ഹഫ്‌സത്ത് അരക്കിണര്‍ എന്ന എഴുത്തുകാരിയുടെ വ്യത്യസ്തമായ ‘കൊറ്റച്ചി എന്ന കഥയിലെ ‘കൊറ്റച്ചി എന്ന കഥാപാത്രം എന്റെ വായനയിലെ മറക്കാനാവാത്ത കഥാപാത്രമാണ്. ‘കൊറ്റച്ചി എന്ന ശീര്‍ഷകത്തിന്റെ പുതുമയാണ് കഥയിലേക്കു നയിച്ചത്.
പെണ്‍വളര്‍ച്ചയുടെ ഇടുങ്ങിയ വഴികളില്‍ പ്രതിബന്ധം തീര്‍ക്കുന്ന സ്വവര്‍ഗ്ഗത്തിന്റെ ഭീകരമുഖമാണവള്‍. അരക്ഷിതമായ പെണ്‍വളര്‍ച്ചയുടെ ഒരു ഇരുണ്ട കാലഘട്ടം എഴുത്താളിനാല്‍എഴുതിച്ചേര്‍ക്കപ്പെടുന്നുണ്ട്.
ക്രമാനുഗതമായ വളര്‍ച്ചയ്ക്ക് കാത്തിരിക്കാന്‍ പോലുംതയ്യാറാവാത്ത പുരുഷമേധാവിത്വത്തിന്റെ കാമാസക്തികള്‍ക്ക് അടിമപ്പെട്ടു പോകുന്ന ഒരു ബാല്യത്തെ വളരെ ഭംഗിയായി അല്ലെങ്കില്‍ അത്രമേല്‍ ഭീകരതയോടെ ഈ കഥയില്‍ അനാവരണം ചെയ്യപ്പെടുന്നുണ്ട്.
ഇവിടെ അധികാരത്തിന്റെ പ്രതീകമായാണ് കൊറ്റച്ചിയെ വായിച്ചത്. വീടിന്റെ നാലു ചുവരുകള്‍ക്കപ്പുറം പെണ്‍ കുട്ടിയുടെ ജീവിതം നിഷേധിക്കപ്പെടുന്നു.. മീന്‍ പൊതിഞ്ഞ നനഞ്ഞ കടലാസ് കീറിപ്പോകാതെ അടുപ്പത്തുള്ള ചൂടു ചായപ്പാത്രത്തിന്റെ മുകളില്‍ വെച്ചുണക്കിയതെടുത്തു വായിക്കാന്‍ നിവര്‍ത്തിയപ്പോള്‍ കൊറ്റച്ചി വന്ന് അതെടുത്തു അടുപ്പിലിട്ട് കത്തിച്ചു. വീട്ടിലുള്ളവരെ മാത്രം വായിച്ചാല്‍ മതിയെന്ന് താക്കീതുകള്‍ കൂടി ആയപ്പോള്‍ അടച്ചിട്ട മുറിയില്‍ നിന്ന് അവളുടെ തേങ്ങല്‍ വായന ക്കാരന് കേള്‍ക്കാം. മറ്റൊരിക്കല്‍ അടിച്ചു വാരിയ വേസ്റ്റുകള്‍ക്കിടയിലെ കടലാസ്സിലെ മരണവാര്‍ത്ത വായിച്ചു കരഞ്ഞപ്പോള്‍ ‘അതിനെ നിഷേധിച്ചു കൊണ്ടു വായിച്ചാല്‍ വളയുമെന്നു പറഞ്ഞു.
ഏകാന്തതയിലാക്കിയ കൊറ്റച്ചി വീട്ടു ജോലികളുടെ പല പല ശിക്ഷണം നല്‍കുന്നതും വേദനയുണ്ടാക്കും. കൊറ്റച്ചി ഒരു പ്രതീകമാകുന്നുണ്ട്. കഥയില്‍ കൊറ്റച്ചി ഒരു പ്രതീകമാകുന്നുണ്ട്.
വായിച്ചാല്‍ വളര്‍ന്നുപോയേക്കാവുന്ന പെണ്‍മാനസങ്ങളെ വാക്കിന്റെ വിരുതുകൊണ്ട് ചങ്ങലക്കിട്ട് തളര്‍ത്തുകയാണ് കൊറ്റച്ചിമാരും കൊറ്റച്ചിമാരുടെ മണം പിടിച്ചെത്തുന്ന വിത്തു കൂറ്റന്മാരും ‘ അങ്ങനെ ഈ കഥയില്‍ ലൈംഗിക അരാജകത്വത്തിന്റെ ആരും പറയാത്ത മറ്റൊരേട് തുറന്നുവയ്ക്കുന്നുണ്ട് എഴുത്താള്‍. ഹഫ്‌സത്ത് അരക്കിണര്‍ എന്ന കഥാകാരിയെയും കൊറ്റച്ചിയെയും വ്യാഴച്ചിമിഴിലൂടെ പരിചയപ്പെടുത്തുന്നു…













