LIMA WORLD LIBRARY

പനിനീര്‍പുഷ്പമകുടം-ഗോപന്‍ അമ്പാട്ട്

കര്‍ണാടകത്തിലേക്ക് വിനോദയാത്ര പോയവര്‍ ഇവിടെ ധാരാളം ഉണ്ടാവാം, എത്രപേര്‍ ഗോള്‍ ഗുമ്പസ് കണ്ടിട്ടുണ്ടാവും. ഒരു ശതമാനത്തില്‍ താഴയേ കാണാനിടയുള്ളു. മൈസൂറും ബാംഗ്ലൂരും മൂകാംബികയും കുടകും, ബന്ദിപ്പൂരും, ഹംപിയുമൊക്കെ കണ്ടു തിരിച്ചുപോരുന്നവരാണ് നമ്മള്‍ മലയാളികള്‍

ഞങ്ങള്‍ ഹംപിയില്‍ പോയപ്പോള്‍ അവിടെ വച്ച് പോര്‍ച്ചുഗല്‍ നിന്നും വന്ന ഒരു ഫൊട്ടോഗ്രാഫറെ പരിചയപ്പെട്ടു.പേര് ജൂലിയാനോ. കക്ഷി അജന്ത, എല്ലോറ കണ്ടതിന് ശേഷം ഗോള്‍ഗുംബസ് കാണാന്‍ ബിജാപ്പൂര്‍ പോയിട്ട് വരുന്ന വഴിയാണ്. ഹംപിയില്‍ നിന്നും ഏകദേശം ഇരുന്നൂറ് കിലോമീറ്റര്‍ കൂടി യാത്രചെയ്താല്‍ കര്‍ണാടകത്തിന്റെ അതിര്‍ത്തിയിലുള്ള ബിജാപ്പൂര്‍ കാണാന്‍ പറ്റും. അവിടെയാണ് റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും വലിപ്പമുള്ള താഴിക്കുടവുമായി തലയുയര്‍ത്തിനില്‍ക്കുന്ന ഗോള്‍ ഗുംമ്പസ് എന്നു ജൂലിയാനോ പറഞ്ഞപ്പോള്‍ എന്നാലതൊന്നു കണ്ടിട്ടേയുള്ളെന്ന് ഞങ്ങള്‍ തീരുമാനിച്ചു

ചരിത്രത്തെ സ്‌നേഹിക്കുന്നവര്‍ തീര്‍ച്ചായും കണ്ടിരിക്കേണ്ട ഇടങ്ങളിലൊന്നാണ് ബീജാപ്പൂര്‍. കെട്ടുവീണു കിടക്കുന്ന ചരിത്ര കഥകളും ചരിത്ര സ്മാരകങ്ങളും കെട്ടിടങ്ങളും ശവക്കല്ലറകളും ഒക്കെ ചേര്‍ന്ന് ചരിത്രത്തിന്റെ ചലനാത്മകമായ ഒരു പരിഛേദമായി ബീജാപ്പുരിനെ വിശേഷിപ്പിക്കാം.

പതിനഞ്ചാം നൂറ്റാണ്ടില്‍ ഡെക്കന്‍ പീഠഭൂമിയില്‍ ഉദയംകൊണ്ട അഞ്ചു രാജവംശങ്ങളിലൊന്നാണ് ആദില്‍ ഷാ രാജവംശം. ഗുല്‍ബര്‍ഗയിലും ബിദാറിലും അധികാരത്തിലുണ്ടായിരുന്ന ബാഹ്‌മനി രാജവംശത്തിന്റെ ശക്തിക്ഷയത്തോടെയാണ് ബിജാപുരില്‍ ആദില്‍ ഷാ രാജവംശം അധികാരവഴിയിലെത്തുന്നത്. 1490ല്‍ യൂസുഫ് ആദില്‍ ഷാ ആണ് ബിജാപുര്‍ എന്ന സ്വതന്ത്രനഗരം നിര്‍മിക്കുന്നത്.

