കോടതി, ആശുപത്രി, പോലീസ് സ്റ്റേഷന്‍, എന്നീ സ്ഥാപനങ്ങളെ ചുറ്റി കടന്നുപോകുന്ന പ്രധാനപാതയുടെ അരികത്തായി അത്ര വലിയ പ്രാധാന്യമില്ലാതെ നിലകൊള്ളുന്ന ഒരു കെട്ടിടത്തില്‍ അമിതമായ ആഡംബരമൊന്നുമില്ലാതെ ഒരു ലഘുഭക്ഷണശാല പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ചെറുതെങ്കിലും മനോഹരമായ ചാരുതയോടെ ആ കട എല്ലാ ദിവസവും അതിരാവിലെ തുറക്കുകയും വളരെ വൈകി മാത്രം അടയ്ക്കുകയും ചെയ്തു. കുറേയധികം ആളുകള്‍ ആ കടയിലെ പതിവുകാരായിരുന്നു. രാവിലെയും വൈകുന്നേരവും സജീവമാകുന്ന അവിടെ ഇടനേരങ്ങള്‍ ശാന്തമായ തിരക്കിലൂടെ കടന്നുപോവുകയാണ് പതിവ്.
അത്ര ചെറുതല്ലാത്ത ഒരു പട്ടണത്തിലെ വലുതല്ലാത്ത ഒരു കോഫി ഷോപ്പിനെ പറ്റി ഇത്രയേറെ പരത്തിപ്പറയാന്‍ എന്താണുള്ളത് എന്ന് നിങ്ങള്‍ ചിന്തിച്ചു തുടങ്ങിയിട്ടുണ്ടാകാമെന്ന ചിന്ത എന്നിലേക്ക് കടന്നു വരുന്നുണ്ട്. നീളമേറിയ മുറിയുടെ പാതി നീളത്തിനപ്പുറം കറുത്ത ചില്ലുമറയുള്ള ഒരു കൊച്ചു മുറി തണുപ്പിന്റെ മേലങ്കി പുതപ്പിച്ച് സജ്ജീകരിച്ചിരുന്നു. അതിനുള്ളിലെ നാലു പേര്‍ക്കിരിക്കാവുന്ന തരം മൂന്നു മേശയും ചാരുബഞ്ചുകളും രഹസ്യങ്ങളെ ഒതുക്കിപ്പിടിക്കുകയാണ് എന്നു തോന്നും. ഒരു മൂലയിലേക്ക് ചേര്‍ന്നു കിടക്കുന്ന മൂന്നാമത്തെ മേശയിലാണ് രഹസ്യങ്ങള്‍ ഏറെയും സംഗമിക്കുക. കട്ടന്‍ കാപ്പിക്കപ്പുറവും ഇപ്പുറവുമായി പതിഞ്ഞ താളത്തില്‍ അമര്‍ന്നു പെരുകുന്ന സ്വകാര്യമര്‍മ്മരങ്ങള്‍. രണ്ടു ഷെയ്ക്കിനെ മുന്‍നിര്‍ത്തി തണുപ്പ് വലിച്ചുകുടിച്ചും കോരിക്കഴിച്ചും തിളച്ചു തുളുമ്പുന്ന പ്രണയ മര്‍മ്മരങ്ങള്‍. പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ മനസാക്ഷിയെ മറച്ചു വച്ച് പറയേണ്ട നുണകളുടെ അവസാന റിഹേഴ്‌സല്‍. എന്തെല്ലാം തന്നിലേക്ക് തന്നെ ഒതുക്കി വീര്‍പ്പുമുട്ടുന്നുണ്ടാകും ആ മേശയും ചാരുബഞ്ചുകളും.
അന്ന് ഒരു വല്ലാത്ത ദിവസം തന്നെ ആയിരുന്നു. ഒരു നാലു നാലരയായപ്പോഴാണ് അവര്‍ വന്നത്. അവരുടെ ആഢ്യത്വം നിറഞ്ഞ നടത്തവും ചലനങ്ങളും ആരും ശ്രദ്ധിച്ചു പോകുന്നതരത്തിലുള്ളതു തന്നെയായിരുന്നു. അവരുടെ കൈകളിലുണ്ടായിരുന്ന തുകല്‍ ബാഗുകള്‍ മെഡിക്കല്‍ റെപ്രസന്റേറ്റീവുമാരെ ഓര്‍മ്മിപ്പിച്ചു. നാലര മണി ആ കോഫി ഷോപ്പിനെ ചലനാത്മകമാക്കി നിര്‍ത്തുന്ന നേരമാണ്. ആശുപത്രിയിലെ കൂട്ടിരിപ്പുകാരും, വക്കീലാപ്പീസിലെ ഗുമസ്തന്‍മാരും, തിരക്കിലല്ലാത്ത പോലീസുകാരും, സമീപസ്ഥാപനങ്ങളിലെ തൊഴിലാളികളും ചായ കുടിക്കാന്‍ വരുന്ന നേരം.ആനേരത്തു തന്നെയാണ് അവരും വന്നത്. അവര്‍ മൂന്നു പേരുണ്ടായിരുന്നു. പുറത്തുള്ള എല്ലാ ഇരിപ്പിടങ്ങളിലും ആളുകള്‍ തിരക്കുകൂട്ടി കലപിലെ സംസാരിച്ച് ചായ കുടിച്ചു കൊണ്ടിരുന്നു. അപ്പോള്‍ അവരിലൊരാള്‍ ചില്ലു വാതില്‍ തുറന്ന് അകത്തേക്ക് തലയിട്ടു നോക്കി. അകത്തെ മൂലയിലെ മൂന്നാമത്തെ മേശ അപ്പോള്‍ തികച്ചും ശൂന്യമായിരുന്നു. അയാള്‍ മറ്റുള്ളവരെയും കൂട്ടി അവിടേക്കു കടന്നിരുന്നു.
‘ മൂന്നു കോഫി, ബ്രൂ തന്നെ ആയ്‌ക്കോട്ടെ.”
ഓര്‍ഡര്‍ കൊടുത്തിട്ട് കോഫി വരുന്നതു വരെ അവര്‍ ആരും ഒന്നും മിണ്ടുകയുണ്ടായില്ല. അവരവരുടെ മൊബൈലില്‍ ജാഗ്രതയോടെ അവര്‍ എന്തെല്ലാമോ പരതിക്കൊണ്ടിരുന്നു. കോഫി മുന്നില്‍ വന്നപ്പോള്‍ അവര്‍ ഒരേ താളത്തില്‍ മുന്നോട്ടാഞ്ഞു. അവരില്‍ വെളുത്തു കിളരം കൂടിയ ആള്‍ തന്റെ മൊബൈല്‍ ടേബിളില്‍ വച്ചു. ഗൂഗിള്‍ ലൊക്കേഷനിലെ തെരുവു കാഴ്ച തുറന്നു വച്ചിരിക്കുകയായിരുന്നു അയാള്‍.
