LIMA WORLD LIBRARY

കാളിദാസന്റെ പ്രണയവര്‍ണ്ണങ്ങള്‍-വൃന്ദ പാലാട്ട്‌

ശ്രീ മങ്കൊമ്പു ഗോപാലകൃഷ്ണന് ബാഷ്പാഞ്ജലി അര്‍പ്പിച്ചു കൊണ്ട്..
അദ്ദേഹത്തിന്റെ ഗാനങ്ങളില്‍
ഞാനേറ്റവും ഇഷ്ടപ്പെടുന്ന ഗാനം

”കാളിദാസന്റെ കാവ്യഭാവനയെ…….”
യേശുദാസ് ഹിന്ദിയില്‍ പാടി തുടങ്ങിയപ്പോള്‍ ഏറ്റവും കൂടുതല്‍ അവസരം നല്‍കിയത് അന്ധനായ സംഗീതജ്ഞന്‍ രവീന്ദ്ര ജെയിന്‍ ആയിരുന്നു. കണ്ണിന് കാഴ്ച്ച കിട്ടിയാല്‍ ആദ്യം കാണാന്‍ ആഗ്രഹിക്കുന്നത് ആരെയാണ് എന്ന് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ രവീന്ദ്ര ജെയിന് ഒട്ടും ആലോചിക്കേണ്ടി വന്നില്ല , ‘ യേശുദാസ് ‘ എന്ന് പറയാന്‍ . അങ്ങനെയിരിക്കെ മലയാളത്തില്‍ ഒരു കൈ നോക്കിക്കൂടെ എന്ന് ദാസേട്ടന്‍ ചോദിച്ചപ്പോള്‍ ജെയിന്‍ സമ്മതം മൂളി. അങ്ങനെ സുജാത എന്ന ചിത്രത്തിന് സംഗീതം നല്‍കാനെത്തി ജെയിന്‍ എന്ന സംഗീതജ്ഞന്‍ . പാട്ട് ആര് എഴുതും എന്ന ചോദ്യത്തിനും ഗാനഗന്ധര്‍വ്വന് ആലോചിക്കേണ്ടി വന്നില്ല, അത് നമ്മുടെ ‘ മങ്കൊമ്പ് ‘ മതി. കാരണം അന്ന് മങ്കൊമ്പിന്റെ ‘ ലക്ഷാര്‍ച്ചന കണ്ട് മടങ്ങുമ്പോള്‍ ‘ തുടങ്ങിയ പല ഗാനങ്ങളും സൂപ്പര്‍ ഹിറ്റായിരുന്നു . അങ്ങിനെ സുജാത സിനിമയിലെ പ്രശസ്ത ഗാനങ്ങളായ
‘കാളിദാസന്റെ കാവ്യഭാവനയും’ , ‘ സ്വയംവര ശുഭദിനമംഗളങ്ങ’ ളും ഒക്കെ പിറവിയെടുത്തു.
‘ കാളിദാസന്റെ കാവ്യഭാവനയെ
കാല്‍ച്ചിലമ്പണിയിച്ച സൗന്ദര്യമേ… ‘
കാളിദാസന്റെ കാവ്യഭാവനയെ കാല്‍ച്ചിലമ്പണിയിച്ചതാരാണ് ?
അത് അനുരാഗമെന്ന അനുഭൂതിയാണ് . കാളിദാസ കൃതികളുടെ കാന്തിക മൂല്യം അതില്‍ നക്ഷത്രമാടുന്ന അനുരാഗം എന്ന മധുരസമ്പന്ന വികാരമാണ് . കുമാരസംഭവത്തില്‍ മുക്കണ്ണനോടുള്ള പാര്‍വ്വതി ദേവിയുടെ മഞ്ഞിലും തീ പടര്‍ത്തുന്ന വ്രീളാനുരാഗം , മേഘസന്ദേശത്തില്‍ യക്ഷന് ഇണയോടുള്ള വിപ്രലംഭാനുരാഗം , വിക്രമോര്‍വ്വശീയത്തില്‍ പുരൂരവസ്സ് – ഉര്‍വ്വശി തീവ്രാനുരാഗം എല്ലാം കാളിദാസന്റെ കാവ്യഭാവനയെ ചിലമ്പണിയിച്ചതാണ്. ആ അനുരാഗത്തെ ഉപാസിക്കുന്നവനാണ് സിനിമയിലെ കഥാനായകന്‍ .
