ഓഫീസില്‍ എല്ലാവരും എത്തിത്തുടങ്ങുന്നതേയുള്ളൂ. ഞാന്‍ വന്നപ്പോള്‍ കുറുപ്പ് ചേട്ടന്‍ പതിവ് പോലെ അമ്പലത്തിലൊക്കെ പോയി വന്ന് ഓഫീസ് വൃത്തിയാക്കി കൊണ്ടിരിക്കുകയാണ്.ഇടയ്ക്ക് എന്തോ പിറുപിറുക്കുന്നുമുണ്ട്.
” വേസ്റ്റ് ഇടാന്‍ ബാസ്‌ക്കറ്റ് വെച്ചിട്ടുണ്ട്, എന്നാലും താഴെ ഇട്ടാലേ ചിലര്‍ക്ക് സമാധാനമാകൂ..” ആരോ ഓഫീസിലെ വേസ്റ്റ് താഴേക്കിട്ടതിനുള്ള ശകാരമാണ്. എപ്പോഴും കാണും കുറുപ്പ് ചേട്ടന് ആരെപ്പറ്റിയെങ്കിലും പരാതി. പലപ്പോഴും എന്നോടായിരിക്കും പരാതിയുടെ കെട്ടഴിക്കുക.
”ങ്ഹും..” എന്ന് മൂളുക മാത്രമേ ഞാന്‍ ചെയ്യൂ…. കേള്‍ക്കാതിരുന്നിട്ടാണോ ഒരു മൂളലില്‍ ഒതുക്കിയതെന്ന് കുറുപ്പ് ചേട്ടന് സംശയം.. സഹപ്രവര്‍ത്തകരുടെയോ കുറുപ്പ് ചേട്ടന്റെയോ സൈഡ് പറയാനാവാതെ നിസ്സഹായനാണ് ഞാനെന്ന് എനിക്ക് മാത്രമല്ലേ അറിയൂ
”സാറേ, സാറു തന്നെ അവരോടൊക്കെ ഒന്ന് പറയണം..” കുറുപ്പ് ചേട്ടന്‍ അല്‍പ്പം ശബ്ദം താഴ്ത്തി എന്നോട് പറഞ്ഞു. അവിടെയുമിവിടെയുമായി ഓരോ ജീവനക്കാര്‍ വന്നു തുടങ്ങി.. ഞാന്‍ മെല്ലെ തലയാട്ടി. പണി ഒതുക്കി കുറുപ്പ് ചേട്ടന്‍ പോയി.
”സാറേ, എന്റെ പരാതിയില്‍ വല്ല തീരുമാനവുമായോ?” അപ്പോഴാണ് ഞാനയാളെ ശ്രദ്ധിച്ചത്. മെലിഞ്ഞ്, പ്രായത്തിന്റെ അവശതകള്‍ തളര്‍ത്തിയ ഒരാള്‍. നിസ്സഹായതതയും നിരാശയും പ്രകടമായ മുഖം..നേരത്തെയും വന്നിട്ടുള്ളതാണ്..പെട്ടെന്നാണ് അയാളുടെ കേസ് എന്റെ ഓര്‍മ്മയിലേക്ക് വന്നത്. ഒരു ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു..അവര്‍ പിരിച്ചു വിട്ടെന്നാണ് കേസ്..
മേശപ്പുറത്തെ ഫയലുകളുടെ കൂട്ടത്തില്‍ നിന്ന് അയാളുടെ ഫയല്‍ നോക്കിയെടുത്തു. ഒരു ജൈനക്ഷേത്രത്തിലെ കാവല്‍ക്കാരനായിരുന്നു അയാള്‍..പ്രായമായതു കൊണ്ടായിരിക്കാം പിരിച്ചു വിട്ടത്.ഒന്നു രണ്ടു തവണ ഓഫീസില്‍ നിന്നും സെക്രട്ടറിയ്ക്ക് വിശദീകരണ നോട്ടീസ് അയച്ചിട്ടും കൈപ്പറ്റാതെ തിരിച്ചു വന്നിരിക്കുകയാണ്.
ദൈന്യത നിറഞ്ഞ അയാളുടെ മുഖത്ത് നോക്കി അത് പറയാന്‍ എനിക്ക് വിഷമം തോന്നി..ഞാന്‍ മിണ്ടാതിരിക്കുന്നതു കണ്ടാകാം അയാള്‍ ചോദിച്ചു..”സാറേ, അവര്‍ ചര്‍ച്ചയ്ക്ക് വരുമോ..”
