കാലാന്തരങ്ങള്‍-കാരൂര്‍ സോമന്‍ (നോവല്‍ അവസാനിക്കുന്നു)

Facebook
Twitter
WhatsApp
Email

മറുപടികള്‍

വിമാനത്തിന്റെ ജാലകത്തിലൂടെ അയാള്‍ താഴേക്കുനോക്കി. നരച്ച വന്ധ്യമേഘങ്ങള്‍ക്കിടയിലൂടെ സിലിക്കണ്‍ വാലി രേഖാചിത്രമെന്ന പോലെ തെളിഞ്ഞുനില്‍ക്കുന്നു. നല്ലൊരുറക്കത്തിലായിരുന്നു മോഹന്‍.. എല്ലാം മറന്നുള്ള ഉറക്കത്തിനൊടുവില്‍ ലാന്‍ഡിങ് സമയമായെന്ന കോക്പിറ്റില്‍ നിന്നുള്ള സന്ദേശമാണ് അയാളെ ഉണര്‍ത്തിയത്. സീറ്റ് ബെല്‍റ്റ് ധരിച്ചു ലാന്‍ഡിങിനു അയാളും ഒരുങ്ങി.

എയര്‍പോര്‍ട്ടില്‍ സോഫിയ കാത്തുനില്‍ക്കാമെന്നു പറഞ്ഞിരുന്നു. രണ്ടു മണിക്കൂറോളം വൈകിയാണ് ഫ്‌ളൈറ്റ് എത്തുക. അവള്‍ കാത്തിരുന്നു മുഷിഞ്ഞിട്ടുണ്ടാകും. പുറപ്പെടുന്നതിനു മുന്‍പ് അവളെ വിളിച്ചിരുന്നു. അവധി ദീര്‍ഘിച്ചുപോയതില്‍ കമ്പനിയിലുണ്ടായ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുവെന്ന് അവള്‍ പറഞ്ഞിരുന്നു. എന്തായാലും എല്ലാത്തിനും സോഫിയയുടെ സഹായമുണ്ട്. തത്ക്കാലം അവളേയും മകളേയും ഏറ്റെടുക്കുന്നതാണ് നല്ലതെന്നു മോഹന്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു. അല്ലെങ്കില്‍ ഇവിടെ ജീവിക്കുന്നതിന് വലിയ വിലകള്‍ നല്‍കേണ്ടി വരുമെന്ന് അയാള്‍ക്കറിയാം. എല്ലാം അവളോട് തുറന്നു പറഞ്ഞത് നന്നായി. മറയില്ലാതെ ഇനി അവളോട് പെരുമാറാമല്ലോ.

ഒരു പക്ഷെ നാളെയൊരിക്കല്‍ ബിന്ദുവിനു തന്നെ വേണമെന്നു തോന്നിയാല്‍ സോഫിയ അതിനു സമ്മതിക്കുക തന്നെ ചെയ്യും. അങ്ങിനെ ചെയ്താല്‍ ബിന്ദുവിന്റെ മരണശേഷം തനിക്കുകിട്ടുന്ന ഇന്‍ഷുറന്‍സ് തുകയുടെ നല്ലൊരു പങ്ക് സോഫിയയ്ക്കു വാഗ്ദാനം ചെയ്തിട്ടുണ്ട്. അങ്ങിനെയൊന്നും സംഭവിച്ചില്ലെങ്കില്‍ത്തന്നെ സോഫിയയുമായ ജീവിതം തനിക്കു ഒരിക്കലും നഷ്ടങ്ങള്‍ വരുത്തില്ല. നാട്ടില്‍ ബിന്ദുവിനെപ്പോലെ മരണം കാത്തുകിടക്കുന്ന മറ്റൊരു പെണ്ണിനെ കണ്ടെത്തുന്നതുവരെ സോഫിയയെ തനിക്കുവേണം. അവളുടെ മനസ് തന്നോടൊപ്പമാണെങ്കില്‍ അതിനു ശേഷവും…. മോഹന്‍ പുതിയ മേച്ചില്‍പുറങ്ങള്‍ക്കായി മനസിനെ ഒരുക്കിത്തുടങ്ങിയിരുന്നു.

