നീലിമ-ലാലി രംഗനാഥ് (നോവല്‍ ഭാഗം: 6)

Facebook
Twitter
WhatsApp
Email

ശാരിയും അച്ഛനും വീട്ടിനുള്ളിലേക്ക് കടന്നപ്പോള്‍ തന്നെ മരണത്തിന്റെ നിശ്ശബ്ദത അവര്‍ക്കനുഭവിച്ചറിയാനാകുമായിരുന്നു. നീലു വും അമ്മയും മൂകത ശ്വസിക്കുന്നത്‌പോലെ തോന്നി.

അമ്മുമ്മയുടെ ചലനമറ്റ ശരീരത്തോടൊപ്പം അവരുടെ തേങ്ങലുകളും അലിഞ്ഞു ചേര്‍ന്നു.

‘ ശാരി..എന്ന് വിളിച്ചവള്‍ തേങ്ങുമ്പോള്‍ അവളുടെ അമ്മയുടെ കണ്ണുകളിലെ നിര്‍ജ്ജീ വത ഒറ്റപ്പെടലിന്റെ നീറ്റല്‍ വിളിച്ചറിയിക്കുന്നതായിരുന്നു.

ആ വലിയ വീട്ടിനുള്ളില്‍ കട്ടപിടിച്ചു നിന്ന മൂകതക്കു വിരാമമിട്ടത് ചുരുക്കം ചില അയല്‍ ക്കാരുടെ സംഭാഷണങ്ങളാണ്.
ഒരാള്‍..
‘ രമേശിനെ വിവരമറിയിച്ചോ..എവിടെയാണയാള്‍? ദൂരെയുള്ള ബന്ധുക്കളെയൊക്കെ അറിയിച്ചോ? ‘

മറ്റൊരാള്‍.. ‘ആവോ.. അറിയിച്ചിട്ടുണ്ടാവും.. ഇവര്‍ക്ക് ബന്ധങ്ങളും കുറവാണല്ലോ?’

അവ്യക്തതകള്‍ക്ക് മറുപടിയെന്നോണം ശാരിയുടെയച്ഛന്‍ പറഞ്ഞു..
‘ രമേശിനെ വിവരമറിയിച്ചിട്ടുണ്ട്, അയാള്‍ ടൗണിലുണ്ട്. ഇപ്പോഴെത്തും. ‘

നീലുവിന്റെ കണ്ണിലൂടെയൊഴുകുന്ന കണ്ണുനീരിന്റെ അര്‍ത്ഥമറിയുന്ന ശാരി, അവളെ ചേര്‍ത്തുപിടിച്ചു. എന്നും അന്തര്‍മുഖിയായിരുന്ന അവളുടെ അമ്മയുടെ ചിന്തകള്‍ അനാഥത്വത്തിലേയ്ക്കാണ് താനെ ടുത്തറിയപ്പെട്ടതെന്നുള്ളുരു കുന്നുണ്ടായിരുന്നു. ആ മനസ്സറിഞ്ഞോണമ വള്‍ അമ്മയോട് ചോദിച്ചു.

‘ ഒന്നുറക്കെ കരഞ്ഞൂടെ അമ്മയ്ക്ക്?? ‘

ഇങ്ങനെ ചോദിച്ച നീലുവിന്റെ ശബ്ദത്തിന് ഒരു നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തുണ്ടായിരുന്നു.

കുറച്ചു ബന്ധുക്കള്‍ വീടിനുള്ളിലേക്ക് കടന്നുവന്നു. നീലുവിനെയും അമ്മയെയും ആശ്വസിപ്പിച്ചും, മരണാനന്തര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ക്കുമൊക്കെയായി വീടിനുള്ളില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് മുറിക്കുള്ളിലേക്ക് രമേശും കുറച്ചു കൂട്ടുകാരും കുറച്ചു ബന്ധുക്കളുമായി കടന്നുവന്നു. അയാളുടെ ഉള്ളിലെ വികാരമെ ന്തായിരുന്നുവെന്ന് മുഖത്ത്‌നിന്നും വായിച്ചെടുക്കാനാകുമായിരുന്നില്ല. എന്നും അങ്ങനെയായിരുന്നു അയാള്‍.പക്ഷേ അമ്മുമ്മയെ ചേര്‍ത്തുപിടിക്കുമ്പോള്‍ അയാളുടെ കണ്ണുകളില്‍ നിന്നും കണ്ണുനീരൊഴുകുന്നുണ്ടായിരുന്നു.