”നോട്ടീസ് അയച്ചിട്ടുണ്ട്, വരുമോന്ന് നോക്കാം..” എന്റെ മറുപടി കേട്ട് അയാളുടെ മുഖം മങ്ങി.
”ഞാന്‍ പരാതി തന്നിട്ട് രണ്ടാഴ്ച്ചയായി..” നിരാശയോടെ അയാള്‍ പറഞ്ഞു..”വണ്ടിക്കൂലി കടം വാങ്ങിച്ചിട്ടാ മോനേ, ഞാന്‍ വരുന്നത്..എത്രയും വേഗം ഒരു പരിഹാരമുണ്ടാക്കി താ..”
അയാളുടെ കണ്ണില്‍ നിസ്സംഗതയ്ക്കപ്പുറം നിറഞ്ഞു നില്‍ക്കുന്ന വേദന.. . ”എപ്പോഴും വരണമെന്നില്ല, വിവരങ്ങള്‍ ഞാന്‍ വിളിച്ചു പറയാം..ഫോണ്‍ നമ്പര്‍ തന്നേക്കൂ..”
അയാള്‍ ഒരു പേപ്പര്‍ കഷണം പോക്കറ്റില്‍ നിന്നെടുത്ത് എനിക്ക് നേരെ നീട്ടി. ഫോണ്‍ നമ്പര്‍ എഴുതി വെച്ചിരിക്കുന്ന കടലാസാണ്. പിന്നെ ആരും നോക്കുന്നില്ലെന്ന് ഉറപ്പാക്കി കൈയ്യില്‍ ചുരുട്ടിപ്പിടിച്ചിരുന്ന ഒരു നൂറ് രൂപാ നോട്ട് അയാള്‍ മേശപ്പുറത്ത് വെച്ചു. ”സാറേ, എന്റെ കയ്യില്‍ ഇതേ ഉള്ളൂ, എങ്ങനെയെങ്കിലുമിതൊന്ന് തീര്‍ത്തു തരണം..”
അയാളുടെ കണ്ണുനീര്‍ വീണ ആ നോട്ടിലേക്ക് ഞാന്‍ നോക്കി. വണ്ടിക്കൂലിയുടെ കൂട്ടത്തില്‍ ആരില്‍ നിന്നെങ്കിലും കടം വാങ്ങിച്ചതാകണം..കാശ് കൊടുത്താലേ ഓഫീസുകളില്‍ കാര്യങ്ങള്‍ നടക്കൂ എന്ന് അയാളെ ആരോ ധരിപ്പിച്ചു വെച്ചിരിക്കുന്നു.
”അമ്മാവാ, ആ പൈസയെടുത്ത് കയ്യില്‍ വെച്ചോ, ഇനി വരുമ്പോള്‍ വണ്ടിക്കൂലി കൊടുക്കാം..”
എന്റെ വാക്കുകള്‍ കേട്ട് അവിശ്വസനീയതയോടെ അയാള്‍ നോക്കി.
വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ അയാള്‍ അതെടുത്ത് പോക്കറ്റിലിട്ടു, അപ്പോഴും കാശ് കുറഞ്ഞു പോയതു കൊണ്ടാണോ വാങ്ങിക്കാതിരുന്നതെന്ന സംശയം അയാളുടെ മുഖത്തുണ്ടായിരുന്നു.
”അമ്മാവന്‍ പൊയ്‌ക്കോളൂ, ഞാന്‍ വിളിച്ചോളാം..”
മടിച്ചു മടിച്ചാണെങ്കിലും അയാള്‍ പോകാനായി നടന്നു, പെട്ടെന്ന് തിരിഞ്ഞ് നിന്ന് അയാള്‍ പറഞ്ഞു. ”ജോലിക്ക് തിരിച്ചെടുത്തില്ലെങ്കിലും വേണ്ടില്ല, നഷ്ടപരിഹാരമെങ്കിലും കിട്ടിയാല്‍ മതിയായിരുന്നു..”
വളരെ പതിഞ്ഞ സ്വരത്തില്‍ അയാള്‍ പറഞ്ഞു. പിന്നെ ദയനീയതയുടെ ആള്‍ രൂപം പോലെ അയാള്‍ നടന്നു നീങ്ങി.
