂറിസത്തിനു വിശാല സാധ്യതകളുള്ള ഈ മേഖല ഇത് വരെയും വേണ്ടപ്പെട്ടവരുടെകണ്ണില്‍ പെട്ടിട്ടില്ലാ എന്ന് തോന്നുന്നു.

ഇത്തരം വനയാത്രകളില്‍ ഏറ്റവും വലിയ ഭീഷണിയുയര്‍ത്തുന്നത് വിശപ്പാണ്. ഭക്ഷണം കരുതിക്കൊണ്ടുപോകുന്ന ഒരു ശീലം പണ്ടേ എനിക്കില്ല. ( അങ്ങിനെ ചെയ്താല്‍ ഭാര്യ രഹസ്യം കണ്ടു പിടിക്കും എന്ന ഭയവുംഉണ്ട്.) ഉച്ച കഴിയുന്നതോടെ കഴിച്ച പുട്ടും പഴവും, ചായയുമൊക്കെ തീരും. പകുതി വഴി ആയിട്ടുമില്ല. വിശപ്പ് തീരെസഹിക്കാന്‍ പറ്റാതെ വരുമ്പോള്‍ ‘ വെട്ടി ‘ എന്ന് പേരുള്ള മരത്തിന്റെ തളിരിലകള്‍ കുറച്ചൊക്കെ ചവച്ച് തിന്നും. ഒട്ടൊരു ചെറു മധുരവും പുളിയുമുള്ള ഈ ഇലകള്‍ തിന്ന് അരുവിയിലെ വെള്ളവും കുടിച്ചു കഴിഞ്ഞാല്‍ വിശപ്പുംക്ഷീണവുമൊക്കെ മാറും. ഒരു സന്ദര്‍ഭത്തില്‍ അരുവിയില്‍ നിന്ന് കിട്ടിയ ‘ ചില്ലന്‍കൂരി ‘ എന്ന മീനിനെപാറപ്പുറത്തിട്ട് അല്‍പ്പം ഉണക്കി പച്ചക്ക് തിന്ന സംഭവവും ഉണ്ടായിട്ടുണ്ട്. ( എന്നോ, എവിടെയോ എന്നെപ്പോലെവിശന്നു വലഞ്ഞ ഏതോ ജപ്പാന്‍ കാരന്‍ കൈയില്‍ കിട്ടിയ മീനിനെ പച്ചക്ക് ശാപ്പിട്ട അനുഭവത്തില്‍ നിന്നാകുമോആധുനിക തീന്‍ മേശകളുടെ അവിഭാജ്യ ഘടകമായി മാറിയ ‘ സൂഷി ‘ നിലവില്‍ വന്നത് എന്ന് ഇപ്പോള്‍ ഞാന്‍സംശയിക്കുന്നുണ്ട്.)

വനത്തില്‍ മുഴുവന്‍ പാമ്പാണ് എന്നൊരു സംസാരമാണ് നാട്ടിലുള്ളത്. ഈ യാത്രകളില്‍ ഒരിക്കല്‍ പോലുംഞാനൊരു പാമ്പിനെ കണ്ടിട്ടില്ല. കാട്ടു മൃഗങ്ങളും എന്റെ കണ്മുന്നില്‍ വന്നിട്ടില്ല. എന്നെക്കണ്ട് ഭയന്നിട്ടാണോഎന്നറിയില്ല, പത്തോളം വരുന്ന ഒരു പന്നിക്കൂട്ടം കുറച്ചു ദൂരേക്കൂടി കല്ലുരുട്ടി, കാട് കുലുക്കി പാഞ്ഞു പോകുന്നത്കണ്ടിട്ടുണ്ട്. പിന്നെ കാണാറുള്ളത് കാട്ടു കോഴികള്‍. ആളനക്കം കണ്ടാല്‍ അതിവേഗത്തില്‍ അവ അകലങ്ങളില്‍അപ്രത്യക്ഷരായിക്കൊള്ളും. ‘ ഇപ്പപ്പോയാല്‍ കിഴക്കെത്താം, തത്തിത്തത്തി തിരിച്ചെത്താം ‘ എന്ന റിഥത്തിലുള്ളകാട്ടുകോഴിപ്പൂവന്‍മാരുടെ പ്രേമ സംഗീതം എവിടെയും കേള്‍ക്കാം എന്നല്ലാതെ അവയെ നേരിട്ടു കാണുക വളരെവിഷമമാണ്.