എന്തായാലും ഇതുവരെ കിട്ടിയ തിരിച്ചടിയിലൊന്നും പകച്ചുപോകരുതെന്നു മനസിനെ പാകപ്പെടുത്തിയിട്ടുണ്ട് മോഹന്‍. ഏതു കാറ്റിലും ഉലയാത്ത വടവൃക്ഷമാണ് താനെന്നു അയാള്‍ സ്വയം പറഞ്ഞുറപ്പിച്ചുകൊണ്ടിരുന്നു. വിമാനം റണ്‍വേയിലേക്കു അടുത്തു.

വിമാനത്തിന്റെ വാതിലിലൂടെ പുറത്തിറങ്ങിയ അയാള്‍ക്കുമേല്‍ ഇളംചൂടുകാറ്റടിച്ചു. തണുപ്പിന്റെ പുതപ്പിലായിരുന്ന നാളുകളിലാണ് ബിന്ദുവിനും മകനുമൊപ്പം നാട്ടിലേക്കു തിരിച്ചത്. എയര്‍പോര്‍ട്ടിന്റെ അരികിലായി വളര്‍ന്നുനിന്ന ചെറുവൃക്ഷങ്ങളില്‍ തളിരിലകളുടെ വസന്തം. ആകാശമാകെ തെളിഞ്ഞുനില്‍ക്കുന്നു. ഇടയ്ക്കിടെ പാറിപ്പറന്നുപോകുന്ന മേഘക്കെട്ടുകള്‍. എയര്‍പോര്‍ട്ട് ബില്‍ഡിങില്‍ സ്വാഗതമോതിയുള്ള ഡിജിറ്റല്‍ സന്ദേശങ്ങള്‍. അയാള്‍ തന്റെ ചെറിയ ബാഗുമായി ചെക്ക്ഔട്ട് കൗണ്ടറിനരികിലേക്കു നീങ്ങി. പാസ്‌പോര്‍ട്ടും വിസയും സീല്‍ ചെയ്യിപ്പിച്ചു തിരിഞ്ഞുനടന്നു. അതിഥികളെ സ്വീകരിക്കാനെത്തിയവരുടെ കൂട്ടത്തില്‍ സോഫിയയുടെ മുഖം ഉണ്ടോയെന്ന് അയാള്‍ നോക്കി. ഇല്ല. അവളെ എങ്ങും കാണാനില്ല. എയര്‍പോര്‍ട്ടിനു പുറത്തിറങ്ങി അവളെ വിളിക്കാം. വരാതിരിക്കില്ല. ഇനി കമ്പനിയില്‍ എന്തെങ്കിലും അത്യാവശ്യം ഉണ്ടായിട്ടുണ്ടെങ്കില്‍…. അയാളുടെ കണ്ണുകള്‍ സോഫിയെ തിരഞ്ഞുകൊണ്ടിരുന്നു.

പുറകില്‍ ആരോ തൊട്ടതറിഞ്ഞ് അയാള്‍ തിരിഞ്ഞുനോക്കി. സോഫിയയെ പ്രതീക്ഷിച്ച ആയാള്‍ക്കു തെറ്റി. വെള്ളക്കാരായ രണ്ടു പൊലീസുകാര്‍. അയാള്‍ക്കൊന്നും മനസിലായില്ല. പതിയെ അവരുടെ പിടിയില്‍നിന്നും കുതറിമാറാന്‍ അയാള്‍ ശ്രമിച്ചു. എന്നാല്‍ അവരുടെ കൈകള്‍ക്കു കരുത്തുകൂടിവന്നു.

മിസ്റ്റര്‍ മോഹന്‍, നിങ്ങള്‍ ഞങ്ങളുടെ നിയന്ത്രണത്തിലാണ്, ദയവായി സഹകരിക്കണം. ഞങ്ങള്‍ക്കൊപ്പം വരണം….- അവരിലൊരാള്‍ അയാളുടെ ചെവിയില്‍ മന്ത്രിച്ചു.