”ഇതാണ് നോക്കേണ്ടത്. ഇത് പള്ളി ഇതിനോട് ചേര്‍ന്ന് ബാങ്ക്. നോക്കൂ. പള്ളിയുടെയും ബാങ്കിന്റെയും ഇടയില്‍ ഒരു ഇടനാഴി പോലെ രണ്ടു ഭിത്തികള്‍ക്കിടയിലെ വിടവ്. ഈ വിടവിലൂടെ കടന്നാല്‍ ഒരേ സമയം നേര്‍ച്ചക്കുറ്റിയും,ബാങ്ക് ലോക്കറും നമുക്ക് തുറക്കാം.”
‘ ആ ഇടനാഴി റോഡിലേക്കാണല്ലോ തുറന്നിരിക്കുന്നത്. പിടിക്കപ്പെടാന്‍ വളരെയേറെ സാദ്ധ്യതയുണ്ട്.”
ഉയരം കുറഞ്ഞ് കുറുകിയ ആള്‍ പറഞ്ഞു. ഒന്നാമന്‍ അപ്പോള്‍ ചെറുതായി പുഞ്ചിരിച്ചു. അയാള്‍ തന്റെ പോക്കറ്റില്‍ നിന്ന് മറ്റൊരു ഫോണെടുത്ത് ഒരു ചിത്രം വലുതാക്കി കാണിച്ചു. വിശുദ്ധ വാരാചരണത്തിന്റെ ഒരു വലിയ ഫ്‌ലക്‌സ് ബോര്‍ഡിന്റെ ചിത്രമായിരുന്നു അത്.
‘ഇത് ഇപ്പോള്‍ അവിടെ റോഡരികില്‍ വച്ചിരിക്കുന്ന ബോര്‍ഡാണ്. ഇന്നു രാവിലെ ബാങ്കില്‍ പോയി നിരീക്ഷിച്ചുറപ്പിച്ചു വന്നപ്പോള്‍ എടുത്ത ചിത്രമാണിത്. ആ വലിയ മറ നമ്മെ രക്ഷിക്കുക തന്നെ ചെയ്യും. കര്‍ത്താവ് നമുക്ക് കാവല്‍ നില്‍ക്കും. എല്ലാം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ പരിസര നിരീക്ഷണത്തിനും ഇത് നമ്മളെ ഉറപ്പായും സഹായിക്കും.”
‘ ഇങ്ങോട്ട് വരുമ്പോള്‍ ഞാനും ശ്രദ്ധിച്ചിരുന്നു. നല്ലൊരു മറതന്നെയാണ് ആ ബോര്‍ഡ്.”
മൂന്നാമന്‍ ഒന്നാമന്റെ നിരീക്ഷണത്തോട് യോജിച്ചു. അവര്‍ അന്നുരാത്രി നടത്തേണ്ട വലിയൊരു കവര്‍ച്ചയ്ക്കുള്ള പദ്ധതിയുടെ അവസാന രൂപരേഖ ഉറപ്പിക്കുകയായിരുന്നു അവിടെ. അതിനു ശേഷം അവര്‍ ശാന്തമായി തണുത്ത കാപ്പി ഊതിക്കുടിക്കുവാന്‍ തുടങ്ങി. ആ സമയത്ത് അവര്‍ തങ്ങളുടെ പദ്ധതികള്‍ രഹസ്യമായി ഒന്നുകൂടി പറഞ്ഞുറപ്പിച്ചു. ആ കൈമുട്ടുകള്‍ ഇനിയും തന്റെ മേലമര്‍ന്നാല്‍ താന്‍ തകര്‍ന്നു പോകുമെന്ന് ആ മേശയ്ക്കു തോന്നിയതിനാലാകണം അത് ആകെയൊന്നിളക്കി കറകറ ശബ്ദം പുറപ്പെടുവിച്ചു. എല്ലാം ഞാന്‍ കേട്ടു എന്നൊരു ധ്വനി ഞെരിഞ്ഞമര്‍ന്ന ആ ശബ്ദത്തിനുണ്ടായിരുന്നു. അവര്‍ തങ്ങളുടെ പദ്ധതിക്ക് അവസാനരൂപം കൊടുക്കുന്ന നേരത്ത് ഒരു മറയുടെ അപ്പുറം ഡേറ്റ്‌സ് കട്ടിംഗും ചവച്ച് കട്ടന്‍ ചായ ഊതിക്കുടിച്ചു കൊണ്ടിരുന്നത് സ്ഥലം സബ് ഇന്‍സ്‌പെക്ടറും ഡ്രൈവറും ആയിരുന്നു.
പിറ്റേ ദിവസം നേരം പുലര്‍ന്നത് രണ്ടു വലിയ മോഷണവാര്‍ത്തകളുമായാണ്. പള്ളിയുടെ നേര്‍ച്ചക്കുറ്റി കുത്തിപ്പൊളിച്ചിട്ടിരിക്കുന്നത് വെളുപ്പിന് അഞ്ചു മണിയ്ക്ക് നടക്കാനിറങ്ങിയ പള്ളി വികാരി തന്നെയാണ് ആദ്യം കണ്ടത്. ഹൃദയം നിലച്ചു പോയതുപോലെ അച്ചന് തോന്നി.
