തുന്നിക്കെട്ടിയ പുസ്തകം-ആനന്ദവല്ലി ചന്ദ്രന്‍

Facebook
Twitter
WhatsApp
Email

ഒരു മഴക്കാലം. . . അന്ന് നല്ല കാറ്റും വീശിയിരുന്നു. കുട്ടികള്‍ സ്‌കൂള്‍ വിട്ട് മടങ്ങുന്ന നേരം.

നൈന സ്‌കൂള്‍ ബാഗ് നനയാതിരിക്കാന്‍ കുട അല്പം ചെരിച്ചു പിടിച്ചിട്ടുണ്ട്. അപ്പോഴാണ് വിനീഷ് നൈനയുടെ സയന്‍സ് നോട്ട്ബുക്ക് ചോദിക്കുന്നത്. കൊടുത്തില്ലെങ്കില്‍ വിനീഷ് പിന്നെ അവളോട് മിണ്ടില്ല. അതവള്‍ക്ക് സഹിക്കാനാവില്ല. രണ്ടുപേരും ആറാംക്ലാസ്സില്‍. ഒരേ ഡിവിഷനല്ലെങ്കിലും വളരെയടുത്ത കൂട്ടുകാര്‍ .

‘ നിനക്ക് നോട്ട്ബുക്ക് ഞാന്‍ നാളെത്തരാം. ‘ നൈന. ‘ എനിക്കിപ്പോത്തന്നെ വേണം.” എന്ന് പറഞ്ഞ് വിനീഷ് അവളുടെ ബാഗില്‍ കൈയിട്ട് പുസ്തകമെടുത്ത് തുറന്നു. അത് ഒരു തുന്നിക്കെട്ടിയ നോട്ട്പുസ്തകമായിരുന്നു. അവളുടെ മിക്ക നോട്ടുപുസ്തകങ്ങളും അങ്ങനെത്തന്നെ. നൈനയുടെയും, അവളുടെ ഏട്ടന്റെയും തലേ വര്‍ഷത്തെ പുസ്തകങ്ങളിലെ എഴുതാത്ത ഏടുകളെല്ലാം കീറിയെടുത്ത് അവളുടെ വല്യമ്മ പുതിയ ക്ലാസ്സിലേയ്ക്കുള്ള നോട്ടു പുസ്തകങ്ങളുണ്ടാക്കും. ഒറ്റ ഏടുകളാവുമ്പോള്‍ അവ തുന്നിയാലും പലപ്പോഴും നേരെ നില്‍ ക്കില്ല. ഇക്കാര്യത്തില്‍ നൈനയ്ക്ക് വിഷമം തോന്നാറുണ്ട്. പക്ഷെ അവളുടെ വല്യമ്മയുടെ അടുത്ത് ഒന്നും നടക്കില്ല. അവളുടെ നിത്യരോഗിയായ അമ്മ അതൊന്നും ശ്രദ്ധിക്കാറില്ല.