അധികമാരും വരാനില്ലാതിരുന്നതുകൊണ്ട് ഏറെ വൈകാതെ ചടങ്ങുകളെല്ലാം കഴിച്ച് ആ ശരീരം ചിതയിലേക്കെടുത്തപ്പോള്‍ നീലുവിനു പിടിച്ചുനില്‍ക്കാനായില്ല. അവളമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു. ഏറെനേരം കഴിഞ്ഞ് ചിതയെരിയുമ്പോള്‍ വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന അമ്മയെത്തലോടി അവള്‍ മന്ത്രിച്ചു.

‘അമ്മയ്ക്ക് ഞാനുണ്ട്. ഈ ജീവിതം നമ്മള്‍ ജീവിച്ചു തന്നെ തീര്‍ക്കണം. അമ്മൂമ്മയുടെയാത്മാവ് നമ്മളോടൊപ്പമുണ്ടാകുമെന്നെ നിക്കുറപ്പുണ്ട്.’

സാന്ത്വനത്തിന്റെ ഒരു കുളിര്‍മഴ സാധുവായ ആ അമ്മയിലേക്ക് പകരുമ്പോള്‍ ഒരു യോദ്ധാവിന്റെ ഇച്ഛാശക്തിയവളില്‍ ഉണരുകയായിരുന്നു.

ഏകദേശമൊരു മാസം കഴിഞ്ഞിട്ടുണ്ടാവും ഒരു ദിവസം ശാരിയുടെ വീട്ടില്‍ വന്നിട്ട് നീലു വളരെ ഗൗരവത്തോടെ പറഞ്ഞു.

‘ എടി, ഞാന്‍ സൂര്യയോടൊപ്പം ജീവിതം തുടങ്ങാന്‍ തീരുമാനിച്ചു. ഇന്നലെ ഞാനെല്ലാ വിവരങ്ങളും അമ്മയോട് പറഞ്ഞു. ചേട്ടന്‍ എനിക്ക് വേണ്ടി ഒരു വിവാഹാലോചന ഉറപ്പിക്കാന്‍ തീരുമാനിച്ചത്രേ.അവരെന്നെ കാണാന്‍ വരുമെന്നെന്നോട് പറയാന്‍ അമ്മയെ പറഞ്ഞേല്‍പ്പിച്ചിരിക്കുന്നു. വിവരങ്ങള്‍ പറഞ്ഞപ്പോള്‍ സൂര്യയാണെന്നോട് പറഞ്ഞത്, പരിമിതികള്‍ പകുത്തെടുക്കാമെങ്കില്‍ നമുക്കൊരുമിച്ച് ജീവിച്ചുതുടങ്ങാമെന്ന്. പണമല്ല ജീവിതമെന്ന് തിരിച്ചറിയുന്നെങ്കില്‍ അമ്മയെയും കൂടെ കൂട്ടിക്കോളൂവെന്നും ‘.

‘ എന്നിട്ടെന്തു പറഞ്ഞു അമ്മ..?ആകാംക്ഷയോടെ ശാരി ചോദിച്ചു? ‘

‘ക്ഷമയോടെ എല്ലാം കേട്ടു. കുറച്ചുനേരമൊ ന്നും മിണ്ടിയില്ല. പിന്നീട് എന്റെടുത്ത് വന്നിരുന്നു ചേര്‍ത്തു പിടിച്ചിട്ട് പറഞ്ഞു.’