”കര്‍ത്താവേ….. നീ എന്നെ പരീക്ഷിക്കുകയാണോ”
എന്ന ചോദ്യത്തോടെ അച്ചന്‍ അവിടെ തളര്‍ന്നിരുന്നു. അവിടിരുന്ന് മുകളിലേക്ക് നോക്കിയ തന്നെ നോക്കി കര്‍ത്താവ് പരിഹസിച്ചു ചിരിക്കുന്നതായി അച്ചന് തോന്നി. വികാരിക്ക് തന്റെ വികാരങ്ങളെല്ലാം മരവിച്ചു പോയതുപോലെ അനുഭവപ്പെട്ടു. അച്ചനെ കാണാതെ തപ്പിയിറങ്ങിയ കപ്യാരാണ് പോലീസിനെ വിളിക്കാന്‍ പറഞ്ഞത്. കപ്യാരു തന്നെയാണ് കൈക്കാരന്‍മാരെ വിവരം വിളിച്ചറിയിച്ചതും. അങ്ങനെയാണ് വലിയൊരു കവര്‍ച്ചയുടെ വര്‍ത്തമാനം പുറത്തറിയുന്നത്. പോലീസുകാര്‍ വന്ന് പരിശോധന നടത്തുന്ന നേരത്താണ് ബാങ്കു ലോക്കറിലേക്ക് തുറന്നിരിക്കുന്ന ഒരു തുരങ്കം കണ്ടത്. രണ്ടു വന്‍കവര്‍ച്ചകളുടെ വാര്‍ത്തകള്‍ ഒരു മര്‍മ്മരമായി നാടാകെ പടര്‍ന്നു. കേട്ടവര്‍ കേട്ടവര്‍ അവിടേക്ക് വന്നുകൊണ്ടിരുന്നു. അവിടം ജനങ്ങളെക്കൊണ്ടു നിറഞ്ഞു. പോലീസുകാര്‍ ജനങ്ങളെ നിയന്ത്രിക്കാന്‍ പാടുപെട്ടു. ചെറിയ ഒരു വിടവിലൂടെ കടന്ന് ബാങ്കു ലോക്കറിനരുകിലേക്ക് നിര്‍മ്മിച്ച തുരങ്കം ആളുകളെ അത്ഭുതപ്പെടുത്തി. തെളിവുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ അവിടം വടം കൊണ്ട് വേലി കെട്ടിത്തിരിച്ചിട്ടുണ്ടായിരുന്നു എങ്കിലും ആളുകള്‍ തിരക്കുകൂട്ടിക്കൊണ്ടിരുന്നു.
ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും ചുറ്റുമുള്ള നിരീക്ഷണ ക്യാമറകളില്‍ സൂക്ഷ്മപരിശോധന നടത്തുകയും ചെയ്തു. ചാനലുകളില്‍ ബാങ്കുകവര്‍ച്ചയുടെ വാര്‍ത്തകള്‍ ഫ്‌ലാഷ് ന്യൂസുകളായി വന്നു കൊണ്ടിരുന്നു. ബാങ്കില്‍ നിന്ന് കോടികളുടെ പണവും സ്വര്‍ണ്ണവും നഷ്ടമായെന്ന കണക്കുകള്‍ പുറത്തു വന്നു. തിരുനാള്‍ കഴിഞ്ഞ കാലമായതിനാല്‍ നേര്‍ച്ചക്കുറ്റിയില്‍ നാലു ലക്ഷത്തിലധികം രൂപ ഉണ്ടായിരിക്കാനുള്ള സാദ്ധ്യതയാണ് കമ്മറ്റിക്കാര്‍ പങ്കുവച്ചത്. അങ്ങനെ ഒരു നാട് വലിയൊരു കൊള്ളയുടെ വര്‍ത്തമാനങ്ങളില്‍ വിറങ്ങലിച്ചു നിന്നെങ്കിലും നഗരം സാധാരണ പോലെ ചലനാത്മകമായി.
പതിവുപോലെ അന്നും ആ ലഘുഭക്ഷണശാല അതിരാവിലെ തന്നെ വൃത്തിയോടെ തുറന്നു. ചായയ്‌ക്കൊപ്പം വാര്‍ത്തകളും ഊഹാപോഹങ്ങളും അവിടെ ചിന്നിച്ചിതറി. ഒരു വലിയ സംഘം തന്നെ ഈ കവര്‍ച്ചയ്ക്കു പിന്നിലുണ്ടെന്ന് ആളുകള്‍ പറഞ്ഞു. ഒച്ച പുറത്തുവരാത്ത ആധുനിക ഉപകരണങ്ങള്‍ കൊണ്ടാണ് ഈ കവര്‍ച്ച നടത്തിയിരിക്കുന്നതെന്നും അല്ലെങ്കില്‍ മെയിന്‍ റോഡരുകില്‍ ആരുമറിയാതെ എങ്ങനെ ഇത്ര വലിയ ഒരു തുരങ്കം ഉണ്ടാക്കും എന്നെല്ലാം അവര്‍ പരസ്പരം ചോദിക്കുകയും കഥകളില്‍ തങ്ങളാല്‍ കഴിയും വിധം മിനുക്കുപണികള്‍ വരുത്തുകയും ചെയ്തു കൊണ്ടിരുന്നു. ആ കടയില്‍ നിന്ന് നോക്കിയാല്‍ കാണുന്ന ആദ്യ വളവിനിപ്പുറമായിരുന്നു സംഭവ സ്ഥലം എന്നതിനാല്‍ കേട്ടറിഞ്ഞു വന്നവരില്‍ പലരും ചായയും നാരങ്ങാവെള്ളവും കുടിക്കാനായി അവിടേക്കു വരികയും, രാവിലെ തന്നെ കടയില്‍ തിരക്കേറുകയും ചെയ്തു. കടയിലെ തിരക്ക് ഉടമയെ അതിയായി സന്തോഷിപ്പിച്ചു. കള്ളന്‍മാരോട് അയാള്‍ക്ക് ബഹുമാനവും സ്‌നേഹവും തോന്നി.കടയുടമയുടെ സന്തോഷത്തിനപ്പുറം കടയിലെ പണിക്കാര്‍ വിഷണ്ണരായിരുന്നു. തങ്ങളുടെ ഇത്രയടുത്ത് ഇത്രയും വലിയ രണ്ടു മോഷണങ്ങള്‍ നടന്നിട്ടും അവിടെ വരെയൊന്നു ചെന്നു നോക്കാന്‍ പറ്റാത്തതില്‍ അവര്‍ വല്ലാതെ സങ്കടപ്പെട്ടു. എങ്കിലും, അവിടെ വന്നവരുടെ വാക്കുകള്‍ പെരുപ്പിച്ച് പെരുപ്പിച്ച് മോഷണം നേരില്‍ കണ്ടവരെപ്പോലെ ഭംഗിയായി അവര്‍ കവര്‍ച്ചാ രീതികളെങ്ങനെയായിരുന്നെന്ന് മറ്റുള്ളവരോട് വിശദീകരിക്കുകയും ചെയ്തുകൊണ്ടിരുന്നു.