വിനീഷ് പുസ്തകം തുറന്നപ്പോള്‍ രണ്ടുമൂന്ന് ഏട് കാറ്റില്‍ പറന്നുപോയി. അവന്‍ പിന്നാലെ പോയി കൈയെത്തിപ്പിടിച്ച് എല്ലാ ഏടുകളും കരസ്ഥമാക്കി. നോട്ടെഴുതിയ ഏടുകളായിരുന്നു അവ. പെട്ടെന്നവനൊരു കുസൃതി തോന്നി. അവന്‍ ആ കടലാസ്സുകള്‍ കൊണ്ട് വഞ്ചികളുണ്ടാക്കി റോഡിലൂടെ ഒഴുകിയിരുന്ന നീര്‍ ച്ചാലുകളിലൊഴുക്കി. ”നൈന, ഇതാണ് നമ്മുടെ വള്ളം കളി. ഓണമല്ലേ വരുന്നത്. ആഘോഷിച്ച് കളയാം.” വിനീഷ് പറഞ്ഞു. നൈന
വാവിട്ട് കരയാന്‍ തുടങ്ങി. വര്‍ഷബിന്ദുക്കള്‍ അവളുടെ കവിളില്‍ മെല്ലെ തടവി അശ്രുധാര ഏറ്റുവാങ്ങി.”ഇന്ന് നൈനയുടെ ഓണപ്പപ്പടം പൊടി പൊടിക്കും.”കൂട്ടുകാര്‍ അവളെ കളിയാക്കി. വല്യമ്മയുടെ അടി ഭയന്നിരുന്ന അവളെ ഈ കളിയാക്കല്‍ ഏറെ വേദനിപ്പിച്ചു. അവള്‍
കൂട്ടുകാരുടെയൊപ്പം അല്പ്പസമയം ചെലവഴിച്ച് വൈകിയാണ് വീട്ടിലെത്തിയത്. ”ഇന്നെന്താ ഇത്രയും വൈകിയത് വീട്ടിലെത്താന്‍? വല്യമ്മയുടെ ചോദ്യത്തിനു മുന്നില്‍ അവള്‍ ചൂളിപ്പോയി. അവളുടെ കവിളുകളിലൂടെ കണ്ണുനീര്‍ കുടുകുടാ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു തേങ്ങലോടൊപ്പം. വീണ്ടും, വീണ്ടും ചോദിച്ചപ്പോള്‍ അവള്‍ നടന്ന സംഭവമെല്ലാം വല്യമ്മയെ ധരിപ്പിച്ചു. അതിനു ശിക്ഷയായി പൊതിരെ തല്ലും അവള്‍ക്ക് ലഭിച്ചു.

മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ വിനീഷും, നൈനയും എല്ലാം മറന്ന് വീണ്ടും പഴയപോലെയായി. സ്‌കൂളില്‍ ഓണാഘോഷത്തിന്റെ തിരക്ക്. കുട്ടികളുടെ വക സംഘഗാനം, നൃത്തം, നാടകം എന്നിങ്ങനെയുള്ള പരിപാടികളിലെല്ലാം അവരുണ്ട്. സംഘഗാനത്തിനായി വിനീഷിനേയും, നൈനയേയും മറ്റുനാലുപേരേയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അവരെ ആറുപേരെയും പാട്ട് മുറിയിലേയ്ക്ക് വിളിച്ചിരിക്കയാണ്. ടീച്ചര്‍ പാട്ടിന്റെ വരികള്‍ പറഞ്ഞുകൊടുത്ത് കുട്ടികള്‍ എഴുതിക്കൊണ്ടിരിക്കുന്നു. വിനീഷ് നൈനയെ ഇടങ്കണ്ണിട്ടൊന്ന് നോക്കി. അവള്‍ തുന്നിക്കെട്ടിയ പുസ്തകത്തിലെഴുതുന്നു. അവന് വിഷമം തോന്നി മനസ്സില്‍ പറഞ്ഞു. ”പാവം നൈന. ‘ ക്ലാസ്സില്‍ നിന്നും പുറത്തേയ്ക്ക് പോകുമ്പോള്‍ വിനീഷ് വിളിച്ചു.

”നൈനാ നീയൊന്ന് നില്‍ക്ക്.” ”എന്താ” എന്ന് ചോദിച്ചവള്‍ നിന്നു. ”പാട്ടെഴുതാന്‍പോലും ഒരു പുതിയ പുസ്തകം കിട്ടിയില്ലേ നൈനാ? ‘ അവന്‍ അവളുടെ മുഖത്തുനോക്കി. ”പുസ്തകം വാങ്ങാനായി വല്യമ്മ തന്ന അഞ്ചു രൂപ വീണുപോയി വിനീഷ്.” അവനതു വിശ്വസിച്ചില്ലെന്നു തോന്നിയപ്പോള്‍ അവള്‍ സത്യം ചെയ്ത് പറഞ്ഞു. എന്നിട്ടവര്‍ രണ്ടുപേരും ടീച്ചര്‍ ചൊല്ലിത്തന്ന ഓണപ്പാട്ടിന്റെ വരികള്‍ മൂളാന്‍ തുടങ്ങി.നൃത്തം ചെയ്യുമ്പോള്‍ സഹ നായകനായി നൈന. മഹാബലിയെ വാമനന്‍ ചവിട്ടിത്താഴ്ത്തുന്നതായിരുന്നു നാടകത്തിന്റെ ഇതിവൃത്തം. മഹാബലിയായി വിനീഷും,വാമനനായി നൈനയും വേഷമിട്ടു.