‘മോളെ, സൂര്യയെ ഞാന്‍ കണ്ടിട്ടില്ലെങ്കിലും നിന്നെ മനസ്സിലാക്കാന്‍ എനിക്കാവുന്നത് കൊണ്ട് ഈ ബന്ധത്തിനെതിര് നില്‍ക്കാനാവുന്നില്ല. പക്ഷേ അമ്മ മോളോടൊപ്പം വരില്ല. രമേശിനൊപ്പം മാത്രമേ ജീവിക്കുകയുള്ളൂ. വിഷപ്പാമ്പിനെയാണ് പ്രസവിച്ചാലും ഒരമ്മയ്ക്ക്പാലൂട്ടി വളര്‍ത്താനേ കഴിയുള്ളൂ. അതാണ് ഒരമ്മ.
ഒരു ദിവസം സൂര്യയോടിവിടേക്ക് വരാന്‍ പറയു..രമേശറിയാതെ.’

കോഴ്‌സിന്റെ ഭാഗമായി രമേശിനോട് ഹോസ്റ്റലില്‍ നില്‍ക്കാനുള്ള അനുവാദവും വാങ്ങി, ഹോസ്റ്റലില്‍ താമസം തുടങ്ങിയപ്പോഴും അവളുടെ മനസ്സില്‍ സൂര്യയുമായുള്ള ജീവിതം മാത്രമായിരുന്നു ലക്ഷ്യം.

ശാരിക്ക് അവളുടെ അച്ഛനോട് നീലുവിന്റെ ബന്ധത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പറഞ്ഞു ബോധിപ്പിക്കേണ്ടി വന്നു. സത്യത്തിന്റെ വഴികളാണ് സൂര്യയുടേതെന്ന് അദ്ദേഹം അന്വേഷണങ്ങളിലൂടെ മനസ്സിലാക്കിയപ്പോള്‍ നീലവും സൂര്യയുമായുള്ള ബന്ധത്തിന് അനുകൂലിക്കുകയേ തരമുണ്ടായിരുന്നുള്ളു.

അന്നൊരു തിങ്കളാഴ്ചയായിരുന്നു.ഹോസ്റ്റലില്‍ നിന്നും താന്‍ പോകുന്നത് പുതിയൊരു ജീവിതം തുടങ്ങുന്നതിലേയ്ക്കാണെന്നോര്‍ത്തപ്പോള്‍ നീലുവിന്റെ മനസ്സൊന്ന് പിടഞ്ഞു. ചന്ദന നിറമുള്ള കസവ് സാരിയുടുത്തു, പൊട്ടുമാത്രം തൊട്ട്, മുഖത്ത് ചായങ്ങളൊ ന്നും തേക്കാതിരുന്നിട്ടും അവളുടെ മുഖത്ത് ഐശ്വര്യം പൂത്തു വിടര്‍ന്നു നില്‍ക്കുന്നുണ്ടായിരുന്നു. നല്ല ഉയരവും സ്ത്രീ സൗന്ദര്യത്തിന് ഇണക്കിയെടുത്ത ശരീര വടിവുമുള്ളയവള്‍ ആരുടെ കണ്ണുകള്‍ക്കും മനോഹരിയായിരുന്നു.
പറഞ്ഞേല്‍പ്പിച്ചിരുന്നത് പോലെ ശാരി നീലുവിന്റെ അമ്മയുമായി വഴിയില്‍ കാത്തു നിന്നു.

സൂര്യയുടെ ആഗ്രഹപ്രകാരമാണ് അവരുടെ ഒത്തുചേരലിന് സാക്ഷ്യം വഹിക്കാന്‍ ടൗണില്‍ നിന്നും കുറച്ചകലെയുള്ള ഒരു പ്രദേശത്തെ ചെറിയൊരമ്പലം അവര്‍ തിരഞ്ഞെടുത്തത്. അമ്പലത്തിന്റെ മുന്നില്‍ ശാരിയും അച്ഛനും നീലുവും അമ്മയുമെത്തിയപ്പോള്‍ അവരെയും കാത്ത് സൂര്യയും അമ്മയും ഉണ്ടായിരുന്നു.