അങ്ങനെ സംഭവബഹുലമായ ഒരു ദിവസം കഴിഞ്ഞുപോയി. പിറ്റേന്നും കള്ളന്‍മാരെ കുറിച്ചുള്ള ചര്‍ച്ചകള്‍ പൊടിപ്പും തൊങ്ങലും നിറച്ച് പറന്നു നടന്നു. അതിനിടയിലേക്കാണ് ശീതീകരണ മുറിയിലെ മൂന്നാമത്തെ മേശയുടെ അപ്പുറവും ഇപ്പുറവുമായി ഒരു യുവാവും പെണ്‍കുട്ടിയും വന്നിരുന്നത്. പെണ്‍കുട്ടി കോളേജ് വേഷത്തിലായിരുന്നു. വിദഗ്ധമായി മാതാപിതാക്കളെ കബളിപ്പിക്കുന്നതിനാലാവണം അവളുടെ മുഖം പരിഭ്രമത്താല്‍ വിളറിയും ചുണ്ടുകള്‍ ചുവന്നു വിറയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ആ ചെറുപ്പക്കാരന്‍ കൈമുട്ടുകള്‍ മേശയില്‍ ഊന്നി മുന്നോട്ടു വളഞ്ഞിരുന്നു. ഇനിയും രഹസ്യങ്ങള്‍ താങ്ങാന്‍ തനിക്കാവതില്ലെന്ന മട്ടില്‍ മേശ അപ്പോള്‍ ഞെരിഞ്ഞു കരഞ്ഞു. ആളുകള്‍ തന്നിലൂന്നി കെട്ടഴിച്ച രഹസ്യച്ചുമടുകളുടെ ഭാരത്തെക്കുറിച്ച് അപ്പോള്‍ ആ മേശ ചിന്തിച്ചു. എല്ലാം പരസ്യമായി വിളിച്ചു പറയാന്‍ തനിക്ക് ആവതില്ലാത്തതിനാലും, ഒരു ഉണക്ക മരക്കഷണത്തിന് വികാരം അലയടിക്കുന്ന മനസ്സ് ഉണ്ടാവുകയില്ലെന്ന പൊതുബോധം ഉള്ളില്‍ എപ്പോഴോ നിറഞ്ഞു പോയിരുന്നതിനാലും ആ മേശ രഹസ്യങ്ങളെ ഒരു ഞരക്കത്തോടെ തന്നിലേക്കാവാഹിക്കുക മാത്രം ചെയ്തു.
എത്ര നേരമായി അവര്‍ അവിടെ ഇരിക്കാന്‍ തുടങ്ങിയിട്ട് എന്ന് കടക്കാരന്‍ അസ്വസ്ഥതയോടെ വിചാരിക്കുകയായിരുന്നു. തന്റെ മുന്നിലെ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ ശീതീകരണമുറിയിലെ കാമറ ഒപ്പിയെടുക്കുന്ന ദൃശ്യങ്ങളിലേക്ക് സൂഷ്മതയോടെ നോക്കിയിരിക്കുകയായിരുന്നു അപ്പോള്‍ അയാള്‍. അനുചിതമായതെന്തെങ്കിലും കണ്ടാല്‍ ഉടന്‍ പ്രതികരിക്കണമെന്ന ചിന്ത അയാളില്‍ ഉടലെടുത്തു കഴിഞ്ഞിരുന്നു. അവിടെ ആ ചെറുപ്പക്കാരനൊപ്പം ഇരിക്കുന്നത് തന്റെ മകളായിരുന്നെങ്കില്‍ താന്‍ എത്രമാത്രം ജാഗ്രത കാണിക്കുമായിരുന്നോ അതിലധികം ജാഗ്രതയോടെ അയാള്‍ അവരെ നിരീക്ഷിച്ചു കൊണ്ടിരുന്നു. അയാള്‍ അപ്പോഴെല്ലാം ആളുകളോട് സംസാരിക്കുകയും, പണം വാങ്ങി കൃത്യമായി ബാക്കി തുക തിരികെ നല്‍കുകയും ചെയ്യുന്നുണ്ടായിരുന്നെങ്കിലും അതെല്ലാം തികച്ചും യാന്ത്രികമായിരുന്നു. പെണ്‍കുട്ടി മേശമേല്‍ കൈമുട്ടുകളൂന്നി മുഖം ഉള്ളംകൈയില്‍ താങ്ങി കുനിഞ്ഞിരിക്കുകയായിരുന്നു. യുവാവാകട്ടെ കാപ്പിക്കപ്പ് മേശമേല്‍ വച്ച് വെറുതെ കറക്കിക്കൊണ്ടിരുന്നു. അവന്‍ എന്തെല്ലാമോ സംസാരിക്കുന്നുണ്ടെന്ന് അയാള്‍ക്കു തോന്നി. അവള്‍ മുഖം കൈകളില്‍ ചേര്‍ത്തിരുന്ന് കരയുകയാവാം എന്നയാള്‍ വിചാരിച്ചു. പൊടുന്നനെ അവള്‍ തല ഉയര്‍ത്തി മുഖം അമര്‍ത്തിത്തുടച്ച് എഴുന്നേറ്റു. ബാഗില്‍ നിന്ന് ഒരു ചെറിയ പൊതിയെടുത്ത് അവനു മുന്നില്‍ വച്ചു. എന്നിട്ട് ഡോര്‍ തുറന്ന് പുറത്തിറങ്ങി ധൃതിയില്‍ നടന്നു പോയി. തന്റെ ശരികളിലേക്ക് പതര്‍ച്ചയേതുമില്ലാതെ നടന്നു പോകുന്ന സ്വന്തം മകളെയാണ് അപ്പോള്‍ അയാള്‍ അവളില്‍ കണ്ടത്. അയാള്‍ക്ക് അവളോട് വാത്സല്യം തോന്നി. യുവാവ് അവള്‍ നീക്കി വച്ചു കൊടുത്ത പൊതി തന്റെ ജീന്‍സിന്റെ പോക്കറ്റില്‍ തിരുകി വച്ചിട്ട് കാപ്പിക്കപ്പിനെ കറക്കിക്കൊണ്ട് പിന്നെയും അവിടെത്തന്നെ ഇരുന്നു. അവള്‍ തിരികെ വരുമെന്ന് അവന്‍ പ്രതീക്ഷിക്കുന്നതുപോലെ അപ്പോള്‍ അയാള്‍ക്കു തോന്നി. ആരുടെ ഭാഗമാണ് ശരി എന്ന് അറിയുകയില്ലായിരുന്നെങ്കിലും അയാള്‍ ആ പെണ്‍കുട്ടിയുടെ ഭാഗത്തായിരുന്നു. തന്റെ മകളും ഒരു പക്ഷേ ഇത്തരം ഒരു പ്രതിസന്ധിയില്‍ നിന്ന് ധീരമായി രക്ഷപ്പെട്ടു വരണമെങ്കില്‍ തന്റെ മനസ്സ്, അറിയപ്പെടാത്ത ആ പെണ്‍കുട്ടിയോടൊപ്പംതന്നെ ഉണ്ടാകണമെന്ന് അയാള്‍ അപ്പോള്‍ വിശ്വസിച്ചു. പിന്നീടെപ്പോഴോ ആ ചെറുപ്പക്കാരന്‍ എഴുന്നേറ്റു വന്ന് രണ്ടു കോഫിയുടെ പണം മേശമേല്‍ വച്ച് കടന്നുപോയപ്പോഴേക്കും കടക്കാരന്‍ മറ്റു തിരക്കുകളിലേക്ക് അലിഞ്ഞു ചേര്‍ന്നു കഴിഞ്ഞിരുന്നു. രണ്ടാളില്‍ ഒരാള്‍ പോയിക്കഴിഞ്ഞാല്‍ പിന്നെ അവിടൊരു നിരീക്ഷകന്റെ ആവശ്യമില്ലാത്തതിനാല്‍ തന്നെ അയാള്‍ എപ്പോഴോ ക്യാമറക്കണ്‍ ദൃശ്യങ്ങളില്‍ നിന്ന് സ്വയം പിന്‍വലിഞ്ഞു പോരുകയായിരുന്നു.
