‘ബാലനും, ഭാര്യയും വരുന്നുണ്ട്. ‘പാറുവമ്മ ഒരു
വിജിഗീഷുവിന്റെ ഭാവത്തില്‍ വിളിച്ചു പറഞ്ഞു.ആറ്റുനോറ്റിരുന്ന ആ വരവ് ആദ്യമായി
കണ്ടു പിടിച്ചത് പാറുവമ്മയാണ്.ശാരദയും ,സുഭദ്രയും അവരുടെ
അമ്മ ലക്ഷ്മിയമ്മയും ധൃതിയില്‍ വേലിക്കരികിലേക്ക് ചെന്നു.ബാലനും ,ഭാര്യയും ,ബാലന്റെ അമ്മയും
മറ്റു ചില ബന്ധുക്കളും അങ്ങനെ ഒരു ഘോഷയാത്ര
മുന്നോട്ട് നീങ്ങുന്നുണ്ട്.പാറുവമ്മ വേലിപ്പത്തലില്‍
പിടിമുറുക്കിക്കൊണ്ട് ചാഞ്ഞു നോക്കി. ശാരദ
സുഭദ്രയുടെയും അമ്മയുടെയും മറവില്‍
നിന്നു കൊണ്ട് ആ ദൃശ്യം വീക്ഷിച്ചു.എല്ലാവരുടെയും ദൃഷ്ടി ആ പുതുമണവാട്ടിയില്‍ തറഞ്ഞിരിക്കുകയാണ്. ഒന്നും
വ്യക്തമല്ല.സൗന്ദര്യത്തിന്റെ ഒരു ഓളം വെട്ടല്‍ അടുത്തടുത്തു വരുന്നു. ഇങ്ങനെയുമുണ്ടോ ഒരു സൗന്ദര്യം. രവി വര്‍മ്മ ചിത്രങ്ങളിലെപ്പോലെ വര്‍ണ്ണനാതീതയായ പെണ്‍മണി. മറ്റുള്ളവര്‍ ആ സൗന്ദര്യത്തിനകമ്പടി സേവിക്കുന്നതു പോലെ തോന്നി.’ബാലനാണല്ലോ നാണം മുഴുവന്‍.എന്തെങ്കിലും പറയാന്‍ വീര്‍പ്പു മുട്ടിക്കൊണ്ടിരുന്ന പാറുവമ്മയുടെ നാവില്‍ നിന്നുതിര്‍ന്നു.
‘എന്നാലും ഇത്ര നല്ല പെങ്കൊച്ചിനെ ബാലനു കിട്ടിയല്ലോ.’ലക്ഷ്മിയമ്മ കാര്യഭാഗത്തേക്ക് കടന്നു.
അതവരുടെ മാത്രം അഭിപ്രായമല്ല. കണ്ടവരുടെയെല്ലാം അഭിപ്രായമാണ്.
ആഘോഷയാത്ര അവരുടെ അടുത്തെത്തിയപ്പോള്‍
ബാലന്റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു.ബാലന്റെ അമ്മ വാ തുറക്കെ ചിരിച്ചു കൊണ്ട് വേലിക്കലേക്കു നോക്കി മൊഴിഞ്ഞു.’നിങ്ങളൊക്കെ അങ്ങോട്ട് വരികയില്ലേ’
‘വന്നേക്കാം’ പാറുവമ്മ വേഗം മറുപടി കൊടുത്തു ക്ഷണിച്ചില്ലെങ്കിലും അവരെ അനുഗമിക്കണമെന്ന
ആന്തരത്തോട് കൂടിയാണ് പാറുവമ്മയുടെ നില്‍പ്പ്.
ബാലന്റെ വീട് പാറുവമ്മയുടെയും ലക്ഷ്മിയമ്മയുടെയും അയല്‍പക്കമാണ്.ലക്ഷ്മിയമ്മയും കുടുംബവും
അവിടെ പാര്‍പ്പു തുടങ്ങിയിട്ട് അധികകാലമായില്ല.കുഞ്ഞായിരിക്കുമ്പോള്‍ ബാലനെ എടുത്തു കൊണ്ട് നടന്ന് ഉരുളയൂട്ടിയിട്ടുള്ളതാണ് പാറുവമ്മ.ആ സ്‌നേഹം
അവര്‍ക്കിന്നും ബാലനോടുണ്ട്.