അപ്പോഴേയ്ക്കും ഓഫീസില്‍ എല്ലാവരുമെത്തി തുടങ്ങിയിരുന്നു..പരാതി നല്‍കാനും ചര്‍ച്ചയില്‍ പങ്കെടുക്കാനുമൊക്കെ ആളുകള്‍ വന്നു തുടങ്ങി.. ഓഫീസര്‍ ഷൈലജ മാഡത്തിന് അന്ന് ചര്‍ച്ച വെച്ചിട്ടുള്ള ഫയലൊക്കെ എടുത്തു കൊടുക്കാന്‍ റെഡിയാക്കവെ അയാളുടെ ഫയല്‍ ഞാന്‍ വീണ്ടും എടുത്തു നോക്കി. മൂന്ന് പ്രാവശ്യം നോട്ടീസ് അയച്ചെങ്കിലും ആള്‍ ഇല്ല എന്ന് പറഞ്ഞാണ് നോട്ടീസ് മടങ്ങിയിരിക്കുന്നത്..
ആള്‍ ഇല്ലാതിരിക്കാന്‍ കാര്യമില്ല, പഴയ പ്രതാപം നിറഞ്ഞു നിന്ന ഓര്‍മ്മകളുടെ ബാക്കിപത്രമായി ഇപ്പോഴും കുറെ പേര്‍ അവിടെയുണ്ട്. ക്ഷേത്രം മാത്രമല്ല, പണ്ട് നഗരത്തിലെ വാണിജ്യ പ്രമുഖരായിരുന്നതിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും ബാക്കി കാണാം.. പലരും ജന്മനാടുകളിലേക്ക് മടങ്ങിയിട്ടും ഇപ്പോഴും കുറെ കുടുംബങ്ങള്‍ ബാക്കിയുണ്ട്..
അവിടെ ഒന്ന് പോയി നേരില്‍ പറഞ്ഞാലോ എന്ന് ചോദിച്ചപ്പോള്‍ മാഡം പറഞ്ഞു..
”ഞാനും അതാലോചിക്കുകയായിരുന്നു..അയാളുടെ മുഖം കാണുമ്പോള്‍ തന്നെ വലിയ സങ്കടമാണ്, എത്ര നാളായി പാവം കേറിയിറങ്ങി നടക്കുന്നു..”
ഓഫീസറായ വേണു സാറും വരാമെന്ന് പറഞ്ഞു.അങ്ങനെയാണ് നഗരത്തിരക്കില്‍ നിന്നും അല്‍പ്പം മാറി ബീച്ചിലേക്ക് പോകുന്ന വഴിയുള്ള ആ ക്ഷേത്രത്തിലേക്ക് കടന്നു ചെന്നത്. വലിയ ഗേറ്റിന് മുന്നില്‍ നിന്ന കാവല്‍ക്കാരന്‍ ഞങ്ങളെ തടഞ്ഞു. ലേബര്‍ ഓഫീസില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ ഗേറ്റ് തുറന്നു..ക്ഷേത്രത്തിന് അല്‍പ്പം അകലെയായി ഹൗസിങ് കോളനി പോലെ നഷ്ടപ്രതാപത്തിന്റെ ഓര്‍മ്മകള്‍ തങ്ങിനില്‍ക്കുന്ന കുറച്ചു വീടുകളും കടകളും.. ശാന്തത നിഴല്‍ വിരിച്ച അന്തരീക്ഷം..
സെക്രട്ടറിയെ വിളിച്ചു കൊണ്ടു വരാന്‍ പറഞ്ഞപ്പോള്‍ അയാള്‍ ആദ്യം ഒന്ന് മടിച്ചു. എന്തെങ്കിലും ഗുലുമാല് പിടിച്ച കേസ് ആണോ എന്ന സംശയത്തിലായിരിക്കും അയാള്‍ സംശയിച്ചു നിന്നത്. വേണു സാര്‍ അല്‍പ്പം ഗൗരവമായി നോക്കിയതു കൊണ്ടാകണം അയാള്‍ ഓഫീസിലേക്ക് നടന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ മദ്ധ്യ വയസ്‌ക്കയായ ഒരു സ്ത്രീ വന്നു.