അന്ന് വൈകുന്നേരം നാലു മണി കഴിഞ്ഞനേരം, ആഢ്യത്വം തുളുമ്പുന്ന ചലനങ്ങളും തുകല്‍ ബാഗുകളുമായി ആ മൂന്നു പേര്‍ പിന്നെയും അവിടേയ്ക്കുകയറി വന്നു. അവരുടെ നടപ്പിന്റെ വശീകരണത്തില്‍ കടക്കാരന്‍ ഉള്ളു തുറന്ന് ചിരിച്ചു. അവര്‍ ചില്ലുവാതില്‍ തള്ളിത്തുറന്ന് ഉള്ളിലെ മൂലയിലേക്കു തന്നെ ചെന്നിരുന്നു. തലേന്നത്തെ കവര്‍ച്ചയെ പറ്റിയുള്ള പൊതുജനങ്ങളുടെ അഭിപ്രായം തേടിയുള്ള വരവായിരുന്നു അത്. തുകല്‍ ബാഗ് മേശയുടെ ചുവട്ടില്‍ വച്ച് അവര്‍ ചാരുകസേരയില്‍ മുന്നോട്ടു കുനിഞ്ഞ് മേശമേല്‍ കൈയ്യൂന്നി ഇരുന്നു. അവരുടെ ഭാരത്തെക്കാളുപരി അവരെ പറ്റിയുള്ള രഹസ്യങ്ങളുടെ ഭാരം മേശയ്ക്ക് അസഹ്യമായിരുന്നു. പുറത്തിരുന്ന് ചായ കുടിയ്ക്കുന്നവരോട് ഈ മൂവര്‍ സംഘത്തെപറ്റി വിളിച്ചു പറയാന്‍ തനിക്ക് കഴിയുന്നില്ലല്ലോ എന്ന ചിന്ത പെരുകിപ്പെരുകി നിറഞ്ഞ നേരം ഒരു ഞരങ്ങലോടെ ആ മേശ തകര്‍ന്നുവീഴുകതന്നെ ചെയ്തു. ഒന്നു വേച്ചു പോയെങ്കിലും തങ്ങളുടെ ബാഗുമെടുത്ത് അവര്‍ അപ്പോള്‍ പുറത്തേക്കിറങ്ങുകയും കടക്കാരനോട് മേശയുടെ ബലക്കുറവിനെ പറ്റി പരാതിപ്പെടുകയും ചെയ്തു. അതിനുശേഷം അവര്‍ ആളുകള്‍ക്കിടയിലിരുന്ന് തലേന്നത്തെ മോഷണ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ് ഉള്ളില്‍ ചിരിച്ചു കൊണ്ട് പഴം പൊരിയും ചായയും കഴിച്ചു. തങ്ങളോട് കഥകള്‍ പറഞ്ഞു കൊണ്ടിരുന്നത് ഒരു പോലീസുകാരനായിരുന്നെന്ന് അവരോ, തങ്ങള്‍ തിരയുന്ന തസ്‌കരന്‍മാര്‍ ഇവരാണെന്ന് അയാളോ തിരിച്ചറിഞ്ഞതുമില്ല. എന്തായാലും വല്ലാത്തൊരു മോഷണം തന്നെ. അന്യ സംസ്ഥാനത്തുള്ള ഏതെങ്കിലും പ്രൊഫഷണല്‍ കൊള്ളക്കാരായിരിക്കും ഈ കവര്‍ച്ചയ്ക്കു പിന്നില്‍ എന്ന് മറ്റുള്ളവര്‍ കേള്‍ക്കെ പറയുകയും, കുറുവാസംഘം ഇറങ്ങിയ വാര്‍ത്ത പരസ്പരം പറഞ്ഞുകൊണ്ട് ബാഗുമെടുത്ത് പണം കൊടുത്ത് അവര്‍ എവിടേക്കോ നടന്നു പോവുകയും ചെയ്തു. മോഷണവര്‍ത്തമാനങ്ങള്‍ ആ തിരക്കിനിടയില്‍ വീണ്ടും ചര്‍ച്ചയായെങ്കിലും കടയുടമ ഒന്നിനും കാതുകൊടുക്കാതെ തന്റെ സീറ്റില്‍ അമര്‍ന്നിരുന്നു. അയാളുടെ മനസ്സ് അപ്പോഴും രാവിലെ വന്നു പോയ ആ പെണ്‍കുട്ടിയോടൊപ്പമായിരുന്നു.
അടുത്ത ദിവസം രാവിലെ പത്രത്തില്‍ ഒരു വാര്‍ത്തയും ചിത്രവും കണ്ട് കടയുടമ വല്ലാത്തൊരു സ്തംഭനത്തിലേക്ക് ആഴ്ന്നുപോയി. നിരോധിത രാസലഹരിയുമായി ഒരു യുവാവ് അറസ്റ്റിലായ വാര്‍ത്തയുടെ മദ്ധ്യത്തില്‍ എക്‌സൈസ് സംഘത്തോടൊപ്പം നില്‍ക്കുന്ന ആ ചെറുപ്പക്കാരന്റെ ചിത്രത്തിലേക്ക് അയാള്‍ കണ്ണിമയ്ക്കാതെ നോക്കി നിന്നു. ഇന്നലെ അറിയപ്പെടാത്ത ആ പെണ്‍കുട്ടി തന്റെ ബാഗില്‍ നിന്ന് അവനു കൊടുത്തിട്ടു പോയ പൊതിയില്‍ എന്തായിരുന്നിരിക്കും എന്ന ചിന്ത അയാളെ അപ്പോള്‍ വല്ലാതെ വീര്‍പ്പുമുട്ടിച്ചു. ഒരു പക്ഷേ അതായിരുന്നിരിക്കാം ഈ അറസ്റ്റിലേക്ക് ആ ചെറുപ്പക്കാരനെ കൊണ്ടു ചെന്നെത്തിച്ച രാസലഹരി എന്നയാള്‍ വിശ്വസിക്കാതിരിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അതോ ഇവന്റെ നീരാളി വലയത്തില്‍ നിന്ന് രക്ഷപ്പെട്ടുപോയ ഒരു പെണ്‍കുട്ടിയെ ആയിരുന്നോ താന്‍ കണ്ടത് എന്നും അപ്പോള്‍ അയാള്‍ ചിന്തിച്ചു. തന്റെ സ്ഥാപനം അനാശാസ്യങ്ങളുടെ പൊതു ഇടമാകുന്നത് അയാള്‍ക്ക് സഹിക്കാവുന്നതിനപ്പുറമായിരുന്നു. സംശയങ്ങളും ചോദ്യങ്ങളും ഒരു തിരപ്രവാഹമായി മനസ്സില്‍ നിറഞ്ഞ നേരം തലേന്ന് അവളോടു തോന്നിയ വാത്സല്യവും കരുതലും അയാളില്‍ ഒരു മരവിപ്പായി പടരുകയും ശരി തെറ്റുകള്‍ തിരിച്ചറിയാനാവാതെ അയാള്‍ പരവേശപ്പെടുകയും ചെയ്തു.