ആറാട്ടെഴുന്നള്ളത്ത് അകത്തു കയറിക്കഴിയുമ്പോള്‍
കാണിക്കയിട്ടു തൊഴാനുള്ള ധൃതി പോലെ പാറുവമ്മ ഇറങ്ങി , ബാലന്റെ വീട്ടിലേക്ക് പുറപ്പെടാന്‍.
പുറകെ ലക്ഷ്മിയമ്മയും ശാരദയും സുഭദ്രയും.
അടുത്തു നിന്ന് അംഗപ്രത്യംഗം ആ സൗന്ദര്യം വീക്ഷിച്ചപ്പോള്‍ എല്ലാവര്‍ക്കും സമാധാനമായി.പാറുവമ്മ വര്‍ത്തമാനച്ചരക്കഴിച്ചിട്ടു.ലക്ഷ്മിയമ്മ കുശലം ചോദിച്ചു.ശാരദ ഈ സമയമത്രയും ആ പുഞ്ചിരിയുടെ കടാക്ഷവും മധുരമൊഴിയും നാണവും മറ്റും കൗതുകപൂര്‍വ്വം ശ്രദ്ധിക്കുകയായിരുന്നു.ചെറിയ താംബൂല ചര്‍വ്വണവും നടത്തി ലോഹ്യം പറഞ്ഞ് മിറ്റത്തേക്ക്
നീട്ടിത്തുപ്പിക്കൊണ്ട് പാറുവമ്മ ഇറങ്ങി.പുറകെ ലക്ഷ്മിയമ്മയും സുഭദ്രയും ശാരദയും ഉത്സാഹപൂര്‍വ്വം നട കൊണ്ടു.
‘കിളി പോലൊരു പെങ്കൊച്ച്’ ലക്ഷ്മിയമ്മ അഭിപ്രായം ആരംഭിച്ചു.’അവര്‍ക്ക് വീണ വായന അറിയാം’ അല്‍പ്പം ഒരാദരവോടെയാണ് സുഭദ്ര അത് പറഞ്ഞത്.
‘ ആ തലമുടി മാത്രം ചുരുള്‍ മയമില്ലാതെ , കുറ്റിച്ചൂലു പോലെയുണ്ട്.’ അവസാനം ശാരദ ഒരു
കുറ്റം കണ്ടു പിടിച്ചു.
ചുരുണ്ട തലമുടി പെണ്ണുങ്ങള്‍ക്കു ചീത്തയാണെന്നാണ് പറയുന്നത്. പാറുവമ്മയുടെ
അഭിപ്രായം ആ കുറവിനെ പരിഹരിച്ചു.
ആ മുഖശ്രീയില്‍ ,പ്രായക്കുറവില്‍ – ഒന്നിലും ആര്‍ക്കും യാതൊരഭിപ്രായ വ്യത്യാസവുമില്ല.
അന്നു മുഴുവന്‍ ബാലന്റെ ഭാര്യയുടെ വര്‍ണ്ണനയായിരുന്നവര്‍ക്ക്.വിരൂപനല്ലെങ്കിലും
സുന്ദരനല്ലാത്ത ബാലന് തങ്കം പോലത്തെ പെണ്ണിനെ
കിട്ടിയല്ലോ. ‘അമ്പിളിയമ്മാവന്റെ നിറമുണ്ടവള്‍ക്ക്’
സാഹിത്യം വലിയ പിടിയില്ലാത്ത സുഭദ്ര ഫലിതം
പറഞ്ഞു.കണ്ണുകളുടെ ശോഭയും മൂക്കിന്റെ ആകാരഭംഗിയും എല്ലാം എല്ലാം ഓരോരുത്തരായി
വര്‍ണ്ണിക്കുകയാണ്. പറഞ്ഞതു തന്നെ തിരിച്ചും മറിച്ചും പല പ്രാവശ്യം പറഞ്ഞിട്ടും തൃപ്തി വരുന്നില്ല
എല്ലാവരുടെയും മനസ്സില്‍ ഭാവന വീര്‍പ്പുമുട്ടുകയാണ്. തക്ക വാക്കുകള്‍ കിട്ടുന്നില്ല
പ്രകടിപ്പിക്കുവാന്‍.സര്‍വ്വോപരി അവരുടെ വിനയാന്വിതമായ വര്‍ത്തമാനമാണ് പാറുവമ്മയെ
ആകര്‍ഷിച്ചത്.അന്ന് പാറുവമ്മയ്ക്കു ബാലന്റെ
കാര്യങ്ങള്‍ വിസ്തരിച്ചു പറയുവാന്‍ ആവേശവും
അഭിമാനവും ഉണ്ടായിരുന്നു. കൂടുതല്‍ വിവരങ്ങളറിയുവാന്‍ മറ്റുള്ളവര്‍ക്ക് ആകാംക്ഷയും
കുറവല്ലായിരുന്നു.