എങ്ങനെയാണ് ഈ അനുരാഗമെന്ന പ്രതിഭാസം നായക കഥാപാത്രത്തെ ഭ്രമണം ചെയ്യുന്നതെന്ന് പറയുകയാണ് അനുപല്ലവിയില്‍ –
‘ വസന്തസുഗന്ധത്താല്‍ അന്തരംഗത്തില്‍
മധുമഞ്ജുഷനല്‍കും അനുരാഗമേ…
എന്റെ പ്രഭാതങ്ങള്‍ക്കഴകുകൂട്ടി നീ..
എന്റെ പ്രദോഷങ്ങള്‍ക്കിളമ കൂട്ടി. ‘
അനുരാഗം നായകന്റെ ഹൃദയത്തോട് ചെയ്യുന്നത് എന്തെന്നാല്‍ വസന്തത്തിന്റെ പ്രഫുല്ല സുഗന്ധം നിറഞ്ഞ മധു തുളമ്പുന്ന വലിയ പൂക്കുട തന്നെ നല്‍കുന്നു , അതായത് വസന്തത്തിന്റെ ഗന്ധമാണ് മനസ്സ് നിറയെ അനുരാഗം കൊണ്ട് സംഭവിച്ചത് .
‘ മാളവ കന്യക മൂകഭാവം
മാദകനെഞ്ചില്‍ ചാര്‍ത്തി നീ..
കൗമാര മാനസ ദാഹമോടെ…
സൗഭഗം ഉര്‍വശി ഏകി നീ..
ആലോലരാഗവര്‍ണ്ണം പകര്‍ന്നു നീ..
ആശ്രമതീരത്തെ മിഥുനങ്ങളില്‍..
എന്റെ ഏകാന്തത ധന്യമാക്കി നീ..
എന്റെ ഏകാഗ്രത വിശുദ്ധമാക്കി ‘
ഇവിടെ മങ്കൊമ്പ് സ്വന്തം ഭാവനയെ ചിറകേറ്റി വിട്ട് കാളിദാസന്റെ രചനകളുടെ അനുരാഗ കഥകളില്‍ അഭിരമിക്കുകയാണ്
‘മാളവകന്യക മൂകഭാവം ‘ – കൃതി , മാളവികാഗ്‌നിമിത്രം , രാജാവായിരുന്ന അഗ്‌നിമിത്രന്റേയും അദ്ദേഹത്തിന്റെ ദാസിയായിരുന്ന മാളവികയും തമ്മിലുള്ള പ്രണയം .
‘ കൗമാര മാനസ ദാഹമോടെ
സൗഭഗം ഉര്‍വ്വശി ഏകീ നീ ‘
– കൃതി വിക്രമോര്‍വ്വശീയം , പുരൂരവസ്സ് രാജാവിന്റെയും അപ്‌സരസ് ഉര്‍വ്വശിയുടെയും പ്രണയം .
‘ ആലോല രാഗവര്‍ണ്ണം പകര്‍ന്നു നീ
ആശ്രമതീരത്തെ മിഥുനങ്ങളില്‍ ‘
– കൃതി അഭിജ്ഞാന ശാകുന്തളം , ദുഷ്യന്തന്‍ – ശകുന്തള പ്രണയം .
നായകന്‍ നസീര്‍ എല്ലാരുടെയും മുന്നില്‍ ഒരു പാര്‍ട്ടിയില്‍ വെച്ച് ഈ പാട്ട് പാടുന്നതായിട്ടാണ് സിനിമയില്‍ ഈ ഗാന ചിത്രീകരണം. നായിക ജയഭാരതിയെ ഉദ്ദേശിച്ചാണ് പാടുന്നതെന്ന് നായകന്റെ ശരീരഭാഷ കൊണ്ടു വ്യക്തം. പക്ഷേ ജയഭാരതിയെ വര്‍ണ്ണിച്ചോ പുകഴ്ത്തിയോ പാടുന്നതല്ല ഈ ഗാനം . ഇത് മഹാകവി കാളിദാസ ഭാവനയെ ചിലമ്പണിയിച്ച അനുരാഗം എന്ന ദീപ്തലാവണ്യവികാരത്തെ കുറിച്ചാണ്.
മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ എന്ന അത്യുന്നത പ്രതിഭയുടെ ഒരു വിലമതിക്കാനാവാത്ത സുവര്‍ണ്ണ കോടീരമാണ് ഈ ഗാനം .

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px