( കാട്ടില്‍ വച്ച് പാമ്പുകളെ കണ്ടിട്ടില്ലെങ്കിലും, ഒരു വലിയ മൂര്‍ഖന്‍ പാമ്പിന്റെ വായില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടഒരനുഭവവും എനിക്കുണ്ട്. ഞാറക്കാട്ടു നിന്ന് പാറത്തോട്ടില്‍ താമസമാക്കിയ എന്റെ അമ്മയുടെ അപ്പനെ കാണാന്‍പോയതാണ് ഞാന്‍. പാറത്തോട്ടില്‍ നിന്നും കുറെയേറെ മൈലുകല്‍ക്കലെയുള്ള പതിനാറാം കണ്ടം എന്നസ്ഥലത്ത് അപ്പന്‍ കുറെ ഭൂമി സ്വന്തമാക്കിയിരുന്നു. ഞാന്‍ ഒരു ഗതിയും, പരഗതിയുമില്ലാതെ നടക്കുന്ന കാലത്ത്എനിക്ക് കുറെ ഭൂമി തന്ന് ഒരു ജീവിത മാര്‍ഗ്ഗം ഉണ്ടാക്കി തരാനായിരുന്നു അപ്പന്റെ പ്ലാന്‍.

ആവേശം മൂത്ത് ഞാന്‍ പാറത്തോട്ടില്‍ എത്തുമ്പോള്‍ അപ്പന്‍ അവിടെയില്ല, പതിനാറാം കണ്ടത്തില്‍ ആണ്. ‘ ആനയുള്ള വഴിയാണ്, തനിയെ പോകണ്ട ‘ എന്ന ചാച്ചന്റെയും, വല്യാമ്മയുടെയും മുന്നറിയിപ്പുകള്‍ അവഗണിച്ചുകൊണ്ട്, ആരെയും ഒറ്റയടിക്ക് അനുസരിക്കാന്‍ മടിയുള്ള ഞാന്‍ പതിനാറാം കണ്ടത്തിലേക്ക് പുറപ്പെട്ടു. സമയംഉച്ചയായിട്ടുണ്ട്. പാറത്തോട്ടില്‍ നിന്ന് കമ്പിളികണ്ടം കൂടി ചിന്നാര്‍ വരെ ഒരു ജീപ്പ് കിട്ടി. അവിടെ നിന്ന് വീണ്ടുംമൈലുകള്‍ ഉണ്ട് സ്ഥലത്തേക്ക്. ചിന്നാറില്‍ ഒരു ചായക്കട ഉണ്ടായിരുന്നതില്‍ നിന്ന് ഒരു ചായ കുടിച്ചു. ചായക്കടയില്‍ വച്ച് മുരിക്കാശേരിക്ക് പോകുന്ന രണ്ടു പേരെ കണ്ടു മുട്ടി. ഒരു മധ്യ വയസ്‌ക്കനും, മകനും.

അനാഘ്രാതയായ ഒരു ഒരു നാടന്‍ പെണ്ണിനെപ്പോലെ മനോഹരിയായിരുന്നു അന്ന് ചിന്നാര്‍. കുണുങ്ങിയൊഴുകുന്ന ചിന്നാറിനു മുകളിലൂടെ ഒരു മരത്തടി പാലമായി ഉണ്ടായിരുന്നു. അതിലൂടെ നടന്നുഅക്കരെയെത്തി. ഇനിയുള്ളത് വെറും നടപ്പു വഴിയാണ്. ചുറ്റും കാട്ടുപുല്ലുകള്‍ വളന്നു നില്‍ക്കുന്ന വഴി. അതിലൂടെ പതിനാറാം കണ്ടത്തില്‍ എത്താനുള്ള മാര്‍ഗ്ഗമൊക്കെ മുന്നമേ ഞാന്‍ അന്വേഷിച്ചു അറിഞ്ഞിരുന്നു. ചിന്നാറില്‍ നിന്ന് ചാലെയുള്ള കയറ്റമാണ്. സ്വന്തം കാര്യങ്ങള്‍ പരസ്പരം പറഞ്ഞ് അപ്പനും മകനും മുന്‍പേ. സമൃദ്ധമായ വന സൗന്ദര്യം ആസ്വദിച്ചു കൊണ്ട് ഞാന്‍ കുറച്ചു പിറകില്‍. പുല്‍വഴി കഴിഞ്ഞാല്‍ പിന്നെ കുറെ ദൂരംഏലക്കാടാണെന്നും, അവിടെ ആനയുണ്ടാവാന്‍ ഇടയുണ്ടെന്നുമാണ് ചാച്ചന്‍ പറഞ്ഞിരിക്കുന്നത്.

