ജീവിതം ഒരു മഹാസമരമാണ്. പാശ്ചാത്യപൗരസ്ത്യ ഇതിഹാസങ്ങളെല്ലാം ധാരമുറിയാത്ത ഇത്തരം സമരങ്ങളുടെ വിശാലപ്രതിപാദ്യങ്ങള്‍ തന്നെ. ഇലിയഡ്, ഒഡീസി രാമായണം, മഹാഭാരതം ഇവയെല്ലാം പ്രാക്തനമായ ജീവിതസമരങ്ങളുടെ യഥതഥമായ ചിത്രീകരണങ്ങളെന്നു ബോദ്ധ്യപ്പെട്ടിട്ടുണ്ട്! അവയിലെല്ലാം ഒട്ടനവധി കഥാപാത്രങ്ങള്‍ അണിനിരക്കുന്നു. സംഭവബഹുലമായ ചിത്രീകരണങ്ങള്‍ അരങ്ങേറുന്നത്,ഭൂമി, സ്വര്‍ഗ്ഗം, പാതാളം മുതലായ വിശാലവും വ്യത്യസ്തവുമായ തലങ്ങളിലായാണ്.
എന്നാല്‍ ഏണസ്റ്റ് ഹെമിംഗ് വേ യുടെ ”കിഴവനും കടലും” എന്ന ആധുനിക നോവലിലാവട്ടെ, രണ്ടേരണ്ടു കഥാപാത്രങ്ങള്‍ മാത്രം! മനസ്സിനു തളര്‍ച്ച ബാധിക്കാത്ത ഒരു കിഴവനും, ഒരു പടുകൂറ്റന്‍ മര്‍ലിന്‍ മത്സ്യവും.നോവലിന്റെ ആദ്യഭാഗങ്ങളില്‍മാത്രം പ്രത്യക്ഷനാകുന്ന ഒരു കുട്ടി,(മനോലിന്‍ )എന്നൊരു അപ്രസക്ത കഥാപാത്രവുമുണ്ട്,എന്നു വേണമെങ്കില്‍ പറയാം!നോവലിന്റെ പശ്ചാത്തലമോ? വിശാലമായ ഒരേ ഒരു കടല്‍!
എണ്‍പത്തഞ്ചാമത്തെ ദിവസവും വിജയംവരിക്കാനായി കടലില്‍ പോകുന്ന സാന്റിയാഗോ എന്ന വൃദ്ധന് തന്റെ വലയില്‍ കുടുങ്ങിയ മര്‍ലിന്‍ എന്ന പടുകൂറ്റന്‍ മത്സ്യത്തോട് ബഹുമാനമാണ്. കാരണം അവന്‍ കടലിന്റെ വിശാലതയുടെയും ആഴത്തിന്റെയും സൗന്ദര്യത്തിന്റെയും ഗാംഭീര്യത്തിന്റെയും സന്തതിയാണ്. തന്നോട് കിടനില്‍ക്കുന്ന ഒരു എതിരാളി,ഏതു ജേതാവിന്റെയും സ്വപ്നമാണ്, ആഗ്രഹമാണ്.
എണ്‍പത്തിനാലു ദിവസവും ശൂന്യമായ വലയുമായി മടങ്ങിയത് ഇവനെ കിട്ടാന്‍വേണ്ടിയായിരുന്നു
എന്നയാള്‍ക്ക് തോന്നിയതും ഇക്കാരണംകൊണ്ടുതന്നെ!
‘എന്തൊരു വലിയ മത്സ്യം.. ‘വാ’യുടെ കോണുകളിലൂടെയാണ് അവന്‍ ചൂണ്ടക്കൊളുത്തിലെ ഇര വിഴുങ്ങിയിരിക്കുന്നത്. അതു മുഴുവനും തിന്നാന്‍ ഞാനവനെ അനുവദിക്കും.’വൃദ്ധന്, അവന് അന്ത്യഅത്താഴം നല്‍കുന്നതിന്റെ സംതൃപ്തി!