കൊട്ടാരങ്ങള്‍, കമാനങ്ങള്‍, ജലസംഭരണികള്‍, മിനാരങ്ങള്‍, ചെറുമിനാരങ്ങള്‍ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ചരിത്രനിര്‍മിതികളുടെയും കാഴ്ചകളുടെയും പറുദീസയാണ് ബിജാപുര്‍. മാലിക് ഇ മൈദാനിലെ പീരങ്കിയും രാജദര്‍ബാറായിരുന്ന ഗഗന്‍ മഹലും വെണ്ണക്കല്‍ കൊത്തുപണികള്‍കൊണ്ട് സമ്പന്നമായ താഴികക്കുടങ്ങളുള്ള മിഹ്താറെ മഹലുമെല്ലാം സഞ്ചാരികള്‍ക്ക് കൗതുകം പകരുന്നു.

ബീജാപ്പൂരിനെ പെട്ടെന്ന് മനസ്സിലാക്കാന്‍ പാടാണെങ്കിലും ഈ നാടിന്റെ ചരിത്രം ഒറ്റ വാക്യത്തില്‍ പറഞ്ഞാല്‍ അത് ഗോള്‍ ഗുംമ്പസാണ്. പേര്‍ഷ്യന്‍ഭാഷയില്‍ പനിനീര്‍പുഷ്പ്പമകുടം എന്നാണ് ഈ വാക്കിനര്‍ത്ഥം. ബീജാപ്പൂരിന്റെ സുല്‍ത്താനായിരുന്ന മുഹമ്മദ് ആദില്‍ ഷായുടെ ശവകുടീരമാണ് ഗോള്‍ ഗുംമ്പസ് എന്നറിയപ്പെടുന്നത്. 1656ല്‍ പണീതീര്‍ത്തതാണ് ഈ വാസ്തുവിദ്യാ വിസ്മയം.

പടുകൂറ്റന്‍ മകുടവും വിസ്പറിങ് ഗാലറിയും ഒക്കെ ഇതിനെ വിശേഷ നിര്‍മ്മിതിയാക്കുന്നു. 47.5മീ റ്റര്‍ വശമുള്ള ഒരുസമചതുരസ്തംഭത്തിനുമുകളിലായി 44 മീറ്റര്‍ പുറം വ്യാസമുള്ള ഒരുമകുടവുംചേര്‍ന്നതാണ് ഗോള്‍ ഗുംമ്പസിന്റെ ഏകദേശരൂപം. പരസ്പരം ഛേദിക്കുന്ന 8 കമാനങ്ങള്‍ ചേര്‍ന്നാണ് ഈ മകുടം രൂപപ്പെടുത്തിയിരിക്കുന്നത്.സമചതുരക്കട്ടയുടെനാലുകോണിലുമായി 8 വശങ്ങളോടുകൂടിയ ഗോപുരങ്ങളും ഗോള്‍ ഗുംബസിന്റെ പ്രത്യേകതയാണ്. 7 നിലകളുള്ള ഈ ഗോപുരത്തിനകത്ത്

കെട്ടിടത്തിന്റെ നാലു വശത്തായി വാതിലുകളും സുഷിരങ്ങളുമുള്ള നാലു മിനാരങ്ങള്‍ കാണാം. മിനാരങ്ങളുടെ അകത്ത് കോണിപ്പടിയുണ്ട്. ഒരാള്‍ക്കു മാത്രം കടന്നുപോകാവുന്ന കോണിപ്പടിയിലൂടെ ഏഴു നില കയറിയാല്‍ ഡോമിന്റെ ഉള്‍വശത്തുള്ള വിസ്പറിങ് ഗാലറിയിലെത്താം.