ബാലന്‍ ജനിച്ച് അധിക ദിവസം കഴിയുന്നതിന് മുന്‍പ് തന്നെ പിതാവ് മരിച്ചു. പിന്നെ അമ്മയുടെ
പരിരക്ഷണയില്‍ വളരെ ബുദ്ധിമുട്ടിയാണ് ബാലന്‍
വളര്‍ന്നു വന്നത്. കൊച്ചുകുട്ടികള്‍ക്ക് സാധാരണ ലഭിക്കുന്ന ആനന്ദമോ കളിക്കോപ്പുകളോ അവനു ലഭിച്ചില്ല. അമ്മയുടെ കണ്ണുനീരിന്റെ ഒരു പങ്കാളിയായി അവന്‍ വളര്‍ന്നു വന്നു. കച്ചത്തോര്‍ത്തും മുറുക്കിയുടുത്ത് സ്‌കൂളില്‍
പോകുന്ന ബാലന്റെ മുഖം എപ്പോഴും പ്രസന്നമാണ്.
ഒരിയ്ക്കലും ആ മുഖത്ത് നിരാശയുടെ കരിംകാറുകള്‍ ആരും കണ്ടിരുന്നില്ല. അച്ഛനില്ലെങ്കിലും എല്ലാവര്‍ക്കും കൗതുകം ജനിപ്പിച്ചു കൊണ്ട് ആ ബാലന്‍ പഠിച്ചുയര്‍ന്നു. ട്യൂഷന്‍ പഠിപ്പിച്ചും കടം വാങ്ങിയും കോളേജില്‍
ചേര്‍ന്ന് പഠിക്കുക തന്നെ ചെയ്തു. സുസ്‌മേരവദനനായി നെറ്റിയില്‍ ഒരു ചന്ദനപ്പൊട്ടും
തൊട്ട് പോകുന്ന ബാലനെ കണ്ടാല്‍ അവനല്ലലുണ്ടെന്ന് ആരും പറയുമായിരുന്നില്ല. ആരോടെങ്കിലും അവന്‍ തന്റെ വിഷമതകളെപ്പറ്റി
പരാതിപ്പെട്ടിട്ടുമില്ല.ദൈവാനുഗ്രഹത്താല്‍ അധികം
കഴിയുന്നതിന് മുന്‍പ് ഒരുദ്യോഗം കിട്ടി.ഉദ്യോഗസ്ഥനായെങ്കിലും ബാലന്‍ മൂലം മറന്നില്ല..എന്നും പഴയ ശാലീനതയും സത്സ്വഭാവവും ബാലനുണ്ട്. അതേ ഗുണങ്ങളായിരിക്കണം അവനെ ഉയര്‍ത്തിയത്. ഇന്ന് ബാലന് പണമുണ്ട്.പക്ഷേ അവനത് ദുര്‍വിനിയോഗം ചെയ്യാന്‍ തുനിഞ്ഞില്ല.സ്വന്തം വീട്
‘ പുതുക്കിപ്പണിയുവാന്‍ വേണ്ട അനുസാരികള്‍
ശേഖരിച്ചു.ഉദ്യോഗം കഴിഞ്ഞു വീട്ടില്‍ വന്നാല്‍
പഴയതു പോലെ പറമ്പ് കിളക്കുന്നതിനോ വിറകു
കീറുന്നതിനോ ഒന്നും മടിയില്ല.നേരെ മറിച്ച്
അവനതൊരു വിനോദമാണ്.എല്ലാ ജോലിയും
അവനു വശമാണ്.
