ഭൂമിയില്‍ ഞാന്‍ ജീവിച്ചിട്ടുണ്ടെങ്കിലും
ആകാശമായിരുന്നു എന്നും എന്റെ ആവാസ വീഥികള്‍.
നക്ഷത്രങ്ങളാണ് എന്റെ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍.
അവര്‍ ആത്മസാക്ഷാത്കാരത്തിന്റെ വെള്ളിവെളിച്ചം അനുഭവിക്കുന്നത് ആര്‍ക്കും കാണാന്‍ കഴിയും.
പ്രണയവും വിപ്ലവവും പൂക്കളുടെ സുഗന്ധവും ഭൂമിയിലെ ജീവിതത്തില്‍ എന്നെ എന്നും വേട്ടയാടിക്കൊണ്ടിരുന്നു.
അതില്‍ മതിമറന്നാണ് ഞാന്‍ ജീവിച്ചതെങ്കിലും പിന്നീട് സന്ന്യാസവും മോക്ഷസങ്കല്പങ്ങളും എന്നെ ആകാശത്തേക്ക് ഉയര്‍ത്തുകയായിരുന്നു.
സന്ന്യാസവും വിപ്ലവവും എന്നില്‍
എന്നും കടുത്ത ആത്മസംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.
സന്ന്യാസ രഥ്യയില്‍ ആയിരക്കണക്കിന് കാതങ്ങള്‍ ഞാനിപ്പോള്‍ പിന്നിട്ടിരിക്കുകയാണ്.
കാവിയും
കമണ്ഡലുവും യോഗദണ്ഡും രുദ്രാക്ഷവും ഭൂമിയില്‍ ഉപേക്ഷിച്ചാണ് സന്ന്യാസത്തിന്റെ വഴികളില്‍ ഞാന്‍ ആകാശത്തേക്ക് ഉയര്‍ന്നത്.
യോഗദണ്ഡും കമണ്ഡലുവുമൊക്കെ യഥാര്‍ത്ഥ സന്ന്യാസത്തിന് ആവശ്യമില്ലാത്ത പഴഞ്ചന്‍ താന്ത്രിക വസ്തുക്കളാണ്.
ജാതി മത വൈരുദ്ധ്യങ്ങളുടെ മാംസ ജഡിലമായ ഭൂമിയോടുള്ള എന്റെ ബന്ധം ഞാന്‍ നിര്‍ദ്ദയം വെട്ടി മുറിച്ചിരിക്കുകയാണ്.
എന്നെ സന്ന്യാസത്തിന് ബലികൊടുക്കാന്‍ അമ്മ തയ്യാറല്ല.
അവര്‍ ഭൂമിയില്‍ നിന്ന് വാവിട്ട് നിലവിളിക്കുകയാണ്.
ഞാന്‍ എന്നും അമ്മയുടെ പൊസ്സഷനില്‍ ആയിരുക്കുമെന്ന് അവര്‍ കരുതി.
എന്നാല്‍ എനിക്ക് പോകാതിരിക്കാന്‍ കഴിയുമായിരുന്നില്ല.
എന്റെ നിയോഗം അതായിരിക്കാം.
പ്രണയത്തിന്റെയും വിപ്ലവത്തിന്റെയും മര്‍ഗ്ഗങ്ങളില്‍ മറ്റുള്ളവരെ കൈപിടിച്ച് ഉയര്‍ത്താന്‍ കഴിയുമെങ്കിലും സാന്ന്യാസത്തിന്റെ വഴികളില്‍ അത് അസാധ്യമാണെന്ന് ഞാന്‍ മനസിലാക്കി.
യമനിയമാധികളും ശമദമാധികളും ബ്രഹ്‌മചര്യത്തിന്റെ വഴികളില്‍, സന്ന്യാസി ഏകാന്തമായാണ് അനുഷ്ഠിക്കുന്നത്.
ഒരു സന്ന്യാസി ഒരിക്കലും നൈഷ്ഠിക ബ്രഹ്‌മചാരി ആയിരിക്കണമെന്നില്ല; ആയാല്‍ കൊള്ളാം.
നിഷ്‌കാമ കര്‍മ്മിയായാല്‍ അതിലും നല്ലത്.
സര്‍വ്വസംഗപരിത്യാഗമാണ് ജീവന്മുക്താവസ്ഥയുടെ മുഖമുദ്ര.
അതൊക്കെ മറ്റുള്ളവരെ അഭ്യസിപ്പിക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
വിപ്ലവത്തിന്റെ സാമൂഹ്യകൂട്ടായ്മ സന്ന്യാസത്തില്‍ സാധ്യമല്ലെന്ന് ഞാന്‍ വളരെ ക്ലേശകരമായി തിരിച്ചറിഞ്ഞു. ഏകാന്തതയ്ക്കും ഏകാഗ്രതയ്ക്കുമിടയില്‍ മറ്റുള്ളവരെ ബ്രഹ്‌മചര്യം അഭ്യസിപ്പിക്കുക ഏറെ ബുദ്ധിമുട്ടാണ്.
