സമയം അവസാനിക്കുന്നില്ല; അത് ഒന്നിനും വേണ്ടി കാത്തിരിക്കുന്നുമില്ല-ആര്‍.വി ആചാരി, ബാഗ്ലൂര്‍ (2025 ഇതാ ഇവിടെ: ഭാഗം 2)

Facebook
Twitter
WhatsApp
Email

ജീവിതം നാം സ്വയം ചെയ്യേണ്ട ഒരു കര്‍ത്തവ്യവും കടമയുമാണ്. അതില്‍ നിന്ന് ഒരു വിടുതല്‍ സാധ്യവുമല്ല. വേണമെങ്കിലും ഇല്ലെങ്കിലും. നമ്മള്‍ കളിക്കാര്‍. സ്റ്റേജില്‍ നിറഞ്ഞ് ആടുക തന്നെ. അതാണ് ജീവിതം, സന്തോഷങ്ങളുടെയും വിലാപങ്ങളുടെയും മഹത്തായ ചാക്രിക പ്രക്രിയ; ആനന്ദവും സന്താപവും മാറി മറിയുന്ന ജീവിതം; ദാരിദ്രത്തിലും സമൃദ്ധിയിലും; ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നടുവില്‍; ഉയര്‍ച്ചയിലും താഴ്ചയിലും… നമ്മള്‍ ജീവിച്ചതും സഹിച്ചതും തിമര്‍ത്തതുമാണ് ആ ജീവിതം.

ഒന്നു തിരിഞ്ഞു നോക്കേണ്ട സമയമായില്ലേ? അങ്ങനെ ഒന്നൂ നോക്കണ്ടെ?

തിരിഞ്ഞു നോക്കുമ്പോള്‍, നമ്മള്‍ ജീവിച്ചിരുന്ന ലോകം മുഴുവന്‍ ഒരു മഞ്ഞു കുമിളയില്‍ ഒരു മഹാവനം പ്രതിബിംബിച്ചിരിക്കുന്നു… രണ്ട് വീടകലെ ആശാന്‍ എന്നു വിളിച്ചിരുന്ന ഗ്രാമ ഗുരുവിന്റെ കീഴില്‍ മണലില്‍ അക്ഷരങ്ങളുടെ പഠനം… രണ്ട് കിലോമീറ്റര്‍ അകലെയുള്ള പ്രൈമറി സ്‌കൂള്‍…. ഒന്നര മണിക്കൂര്‍ നടന്നെത്തിയിരുന്ന ഹൈസ്‌കൂള്‍ …. ലോഡ്ജിലെ വാസവും ആഴ്ചാന്ത്യം വീട്ടില്‍ വരാനുള്ള കൊതിയുമായി ടൗണിലെ കോളേജ്…. എഞ്ചിനീയറിംഗ് പ്രൊഫഷനെ കുറിച്ച് ആദ്യമായി കേള്‍ക്കല്‍… പിന്നെ മികച്ച തലച്ചോറുകളുടെ അഭിമാനകരമായ ക്യാമ്പസ്.

നമ്മള്‍ തിരിഞ്ഞുനോക്കുമ്പോള്‍, ദേശീയ പ്രാധാന്യമുള്ള എഞ്ചിനീയറിംഗ് പ്രോജക്റ്റുകളുടെ ചുമതല…. വ്യാവസായിക അടിത്തറ കെട്ടിപ്പടുക്കുക….. വ്യാവസായിക രാജ്യങ്ങളിലെ പരിശീലനം, പ്രശസ്ത ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പരിണിത പ്രജ്ഞരോടൊപ്പം.

നമ്മള്‍ തിരിഞ്ഞു നോക്കുമ്പോള്‍, കെയര്‍ ഫ്രീ ബാച്ചിലര്‍ ലൈഫ്…ചെലവാക്കാന്‍ സ്വയം സമ്പാദിച്ച പണം … ഓഫീസും ലൈബ്രറിയും….

ചീട്ടു കളുടെയും ചെസ്സിന്റെയും കളികളുടെ ലോകത്തില്‍.. ബ്രിഡ്ജിലും ചെസ്സിലും വിജയവും തോല്‍വിയും…. ഹിന്ദി ഹൃദയഭൂമിയിലെ വെറും രണ്ടംഗ കുടുംബം… കുടുംബത്തില്‍ പിച്ച വെച്ച നടന്ന മക്കള്‍… സമൂഹ്യ ജീവിതം… രണ്ടു നൂറ്റാണ്ടുകളെ മാറ്റി മറിച്ച് നമ്മളെ തൊട്ടും തൊടാതെയും കടന്നു പോയ സംഭവബഹുലത….

നോക്കുമ്പോള്‍ ഉച്ചകഴിഞ്ഞ് നാലുമണിയായി, ചായ ഏതുനിമിഷവും വരും; നിങ്ങള്‍ നോക്കുമ്പോള്‍, ഇത് ഇതിനകം ഞായറാഴ്ച ആയിരിക്കുന്നു – ശാസ്ത്രവും നിര്‍മിത ബുദ്ധിയും കുതിച്ചു മുന്നേറുമ്പോഴും ജാതി കൊമരങ്ങള്‍ കാട്ടി കൂട്ടുന്ന കോപ്രായങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒരു സുഹൃത് വലയത്തിന്റെ യോഗം …

നോക്കുമ്പോള്‍,മാസം കഴിഞ്ഞു, നോക്കുമ്പോള്‍, വര്‍ഷം കഴിഞ്ഞു. നോക്കുമ്പോള്‍, 50, 60, 70, 80 വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു.

നമ്മള്‍ നോക്കുമ്പോള്‍, നമ്മുടെ ചില സുഹൃത്തുക്കള്‍ എവിടെയാണെന്ന് നമ്മള്‍ ക്കറിയില്ല; നമ്മുടെ പ്രിയപ്പെട്ടവരില്‍ ചിലര്‍ എവിടെയാണ്?; നമ്മെ ഇപ്പോഴും സ്‌നേഹിക്കുന്ന ആ ഒരാള്‍ എവിടെയാണ്?

നമ്മള്‍ നോക്കുമ്പോള്‍, നമ്മുടെ ജീവിതത്തിലെ സ്‌നേഹം നമുക്ക് നഷ്ടപ്പെട്ടു അല്ലെങ്കില്‍ നഷ്ടപ്പെടുന്നു, ഇന്നിപ്പൊള്‍, തിരികെ പോകാനും പിന്നോട്ട് പോയി വഴി മാറി തിരിച്ചു വരാനും വളരെ വൈകി പോയിരിക്കുന്നു. എന്തും മാറ്റിവയ്ക്കാന്‍ കഴിയുന്ന പ്രായത്തിലല്ല നമ്മള്‍ ഇപ്പോള്‍.

നിങ്ങള്‍ക്ക് ഇതു വായിക്കാന്‍ സമയമുണ്ടെന്ന് പ്രതീക്ഷിക്കുന്നു. ഈ കുറിപ്പ് ഇഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക. അതിന് മുമ്പ് ഈ കുറിപ്പ് നിങ്ങളുടേതാക്കുക. വേണ്ടാത്തത് എഡിറ്റ് ചെയ്തു നീക്കുക. വേണ്ടത് കൂട്ടി ചേര്‍ക്കുക.

(തുടരും)

About The Author

Leave a Reply

Your email address will not be published. Required fields are marked *