താന്‍ പിടിച്ച എല്ലാ മീനുകളോടുമുള്ള സാന്റിയാഗോയുടെ സമീപനം ഇതാണ്. ‘അവരെന്റെ ഉടപ്പിറപ്പുകളാണ്. പക്ഷേ എനിക്കവരെ കൊല്ലേണ്ടിയിരിക്കുന്നു. അയാളുടെ പ്രാര്‍ത്ഥനകളില്‍ക്കൂടി എതിരാളിയായ മീനുണ്ട്. കന്യാമാതാവിനോട് അയാളുടെ പ്രാര്‍ത്ഥന ഇങ്ങനെ .
‘വിശുദ്ധകന്യകേ, ഇവനുവേണ്ടി പ്രാര്‍ത്ഥിക്കണം!ഗംഭീരനാണിവന്‍ ‘
മീനിന് മനുഷ്യനോളം ബുദ്ധി നല്‍കാത്തതില്‍ അയാള്‍ക്ക് അതിനോട് സഹതാപമുണ്ട്. അതിന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ ഇങ്ങനെ ഒരവസരത്തില്‍ സര്‍വ്വശക്തിയുമെടുത്ത് കുതിച്ചേനെ എന്ന് അയാള്‍ ചിന്തിക്കുന്നുമുണ്ട്.
തന്റെ കൊച്ചു വള്ളത്തേക്കാള്‍വലിയ,മീനിനെ കൊന്ന് തോണിയോട് ചേര്‍ത്തുകെട്ടിവരുമ്പോഴും അയാള്‍ ഒട്ടേറെ പ്രതിബന്ധങ്ങളെ നേരിടുന്നു. മൂന്നു ദിവസം, രാവും പകലും അയാള്‍ ആ മീനുമായി ഏറ്റുമുട്ടുകയായിരുന്നു. അയാള്‍ക്ക് അതിനോട് അളവറ്റ ബഹുമാനംതോന്നി. തളര്‍ന്നവശനായ ഒരു ജേതാവിനെപ്പോലെ,ഏകാകിയായി തിരിച്ചുവരുമ്പോഴതാ സ്രാവുകളുടെ ആക്രമണം!അതു യാദൃച്ഛികമല്ല. മര്‍ലിന്റെ ഹൃദയരക്തമൊരു ഇരുണ്ടമേഘമായി പരന്നൊഴുകി ആ കറുത്ത ജലപ്പരപ്പിന്റെ അഗാധതലത്തിലെത്തിയപ്പോള്‍, ആകര്‍ഷിതരായി വന്നുപെട്ടവരാണവര്‍. വിവശനായ കിഴവന്‍, സ്രാവുകളെ സര്‍വ്വശക്തിയുമുപയോഗിച്ചെതിര്‍ക്കുന്നു.
സ്രാവുകളെ കൊലചെയ്യുന്ന വേളയിലാണ് സുപ്രസിദ്ധ ഹെമിംഗ് വേ സിദ്ധാന്തം വരുന്നത്.
‘മനുഷ്യനെ നശിപ്പിക്കാം. പക്ഷേ പരാജയപ്പെടുത്താനാവില്ല. പരാജയം ഏറ്റുവാങ്ങാന്‍വേണ്ടിയല്ല ദൈവം അവനെ സൃഷ്ടിച്ചത്.’
കര്‍ണ്ണന്‍, റാണാ പ്രതാപ്, ശക്തന്‍ തമ്പുരാന്‍, തച്ചോളി ഒതേനനെപ്പോലുള്ള, വടക്കന്‍ പാട്ടിലെ വീരനായകര്‍, വേലുത്തമ്പിദളവ ഇവരുടെയെല്ലാം മാനസികഭാവംതന്നെയല്ലേ ഈ ഹെമിംഗ് വേ സിദ്ധാന്തവും!
