LIMA WORLD LIBRARY

പരാജയങ്ങള്‍ക്ക് തോല്‍പ്പിക്കാനാവില്ല-ഡോ.പി.എന്‍ ഗംഗാധരന്‍ നായര്‍

പരാജയപ്പെടാനായി മാത്രം ആരും ഇവിടെ ജനിക്കുന്നില്ല. പരാജയങ്ങള്‍ക്ക് നമ്മെ നോവിക്കാനേകഴിയൂ, തോല്‍പ്പിക്കാനാവില്ല. അവസരങ്ങള്‍ അപ്രതീക്ഷിതമായി വരുമ്പോള്‍ അവയെ സ്വീകരിക്കാനും ധീരമായി നേരിടാനും തയ്യാറായിക്കണമെന്ന് മാത്രം.
പോലീസ് മേധാവി ആയിരുന്ന ശ്രീ അലക്‌സാണ്ടര്‍ ജേക്കബ് ഐ പി എസ് ന്റെ ശിഷ്യനായിരുന്ന ജോര്‍ജ് മാത്യു മൂന്നുതവണ ഐ എ എസ് പരീക്ഷയില്‍ തോറ്റു. പിന്നെ അയാള്‍ ഡല്‍ഹിയില്‍ ചെന്ന് ഐ എ എസ് കോച്ചിംഗ് സെന്റര്‍ തുടങ്ങി. 450 ഓളം കുട്ടികള്‍ പല വര്‍ഷങ്ങളിലായി ഇതുവരെ അവിടെ നിന്നും സിവില്‍ സര്‍വീസ് പരീക്ഷ പാസായി ഐ എ എസ്, ഐ പി എസ് കരസ്ഥമാക്കി. മൂന്നുപ്രാവശ്യം തോറ്റ നിനക്കെങ്ങനെ ഇത് സാധിക്കുന്നു എന്ന് അലക്‌സാണ്ടര്‍ ജേക്കബ് ചോദിച്ചപ്പോള്‍ മറുപടി വന്നു:’ തോറ്റപ്പോഴാണ് എങ്ങനെജയിക്കണമെന്ന് മനസ്സിലായത്. ജയിക്കാനുള്ള വഴി മനസ്സിലാക്കിയാണ് സ്റ്റഡി സെന്റര്‍ തുടങ്ങിയത്. അത് വന്‍പിച്ച വിജയമായി’.

വിജയത്തിനുവേണ്ടി ശ്രമിക്കുന്നവര്‍ക്ക് മാത്രമേ പരാജയത്തെ അഭിമുഖീകരിക്കേണ്ടി വരുന്നുള്ളൂ. അതിനാല്‍ പരാജയത്തില്‍ ഒരിക്കലും തളര്‍ന്നുകൂടാ. ഒരാള്‍ ബിസിനസ് ചെയ്ത് കടത്തിലായി. അയാള്‍ ആത്മഹത്യയ്ക്കായി കടല്‍പ്പുറത്തേക്ക് വന്നു. അവിടെ കുട്ടികള്‍ തീരത്ത് നനവുള്ള മണ്ണുകൊണ്ട് വീടുകളും കൊട്ടാരങ്ങളും ഉണ്ടാക്കുന്നു.പിന്നീട് മാറിനിന്ന് അവര്‍ രൂപംകൊടുത്ത മണല്‍ ശില്പങ്ങളുടെഭംഗി കണ്ട് ആസ്വദിക്കും. പക്ഷേ നിമിഷങ്ങള്‍ക്കുള്ളില്‍ തിരമാലകള്‍ അവരുണ്ടാക്കിയ സുന്ദര രൂപങ്ങളെ അങ്ങനെതന്നെ വിഴുങ്ങുന്നു. കുട്ടികള്‍ അത് കണ്ട് ആര്‍ത്തു ചിരിക്കുന്നു.പിന്നീട് അവര്‍ മുന്നോട്ടുവന്ന് പുതിയ മണല്‍ ശില്പങ്ങള്‍ മെനയും.അടുത്ത നിമിഷം വീണ്ടും തിരമാല വന്ന് എല്ലാം തച്ചുടയ്ക്കും. വീണ്ടും അവര്‍ ഇത് കണ്ട് ആര്‍ത്തുല്ലസിക്കുന്നു. ഇത് കണ്ട് ആത്മഹത്യ ചെയ്യാന്‍ വന്ന മനുഷ്യന്‍ അത്ഭുതപ്പെട്ടു. നഷ്ടത്തിലും ആനന്ദിക്കുന്ന കുട്ടികള്‍. നഷ്ടം അവര്‍ക്ക് അടുത്ത ശില്പം നിര്‍മ്മിക്കുന്നതിനുള്ള ഊര്‍ജ്ജം നല്‍കുന്നു. ആ കുട്ടികളുടെ അത്രയും പോലും വിവരം തനിക്കില്ലല്ലോ എന്ന് തിരിച്ചറിഞ്ഞ് അയാള്‍ മരിക്കാനുള്ള തീരുമാനം ഉപേക്ഷിച്ച് തിരിച്ചു പോയി.