അടുത്തതായി പൂക്കളമത്സരം. ആറാം ക്ലാസ്സുമുതല്‍ ഒമ്പതാം ക്ലാസ്സുവരെയുള്ള കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. ആകെ ഇരുപത്തഞ്ചുപേര്‍.ഓരോരുത്തരും അവരവരുടെ പൂക്കളത്തിന്നു വേണ്ട പൂക്കള്‍ കൊണ്ടുവരണം. ശക്തിയേറിയ മത്സരം. നൈനയുടെ പൂക്കളം എല്ലാവര്‍ക്കും വളരെ ആകര്‍ഷകമായി തോന്നി. അവള്‍ക്ക് ഒന്നാം സമ്മാനം ലഭിക്കയും ചെയ്തു.

ആറു നോട്ടുപുസ്തകമടങ്ങിയ ഒരു പെട്ടിയായിരുന്നു അവള്‍ക്ക് ലഭിച്ച സമ്മാനം.വിനീഷിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി.സമ്മാനം വല്യമ്മയെ കാണിച്ചപ്പോള്‍ കുറച്ച് കായ വറുത്തത് നൈനയുടെ വായിലിട്ടുകൊടുത്ത് അവളുടെ പുറത്ത് മെല്ലെ തട്ടി.

പത്താം തരം വരെ ഇണങ്ങിയും, പിണങ്ങിയും അതേ വിദ്യാലയത്തില്‍ പഠനം തുടര്‍ന്നു. ബോര്‍ഡ് പരീക്ഷയ്ക്ക് പഠിക്കാനായി ഒഴിവ് തുടങ്ങുന്നതിന്റെ തലേന്ന് സെന്റ് ഓഫ് പാര്‍ട്ടി നടക്കയാണ്. പാട്ട്, നൃത്തം, കവിതാപാരായണം, ഹാസ്യകല, ലഘുഭോജനം എന്നിങ്ങനെയുള്ള പരിപാടികള്‍ ഒമ്പതാം തരക്കാരുടെ വകയായുണ്ട്. ‘വിട ചൊല്ലുന്നു ഞങ്ങളിപ്പോള്‍ ഓര്‍ക്കാന്‍ വല്ലപ്പോഴും.” എന്ന് തുടങ്ങുന്ന പാട്ട് ഒമ്പതാം തരത്തിലെ അനിത സുമധുരമായി ചൊല്ലിയപ്പോള്‍ മിക്ക കുട്ടികളുടേയും കണ്ണുകള്‍ ഈറനണിഞ്ഞു. വിനീഷ് നന്ദിപ്രകടനം നടത്തിയപ്പോള്‍ തൊണ്ടയിടറി. അവസാനമായപ്പോള്‍ പൊട്ടിക്കരച്ചിലായി. അവന്റെ ക്ലാസ് ടീച്ചര്‍ കാര്യമാരാഞ്ഞപ്പോള്‍ താനിനി ദൂരെയുള്ള അച്ഛന്റെ വീട്ടില്‍ നിന്നാണ് പഠിക്കാന്‍ പോകുന്നതെന്ന് പറഞ്ഞു. ഇക്കാര്യം നൈനയെ വളരെയധികം ദു:ഖത്തിലാഴ്ത്തി. നൈന വിനീഷിന്റെ നോട്ട് പുസ്തകത്തിലെ അവസാനത്തെ പേജിലെഴുതി. ”വിധിയുണ്ടെങ്കില്‍ എവിടെ വെച്ചെങ്കിലും കണ്ടുമുട്ടാം. കൂട്ടുകാരി നൈന”.അവളുടെ ഒരു തുള്ളി കണ്ണുനീര്‍ വീണ്
ചില അക്ഷരങ്ങള്‍ നനഞ്ഞു. അവള്‍ പറഞ്ഞു. ”ഈ ഏട് കീറിക്കളയരുത്. പുതിയ പുസ്തകം കിട്ടുമ്പോള്‍ ഈ ഏട് അതില്‍ തുന്നിച്ചേര്‍ത്ത് വെയ്ക്കണം. ഓണക്കാലം മറക്കരുതേ.”അങ്ങനെ അവര്‍ പിരിഞ്ഞു.