സമയം രണ്ടു മണി കഴിഞ്ഞു കാണണം. മുരിക്കാശേരിക്കുള്ളവര്‍ വഴി തിരിഞ്ഞു പോയി. ‘ സൂക്ഷിച്ചു പോകണേ ‘ എന്ന അവരുടെ വാക്കുകളെ ‘ ഓ! ഇതൊക്കെ എനിക്ക് പരിചയമുള്ള വഴിയാ’ എന്ന ഭാവത്തില്‍ ഞാന്‍ തള്ളി. അര മൈല്‍ കൂടി നടന്നു കാണണം, പെട്ടെന്ന് കാല്‍ച്ചുവട്ടില്‍ പുല്‍ത്തലപ്പുകളില്‍ ഒരിളക്കവും പിടച്ചിലും. ഞാന്‍നോക്കുമ്പോള്‍ എന്റ മുട്ടിനും മുകളില്‍ വരുന്ന പൊക്കത്തില്‍ തലയുയര്‍ത്തി നിന്ന് ഉലക്കയോളം വണ്ണമുള്ള ഒരുമൂര്‍ഖന്‍ ചീറ്റുകയാണ്. വിടര്‍ന്ന പത്തിയില്‍ വെയിലില്‍ വെട്ടിത്തിളങ്ങുന്ന കടുത്ത നീല നിറം. ഒന്നാഞ്ഞാല്‍എന്നെ കൊത്താവുന്ന അത്ര അടുത്താണ് കക്ഷി. ഒന്നേ നോക്കിയുള്ളൂ. തിരിച്ചൊരൊറ്റയോട്ടമാണ്. പാമ്പ് എന്റെപിന്നാലെയുണ്ടെന്നാണ് എന്റെ ധാരണ. ഇറക്കമായതു കൊണ്ട് ഓടിയും, പറന്നുമാണ് ചിന്നാറിലെത്തി നിന്നത്. തടിപ്പാലത്തില്‍ കയറി നിന്ന് ഒന്ന് തിരിഞ്ഞു നോക്കി. ഒന്നും സംഭവിച്ചിട്ടില്ല. പുല്‍ നാമ്പുകള്‍ തലയാട്ടുന്നു. ആരെയോ തേടിയുള്ള അനന്തമായ യാത്ര പോലെ ചിന്നാര്‍ കുണുങ്ങിയൊഴുകുന്നു.