അനുസരിക്കുകയോ മോഹനു വഴിയുണ്ടായിരുന്നുള്ളൂ. കൂടുതല്‍ ചോദ്യോത്തരങ്ങള്‍ക്കു അവിടെ പ്രസക്തിയില്ലെന്നു അയാള്‍ക്കു അറിയാമായിരുന്നു. എന്തോ സംശയം തന്നില്‍ ആരോപിക്കപ്പെട്ടിരിക്കുന്നു. ആ സംശയത്തിനു നിവാരണം ലഭിക്കാതെ ഇവര്‍ തന്നെ വിടുകയില്ല. എന്തിനാണ് തന്നെ പിടികൂടിയിരിക്കുന്നതെന്നു അയാള്‍ക്കു മനസിലായതേയില്ല. പിടിക്കപ്പെടാന്‍ മാത്രം എന്തുതെറ്റാണ് താന്‍ ചെയ്തതെന്നു ഒരു ഊഹവുമില്ല്. ഒരു പക്ഷെ ആളുമാറിയതാകാം. അങ്ങിനെ ചിലപ്പോള്‍ സംഭവിക്കാറുണ്ട്. അയാള്‍ ആശ്വസിക്കാന്‍ ശ്രമിച്ചു. അരികിലൂടെ പോകുന്ന ചിലര്‍ അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എവിടെയെങ്കിലും സോഫിയ നില്‍ക്കുന്നുണ്ടോ എന്ന് അയാള്‍ വീണ്ടും വീണ്ടും നോക്കിക്കൊണ്ടിരുന്നു. എയര്‍പോര്‍ട്ടിനു പുറത്ത് കിടന്നിരുന്ന പൊലീസ് വാഹനത്തില്‍ അയാളെ ഉദ്യോഗസ്ഥര്‍ കയറ്റി. കാര്‍ പതിയെ മുന്നോട്ടുനീങ്ങി.

അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിലിരിക്കുമ്പോഴാണ് മോഹനു കാര്യങ്ങള്‍ വ്യക്തമായിത്തുടങ്ങിയത്. താന്‍ ചതിക്കപ്പെട്ടതായി അയാള്‍ തിരിച്ചറിഞ്ഞു. ഇന്‍ഷുറന്‍സ് തുക തട്ടിപ്പുനടത്താന്‍ താന്‍ ചെയ്തതെല്ലാം അധികൃതര്‍ അറിഞ്ഞിരിക്കുന്നു. തനിക്കു കൂട്ടുനിന്ന ഡോ. ജോര്‍ജ് കുര്യനും പിടിയിലായിരിക്കുന്നു. നാട്ടില്‍ നിന്നും തന്നെ ഇവിടെ എത്തിക്കാനായിരുന്നു കമ്പനിയില്‍നിന്നും പലതവണ ഫോണ്‍ സന്ദേശങ്ങള്‍ എത്തിയത്. ആരാണ് തന്നെ ചതിച്ചത്. തനിക്കും ഡോക്റ്റര്‍ക്കുമല്ലാതെ ഇക്കാര്യങ്ങളെല്ലാമറിയുന്നത് സോഫിയ മാത്രമാണ്. അവളായിരിക്കുമോ. തന്നെ വഞ്ചിക്കാന്‍ അവള്‍ക്കാകുമോ. ആവില്ല.

ചുറ്റും ഇരുള്‍ വ്യാപിക്കുന്നതു പോലെ അയാള്‍ക്കു തോന്നി. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരാജയത്തിനുമുന്നില്‍ അയാള്‍ക്കു സ്തബ്ധനാകാനേ കഴിഞ്ഞുള്ളൂ. അന്വേഷണ ഉദ്യോഗസ്ഥന്റെ ചോദ്യങ്ങള്‍ക്കു എന്തൊക്കെയോ മറുപടികള്‍ പറഞ്ഞു. പകച്ചുപോയ മനസിനെ ശാന്തമാക്കാന്‍ അയാള്‍ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷെ അയാളുടെ സമനില തെറ്റുന്ന നിലയിലേക്കായിരുന്നു മനസിന്റെ സഞ്ചാരം.

നിയമസഹായത്തിന് ആരെയെങ്കിലും ബന്ധപ്പെടാമെന്ന ഉദ്യോഗസ്ഥന്റെ നിര്‍ദേശത്തിന് ആര് എന്നായിരുന്നു അയാളുടെ മനസിലുയര്‍ന്ന മറുചോദ്യം. സോഫിയയെ വിളിക്കുകതന്നെ. അവള്‍ക്കുമാത്രമെ ഇപ്പോള്‍ തന്നെ സഹായിക്കാന്‍ കഴിയൂ.