ബാലന്‍ കിളക്കുമ്പോള്‍ അമ്മ കള കുടഞ്ഞു മാറ്റാന്‍ കൂടെയുണ്ടാകും.നിസ്വാര്‍ത്ഥനായ ഒരുപരോപകാരി
കൂടിയാണവന്‍.’ജീവിക്കുവാന്‍ പഠിച്ച കൊച്ചന്‍’നാട്ടുകാരുടെ അഭിപ്രായമാണ് ബാലനെപ്പറ്റി.
ഈ അവസരത്തിലാണ് സ്‌നേഹിതന്മാര്‍ സരോജത്തിന്റെ ആലോചനയുമായി ബാലനെ
സമീപിച്ചത്.ഒരു കാലത്ത് ആനയും അമ്പാരിയും
ഉണ്ടായിരുന്ന ഒരു മികച്ച തറവാട്ടിലെ അവസാന
സന്തതിയാണ് സരോജം.ഇന്ന് ആ കുടുംബത്തില്‍
പഴയ പ്രതാപം ഒന്നുമില്ലെങ്കിലും ഒരു വിധം സുഖമായി കഴിഞ്ഞു കൂടാനുള്ള വകയുണ്ട്.പഴയ
എട്ടു കെട്ടു മാളിക കഴിഞ്ഞുപോയ പ്രതാപകാലങ്ങളുടെ സ്മാരകമായി നിലകൊള്ളുന്നുണ്ട്.
സൗശീല്യത്തിലും ,സൗന്ദര്യത്തിലും സരോജത്തെ
മികച്ചു നില്‍ക്കുന്നവര്‍ ആരുമില്ലെങ്കിലും ചന്ദ്രനിലെ
കളങ്കം പോലെ അവള്‍ക്കൊരു ദോഷം വന്നു
ചേര്‍ന്നു.പല വിവാഹാലോചനകളും സരോജത്തിന്
ഉണ്ടായിരുന്നു.പക്ഷേ ഒന്നു പോലും ജാതകപ്പൊരുത്തമുള്ളതായി കണ്ടില്ല.’എന്തെങ്കിലും
ദോഷം വന്നാല്‍’ ? ഇരുകൂട്ടരും ഭയന്ന് പിന്മാറി.അങ്ങനെയിരിക്കെയാണ് ബാലന്റെ ആലോചന വന്നത്. ബാലന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘ജനിച്ചപ്പോള്‍ ജാതകം തന്നെയില്ലായിരുന്നു.സ്വന്തം പരിശ്രമം കൊണ്ട്
ഒരു നല്ല ജാതകഫലം ഉണ്ടായി.
സരോജത്തിന്റെ എട്ടു കെട്ടും കളപ്പുര മാളികയും
ആദ്യം ബാലനെ അധൈര്യപ്പെടുത്തി.എല്ലാം യാഥാര്‍ത്ഥ്യമാകുമെന്ന് അയാള്‍ക്കു വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല.ഇതെല്ലാം ഒരു സ്വപ്നമാണോ?
‘കുഞ്ഞിന്റെ ജാതകം കൊടുത്തയക്കണം. കാരണവര്‍ കാര്യഭാഗങ്ങളിലേക്ക് കടക്കുകയാണ്.
ബാലന്‍ സ്വപ്നലോകത്തില്‍ നിന്നുണര്‍ന്നു. ആ
ചുണ്ടുകളില്‍ മധുരമായ ഒരു പുഞ്ചിരി പൊട്ടി വിടര്‍ന്നു സൗമ്യനായി ബാലന്‍ മറുപടി പറഞ്ഞു.’എനിക്ക് ജാതകം എഴുതിയിട്ടില്ല. അതിലൊട്ടു വിശ്വാസവും ഇല്ല. മറ്റൊരു മനുഷ്യന്‍
എന്റെ വിധി നിര്‍ണ്ണയിക്കാതെ ഞാന്‍ തന്നെ
ഒരു വിധി ഉണ്ടാക്കിയെടുക്കുകയാണ് ചെയ്തത്.അതു കൊണ്ട് ജാതകം ഒപ്പിക്കാതെ
വിവാഹം നടത്തുമെങ്കില്‍ എനിക്കു സമ്മതമാണ്.വാസ്തവത്തില്‍ ബാലന് ഒരു ജാതകം
ഉണ്ടാക്കി വച്ച് അതിന്റെ ഫലം പ്രതീക്ഷിക്കുവാന്‍
ആരും ഇല്ലായിരുന്നു. എഴുതാത്ത ജാതകഫലം
അറിയുവാന്‍ ബാലനാഗ്രഹവുമില്ലായിരുന്നു.