പരീക്ഷയില്‍ തോറ്റാല്‍ എല്ലാംകഴിഞ്ഞു എന്നും ജീവിതം നിഷ്പ്രയോജനമായി എന്നും വിചാരിക്കുന്ന വരാണ് അധികം വിദ്യാര്‍ത്ഥികളും. പരീക്ഷയില്‍ പലപ്രാവശ്യം പരാജയപ്പെട്ടിട്ടുള്ളവര്‍ പിന്നീട് പല രംഗങ്ങളിലും പ്രസിദ്ധരായിട്ടുണ്ട്. ഗാന്ധിജിയും ഐന്‍സ്റ്റീനും എല്ലാ ക്ലാസുകളിലും മികച്ചവരായിരുന്നില്ല. അവര്‍ അനേകം പരാജയങ്ങള്‍ ഏറ്റുവാങ്ങി. എസ്എസ്എല്‍സി മുതല്‍ എഴുതിയ എല്ലാ പരീക്ഷകളിലും തോറ്റ വ്യക്തിയാണ് ഇടപ്പള്ളി രാഘവന്‍പിള്ള. ഫ്രഞ്ച് സാഹിത്യകാരന്‍ വോള്‍ടയര്‍ ജനിച്ചപ്പോള്‍ പകുതി മരിച്ചിരുന്നു. കുഞ്ഞ് അധികം താമസിയാതെ മരിച്ചുപോകുമെന്ന് ഡോക്ടര്‍ വിധിയെഴുതി. എന്നാല്‍ അതേ കുഞ്ഞ് ഒരു കുഴപ്പവുമില്ലാതെ 48 വര്‍ഷം ജീവിച്ചിരുന്നു, മാത്രമല്ല ഫ്രഞ്ച് വിപ്ലവത്തിന് നേതൃത്വം നല്‍കുകയും ചെയ്തത് പരാജയങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ്. ജയിച്ചുവരുന്ന വിദ്യാര്‍ഥികള്‍ക്കൊപ്പം തന്നെ ജീവിതത്തില്‍ പരാജയം സംഭവിക്കുന്ന വരെക്കൊണ്ടും നിറയുന്ന ഒരു ലോകമാണ് ഇത്. അനാരോഗ്യവും ദാരിദ്ര്യവും അനുഭവിച്ച് ആവിയന്ത്രം കണ്ടുപിടിച്ച സ്‌കോട്ട്‌ലന്റുകാരനായ ജെയിംസ് വാട്ട്, അടിമപ്പണിയില്‍ നിന്നും ഉയര്‍ന്നുവന്ന അമേരിക്കന്‍ സസ്യ ശാസ്ത്രജ്ഞന്‍ കാര്‍വര്‍ ജോര്‍ജ്, പത്ര വിതരണത്തില്‍ തുടങ്ങി,യാതനയിലൂടെ ആദ്യ അമേരിക്കന്‍ പ്രസിഡന്റായ ഫ്രാങ്ക്‌ളിന്‍ ബെഞ്ചമിന്‍ തുടങ്ങി എത്രയോ പ്രതിഭകളാണ് പരാജയങ്ങളെ മറികടന്ന് അര്‍പ്പണമനോഭാവവും കഠിനാധ്വാനം കൊണ്ട് ജീവിതത്തില്‍ വിജയം കൈവരിച്ചത്.

എല്ലാം വിധിയാണ്, ഞാന്‍ നിസ്സഹായനാണ് എന്ന മനോഭാവം ഉപേക്ഷിക്കണമെന്ന് ഇവര്‍ നമ്മെപഠിപ്പിക്കുന്നു.