പ്രണയവും വിപ്ലവവും പോലെയല്ല, സന്ന്യാസത്തിന്റെ വഴികള്‍ ഭീകരവും ദുര്‍ഘടം പിടിച്ചതുമാണ്.
ഭൂമിയില്‍ നിന്ന് നോക്കുന്നവര്‍ക്ക് സന്ന്യാസം, സ്വപ്നസന്നിഭമായ ഒരു മനോഹര കാഴ്ചയാണ്.
എന്നാല്‍ സാന്ന്യാസം, മഞ്ഞുമലകളിലൂടെയും അഗ്‌നിപര്‍വ്വതങ്ങളിലൂടെയുമുള്ള കഠിനവും ഘോരവുമായ യാത്രയാണ്.
അപ്പോഴും ഭൂമിയിലെ പൂക്കളും പുഴകളും പ്രണയവും വിപ്ലവവും നമ്മെ പുറകോട്ട് മാടി വിളിച്ചുകൊണ്ടിരിക്കും.
ഒരു കൈക്കുടന്ന നിറയെ മുല്ലപ്പക്കളുമായി ഭൂമിയില്‍ നിന്ന് എന്റെ പ്രണയിനി എന്നെ തിരിച്ചുവിളിക്കുകയാണ്;
അവളുടെ കണ്ണീര്‍ എങ്ങനെ തുടയ്ക്കും.
എനിക്കാണെങ്കില്‍ ഭൂമിയിലെ വൃക്ഷങ്ങളെയും പ്രണയ പെണ്‍കൊടികളെയും പൂക്കളെയും ഉപേക്ഷിച്ചുപോകുന്നത് വേദനാജനകമായിരുന്നു.
എങ്കിലും വളരെ പണിപ്പെട്ടായാലും ഞാനതെല്ലാം സാധിച്ചെടുത്തു.
എന്തെല്ലാം പ്രലോഭനങ്ങളെ അതിജീവിച്ചുവേണം മോക്ഷ സന്ന്യാസത്തിന്റെ കൊടുമുടികളില്‍ എത്തിച്ചേരാന്‍.
ഞാന്‍ സന്ന്യാസത്തിന്റെ ആകാശ മാര്‍ഗ്ഗത്തിലാണെങ്കിലും ഭൂമിയിലെ പ്രണയവും വിപ്ലവവും എന്നെ എപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.
പ്രണയവും വിപ്ലവവും ഭൗമിക വ്യക്തിത്വമായിരിക്കുമ്പോള്‍, സന്ന്യാസവും മോക്ഷവും പ്രാപഞ്ചിക വ്യക്തിത്വമാണ്.
നമ്മുടെ ആത്മാവിന്റെ ചിന്താരതരംഗങ്ങള്‍ പ്രകാശത്തെക്കാള്‍ വേഗതയില്‍ സഞ്ചരിച്ചാണ്, പ്രപഞ്ചാത്മാവില്‍ വിലയംകൊണ്ട് ആത്മസാക്ഷാത്കാരം അനുഭവിക്കുന്നത്.
അതിന് ഘീയോഗം അഭ്യസിച്ച് ജലോപരിതലത്തിലൂടെ നടക്കണമെന്നോ, യോഗാത്മകതയുടെ ശീര്‍ഷാസനങ്ങള്‍ അഭ്യസിക്കണമെന്നോ ഇല്ല;
അഭ്യസിച്ചാല്‍ തീര്‍ച്ചയായും നല്ലതാണ്.
പ്രണയത്തിലും വിപ്ലവത്തിലും, രാത്രിസപ്നങ്ങളും സംഗീതവും നൃത്തവും അലയടിച്ചുകൊണ്ടിരിക്കുമ്പോള്‍, സന്ന്യാസ മോക്ഷസങ്കല്പങ്ങള്‍ സ്വപ്നശൂന്യവും സംഗീത രഹിതവുമാണ്.
സന്ന്യാസവും മോക്ഷവും ഭൗമ ജീവിതത്തെപ്പോലെ ഭ്രമാത്മകമായ ആവേശവും വികാരവുമല്ല ;
അത് ആത്മീയവിവേകത്തിന്റെയും ആത്മജ്ഞാന ആനന്ദത്തിന്റെയും ഗിരിശൃംഗങ്ങളാണ്.
ഭൂമിയിലെ ജീവിതത്തിന്റെ മാസ്മരികതയെ വിച്ഛേദിച്ചുവേണം ബ്രഹ്‌മസാക്ഷാത്കാരത്തിന്റെ കൊടുമുടികളിലേക്ക് ഉയരാന്‍.
യോഗാത്മകതയിലും ശീര്‍ഷാസനങ്ങളിലും ധ്യാനാത്മകതയുടെ
ആനന്ദാനുഭൂതികളിലുമാണ്,
സന്ന്യാസം ബ്രഹ്‌മവിദ്യയുടെ കൊടുമുടികള്‍ കയറുന്നത്.
Ph: 9744672832.