കാലചക്രം അതിവേഗം തിരിഞ്ഞു. പതിനൊന്നാം തരവും, പന്ത്രണ്ടാം തരവും അവള്‍ അവിടെത്തന്നെ കഴിച്ചുകൂട്ടി. അതിന്നുശേഷം അവള്‍ പട്ടണത്തിലുള്ള ഡിഗ്രി കോളേജില്‍ ചേര്‍ന്നു . അവിടെ അവള്‍ക്ക് ഉറ്റ സ്‌നേഹിതയായി ശ്രീലതയെക്കിട്ടി. അവര്‍ക്ക് പല കാര്യങ്ങളിലും പരസ്പരധാരണയുണ്ടായിരുന്നു. ഒരിക്കല്‍ നൈന ശ്രീലതയോട് പറഞ്ഞു.
” നീയെന്റെ പുസ്തകത്തിലെ രണ്ടാമത്തെ ഏടാണ്.” ”എന്തൊക്കെയാ നീ പറയുന്നത്?ഞാന്‍ നിന്റെ പുസ്തകത്തിലെ ഏടാണെന്നോ? എനിക്കൊന്നും മനസ്സിലാവുന്നില്ല. നീ വലിയ സാഹിത്യകാരിയല്ലേ.” ”ഞാന്‍ വെറുതെ പറഞ്ഞതാണ്. നീയത്ര കാര്യമാക്കേണ്ടതില്ല.” നൈന വിഷയം മാറ്റി. ”ഇവിടെ സ്‌കൂളിലെപ്പോലെ ഓണാഘോഷമോന്നുമില്ലാത്തതിനാല്‍ ഒരു രസവുമില്ല അല്ലേ ശ്രീലതേ ?”ശ്രീലത അത് ശരിവെച്ചു.”നൈനാ, ഇക്കൊല്ലം നമുക്ക് വീട്ടില്‍ വെച്ച് ഓണം ഗംഭീരമാക്കിക്കളയാം. ഇത്രയും നാള്‍ വീട്ടില്‍നിന്ന് വിട്ടുനിന്നതല്ലേ? നൈന സമ്മതം മൂളലിലൊതുക്കി.ഡിഗ്രി പാസ്സായി ജോലി കിട്ടിയപ്പോള്‍ അവരിരുവരും വേവ്വെറെയിടങ്ങളിലായി.