പലതും നമ്മുടെ നിയന്ത്രണത്തിലാണ്. ചെയ്യുവാന്‍ ഉദ്ദേശിക്കുന്നത് സര്‍വ്വശക്തിയോടും ആത്മവിശ്വാസത്തോടും ചെയ്യുകയാണെങ്കില്‍ ഫലം നമ്മളെത്തന്നെ അതിശയിപ്പിക്കും. പ്രശസ്തനായ രസതന്ത്രജ്ഞനും എന്‍ജിനീയറും ആയിരുന്ന ആല്‍ഫ്രഡ് നോബലിനെ തന്റെ ഡൈനാമിറ്റിന്റെ കണ്ടുപിടിത്തം കോടീശ്വരനാക്കി. പക്ഷേ ആ കണ്ടുപിടുത്തം യുദ്ധങ്ങളിലും ലഹളകളിലും ഉപയോഗിക്കപ്പെട്ട് മനുഷ്യശരീരം ചിതറിപ്പോകുന്ന ദാരണ ചിത്രങ്ങള്‍ കണ്ട് അദ്ദേഹത്തിന്റെ മനസ്സ് വേദനിച്ചു. അതിന് പശ്ചാത്താപമായി മരണത്തിനു മുമ്പ് അദ്ദേഹം എഴുതിവെച്ച വില്‍പ്പത്രത്തില്‍ തന്റെ മുഴുവന്‍ സമ്പാദ്യവും വിവിധ മേഖലകളില്‍ നിസ്തുല സംഭാവനകള്‍ നല്‍കുന്നവര്‍ക്ക് മികച്ച പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കാനായി
നീക്കിവെച്ചു.

ഇരുപത്തിയൊന്നാം വയസ്സില്‍ മോട്ടോര്‍ ന്യൂറോണ്‍ എന്ന രോഗമാണ് സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെ പ്രതിഭയെ ഉണര്‍ത്തിയതെന്ന് പലരും പറയാറുണ്ട്. കണ്ണും ചെവിയും തലച്ചോറും ഒഴികെ ശരീരം മുഴുക്കെ തളര്‍ന്ന്, സംസാരശേഷി ഇല്ലാതെ വീല്‍ചെയറില്‍ സഞ്ചരിച്ച ഈ മനുഷ്യന്‍, തന്റെ തൊണ്ടയില്‍ ഘടിപ്പിച്ചിട്ടുള്ള ഒരു ഉപകരണംപിടിച്ചെടുത്ത കമ്പനങ്ങള്‍ കമ്പ്യൂട്ടറിലൂടെ വാക്കുകള്‍ ആക്കി മാറ്റുന്ന പ്രക്രിയയിലൂടെയാണ് ഹോക്കിംഗ്‌സ് ലോകത്തോട്‌സംവദിച്ചത്.അടങ്ങാത്ത അപാരമായ ഇച്ഛാശക്തി ഇല്ലായിരുന്നെങ്കില്‍, പ്രപഞ്ച രഹസ്യങ്ങള്‍ നമുക്ക് പറഞ്ഞുതരാന്‍ ഇങ്ങനെ ഒരു മഹാമനീഷി ഉണ്ടാകുമായിരുന്നില്ല. ഇലക്ട്രിക് ബള്‍ബ് കണ്ടുപിടിക്കാന്‍ പരിശ്രമിച്ച എഡിസണ്‍ ആയിരത്തിലധികം പ്രാവശ്യം പരാജയപ്പെട്ട തിനൊടുവിലാണ് വിജയിച്ചത്. അതേപ്പറ്റി അദ്ദേഹം ഒരിക്കല്‍ പറഞ്ഞു:’ അവ പരാജയങ്ങളായിരുന്നില്ല. എന്റെ വിജയത്തിന് ആയിരത്തിലധികം പടികള്‍ ഉണ്ടായിരുന്നു എന്നു മാത്രം !’
ജയിച്ചവരെ കാണുമ്പോള്‍ തോറ്റവര്‍ എവിടെയെന്ന് അന്വേഷിക്കണം എന്നാണ് പ്രസിദ്ധ വാഗ്മിയും അധ്യാപകനും ആയിരുന്ന
പ്രൊഫ.എംഎന്‍ വിജയന്‍ പറഞ്ഞിരുന്നത്. ഒരു മീറ്റിംഗില്‍ അദ്ദേഹം പറഞ്ഞു: ‘ഈ മീറ്റിംഗില്‍ വന്നിരിക്കുന്ന കുട്ടികള്‍ വിജയികളായി
സമ്മാനം വാങ്ങാന്‍ വന്നിരിക്കുന്നവരാണ്, നല്ല കാര്യം. പക്ഷേ സമ്മാനം വാങ്ങാന്‍ കഴിയാത്ത കുട്ടികള്‍ എവിടെയോ ഉണ്ട്. പത്രങ്ങളില്‍ പേര് വരാത്ത കുട്ടികള്‍. ഇത് നമ്മുടെ വെളിച്ചത്തിന്റെ ഒരു മറുപുറം ആണ്. ഇവിടെ എന്തുണ്ട് എന്നത് മാത്രമല്ല എന്തില്ല എന്നുകൂടി ചിന്താവിഷയ മാക്കേണ്ടതാണ്.