‘ഇവിടുത്തെ പഴയ സെക്യൂരിറ്റിക്കാരന്റെ കാര്യം പറയാന്‍ വന്നതാണ്..മൂന്ന് പ്രാവശ്യം നോട്ടീസ് അയച്ചിട്ടും നിങ്ങള്‍ കൈപ്പറ്റിയില്ല, നേരിട്ട് വന്ന് നോട്ടീസ് തരമെന്ന് കരുതി.” മാഡത്തിന്റെ സ്വരത്തില്‍ ദേഷ്യം നിറഞ്ഞിരുന്നു. തീരെ പ്രതീക്ഷിക്കാതിരുന്നതു കൊണ്ട് അവര്‍ക്ക് പെട്ടെന്ന് മറുപടി ഒന്നും പറയാന്‍ കഴിഞ്ഞില്ല. നേരിട്ട് ഞങ്ങള്‍ ചെല്ലുമെന്ന് ഒരിക്കലും കരുതിക്കാണില്ല.
”നോട്ടീസ് കൈപ്പറ്റി ഈ ബുക്കില്‍ ഒരു ഒപ്പിട്ട് തന്നേക്ക്..” ഞാന്‍ നോട്ടീസും ബുക്കും അവരുടെ നേരെ നീട്ടി. മനസ്സില്ലാമനസ്സോടെ അവര്‍ നോട്ടീസ് കൈപ്പറ്റി ഒപ്പിട്ടു തന്നു.
”അടുത്തയാഴ്ച ചര്‍ച്ച വെച്ചിട്ടുണ്ട്, നിങ്ങള്‍ ജോലി കൊടുക്കുന്നില്ലെങ്കില്‍ നഷ്ടപരിഹാരമെങ്കിലും കൊടുക്കണം.” സാര്‍ പറഞ്ഞു നിര്‍ത്തും മുമ്പ് അവര്‍ പറഞ്ഞു..
”അയാള്‍ക്ക് എന്തോ ആക്‌സിഡന്റ് പറ്റി കുറെ നാള്‍ ഹോസ്പിറ്റലിലായിരുന്നു, പിന്നെ കുറെ നാളായി കാണാതെ വന്നപ്പോഴാണ് വേറെ ആളെ എടുത്തത്. പിന്നെ അയാള്‍ക്ക് ഇത്രേം പ്രായവുമായില്ലേ സാറേ”
അവര്‍ ന്യായങ്ങള്‍ നിരത്തി..
”എങ്കിലും ഇവിടെ ജോലി ചെയ്തിരുന്ന കാലത്തെ ആനുകൂല്യങള്‍ കൊടുക്കണം, ഏതായാലും നിങ്ങള്‍ ചര്‍ച്ചയ്ക്ക് വരൂ, ബാക്കി അവിടെ വെച്ച് തീരുമാനിക്കാം..” മാഡം പറഞ്ഞു.
പിറ്റേന്ന് തന്നെ തന്നെ ഞാന്‍ അയാളെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു..അയാള്‍ക്ക് വലിയ സന്തോഷമായി. ”മോനേ, സന്തോഷമായി, ഓഫീസര്‍മാരും ചെന്ന് പറഞ്ഞല്ലോ..ഇനി അവര്‍ വരുമായിരിക്കും..”
അയാളുടെ വാക്കുകളിലെ പ്രതീക്ഷയില്‍ എന്റെ മനസ്സും നിറഞ്ഞു.
”മോനേ, ഒരാള്‍ക്കും നന്മ ചെയ്യാന്‍ കിട്ടുന്ന ഒരു അവസരവും നഷ്ടപ്പെടുത്തരുത്..” എന്ന് അച്ഛന്‍ എപ്പോഴും പറയാറുണ്ടായിരുന്ന വാക്കുകള്‍ ഓര്‍മ്മയിലെത്തി. പണ്ട് വരുമാന സര്‍ട്ടിഫിക്കറ്റിനും മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ക്കുമായി വില്ലേജ് ഓഫീസിലും മറ്റും കേറിയിറങ്ങി നടന്ന നാളുകള്‍ ഓര്‍മ്മയിലുണ്ട്. പലവട്ടം നടന്ന് തളര്‍ന്നപ്പോള്‍ മനസ്സില്‍ ഒരു തീരുമാനമെടുത്തിരുന്നു, എന്നെങ്കിലും സര്‍ക്കാര്‍ ജോലി കിട്ടുകയാണെങ്കില്‍ ഒരാളെയും മനപ്പൂര്‍വ്വം ദ്രോഹിക്കരുത്..ചെയ്യാന്‍ കഴിയുന്ന സഹായം എന്തായാലും ചെയ്തു കൊടുക്കണം..ആരെയും അനാവശ്യമായി ഓഫീസില്‍ വന്ന് ബുദ്ധിമുട്ടാന്‍ ഇടയാക്കരുത്..