അതിനിടയില്‍ നൈനയ്ക്ക് നല്ല ഒരു കമ്പനിയില്‍ നിന്ന് ഇന്റര്‍വ്യൂവിനായി ക്ഷണം കിട്ടി. എഴുത്ത് പരീക്ഷയും, ചര്‍ച്ചയുമെല്ലാം കഴിഞ്ഞപ്പോള്‍ കുറെ പേര്‍ക്ക് ജോലി ഉറപ്പായി.അവസാനം അവിടത്തെ ഉന്നതന്മാരുടെ വക ഡിവിഷന്‍ മാനേജരുടെ തസ്തികയിലേയ്ക്കുള്ള ഇന്റര്‍വ്യൂവിന്നായി രണ്ടുപേര്‍ ബാക്കിയായി നൈനയും, വിനീഷും.ഒരു
മാനേജരേയെ കമ്പനിയ്ക്ക് ആവശ്യമുള്ളൂ. പരസ്പരം കണ്ടുമുട്ടിയപ്പോള്‍ നൈനയ്ക്കും, വിനീഷിനും വലിയ ആഹ്‌ളാദമായി . വിനീഷ് നൈനയുടെ എല്ലാ വിവരങ്ങളും കസിന്‍ ശ്രീലത വഴി അറിയാറുണ്ടെന്ന് പറഞ്ഞപ്പോള്‍ അവളുടെ അത്ഭുതത്തിന്നതിരുണ്ടായിരുന്നില്ല. വിശേഷങ്ങളെല്ലാം പങ്കുവെച്ചകൂട്ടത്തില്‍ അവള്‍ പണ്ട് തന്റെ പുസ്തകത്തിലെഴുതിയ പേജ്, വിനീഷ് അവളെ കാണിച്ചു.അവളുടെ നേത്രങ്ങള്‍ ഒരു നിമിഷത്തേയ്ക്ക് സജലങ്ങളായോ? തികച്ചും അപ്രതീക്ഷിതമാവാം അതൊരു ഓണക്കാലമായിരുന്നു. രണ്ടുപേരും സ്‌കൂളിലെ ഓണക്കാലത്തെക്കുറിച്ചും അന്ന് നൈനയ്ക്ക് ലഭിച്ച സമ്മാനത്തെക്കുറിച്ചുമെല്ലാം പറഞ്ഞ് ചിരിച്ചു. നൈന പറഞ്ഞു.”സാക്ഷാല്‍ മഹാബലിയല്ലേ മുന്നിലിരിക്കുന്നത് ? എന്റെ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടൂട്ടോ, വിനീഷ്. എന്നിട്ടവള്‍ കണ്ണിറുക്കി പുഞ്ചിരിച്ചു.

ഏതാനും നിമിഷങ്ങള്‍ കടന്നുപോയി.ഇന്റര്‍വ്യൂ വിന്നായി വിനീഷിനെ വിളിച്ചപ്പോള്‍ അവന്‍ അവിടെയെങ്ങുമുണ്ടായിരുന്നില്ല. നൈന
ചുറ്റുവട്ടത്തൊക്കെ നോക്കിയെങ്കിലും അവനെ കണ്ടുകിട്ടിയില്ല. ഇന്റര്‍വ്യു കഴിഞ്ഞ് അവള്‍ തിരിച്ചുവരുമ്പോള്‍ അവിടെ ഹാളില്‍ പൂക്കള്‍ കൊണ്ട് അലങ്കരിച്ച തൃക്കാക്കരയപ്പനെ കണ്ടു. നൈന അവിടേയ്ക്ക് നടക്കുമ്പോള്‍ വിനീഷ് അവിടെനിന്നും ധൃതിയില്‍ നടന്നുനീങ്ങുന്നതായി അവളുടെ
കണ്ണില്‍ പെട്ടു. അവളവനെ വിളിച്ചുനോക്കി. പക്ഷെ അപ്പോഴേയ്ക്കും അവന്‍ മറയത്തായി. ”തിരിച്ചുകിട്ടിയെന്ന് വിചാരിച്ച ഏട് തുന്നിക്കെട്ടാനാവാതെ വീണ്ടും പറന്നുപോയിരിക്കുന്നു കണ്ണെത്താദൂരത്തേയ്ക്ക്.”അവള്‍ ആരോടെന്നില്ലാതെ തെല്ലുറക്കെത്തന്നെ പറഞ്ഞു.

About The Author

One thought on “തുന്നിക്കെട്ടിയ പുസ്തകം-ആനന്ദവല്ലി ചന്ദ്രന്‍”
  1. നന്ദി… നന്ദി… സോമനും, ലിമ ടീം പ്രവർത്തകർക്കും.

    സസ്നേഹം,
    ആനന്ദവല്ലി ചന്ദ്രൻ

Leave a Reply

Your email address will not be published. Required fields are marked *