തോറ്റവരുടേതുകൂടിയാണ് നമ്മുടെ ലോകം. ഞാന്‍ ജോലി ചെയ്തിരുന്ന ബ്രണ്ണന്‍ കോളേജിലേക്ക് ജോലിക്ക്അപേക്ഷിക്കുകയും, വേണ്ട വിവരമില്ല എന്ന പേരില്‍ ജോലി ലഭിക്കാതെ പോയ വ്യക്തിയായിരുന്നു ചങ്ങമ്പുഴ. പക്ഷേ അദ്ദേഹത്തിന്റെ മരണശേഷം അതേ കോളേജില്‍ ജോലി ചെയ്ത പലരും ഇതേ ചങ്ങമ്പുഴയെപ്പറ്റി തീസിസ് എഴുതി ഡോക്ടറേറ്റ് നേടി എന്നതാണ് കാലത്തിന്റെ പ്രതികാരം’.
ബിസിനസില്‍ ഒരു പഴഞ്ചൊല്ലുണ്ട് :’ ഒരു പ്രതിസന്ധി ഒരിക്കലും നഷ്ടപ്പെടുത്തരുത് ‘. കാരണം പ്രതിസന്ധി ഉണ്ടെങ്കിലും തുരങ്കത്തിന്റെ അറ്റത്ത് വെളിച്ചമുണ്ടെന്ന വിശ്വാസമാകണം നമ്മെ മുന്നോട്ടു നയിക്കേണ്ടത്. അതുകൊണ്ട് ധീരമായ നിലപാട്എടുക്കുന്നവര്‍ക്ജീവിതത്തില്‍ വിജയം കണ്ടെത്താനാകും. കാലാവസ്ഥാ ശാസ്ത്രത്തില്‍ ‘പെര്‍ഫെക്റ്റ് സ്റ്റോം’ എന്നൊരാശയം ഉണ്ട്. ഒറ്റയ്ക്ക് കാര്യമായ പ്രത്യാഘാതങ്ങള്‍ ഒന്നും സൃഷ്ടിക്കാന്‍ കെല്‍പ്പില്ലാത്ത ചെറിയ പ്രകൃതിക്കെടുതികള്‍ ഒരുമിച്ച്‌സംഭവിക്കുമ്പോള്‍ അതൊരു പൂര്‍ണ്ണ കൊടുങ്കാറ്റായി മാറുന്നു. അത് വലിയ നാശനഷ്ടങ്ങളുണ്ടാക്കും. അതിനെ സധൈര്യം നേരിടാനുള്ള കഴിവാണ് ആര്‍ജിക്കേണ്ടത്.(കേരള സമ്പദ് വ്യവസ്ഥയില്‍ ഇത് സംഭവിക്കുമോ എന്ന് ഭയക്കേണ്ടിയിരിക്കുന്നു. ഗള്‍ഫ് പ്രതിസന്ധി, നോട്ട് നിരോധനം, റിയല്‍ എസ്റ്റേറ്റ്–ജി എസ് ടി പ്രതിസന്ധികള്‍ ഇവ ഇതിന് സൂചനകള്‍ ). ഇത്തരം പ്രതിസന്ധികള്‍ ഒരു നല്ല ഭാവിയ്ക്കായുള്ള അവസരമായി കണ്ട് അവയെ ശക്തമായി നേരിടുമ്പോഴാണ് വിജയം കൈവരിക്കാനാകുന്നത്.