പിറ്റേ ദിവസം ചാച്ചനോടൊപ്പം അപ്പനെ പോയിക്കണ്ടു. കുടിയേറ്റ മേഖലയില്‍ കുറച്ചാളുകള്‍. ഏറുമാടം കെട്ടിഅതിലാണ് വാസം. പന്ത്രണ്ടു വയസുള്ള മന്ദ ബുദ്ധിയായ മകനോടൊപ്പം ഒറ്റക്ക് ഏറു മാടത്തില്‍ താമസിക്കുന്നയുവതിയായ ഒരമ്മയെയും ആ യാത്രയില്‍ കണ്ടു. ഇഷ്ടമുള്ള ഭാഗത്ത് രണ്ടേക്കര്‍ തെളിച്ചെടുത്തോളാന്‍ അപ്പന്‍പറഞ്ഞു. അപ്പനോടും, ചാച്ചനോടും ഒപ്പം തിരിച്ചു പൊന്നു. പോരും വഴിയില്‍ ഏലക്കാട്ടിലെ വഴിയില്‍ ആവിപറക്കുന്ന ആനപ്പിണ്ടം. അടുത്ത കാടുകളിലെവിടെയോ നിന്ന് ആനക്കൂട്ടത്തിന്റെ ചിന്നം വിളി. ‘ ഒച്ചയുണ്ടാക്കരുത് ‘ എന്ന അപ്പന്റെ വാക്കുകളുടെ മറപറ്റി ഏലക്കാടിനു പുറത്തു കടന്നു പോരുമ്പോള്‍ ഞാന്‍കണ്ടു, തലേ ദിവസം എന്നെ തിരിച്ചോടിച്ച മൂര്‍ഖന്റെ മേഖല. ഒന്നെനിക്കു മനസ്സിലായി ഇന്നലെ ആ സുഹൃത്ത്എന്നെ തിരിച്ചോടിച്ചില്ലായിരുന്നെങ്കില്‍, സന്ധ്യയോടെ ആ ആനക്കൂട്ടില്‍ അകപ്പെട്ട് എന്റെ ചരിത്രം മറ്റൊന്നായിതീരുമായിരുന്നു എന്ന്. വീട്ടിലെത്തി വിവരം പറയുമ്പോള്‍ ‘അമ്മ തീരെ സമ്മതിക്കുന്നില്ല. ‘ ഉള്ള കഞ്ഞി കുടിച്ചുവീട്ടില്‍ കിടന്നാല്‍ മതി ‘ എന്ന് കല്‍പ്പന. )

ഒട്ടും ഭയമില്ലാതെ നമ്മുടെ അടുത്തെത്തി കഴുത്തു ചരിച്ചു നമ്മളെത്തന്നെ നോക്കി നില്‍ക്കുന്ന ഒരു പക്ഷിയുണ്ട്. ‘ കല്ലിറുങ്ങാണി ‘ എന്നാണ് വിളിപ്പേര്. ( വല്ല ശാസ്ത്രീയ നാമവും ഉണ്ടാവാം, അറിയില്ല ) പാറയും വെള്ളവുംഒക്കെച്ചേര്‍ന്ന പരിസരങ്ങളാണ് ഏറെയിഷ്ടം. നമ്മള്‍ അനങ്ങാതെ ഒരിടത്ത് ഇരിക്കുകയാണെങ്കില്‍ നീലയും, പച്ചയും, ചുവപ്പുമണിഞ്ഞ ഈ സുന്ദരികള്‍ വളരെ അടുത്തെത്തി അത്ഭുതത്തോടെ നമ്മളെത്തന്നെനോക്കികൊണ്ടിരിക്കും, നമ്മള്‍ അനങ്ങുന്നത് വരെ. നമ്മള്‍ അനങ്ങിയാല്‍ പേടിച്ചരണ്ട് ‘ കൊക്കരക്കി, കൊക്കികൊക്കി ‘ എന്ന് കരഞ്ഞു കൊണ്ട് ദൂരേക്ക് പറന്നു പോകും. മീനുളിഞ്ഞാന്‍ മുടിയുടെ പാറമടക്കുകളിലെവെള്ളച്ചാട്ടങ്ങള്‍ക്കരികില്‍ നൂറു കണക്കിന് കല്ലിറുങ്ങാണികളെ ഞാന്‍ കണ്ടു മുട്ടിയിട്ടുണ്ട്. ( ഈ പക്ഷികള്‍മലര്‍ന്നു കിടന്നാണ് ഉറങ്ങുന്നതെന്നും, കാലുകള്‍ ഉയര്‍ത്തി വിരലുകള്‍ നിവര്‍ത്തി വച്ചിരിക്കും എന്നും, ആകാശംഇടിഞ്ഞു വീണാല്‍ തടുക്കാനാണ് അങ്ങിനെ ചെയ്യുന്നതെന്നും, ഞാന്‍ ബാലനായിരിക്കുമ്പോള്‍ ഞാറക്കാട്ടുള്ളകാഞ്ഞാമ്പുറം പാറപ്പുറത്ത് വച്ച് കണ്ടു മുട്ടിയ ഒരു കല്ലിറുങ്ങാണിയെ ചൂണ്ടി ‘അമ്മ പറഞ്ഞു തന്നിട്ടുണ്ട്.)

(പാടുന്നു പാഴ്മുളം തണ്ടു പോലെ എന്ന അനുഭവക്കുറിപ്പുകളില്‍ നിന്ന്)

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px