പക്ഷേ, എല്ലാവരുടെയും മനസ്സ് ഒരു പോലെ ആകണമെന്നില്ല, രണ്ട് ഓഫീസര്‍മാരും ക്‌ളാര്‍ക്കും നേരില്‍ ചെന്ന് പറഞ്ഞിട്ടും അതിന് അവര്‍ വലിയ വിലയൊന്നും നല്‍കിയ മട്ടില്ല, അടുത്ത ചര്‍ച്ചയ്ക്കും അവര്‍ വന്നില്ല, പാവം, അയാള്‍ മാത്രം പതിവു പോലെ നേരത്തെ വന്നിരുന്നു.
”സാറേ, ഇന്ന് അവര്‍ വരുമല്ലോ, അല്ലേ?” വന്നയുടന്‍ തന്നെ എന്നോട് ചോദിച്ച് ഉറപ്പ് വരുത്തി.
”ഞങ്ങള്‍ നേരിട്ട് പോയാണ് നോട്ടീസ് കൊടുത്തത്, വരുമെന്നാണ് പറഞ്ഞത്.”
എന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ഓഫീസിലേക്കുള്ള പടികള്‍ കയറി വന്ന കിതപ്പിനിടയിലും അയാള്‍ ചിരിച്ചു.
”അമ്മാവന്‍ ഊണ് കഴിച്ചില്ലെങ്കില്‍ കഴിച്ചിട്ട് വാ.., രണ്ടു മണിക്കല്ലേ ചര്‍ച്ച വെച്ചിരിക്കുന്നത്..”
അപ്പോള്‍ ഒരു മണി ആവുന്നതേയുള്ളൂ.
”ഞാന്‍ താഴെ കടയില്‍ നിന്നും വെള്ളം കുടിച്ചു. ഊണ് വിട്ടില്‍ ചെന്നിട്ട് കഴിച്ചോളാം..’ അയാള്‍ വളരെ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു, എങ്ങനെയെങ്കിലും ഇതൊന്ന് ഒത്തു തീര്‍പ്പായാല്‍ മതി എന്ന ചിന്ത അയാളുടെ മുഖത്ത് തെളിഞ്ഞു കാണാം..ബസ്സു കൂലി കടം വാങ്ങി വരുന്ന ഒരാളോട് ഊണ് കഴിച്ചു വരാന്‍ പറയുന്നതിലെ വൈരുദ്ധ്യത്തെപ്പറ്റി അപ്പോഴാണ് ആലോചിച്ചത്,
ഓഫീസില്‍ എല്ലാവരും ഊണ് കഴിക്കാന്‍ എഴുന്നേറ്റ് കഴിഞ്ഞു..ചോറ് പാത്രവും എടുത്തു കൊണ്ട് നടക്കുന്നതിടയില്‍ കയ്യിലിരുന്ന നോട്ട് ഞാന്‍ അമ്മാവന്റെ പോക്കറ്റില്‍ വെച്ചു കൊടുത്തു.
”പോയി ഊണ് കഴിച്ചിട്ട് വാ, ചിലപ്പോള്‍ ചര്‍ച്ച തീരാന്‍ താമസിക്കും..”
ഞാന്‍ നടന്നു പോയപ്പോള്‍ അവിശ്വസനീയതയോടെ അമ്മാവന്‍ എന്നെ നോക്കി നില്‍ക്കുന്നത് കണ്ടു. ഒരു സര്‍ക്കാര്‍ ഓഫീസില്‍ നിന്നും ഇങ്ങോട്ട് ഒരാള്‍ കാശ് തരുന്നത് ആദ്യത്തെ അനുഭവമായത് കൊണ്ടാകാം.. അമ്മാവന്‍ പതിയെ ഓഫീസിന്റെ പടിയിറങ്ങി താഴേക്ക് പോയി..