കസവുമുണ്ടും ഷര്‍ട്ടുമിട്ട്, വിടര്‍ന്ന തേജസ്സുറ്റ കണ്ണുകളും നീണ്ട നാസികയും നല്ല ഉയരവും, വെട്ടിയൊതുക്കിയ താടിയുമുള്ള സൂര്യക്ക് ഒരു യോഗിയുടെ മുഖചൈതന്യമായിരുന്നു.. ആദ്യ കാഴ്ചയില്‍ തന്നെ സരോജം മനസ്സിലുരുവിട്ടു.

‘ എന്റെ മോള്‍ക്കായി ജനിച്ചവന്‍ തന്നെയാണ് സൂര്യ.വീര്‍പ്പുമുട്ടലുകളില്‍ നിന്നവള്‍ രക്ഷപ്പെടട്ടെ.. പ്രിയപ്പെട്ട ഒരാളുമായി അവള്‍ ജീവിതം ജീവിച്ചു തീര്‍ക്കട്ടെ.. ‘
ആ അമ്മയുടെ മനസ്സ് മന്ത്രിച്ചതപ്പോളതായിരുന്നു.

പരസ്പരം തുളസിമാല ചാര്‍ത്തി ദേവിയുടെ മുന്നില്‍, അഗ്‌നിസാക്ഷിയായി സൂര്യയും നീലവുമൊന്നായപ്പോള്‍ അടുത്തുള്ള കാവില്‍ രണ്ട് സര്‍പ്പങ്ങള്‍ ഉടലൊന്നായി ഇണചേര്‍ന്ന നിര്‍വൃതിയിലായിരുന്നു. കാടും പടര്‍പ്പുമുള്ള സര്‍പ്പക്കാവിന്റെയുള്ളില്‍ക്കടന്ന് പ്രാര്‍ത്ഥിച്ചിട്ട് സൂര്യ അവളെ തന്റെ നെഞ്ചോട് ചേര്‍ത്ത് നെറ്റിയില്‍ ചുംബിച്ചു. അപ്പോള്‍ ആ പ്രണയത്തിന്റെ അടയാളപ്പെടുത്തലില്‍ പുളകം കൊണ്ട്, അമ്മൂമ്മയെ മനസ്സിലോര്‍ത്തു പ്രാര്‍ത്ഥനയോടെയവള്‍ അവന്റെ നെഞ്ചില്‍ ചുണ്ട് ചേര്‍ത്ത് മന്ത്രിച്ചു.

‘സൂര്യ.. എന്റെ ആത്മാവിനിനി ഒറ്റയ്ക്ക് ജീവിക്കാനാവില്ല. രണ്ട് ശരീരവും ഒരു ആത്മാവുമാണ് നമ്മളിനിയെന്നും.. വേറിട്ട നമ്മുടെ ശരീരങ്ങള്‍ക്ക് ആത്മാവുണ്ടാവുകയില്ല.’

ശാരി ഓര്‍മ്മകളില്‍ നിന്നും തിരിച്ചെത്തി.
‘ അതെ…അവളന്ന് പറഞ്ഞത് തന്നെയി പ്പോഴും പറയുന്നു. സൂര്യയെ പിരിഞ്ഞ അവളുടെ ശരീരത്തിന് ആത്മാവില്ലെന്ന്. ഈശ്വരാ എന്റെ നീലുവിനെ ഈ മാനസികാവസ്ഥയില്‍ നിന്നും കരകയറ്റാന്‍ ഒരു വഴി കാണിച്ചുതരണേ ‘..

മടിയില്‍ ഉറങ്ങിക്കിടക്കുന്ന നീലുവിന്റെ മുഖത്തെ നിഷ്‌കളങ്കതയില്‍ നോക്കി ശാരിയുടെ മനസ്സ് പറഞ്ഞു. അപ്പോഴാണ് പുറത്ത് ജീപ്പിന്റെ ശബ്ദം കേട്ടത്. സന്ദീപാവും എന്ന് ചിന്തിച്ചുതുടങ്ങുമ്പോഴേക്കും കോളിംഗ് ബെല്‍ ശബ്ദിച്ചു…

(തുടരും)

About The Author

Leave a Reply

Your email address will not be published. Required fields are marked *