അയാള്‍ സ്വയം തന്റെ ജാതകം നിര്‍മ്മിച്ചു.ജീവിതത്തിനൊത്തു ജാതകം രൂപീകരിച്ചു.
കാരണവര്‍ക്കും മറ്റുള്ളവര്‍ക്കും അതെപ്പറ്റി ആലോചനയായി. എഴുതാത്ത ജാതകം നോക്കേണ്ടതില്ല ;അവസാനം അവര്‍ തീരുമാനമെടുത്തു.അങ്ങനെ സരോജത്തിന്റെ
ജാതകം പെട്ടിയുടെ മൂലയില്‍ ഒളിച്ചു കിടന്നു.സരോജത്തിനെ ബാലനു ലഭിച്ചു.എല്ലാവരും അഭിപ്രായപ്പെട്ടു ‘സരോജത്തിന്റെ
കൂട്ടിയെഴുത്ത് ബാലനോടായിരുന്നെന്ന്’.അമ്പിളിയമ്മാവനെപ്പോലെ പ്രഭയുള്ള സരോജം എട്ടു കെട്ടിനു പുറത്തിറങ്ങി.ബാലന്റെ കൂടെ.ലോകം അതു കണ്ട്
അത്ഭുതപ്പെട്ടു. ഈ തങ്കകുടത്തിനെ ബാലനെങ്ങനെ കിട്ടി?ചോദിച്ചവരോടെല്ലാം ബാലന്‍
മറുപടി പറഞ്ഞു.’ഇതാണെന്റെ ജാതകഫലം.ഞാന്‍
തന്നെ എഴുതിയത്. മറ്റാരെയും എഴുതാന്‍ അനുവദിക്കാത്തത്.
ആ കുലാംഗന ബാലന്റെ വീട്ടിലെ മണി ദീപമായി
ശോഭിച്ചു.അവള്‍ വീട്ടുവേല ചെയ്യുന്നത് ബാലന്റെ
അമ്മയ്ക്ക് അസഹനീയമായിരുന്നു.പക്ഷേ
സരോജം ഒരു നിമിഷം വെറുതെ ഇരിക്കുവാന്‍
ഇഷ്ടപ്പെട്ടില്ല.’പുറം പോലെ അകവും’ എല്ലാവരും
അഭിപ്രായപ്പെട്ടു.’കുറെ കഷ്ടപ്പെട്ടാല്‍ ഒരിക്കല്‍ സുഖം വരുമെന്ന് പറയുന്നത് വെറുതെയല്ല.പാറുവമ്മയുടെ അഭിപ്രായമാണത്.
ഒരു ദിവസം ബാലന്‍ സരോജത്തിനോട് ചോദിച്ചു
‘നിന്റെ ഒക്കാത്ത ജാതകം എവിടെ’സരോജം
ചിരിച്ചു കൊണ്ട് പറഞ്ഞു. ‘എന്റെ ജാതകം ഇപ്പോള്‍
നിങ്ങളോടൊത്തു കഴിഞ്ഞു.
‘അതു ഞാന്‍ ഒപ്പിച്ചതാണ്’ബാലന്‍ വാശി പിടിച്ചു.
‘അല്ല ഒത്തതാണ്’ സരോജം തെറ്റു തിരുത്തി.
‘എന്നാല്‍ പകുതി ഒത്തതും പകുതി ഒപ്പിച്ചതും
ആയിക്കൊള്ളട്ടെ’ ബാലന്റെ അമ്മ മദ്ധ്യസ്ഥതവഹിച്ചു.
(1957 ഒക്ടോബര്‍ 13ന് ദേശബന്ധു ഞായറാഴ്ച പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)