കുറച്ചു നേരം കഴിഞ്ഞ് തിരികെ വന്ന് ചര്‍ച്ചയ്ക്കായി അവരെ കാത്തിരുന്നു..രണ്ടു മണിയും മൂന്ന് മണിയും കഴിഞ്ഞെങ്കിലും ആരെയും കണ്ടില്ല, വിളിച്ചു നോക്കിയിട്ട് ഫോണെടുക്കുന്നില്ല. അമ്മാവന്റെ മുഖത്തേക്ക് നോക്കാനാവാതെ ഞാന്‍ ഫയലിലേക്ക് നോക്കിയിരുന്നു.. കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ എഴുന്നേറ്റ് എന്റെ അരികിലേക്ക് വന്നു..
”എന്താ സാറേ, ഞാന്‍ ചെയ്യേണ്ടത് ?” ഇപ്പോള്‍ കരഞ്ഞു പോകുന്ന ഗദ്ഗദം പോലെയുള്ള അയാളുടെ വാക്കുകള്‍ എന്റെ മനസ്സില്‍ വേദനയായി നിറഞ്ഞു. മാഡവും സാറും ആകെ അസ്വസ്ഥരായിരുന്നു, അവര്‍ ഇന്നു വരുമെന്നും നഷ്ടപരിഹാരം വാങ്ങിക്കൊടുത്ത് എങ്ങനെയെങ്കിലും തര്‍ക്കം ഒത്തു തീര്‍പ്പാക്കാം എന്നുമായിരുന്നു പ്രതീക്ഷ.
”’അമ്മാവന്‍ ഇന്നു പൊയ്‌ക്കോളൂ,ഇനി അവര്‍ വരുമെന്ന് തോന്നുന്നില്ല, ഇന്നു തന്നെ ഞാന്‍ വിളിച്ചോളാം.. രണ്ട് ദിവസത്തിനകം നമുക്കൊരു തീരുമാനമുണ്ടാക്കാം..”
ഞങ്ങളെ മാറി മാറി നോക്കിയിട്ട് അയാള്‍ പതിയെ തിരിഞ്ഞു നടന്നു. അത് കണ്ടപ്പോള്‍ എന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമായി..ആരോഗ്യമുള്ളപ്പോള്‍ പണി എടുപ്പിച്ച് വയ്യാതാവുമ്പോള്‍ തിരിഞ്ഞു നോക്കാതിരിക്കുകയെന്നത് എത്ര ക്രൂരമാണ്,എത്ര നാളായി അയാള്‍ പരാതിയുമായി കയറി ഇറങ്ങി നടക്കുന്നു..
പിന്നെയും പല തവണ ഞങ്ങള്‍ മാറി മാറി വിളിച്ചു. ഒരു തവണ അവര്‍ ഫോണെടുത്തു, സാറിന്റെ രോഷം മുഴുവന്‍ അണപൊട്ടി..”നിങ്ങള്‍ വന്ന് ഈ കേസ് രണ്ട് ദിവസത്തിനകം തീര്‍ത്തില്ലെങ്കില്‍ എന്തു ചെയ്യണമെന്ന് എനിക്കറിയാം..”
വേണു സാറിന്റെ ഭീഷണി ഫലം കണ്ടെന്ന് തോന്നുന്നു, രണ്ടു ദിവസത്തിനുള്ളില്‍ തന്നെ സെക്രട്ടറിയും ഭര്‍ത്താവും കൂടി ഓടിപ്പിടഞ്ഞ് വന്നു.
”സാറേ, അന്ന് അത്യാവശ്യമായി ഒരു കാര്യം വന്നത് കൊണ്ടാണ് വരാന്‍ കഴിയാതിരുന്നത്..”
”അത്യാവശ്യം ആര്‍ക്കും വരാം, പക്ഷേ, അതൊന്ന് വിളിച്ചു പറയാനുള്ള മര്യാദ കാണിക്കണ്ടേ? ആ പരാതിക്കാരന്‍ എത്ര നേരം ഇവിടെ വന്ന് നിങ്ങളെയും കാത്തിരുന്നു എന്നറിയാമോ” മാഡം ചോദിച്ചു തീരും മുമ്പ് അവര്‍ ഒരു ചെക്കെടുത്ത് കൊടുത്തു. ചെക്ക് വാങ്ങി നോക്കിയിട്ട് മാഡം പറഞ്ഞു, ”അയാളെ വിളിച്ചിട്ട് ഇത് സമ്മതമാണെങ്കില്‍ അടുത്ത ദിവസം ഒത്തു തീര്‍പ്പാക്കാം, ഏതായാലും നിങ്ങള്‍ ഒന്നു കൂടെ വരേണ്ടി വരും..”