‘ ജയിച്ച ഇടങ്ങള്‍ വിട്ടുപോരുക : തോല്‍വികളിലേക്ക് മടങ്ങുക’— ഇതു പറഞ്ഞത് ഗ്രീക്ക് എഴുത്തുകാരന്‍
കസാന്‍ദ്‌സാക്കിസ്. ക്രിസ്തുവിന്റെ ജീവിതം ഇതിന്റെ ഉദാത്ത ഉദാഹരണമാണ്.
തോല്‍വികളുടെ തോഴന്‍ ആയിരുന്നു യേശുക്രിസ്തു. കരച്ചിലിനെ അവന്‍ ഗാഢമായി പ്രണയിച്ചു. ഉപേക്ഷിതരിലൂടെയും, നിന്ദിതരിലൂടെയും, പരാജിതരിലൂടെയും അവന്‍ യാത്ര ചെയ്തു. ഒറ്റപ്പെടുന്ന എന്തിനെയും, എല്ലാ മുടിയന്മാരായ പുത്രന്മാരെയും തന്റെ ഉദാരമായസ്‌നേഹത്താല്‍ ആശ്ലേഷിച്ചു. ഉന്നതരെ എളിമയുള്ളവരാക്കാന്‍ വേണ്ടി ദുര്‍ബലരെയാണ് യേശു തിരഞ്ഞെടുത്തത്. ഇതുകൊണ്ടെല്ലാമാണ് നമ്മുടെ അറിവുകളെ അതിശയിപ്പിക്കുന്ന വലിയ കഥകള്‍ പറയാന്‍ അവനു കഴിഞ്ഞത്. പല വഴികളിലൂടെയുള്ള സഞ്ചാരം നല്‍കുന്ന പ്രാധാന്യം ഒന്ന് വേറെ തന്നെ. ഒഴുക്കില്ലാത്തി ടത്തു കിടന്ന് പായല്‍ പിടിക്കുന്നതിനേക്കാള്‍ നല്ലതണല്ലോ ഒഴുകി നടന്ന് മിനുസമാര്‍ജിക്കുന്നത്.

‘A rolling stone gathers no moss’, എന്ന ആപ്തവാക്യം വളരെ പ്രസക്തം.
ഗാന്ധിജിയോട് ഒരു കുട്ടി ചോദിച്ചു, ബാപ്പുജി, എന്താണ് ജനാധിപത്യം എന്നാല്‍?. ഗാന്ധിജി നല്‍കിയ മറുപടി ഇതായിരുന്നു:’ഒരു
ഓട്ടമത്സരത്തില്‍ ഒരാള്‍ ജയിച്ചു എന്നു മാത്രം ധരിക്കാതെ, മുന്നേറി ക്കഴിയുമ്പോള്‍, കുറേപ്പേര്‍ തന്റെ കൂടെ ഓടാനുണ്ടായിരുന്നെന്ന് ഓര്‍ക്കുന്നതാണ് ജനാധിപത്യം. ഒറ്റയ്‌ക്കോടിയാല്‍ അത് ജയമാകില്ല. തോല്‍ക്കാന്‍ കുറെ ആളുകള്‍ ഉണ്ടെങ്കിലേ ജയമാകൂ. മനുഷ്യവംശത്തിന്റെ എല്ലാ വിജയങ്ങള്‍ക്കും പിന്നില്‍ പരാജിതരുടെ ഒരു വലിയ നിര അദൃശ്യമായി ഉണ്ട് എന്ന ഓര്‍മ്മയുടെ പേരാണ് ജനാധിപത്യം’.

ഇതേ കാരണം കൊണ്ടായിരിക്കണം, സാഹിത്യത്തിലും, സിനിമയിലും, പത്രപ്രവര്‍ത്തനത്തിലും ഒരുപോലെ മൗലികമായ പരിവര്‍ത്തനത്തിന്റെ പ്രകാശംപരത്തി,
മലയാളിയെ ഏറെ അതിശയകരമായ രീതിയില്‍ സ്വാധീനിച്ച ഒരസാധാരണ വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന എം ടി വാസുദേവന്‍ നായര്‍, തന്റെ മിക്ക കൃതികളിലും പരാജിതരെക്കുറിച്ച് മാത്രം പ്രതിപാദിക്കുന്നത്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px