എനിക്ക് ഒരു സുഹൃത്തിനെ വിളിക്കണം…. അയാള്‍ ആവശ്യപ്പെട്ടു. കുറ്റവാളിയെന്നു മുദ്രകുത്തും വരെ സംശയത്തിന്റെ നിഴലിലുള്ളവര്‍ക്കു എന്ത് സഹായവും നല്‍കേണ്ടതുണ്ട്. അയാളുടെ ആവശ്യം അംഗീകരിക്കപ്പെട്ടു. അയാള്‍ സോഫിയയെ ഡയല്‍ ചെയതു. അവളുടെ ശബ്ദം അങ്ങേതലയ്ക്കല്‍ ഉയര്‍ന്നപ്പോള്‍ത്തന്നെ മോഹന് ആശ്വസമായി. വിവരങ്ങളൊക്കെ ധരിച്ചപ്പോള്‍ ഉടന്‍ വരാമെന്നു അവള്‍ ഉറപ്പുനല്‍കി.

പൊലീസ് സ്റ്റേഷനകത്തേയ്ക്കു സോഫിയ കടന്നുവന്നത് ഒറ്റയ്ക്കായിരുന്നില്ല. അവള്‍ക്കൊപ്പം അഞ്ചലീനയുമുണ്ട്. കൂടെ ചുരുണ്ടമുടിയോടു കൂടിയ ആഫ്രോ-അമേരിക്കക്കാരനും. ഉദ്യോഗസ്ഥന്റെ ചില്ലുകാബിനുള്ളിലിരുന്ന അവള്‍ വരുന്നത് മോഹന്‍ കണ്ടു. കൂടെ വന്ന അപരിചതനും അഞ്ചലീനയും സന്ദര്‍ശകര്‍ക്കുള്ള കസേരയില്‍ ഇരിപ്പുറപ്പിച്ചു. കാബിനിലേക്കു സോഫിയ തനിച്ചാണ് വന്നത്. അവര്‍ക്കു സംസാരിക്കാനുള്ള സൗകര്യത്തിനായി ഉദ്യോഗസ്ഥന്‍ പുറത്തേക്കിറങ്ങി.

സോഫിയയുടെ മുഖത്ത് യാതൊരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല. താന്‍ പിടിക്കപ്പെട്ടുവെന്നത് അവളെ വിഷമിപ്പിക്കുന്നില്ലേ. അവന് ആശ്ചര്യമായി. നടന്നതെല്ലാം പറയാന്‍ മോഹന്‍ നാവുയര്‍ത്തിയെങ്കിലും പറഞ്ഞുതുടങ്ങിയത് സോഫിയയാണ്.

