പള്ളിക്കൂടം അടക്കുമ്പോള്‍ പഴയ ഓലകള്‍ കൊണ്ട് മാടം കെട്ടി നാടകം കളിക്കുന്നത് പതിവ് പരിപാടിയാണ്…
സ്വന്തമായി ‘ഫ്രണ്ട്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്’ രൂപീകരിച്ചതിനാല്‍ നാടകവും ഗംഭീരമാകണമെന്ന് കൂട്ടുകാര്‍ നിര്‍ബന്ധം പിടിച്ചു…
ഞങ്ങളുടെ കൂട്ടത്തിലുള്ള മത്തായി ഷാജു പതിവില്‍ നിന്നും വ്യത്യസ്തമായി ഒരാള്‍ പൊക്കത്തിലുള്ള സ്റ്റേജ് കെട്ടാന്‍ തയ്യാറായി…
എന്റെ വീടിന്റെ രണ്ടാമത്തെ പുരയിടമായ,
നിറയെ മരങ്ങളുള്ള കാട്ടില്‍ വീട്ടിലെ നെല്ലി മരത്തിന് താഴെയാണ് സ്റ്റേജ് നിര്‍മ്മാണം…
മരത്തിലും മരത്തണലിലും ഞങ്ങള്‍ ഉണ്ടായിരുന്നു…
ഇടയ്ക്കിടെ കാറ്റില്‍ വീഴുന്ന മാങ്ങകളും അയണി ചക്കയും
കശുമാങ്ങയും
അടി കൂടാതെ ഞങ്ങള്‍ പങ്കിട്ട് തിന്നു…
ഒരിടത്ത് സ്റ്റേജിന്റെ പണി,
മറ്റൊരു മാവിന്റെ ചുവട്ടില്‍ നാടക സംവിധാനം,
മറ്റൊരിടത്ത് സംഭാഷണം കാണാതെ പഠിക്കുന്നവര്‍…
നാടക രചന,
ഗാന രചന,
സംഗീതം,
സംവിധാനം,
നായക നടന്‍
എല്ലാം ഞാന്‍ തന്നെ…
പഴയ സാരികളും പുതപ്പും കൊണ്ട് കര്‍ട്ടന്‍ തയ്യാറായപ്പോഴാണ്
നാടകത്തിന് ലൈറ്റ് കൂടിയായാലോ എന്നൊരു ആശയം തോമസ് പറഞ്ഞത്…
ഞങ്ങളുടെ നാട്ടിലെ ലൈറ്റ് ഭ്രാന്തനായ മനോഹരയണ്ണനെ കണ്ടു…
എന്റെ വീട്ടില്‍ നിന്ന് സ്റ്റേജ് വരെ കറണ്ടെത്തിക്കുന്നത് ഉള്‍പ്പടെ 25 രൂപ വേണം…
വീണ്ടും ഞങ്ങള്‍ കശുവണ്ടി ശേഖരിച്ച് വിറ്റും അമ്മമാരില്‍ നിന്ന് 50 പൈസ വീതം കെഞ്ചിയും
25 രൂപയാക്കി മനോഹരയണ്ണന് കൊടുത്തു…
എല്ലാ വര്‍ഷവും വൈകുന്നേരം ഞങ്ങളുടെ അമ്മമാരും ചേച്ചിമാരും മാത്രമാണ് നാടകം കാണാന്‍ വരുന്നവര്‍…
ലൈറ്റുള്ളത് കൊണ്ട് നാടകം സന്ധ്യാ സമയത്തേക്ക് മാറ്റിയെങ്കിലും സ്ഥിരമായി വരുന്ന ഞങ്ങളുടെ അമ്മമാരേയും ചേച്ചിമാരേയും മാത്രമാണ് പ്രതീക്ഷിച്ചത്…
ഞങ്ങള്‍ മേക്കപ്പ് ചെയ്തു കൊണ്ടിരുന്നപ്പോള്‍ കളിയാക്കിയുള്ള ഒരു അലര്‍ച്ച കേട്ടു:
‘നാടകം തുടങ്ങിനെടാ….’
അന്തംവിട്ട ഞങ്ങള്‍ കര്‍ട്ടിനിടയിലൂടെ നോക്കിയപ്പോള്‍ സ്റ്റേജിന് മുന്നില്‍ നിറയെ പെണ്ണുങ്ങള്‍,
ഒരു വശത്ത് നിന്ന് ചേട്ടന്‍മാര്‍ ഞങ്ങളെ കളിയാക്കുന്നു,
അമ്മമാര്‍ അവരെ ശാസിക്കുന്നു,
മതിലിനപ്പുറമുള്ള ഇടവഴിയില്‍ മുതിര്‍ന്ന ആള്‍ക്കാരുടെ തലകളും കാണാം…
എല്ലാവരും ലൈറ്റ് കണ്ട് വന്നതാണ്…
ആളുകളുടെ എണ്ണം കണ്ട അജ്മാന്‍ അനി പേടിച്ച് പുറകിലൂടെ ഓടി കക്കൂസില്‍ പോയി…
ഇതിനിടയില്‍ ചേട്ടന്‍മാര്‍ ഒരേ ബഹളം…
നാടകം നടക്കുന്നതറിഞ്ഞ് എന്റെ വലിയച്ഛനായ അച്യുതന്‍ വൈദ്യര്‍ നാടകം കാണാന്‍ വന്നതോടെ ചേട്ടന്‍മാര്‍ നിശ്ശബ്ദരായി…
നാടകം തുടങ്ങി…
പശ്ചാത്തല സംഗീതത്തോടെ,
മഞ്ഞയും നീലയും വെള്ളയും പച്ചയും ചുവപ്പും ലൈറ്റുകള്‍ മാറി മാറി തെളിഞ്ഞ സ്റ്റേജില്‍
3 രംഗങ്ങളിലായി
20 മിനിട്ടുള്ള നാടകം തകര്‍ത്താടി…
വില്ലനായ ദുബായ് അനി ഡോക്ടറായ എന്നെ വെടി വെക്കുന്നതോടെ നാടകം അവസാനിച്ചപ്പോള്‍
അച്യുതന്‍ വൈദ്യന്‍ മുന്നോട്ട് വന്ന് 5 രൂപ സമ്മാനമായി സംവിധായകനായ എനിക്ക് തന്നു…
ചേട്ടന്‍മാര്‍ നാണിച്ച് തല കുനിച്ചിരുന്നു…
അമ്മമാരും ചേച്ചിമാരും ഞങ്ങളെയെല്ലാം മാറി മാറി കെട്ടിപ്പിടിച്ചു മുത്തം തന്നു…
ഏഴിലും എട്ടിലും പഠിക്കുന്ന ഞങ്ങള്‍ ഒരിക്കല്‍ കൂടി ചേട്ടന്‍മാരെ തോല്പിച്ചു…
പുതിയ തലമുറയോട് ഞങ്ങള്‍ക്ക് ഒന്നേ പറയാനുള്ളൂ…
മദ്യവും മയക്കു മരുന്നുമല്ല,
സാംസ്‌കാരിക പ്രവര്‍ത്തനങ്ങളാണ് ലഹരിയാകേണ്ടത്…