”വരാം സാറേ, അയാള്‍ വരുന്ന ദിവസം അറിയിച്ചാല്‍ മതി..” അവര്‍ ഇറങ്ങി..
അവര്‍ ഇറങ്ങിയ ഉടനെ തന്നെ അയാള്‍ക്ക് ഫോണ്‍ ചെയ്തു, ഈ സന്തോഷ വാര്‍ത്ത ആദ്യം പറയേണ്ടത് അയാളോടാണല്ലോ? ഒന്നു രണ്ടു തവണ വിളിച്ചിട്ടും ആരും ഫോണ്‍ എടുത്തില്ല. എന്തു പറ്റിയോ? ചിലപ്പോള്‍ കേട്ട് കാണില്ല, തിരിച്ച് വിളിക്കുമായിരിക്കും. അവര്‍ ചെക്ക് കൊണ്ടു തന്ന കാര്യം അയാളോട് പറയാതെ എനിക്ക് ഒരു സമാധാവുമാകില്ല, എത്ര നാള്‍ ഇവിടെ കയറി നടന്നതാണ്, നമുക്ക് ചെയ്തു കൊടുക്കാന്‍ കഴിയുന്ന സഹായം കൊണ്ട് ആര്‍ക്കെങ്കിലും ഉപകാരം കിട്ടുന്നുവെങ്കില്‍ അത് ഒരു സന്തോഷം തന്നെയാണ്..
കുറെ നേരം കൂടി കാത്തിരുന്നിട്ട് അയാള്‍ വീണ്ടും വിളിച്ചു, അപ്പോള്‍ ഏതോ ഒരു സ്ത്രീ സ്വരമാണ് ചേട്ടത്..
”ഇത് സോമന്‍ ചേട്ടന്റെ നമ്പരല്ലേ?”
നമ്പര്‍ തെറ്റിയോ എന്ന സംശയത്തില്‍ ഞാന്‍ ചോദിച്ചു..
”അതെ..ഞാന്‍ ചേട്ടന്റെ മകളാണ്..” പതിഞ്ഞ ശബ്ദത്തില്‍ അവര്‍ പറഞ്ഞു..
”ചേട്ടന്‍ എവിടെ പോയി? ഫോണ്‍ ഒന്നു കൊടുക്കാമോ?”
കുറച്ചു നേരം പ്രതികരണമൊന്നുമില്ല, വീണ്ടും ഞാന്‍ ഹലോ, ഹലോ എന്ന് വിളിച്ചു നോക്കി, പിന്നെ അവരുടെ ഏങ്ങലടികളാണ് കേട്ടത്. എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല.. വേറെ ആരോ ഫോണ്‍ എടുത്തു..ഇപ്പോള്‍ പുരുഷ ശബ്ദമാണ്..
”ആരാണ് വിളിക്കുന്നത്..”
”ഞാന്‍ ലേബര്‍ ഓഫീസില്‍ നിന്നുമാണ് വിളിക്കുന്നത്, സോമന്‍ ചേട്ടനോട് അത്യാവശ്യമായി ഒരു കാര്യം പറയാനുണ്ടായിരുന്നു..”
”സാറേ, ഞാന്‍ സോമന്‍ ചേട്ടന്റെ മരുമകനാണ്, അമ്മാവന്‍ ഇന്നലെ രാത്രി മരിച്ചു, പെട്ടെന്ന് നെഞ്ചു വേദന വന്നതാണ്, ആശുപത്രിയില്‍ കൊണ്ടു ചെന്നപ്പോഴേക്കും മരിച്ചു..ഇന്ന് അതിന്റെ ചടങ്ങുകള്‍ കഴിഞ്ഞതേയുള്ളൂ, അപ്പോളാണ് സാറ്ഭ വിളിക്കുന്നത്, ഏതായാലും ഞാന്‍ പിന്നെ അങ്ങോട്ട് വിളിക്കാം..”