ഗോള്‍ ഗുംബസിന്റെ പ്രധാന ആകര്‍ഷണം ഈ ഗാലറിയാണ്. താഴികക്കുടത്തിന്റെ ഭിത്തിയോടു ചേര്‍ന്ന് നേര്‍ത്ത ശബ്ദത്തില്‍ പറയുന്നത് നേരെ എതിര്‍വശത്തുള്ള ഏകദേശം 100 അടി ദൂരെയുള്ള ഭിത്തിയില്‍ ചെവിയോര്‍ത്താല്‍ വ്യക്തമായി കേള്‍ക്കാം. എന്തൊരു അതിശയമാണിത് വിസ്പറിങ്? ഗാലറിയുടെ ഈ ടെക്‌നിക് മനസ്സിലാക്കാത്ത സന്ദര്‍ശകര്‍ ഉച്ചത്തില്‍ കൂവിയും ചൂളമടിച്ചും അതിന്റെ പ്രതിധ്വനികള്‍ കേട്ട് സായൂജ്യമടയുന്നു. അതുകൊണ്ടുതന്നെ കെട്ടിടത്തിനുള്ളില്‍ എപ്പോഴും ബഹളമയമാണ്.

നടുവില്‍ ഒരു തൂണിന്റെ പോലും പിന്‍ബലമില്ലാതെ 144 അടി വ്യാസമുള്ള ഈ താഴികക്കുടത്തിന്റെ നില്‍പുതന്നെ പ്രാചീന നിര്‍മാണകലയുടെ മഹത്ത്വം വിളിച്ചുപറയുന്നു. വിസ്പറിങ്? ഗാലറിയുടെ പുറത്ത് കെട്ടിടത്തിന്റെ മുകളിലൂടെ നടക്കാനാവും. ബിജാപുര്‍ നഗരത്തിന്റെ ആകാശക്കാഴ്ചയും ഇവിടെ നിന്നാല്‍ സാധ്യമാവും. ഗോള്‍ ഗുംബസിനോട് ചേര്‍ന്ന് മനോഹരമായ പള്ളിയുണ്ട്. മുഹമ്മദ് ആദില്‍ ഷാ, പത്‌നിമാരായ താജ് ജഹാന്‍ ബീഗം, അരൂസ് ബീബി, മക്കള്‍, ചെറുമകന്‍ എന്നിവരെ ഇവിടെയാണ് അടക്കം ചെയ്തിരിക്കുന്നത്.

ഏഴു നിലകളുള്ള ഗോള്‍ ഗുമ്പസ് ഒന്ന് ഓടിച്ച് കാണുവാന്‍ തന്നെ ഏകദേശം രണ്ടു മണിക്കൂര്‍ വേണ്ടിവന്നു. ഇതിന്റെ നാലാമത്തെ നിലയില്‍ വളരെ വലിയ ഒരു തേനീച്ചക്കൂടു കണ്ടതും കൗതുകമായി. തിരികെ ഇറങ്ങി അതിവിശാലമായ പുല്‍മൈതാനത്ത് കുറച്ചു സമയം ഞങ്ങള്‍ വിശ്രമിച്ചു. 70 ഏക്കറിലാണ് ഗോള്‍ഗുമ്പസിന്റെ കോമ്പൗണ്ട് പരന്നു കിടക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ നിര്‍മ്മിതികളില്‍ ഒന്നിനോട് യാത്ര പറയുമ്പോള്‍ എന്തെന്നറിയാതെ ഹൃദയത്തിലൊരു നോവ്.

ഒരുവേള ഇനിയില്ലയീ
മോഹ താഴികക്കുടമെന്‍
മിഴിത്താരയിലെങ്കിലും
മിഴിവോടെ നിറവോടെ
മറയാത്തയോര്‍മ്മകള്‍
മനസ്സില്‍ കുറിച്ചിടാന്‍
ഈയുള്ള ദര്‍ശനംമാത്രം
മതിയതിനില്ല സംശയം

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px