മോഹന്‍ അത് ആന്‍ഡ്രൂ. അഞ്ചലീനയുടെ പപ്പാ…..- കാബിനു പുറത്ത് അഞ്ചലീനയൊടൊപ്പം ഇരുന്ന അപരിചിതനെ ചൂണ്ടി സോഫിയ പറഞ്ഞു… ഞങ്ങള്‍ വിവാഹിതരായി….. അതാണ് ശരിയെന്നു എനിക്കു തോന്നി…. അഞ്ചലീനയ്ക്കുവേണ്ട മറ്റൊരു പപ്പയെ വിലക്കെടുക്കുന്നത് എത്രമാത്രം നന്നാവുമെന്നു എനിക്കു നിശ്ചയമില്ല. എന്നാല്‍പ്പിന്നെ ആന്‍ഡ്രുവിനെത്തന്നെ സ്‌നേഹിക്കാന്‍ ഞാന്‍ തീരുമാനിച്ചു… അവള്‍ മോഹന്റെ മുഖത്തുനോക്കിത്തന്നെയാണ് പറഞ്ഞവസാനിപ്പിച്ചത്.
തീമഴയില്‍പ്പെട്ടതു പോലെയായിരുന്നു അയാളുടെ അവസ്ഥ. അവസാന രക്ഷയും ഒഴുകിയകന്നു പോകുന്നതു അയാളറിഞ്ഞു.ഇപ്പോള്‍ എല്ലാം മനസിലാകുന്നു.
നീ…നീയാണല്ലേ എന്നെ ചതിച്ചത്…..- കണ്ണീര്‍ നിറഞ്ഞുതുടങ്ങിയ കണ്ണില്‍ തീ നിറച്ചാണ് അയാള്‍ സോഫിയയോടത് ചോദിച്ചത്.
ഞാന്‍ ചതിച്ചില്ല… ചതിക്കാമായിരുന്നു…. പക്ഷെ അതു ചെയ്യേണ്ടതു ഞാനല്ലയെന്നു എനിക്കു നിശ്ചയമുണ്ടായിരുന്നു…. എന്റെ ശരീരം ഞാന്‍ പലരുമായും പങ്കിട്ടിട്ടുണ്ട്. ആ നിമിഷങ്ങിലെല്ലാം ഞാന്‍ അവര്‍ക്കുമാത്രം സ്വന്തമായിരുന്നു. നിന്നോടും അങ്ങിനെതന്നെയായിരുന്നു. പക്ഷെ സ്‌നേഹത്തിന്റെ വില എന്നില്‍ ഉയര്‍ത്തിയത് നിന്റെ ഭാര്യയാണ്. മരണത്തെ മുന്നില്‍കണ്ടുകൊണ്ട് നിന്റെ ഭാര്യ എന്നോടാവശ്യപ്പെട്ടത് അവളുടെ മകന്റെ അമ്മയാകണമെന്നാണ്. അന്നു മുതലാണു നിന്നെ സ്‌നേഹിച്ചുപോയ നിര്‍ഭാഗ്യവതിയായി ഞാന്‍ മാറിയത്. നിങ്ങളുടെ വീട്ടില്‍ നിന്നു ഞാന്‍ തേടിപ്പോയത് ബിന്ദുവിനെയായിരുന്നു…. എല്ലാം ഞാന്‍ അവളോട് പറഞ്ഞു. നിങ്ങളുടെ മനസിന്റെ അറിയാത്ത ആഴങ്ങളിലെ കറയും കറുപ്പും ഞാനവളോട് പറഞ്ഞു. അവളാണ് നിങ്ങള്‍ക്കെതിരെ പരാതി നല്‍കിയത്. അവള്‍ നിങ്ങളെ ചതിക്കുകയായിരുന്നില്ല. നിങ്ങള്‍തന്നെ തീര്‍ത്ത ചതിക്കുഴിയിലേക്കു വീഴ്ത്തുക മാത്രമായിരുന്നു ചെയ്തത് …നിങ്ങളുടെ ഇരുണ്ട മനസിനു ഇതിലും വലിയ ശിക്ഷ കിട്ടാനില്ല.. രക്ഷപ്പെടുക എളുപ്പമല്ല മോഹന്‍ … എല്ലാ തെളിവുകളും നിങ്ങള്‍ക്കെതിരാണ്- കിതച്ചുകൊണ്ട് സോഫിയ പറഞ്ഞു തീര്‍ത്തത്. മോഹനു തിരിച്ചൊന്നും പറയാന്‍പോലും സമയം നല്‍കാതെ അവള്‍ ഒരു കൊടുങ്കാറ്റുപോലെ പുറത്തേക്കു നടന്നു.

മോഹന്‍ തലകുമ്പിട്ടിരുന്നു. കൊടുംമരുഭൂവിലെ മണല്‍ക്കാറ്റില്‍ ഒറ്റയ്‌ക്കെന്ന പോലെ അയാള്‍ ഭയപ്പെട്ടു. വെളിച്ചം തന്നെ തേടിവരാതിരിക്കാന്‍ അയാള്‍ കണ്ണുകള്‍ ഇരുകൈകളും കൊണ്ട് അടച്ചുപിടിച്ചു. ആ ഇരുളിലും പ്രളയം പോലെ തീഗോളങ്ങള്‍ ചുറ്റിലും പാഞ്ഞടുക്കുന്നതായി അയാള്‍ക്കു തോന്നി.

ആ പ്രക്ഷുബ്ധതയിലും തന്റെ മകന്റെ മുഖമെന്തേ തെളിയുന്നതെന്നു അയാള്‍ക്കു അത്ഭുതമായി. ആനന്ദ് ചിരിക്കുകയാണ്. അവനെ മാറോടണയ്ക്കാന്‍ അയാളുടെ വെമ്പി. വെറുതെ നീട്ടിയ കൈകള്‍ ശൂന്യതയില്‍ പരതുകയായിരുന്നു. ഇല്ല, താന്‍ മാത്രമെയുള്ളു. ഇവിടെ താന്‍ തനിച്ചാണ്. അയാളില്‍നിന്നും ആദ്യമായി ഒരു തേങ്ങലുയര്‍ന്നു. തന്നില്‍ അവശേഷിച്ച നന്മയാണ് ആനന്ദിന്റെ മുഖമായി തെളിഞ്ഞതെന്നു അയാള്‍ കരുതി. അതുതന്നെയായിരുന്നു സത്യവും.

ശുഭം

About The Author

Leave a Reply

Your email address will not be published. Required fields are marked *