അയാളുടെ വാക്കുകള്‍ അശനിപാതം പോലെ എന്റെ ചെവിയിലേക്ക് പെയ്തിറങ്ങി..ചിലപ്പോള്‍ ചില കാര്യങ്ങള്‍ ഒരിക്കലും സത്യമാകരുതേയെന്ന് നമ്മള്‍ ആഗ്രഹിച്ചു പോകുന്ന നിമിഷങ്ങള്‍, അതു പോലെയൊരു നിമിഷമായിരുന്നു അത്.. എത്ര നാളുകള്‍ അയാള്‍ ഓഫീസില്‍ കയറിയിറങ്ങി നടന്നതാണ്..ജോലി ചെയ്യുമ്പോഴും ഉറങ്ങാന്‍ പോകുമ്പോഴുമൊക്കെ അയാളുടെ മുഖം എന്നെ വല്ലാതെ വേട്ടയാടിയിരുന്നു.
”സാറേ, എങ്ങനെയെങ്കിലും എന്റെ കാശ് വാങ്ങിച്ചു തരണം.” കണ്ണുകള്‍ നിറഞ്ഞു കൊണ്ട് അയാള്‍ പറയുന്ന വാക്കുകള്‍ പലപ്പോഴും എന്റെ ചിന്തകളിലും നിദ്രകളിലുമൊക്കെ എന്നെ അസ്വസ്ഥമാക്കിയിരുന്നു. ഒടുവില്‍ എല്ലാം ശരിയായി ചെക്ക് കിട്ടിയപ്പോഴേയ്ക്കും അത് വാങ്ങാന്‍ അയാളില്ലാതെ പോയി..ചെക്ക് കിട്ടുമ്പോഴുള്ള അയാളുടെ ചിരി കാണാന്‍ കഴിഞ്ഞില്ലല്ലോ എന്ന ദു;ഖം എന്നും എന്നെ പിന്തുടരും..
ഓഫീസര്‍മാരുടെ മുന്നില്‍ ചെന്ന് നില്‍ക്കുമ്പോഴും കുറച്ചു നേരത്തേയ്ക്ക് എനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല, മാഡത്തിന്റെയും സാറിന്റെയും സീറ്റിന് മുന്നില്‍ ഇരുന്നിരുന്ന ഏതോ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വന്ന ആള്‍ക്കാര്‍ എഴുന്നേറ്റു പോയപ്പോള്‍ ഞാന്‍ കാര്യം പറഞ്ഞു, മാഡവും സാറും ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ നിശ്ശബ്ദരായിരുന്നു.. ഇതു വരെ ആര്‍ക്ക് വേണ്ടിയും ഒരു മാനേജ്‌മെന്റിനോടും നേരിട്ട് പോയി സംസാരിച്ചിട്ടില്ല, സോമന്‍ ചേട്ടന് വേണ്ടി മാത്രമായിരുന്നു അങ്ങനെ പോയത്, അത് അയാളുടെ ദൈന്യതയില്‍ മനസ്സലിഞ്ഞതു കൊണ്ടാണ്..
”ഇത്രയും കഷ്ടപ്പെട്ട് നടന്ന് ചെക്ക് വാങ്ങിച്ചിട്ടും അത് അയാള്‍ക്ക് പ്രയോജനപ്പെടാതെ പോയല്ലോ?” സാറിന്റെ വാക്കുകളില്‍ സങ്കടം നിറഞ്ഞു.
”ഇനി ചെക്ക് അവര്‍ക്ക് തന്നെ തിരിച്ചു കൊടുക്കാം, ഒത്തുതീര്‍പ്പ് അംഗീകരിച്ച് പരാതിക്കാരന്‍ ഒപ്പിടാത്തതു കാരണം ചെക്ക് മറ്റാര്‍ക്കും കൊടുക്കാനും പറ്റില്ല..” മാഡത്തിന്റെ സ്വരത്തിലും നിരാശയും ദു;ഖവും നിറഞ്ഞു.
മാഡം തന്ന ചെക്ക് വിറയ്ക്കുന്ന കരങ്ങളോടെ ഞാന്‍ വാങ്ങി, അതിലെഴുതിയിരിക്കുന്ന പേര് വായിച്ചപ്പോള്‍
നിറ കണ്ണുകളോടെ സോമന്‍ ചേട്ടന്‍ എന്നെ നോക്കി ചോദിക്കുന്നതായി എനിക്ക് തോന്നി..”മോനേ, എന്റെ പരാതി തീരുമാനമായല്ലോ അല്ലേ?”
About The Author
No related posts.