പത്രവാര്‍ത്തയിലെ പ്രതിയുടെ കണ്ണുകളിലെ നിസ്സഹായതയിലേക്ക് നോക്കുന്തോറും വല്ലാത്തൊരു കുറ്റബോധം അയാളില്‍ കുമിഞ്ഞു കൂടി. അയാള്‍ തന്റെ കസേരയില്‍ നിന്നെഴുന്നേറ്റ് ശീതീകരണമുറിയുടെ വാതില്‍ തുറന്ന് അകത്തേക്കു കയറി. മുറിയുടെ മൂലയിലെ തകര്‍ന്ന മേശ അപ്പോള്‍ അവിടെ ഉണ്ടായിരുന്നില്ല. രണ്ടു ചാരുബഞ്ചുകള്‍ മാത്രം ആ മൂലയിലേക്ക് ചേര്‍ന്നു കിടന്നു. ആ മുറിയില്‍ പിറുപിറുക്കലുകളും, അമര്‍ത്തിയുള്ള വാഗ്വാദങ്ങളും, ഇക്കിളിക്കുളിരുള്ള ചിരികളും നിര്‍ത്താതെ മുഴങ്ങിക്കൊണ്ടിരിക്കുന്നതുപോലെ അയാള്‍ക്കു തോന്നി. രഹസ്യങ്ങളുടേയും, അടക്കം പറച്ചിലുകളുടേയും തണുത്ത സമ്മേളനംആ മുറിയില്‍ നില്‍ക്കവേ അയാളെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു. ശീതീകരണയന്ത്രത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി
പുറത്തേക്കിറങ്ങിയ അയാള്‍ വല്ലാത്തൊരു പരവേശത്തിലേക്കാണ്ടു പോയി. കാലങ്ങളായി തന്റെനാട്ടില്‍ നടന്ന അറിയപ്പെട്ട അപഥസഞ്ചാരങ്ങളുടെ കണക്കുകള്‍ അയാളില്‍ തികട്ടി വന്നു. ഒളിച്ചോടലുകളും, പ്രണയവും പ്രണയ പരാജയക്കണക്കുകളും അവസാനം, കഴിഞ്ഞ ദിവസം നടന്ന വന്‍ കവര്‍ച്ചകള്‍ വരെ ആസൂത്രണം ചെയ്തത് തന്റെ കടയിലെ ശീതീകരണ മുറിയ്ക്കുള്ളില്‍ വച്ചാണെന്ന് അയാള്‍ വിശ്വസിക്കാന്‍ ശ്രമിച്ചു. അതില്‍ കുറേയെല്ലാം സത്യമായിരുന്നു താനും. രഹസ്യങ്ങളുടെ മൊത്തക്കച്ചവടക്കാരനാണ് താനെന്ന് അയാള്‍ക്കു തോന്നി. അന്യരുടെ രഹസ്യങ്ങളിലേക്ക് ചൂഴ്ന്നിറങ്ങുന്നതില്‍ താല്പര്യമില്ലായിരുന്നെങ്കിലും അയാള്‍ തന്റെ കാമറ റിക്കോര്‍ഡിംഗുകളില്‍ എവിടെയെങ്കിലും ശബ്ദം പതിഞ്ഞിട്ടുണ്ടോ എന്നു പരിശോധിക്കാനാരംഭിച്ചു. കടയില്‍ തിരക്കു വര്‍ദ്ധിച്ചത് അയാള്‍ ശ്രദ്ധിച്ചതേയില്ല. ആളുകളോട് യാന്ത്രികമായി സംസാരിക്കുകയും ചിരിക്കുകയും ബാക്കി നല്‍കുകയും ചെയ്തു കൊണ്ട് കടയുടമ കലുഷിതമായ മനസ്സോടെ തന്റെ കറങ്ങും കസേരയിലിരുന്നു. താന്‍ എത്രശ്രമിച്ചിട്ടും വീണ്ടെടുക്കാനാവാത്ത ശബ്ദശേഖരണങ്ങള്‍ കണ്ടെത്തി നല്‍കാന്‍ കഴിവുള്ളയാളെ കാത്തിരിക്കുകയായിരുന്നു അപ്പോള്‍ അയാള്‍.
