LIMA WORLD LIBRARY

നഷ്ടപ്പെട്ട ഹൃദയം-ലാലി രംഗനാഥ്‌

എവിടെയാണ് എനിക്ക് എന്റെ ഹൃദയം നഷ്ടമായത്?
അയാള്‍ ഓര്‍ത്തു നോക്കി.
‘ മറുവാക്ക് പറയാതെ നടന്നു നീങ്ങിയ കാമുകിയിലോ?.. ഹേയ് അല്ല.. വച്ച് നീട്ടിയിട്ടും അവള്‍ അത് നിരസിച്ചതാണല്ലോ..?

പിന്നെ എവിടെയാണ്?

ബാല്യത്തിലെ തന്നെ തനിച്ചാക്കി മണ്‍മറഞ്ഞ അച്ഛനമ്മമാരിലോ?
അതുമല്ല.. തനിച്ചാക്കി പോയതിന്റെ ദേഷ്യത്തില്‍ ഒരിക്കലും ഞാനവര്‍ക്കത് കൊടുത്തു കാണില്ല.

പിന്നെ..??’
ഓര്‍മ്മയില്‍ ഒരു വൃദ്ധസദനം തെളിഞ്ഞു വരുന്നു.
പ്രതീക്ഷയുടെ ഒരു തരിവെട്ടം തെളിയാനായി കാത്തിരിക്കുന്ന ഒരുപറ്റം മനുഷ്യ കോലങ്ങളെ കണ്ടിറങ്ങിയപ്പോഴാണ് എനിക്ക് ഹൃദയം നഷ്ടമായത്… അതെ…അവിടെ തന്നെയാണ്.. ഉറപ്പ്’.

അയാള്‍ക്കപ്പോള്‍ എല്ലാം വ്യക്തമാകുന്നു ണ്ടായിരുന്നു.

‘ അതെ അവരെ കണ്ടിറങ്ങിയപ്പോഴാണ് ഞാന്‍ ഹൃദയശൂന്യനായത്. അനാഥത്വത്തിലേക്ക് ആ നൊമ്പരപ്പൂക്കളെ വലിച്ചെറിഞ്ഞവര്‍ അതിനുശേഷമാണ് എന്റെ ഹൃദയശൂന്യതയില്‍ എരിഞ്ഞൊടുങ്ങാന്‍ തുടങ്ങിയത്…. വെറുപ്പിന്റെ പരിച്ഛേദം എന്റെ സിരകളിലൊഴുകാന്‍ തുടങ്ങിയത്.

അവര്‍ക്കെതിരെ പ്രതികരിക്കാന്‍ പക്ഷേ ഇപ്പൊ എന്റെ കയ്യില്‍ ഹൃദയമില്ലാതായിരിക്കുന്നു.

ഹൃദയമില്ലാത്ത പ്രതികരണം നാശത്തിന്റെ പാതയിലൂടെയാവും. അത് ദുരന്തങ്ങള്‍ ക്ഷണിച്ചു വരുത്തും. അതുകൊണ്ട്…

‘എനിക്ക് എന്റെ ഹൃദയം തിരിച്ചു വേണം..’

അയാളില്‍ ഒരുള്‍വിളിയുണ്ടായി.
‘എന്റെ ഹൃദയം എനിക്ക് തിരികെ വാങ്ങണം. ഹൃദയമുള്ളവനായി വേണം മറ്റുള്ളവരുടെ ഹൃദയമില്ലായ്മക്ക് നേരേ ശബ്ദമുയര്‍ത്തേണ്ടത്..’എന്ന്.

വൃദ്ധസദനത്തില്‍ ഹൃദയമെടുക്കാന്‍ പോയ അയാള്‍ക്ക് അവിടെ വരണ്ട ചുണ്ടുകളില്‍ തെളിഞ്ഞ പുഞ്ചിരിയും കണ്ണുകളില്‍ പ്രതീക്ഷയുടെ മിനുങ്ങുവെട്ടവുമായി അയാളെ എതിരേല്‍ക്കാന്‍ കാത്തു നിന്ന ഒരു കൂട്ടം മനുഷ്യരെ കാണാനായി.

ഹൃദയം തിരിച്ചു നല്‍കിക്കൊണ്ട് അവര്‍ അയാളോട് പറഞ്ഞു…

‘ നിങ്ങളുടെ ഹൃദയമുതിര്‍ത്ത സ്‌നേഹനീരിറ്റിച്ചപ്പോള്‍ ഞങ്ങളുടെ വരണ്ട ചുണ്ടുകളില്‍ വിടര്‍ന്ന ചിരിപ്പൂക്കള്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് സമ്മാനിക്കുന്നു. ഒപ്പം നിങ്ങളുടെ ഹൃദയവും. എന്തിനാന്നോ..?

അനാഥ ജന്മങ്ങളിലേക്ക് സ്‌നേഹനീരിറ്റിക്കാനായി നിങ്ങള്‍ ഹൃദയമുള്ളവനായിരിക്കണം.അനീതികള്‍ക്കെതിരെ ഹൃദയ വിശുദ്ധിയോടെ പോരാടാന്‍ നിങ്ങള്‍ ഹൃദയമുള്ളവനായിരിക്കണം..

അതും പറഞ്ഞു പുഞ്ചിരിച്ചു കൊണ്ട് അവര്‍ അയാള്‍ മടങ്ങുന്നതും നോക്കി നിന്നു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px