വീണ്ടെടുക്കപ്പെട്ട ശബ്ദങ്ങള്‍ക്കിടയിലിരുന്ന് കണ്ണുകളടച്ച് കാതുകള്‍ കൊണ്ട് കടയുടമ കാഴ്ചകള്‍ കണ്ടു. പണിക്കാര്‍ എപ്പോഴോ കടയുടെ ഷട്ടര്‍ പകുതിയിലേറെ താഴ്ത്തി വച്ച് അവിടെ നിന്നും പോയ്ക്കഴിഞ്ഞിരുന്നു. ചാഞ്ചാടുന്ന പ്രണയകൗമാരങ്ങള്‍, പടരാന്‍ വെമ്പുന്നഅവിഹിതങ്ങള്‍, കൊലക്കേസ് പ്രതിയുടെ കുമ്പസാരം, കാതുകള്‍ കാഴ്ചകളില്‍ നിന്ന് കാഴ്ചകളിലേക്ക് അയാളെ കൂട്ടിക്കൊണ്ടു പോയി. കോടതി മുറിയ്ക്കുള്ളില്‍ സത്യമാകുന്ന നുണകള്‍ കക്ഷികളെ പഠിപ്പിക്കുന്ന വക്കീലന്‍മാരെയും, തെറ്റുകളെ ശരികളാക്കുന്ന കൈക്കൂലിയുടെ മാന്ത്രികകണക്കുകളും അയാള്‍ കണ്ടു. കണ്ടുകണ്ട്, കേട്ടു കേട്ട് രാത്രി വളരുകയായിരുന്നു. രഹസ്യങ്ങളുടെ ശബ്ദവണ്ടി വേഗത്തില്‍ ഓടിച്ചു വിടാന്‍ അയാള്‍ക്ക് മനസ്സുണ്ടായിരുന്നില്ല. എങ്കിലും നിസ്സഹായനായ ആ യുവാവിന്റെ നിഷ്‌കളങ്കമായ കണ്ണുകള്‍ ഓര്‍മ്മിച്ചപ്പോള്‍ അയാള്‍ വളരെ വേഗം ദൃശ്യങ്ങളെയും ശബ്ദങ്ങളെയും ഓടിച്ചു കൊണ്ടിരുന്നു..എന്തായിരിക്കും അവര്‍ പറഞ്ഞിട്ടുണ്ടാവുക എന്നറിയാന്‍ അയാളിലെ ജിജ്ഞാസു ഉണര്‍ന്നു. ചെറുപ്പക്കാരനും പെണ്‍കുട്ടിയും ഒന്നും തന്നെ സംസാരിക്കുന്നില്ലല്ലോ എന്ന് ഓര്‍ത്തു കൊണ്ടിരിക്കുമ്പോള്‍, ‘പറഞ്ഞത് ഇതിലുണ്ട്’ എന്നു മാത്രം പറഞ്ഞ് ഒരു പൊതി അവനു നേരെ നീക്കി വച്ച് കടന്നുപോകുന്ന പെണ്‍കുട്ടിയെ കുറ്റബോധത്തിന്റെ അകമ്പടിയോടെ ആ മനുഷ്യന്‍ നോക്കി. ഇന്നലെ തന്റെ മകളോടുള്ളതിലും കരുതലായിരുന്നു തനിക്കവളോട് തോന്നിയത് എന്ന് അപ്പോള്‍ അയാള്‍ ഓര്‍ത്തു ലജ്ജിച്ചു. അതിനു ശേഷം അയാളുടെ പരതലിനിടയിലേക്ക് മൂന്നു മുഖങ്ങള്‍ കയറി വന്നു. അപ്പോള്‍ അയാള്‍ അവരുടെ ആദ്യ ദിവസത്തെ വരവ് ഓര്‍ത്തെടുത്തു. പിന്നിലേക്കോടിച്ച ദൃശ്യങ്ങളില്‍ അവര്‍ തെളിഞ്ഞു. ശീതീകരണമുറിയിലെ മൂലയിലെ മേശയില്‍ കൈമുട്ടുകളമര്‍ത്തി കുനിഞ്ഞിരിക്കുന്ന അവരുടെ സംസാരം കേള്‍ക്കണമെന്ന് അയാള്‍ക്കു തോന്നി. ആവി പറക്കുന്ന കാപ്പിക്കപ്പുകള്‍ക്കുമേലേക്ക് കുനിഞ്ഞിരുന്ന് അവര്‍ തയ്യാറാക്കിയ പദ്ധതികള്‍ പതിഞ്ഞതാളത്തില്‍ കേട്ടുകൊണ്ടിരിക്കുമ്പോള്‍ തന്റെ ശരീരം വലിഞ്ഞു മുറുകുന്നത് അറിഞ്ഞു. എത്ര മാത്രം രഹസ്യങ്ങളാണ് ആ ശീതീകരണ മുറിയിലെ കുളിരില്‍ മയങ്ങിക്കിടന്നിരുന്നത് എന്ന തിരിച്ചറിവിനിടയില്‍ രഹസ്യങ്ങളോരോന്നായി ദൃശ്യവും ശബ്ദവുമായി മോണിട്ടര്‍ ജനാലയിലൂടെ പുറത്തേക്കിഴഞ്ഞു വന്ന് അയാളെ വരിഞ്ഞു മുറുക്കി. ശ്വാസഗതി നേര്‍ത്തു വരുന്നതായി തോന്നിയപ്പോള്‍ ശക്തിയായി ചുമച്ചു. ചുമനെഞ്ചിന്‍ കൂടിനെ ശക്തിയോടെ കുടഞ്ഞു. ശരീരം പൂക്കുല പോലെ വിറച്ചു. കൊള്ളക്കാരുടെ ആഢ്യത്വം നിറഞ്ഞ ചുവടുവയ്പ്പുകളിലേക്ക് നോക്കിയിരിക്കവേ അവര്‍ തന്നെ കാണുമോ എന്നു ഭയന്ന് മേശയ്ക്കടിയിലേക്ക് കയറി ഒളിക്കുകയും അവര്‍ കടന്നു പോകുന്നതു വരെ അവിടിരുന്ന് എത്തിനോക്കുകയും ചെയ്തു അയാള്‍. ചിത്രീകരിക്കപ്പെട്ട ദൃശ്യങ്ങളാണ് താന്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത് എന്ന് ചിന്തിക്കുവാന്‍ ഉള്ള കഴിവ് അയാള്‍ക്ക് നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു അപ്പോള്‍. അസ്വസ്ഥതയുടെ പരകോടിയില്‍ നിന്നുകൊണ്ട് ദൃശ്യങ്ങളെ കെടുത്തി അയാള്‍ നിശ്വസിച്ചു.
പിറ്റേന്ന് പതിവുപോലെ ആ ലഘുഭക്ഷണശാല തുറന്നില്ല. തലേരാത്രിയിലെപ്പോലെ മുക്കാല്‍ അടവില്‍ തളര്‍ന്നു കിടന്നു ആ സ്ഥാപനം. രാത്രിയില്‍ വീടെത്താത്ത ഉടമയെത്തിരക്കി ഭാര്യയും മക്കളും ചില അയല്‍വാസികളും അതിരാവിലെ തന്നെ അവിടെ എത്തി. അടയ്ക്കാതെ കിടക്കുന്ന വ്യാപാര സ്ഥാപനം അവരില്‍ ഭീതി നിറച്ചു. വലിയൊരു മോഷണവും അതുമൂലമുണ്ടായിട്ടുണ്ടാകാവുന്ന വലിയ ദുരന്തവും മുന്നില്‍ കണ്ട അവരില്‍ ചിലര്‍ തൊട്ടുമുന്നിലെ പോലീസ് സ്റ്റേഷനിലേയ്‌ക്കോടി. പോലീസിന്റെ സാന്നിദ്ധ്യത്തില്‍ കടയുടെ അകത്തേക്ക് കയറിയ അവര്‍, തന്റെ കസേരയില്‍ ശാന്തനായി കണ്ണടച്ചു ചാരിയിരിക്കുന്ന കടയുടമയെ കണ്ടു. ശാന്തമായ ഒരുറക്കത്തിലാണ് അയാളെന്ന് എല്ലാവരും വിചാരിച്ചു. വലത്തേ കയ്യില്‍ ഒരു പേന പൂര്‍ണ്ണമാകാത്ത വാചകത്തിലേക്ക് നീണ്ടുനിന്നു. മുന്നിലെ മേശയില്‍ മോണിട്ടറിനു മുന്‍പില്‍ അയാള്‍ അപൂര്‍ണ്ണമാക്കി അവശേഷിപ്പിച്ച വാചകങ്ങള്‍ അവര്‍ വായിച്ചു.
”ഓരോ മനുഷ്യനും ഒരായിരം രഹസ്യങ്ങളുണ്ടാകും. അതിലേക്ക് എത്തിനോക്കുന്നത് അന്യന്റെ നഗ്‌നതയിലേക്ക് കടന്നുകയറുന്നതിലും മ്ലേച്ഛമാണെന്ന് വിശ്വസിച്ചിരുന്ന ഒരാളാണ് ഞാന്‍. അന്യരുടെ ഒരു കാര്യത്തിലും ഇടപെടാതെ, എല്ലാവരേയും എന്റെ കൂടപ്പിറപ്പുകളായി കണ്ട് ജീവിച്ചുവന്നിരുന്ന ഞാന്‍ ഇന്നത്തെ ഒരു പത്രവാര്‍ത്തയിലൂടെ സഞ്ചരിക്കവേ വല്ലാതെ വിഷാദത്തിലേക്ക് വീണു പോയി. ആ വാര്‍ത്തയിലെ പ്രതിയുടെ കണ്ണുകളിലെ ദൈന്യം എന്നെ വേവലാതിപ്പെടുത്തി. ആ ചെറുപ്പക്കാരന്‍ അവന്റെ പെണ്‍സുഹൃത്തുമൊത്ത് ഇന്നലെ ഈ കടയിലെ ശീതീകരണ മുറിയിലിരുന്ന് ബ്രൂ കോഫി ഊതി കുടിച്ചിട്ട് ഇറങ്ങിപ്പോയ പോക്കിലാണ് അവന്‍ അറസ്റ്റിലായത് എന്ന് ആ വാര്‍ത്ത വായിക്കവേ ഞാന്‍ മനസ്സിലാക്കി. അവനും അവന്റെ പെണ്‍സുഹൃത്തും അകത്തെ മുറിയിലെ തണുപ്പിലിരുന്ന് കലഹിക്കുകയാവുമെന്നായിരുന്നു കാമറ ദൃശ്യങ്ങളിലൂടെ കണ്ട ഞാന്‍ അപ്പോള്‍ വിചാരിച്ചത്. അവള്‍ ഇറങ്ങിപ്പോകും മുന്‍പ് അവനു മുന്നിലേക്ക് നീക്കി വച്ച പൊതി അവന്‍ നല്‍കിയ എന്തെങ്കിലും ഉപഹാരം മടക്കി നല്‍കിയതാവാമെന്നും ഞാന്‍ വിചാരിച്ചു. എന്നാല്‍ അതായിരുന്നു അവനെ കാരാഗൃഹത്തിലേക്കു പറഞ്ഞയച്ച രാസലഹരി എന്ന് ഞാന്‍ കണ്ടെത്തി. അതോടൊപ്പം ഈ നാടിനെ നടുക്കിയ വന്‍ കൊള്ളയുടെ ആസൂത്രണവും എന്റെ കടയിലെ ശീതീകരണ മുറിയില്‍ വച്ചു തന്നെയാണ് നടന്നതെന്നും ഞാന്‍ ഇപ്പോള്‍ അറിയുന്നു ഇനിയും അറിഞ്ഞതിലും കൂടുതലായി അറിയാനിരിക്കുന്നത് എന്തെല്ലാമായിരിക്കുമെന്ന ചിന്ത എന്നെ ഭീതിപ്പെടുത്തുന്നു. അടച്ചിട്ട മുറിയില്‍ ചുറ്റിത്തിരിഞ്ഞ രഹസ്യങ്ങളെല്ലാം കാമറ കണ്ണിലൂടെ മോണിട്ടര്‍ വിടവിലൂടെ എനിക്കു ചുറ്റും നിലയുറപ്പിക്കുന്നു. അവയുടെ വാല് എന്റെ കഴുത്തില്‍ മുറുകുന്നതു പോലെ. നീ രഹസ്യങ്ങളുടെ മൊത്തവില്പനക്കാരനാവേണ്ട എന്ന് എന്നോട് കലഹിക്കുന്നതുപോലെ. ഇനിയും വയ്യ എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഞാന്‍ കമ്പ്യൂട്ടര്‍ ഞാന്‍ ഓഫ് ചെയ്യുകയാണ്. ഇനിയുള്ള രഹസ്യങ്ങള്‍ പുറത്തു വരാനാവാതെ ഞെരുങ്ങിക്കൊള്ളട്ടെ. പുറത്തു ചാടിയ രഹസ്യങ്ങള്‍ എന്റെ നെഞ്ചിനുള്ളില്‍ നിന്ന് ഒരു നോവായി വളര്‍ന്നു പടരുന്നു. ഞാന്‍ ….”
അപൂര്‍ണ്ണമായ വാചകത്തിലേക്ക് പേനയുടെ മുന നീണ്ടു നില്കുമ്പോള്‍ കടയുടമ തന്റെപൂര്‍ണ്ണതയിലേക്ക് ലയിച്ചു ചേര്‍ന്നിരുന്നു. ശീതീകരണ മുറിയില്‍ നിന്ന് രഹസ്യങ്ങളോടൊപ്പം ഇറങ്ങി വന്ന തണുപ്പില്‍ അയാളാകെ മരവിച്ചിരുന്നു. ആശുപത്രിയിലെ മോര്‍ച്ചറിയുടെ കുളിരിലേക്ക് ആ ശരീരം മാറ്റിയതിനു ശേഷം, അയാള്‍ കണ്ടെത്തിയ രഹസ്യങ്ങളുടെ താക്കോല്‍ എവിടെ ആയിരിക്കുമെന്ന് അധികാരികള്‍ മോണിട്ടറില്‍ പരതാന്‍ തുടങ്ങി. കടയുടെ പുറത്ത് ആളുകള്‍ തിക്കിത്തിരക്കി. നഗരം തന്റെ പതിവു ചടുല ചലനങ്ങളിലേക്ക് ചുവടുവയ്ക്കാന്‍ തുടങ്ങിയിരുന്നു അന്നേരം.
About The Author
No related posts.