സ്രാവുകള്‍ കടിച്ചുതിന്ന മര്‍ലിന്‍മീനിനെ കണ്ട കിഴവന്റെ വാക്കുകള്‍ ഇങ്ങനെ.. ‘പകുതിമീന്‍.. നീയൊരു മുഴുവന്‍ മീനായിരുന്നു. നിന്നെ രക്ഷിക്കാണെനിക്ക് കഴിഞ്ഞില്ല. ഞാന്‍ വ്യസനിക്കുന്നു. പക്ഷേ ഞാനും നീയും കൂടി നമ്മുടെ ശത്രുക്കളെ കൊന്നു. നീയും ഞാനുംഒന്നിച്ച്..നമുക്കഭിമാനിക്കാം’
ഇവിടെ കിഴവനും, മീനും ഒരേ മനസ്സിന്റെ അവകാശികളാകുന്നു. മീനിനെ കൊന്നത് ഒരു പാപമാണെന്ന് അയാള്‍ക്ക് തോന്നുന്നില്ല. കാരണം അയാള്‍ മീന്‍പിടുത്തക്കാരനാവാനാണ് പിറന്നത്, മീന്‍ ചാവാനും!
ചാവുന്നതിനു മുമ്പേ മര്‍ലിന്‍മീനിന്റെ മാംസം അല്പം പോലും സ്രാവുകള്‍ ബാക്കിവച്ചില്ലെന്നറിഞ്ഞ കിഴവന്റെ പ്രതികരണം ഇങ്ങനെ
‘തിന്നോ തെണ്ടികളേ, എന്നിട്ട് ഒരു മനുഷ്യനെ കൊന്നുവെന്നു സ്വപ്നംകണ്ടോ ‘
പരാജയവും മരണവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് ചിന്തിക്കുന്ന അയാള്‍ക്ക്, താന്‍ തോറ്റു എന്ന് വിശ്വസിക്കാന്‍ മനസ്സുണ്ടായിരുന്നില്ല. സ്രാവുകള്‍ നക്കിയെടുത്ത, 18 അടി നീളമുള്ള മര്‍ലിന്‍ മീനിന്റെ കൂറ്റന്‍ അസ്ഥികൂടവും കൊണ്ടാണ് അയാള്‍ കരയ്ക്കണയുന്നത്.
പരാജയം ഏറ്റുവാങ്ങി എന്നബോദ്ധ്യം അയാള്‍ക്കാദ്യം ഉണ്ടാവുന്നത് മനോലിന്‍ എന്ന കുട്ടിയുടെ മുന്നിലെത്തുമ്പോഴാണ്. അയാള്‍ വിജയിച്ചുകാണണമെന്ന് ഏറ്റവും ആഗ്രഹിച്ചതും ഒരുപക്ഷേ ആ കുട്ടിയായിരിക്കാം. കാരണം അഞ്ചുവയസ്സില്‍ അവനെ മീന്‍പിടിക്കാന്‍ പഠിപ്പിച്ചത് അയാളാണ്.
‘മര്‍ലിന്‍,അവനെന്നെ തോല്‍പ്പിച്ചു മനോലിന്‍, ശരിക്കും തോല്‍പ്പിച്ചു.’
ദുഖിതനായ കുട്ടി പറഞ്ഞു.
‘അവനല്ലല്ലോ തോല്‍പ്പിച്ചത്?’
പിറ്റേന്ന് കടല്‍ക്കരയിലെ ടൂറിസ്റ്റുകള്‍ക്ക് ആ അസ്ഥികൂടം തിരകള്‍ക്കൊപ്പം അടിഞ്ഞ ഒരു മാലിന്യം മാത്രമായി. ഇത്രയും സുന്ദരമായ വാലുള്ള സ്രാവുകളുണ്ടോ എന്നവര്‍ അദ്ഭുതം കൂറുമ്പോള്‍ കിഴവന്‍ തന്റെ കുട്ടിലില്‍ തളര്‍ന്നുറങ്ങുകയായിരുന്നു., മനോലിനരികില്‍…ആഫ്രിക്കയിലെ സിംഹങ്ങളെ സ്വപ്നം കണ്ട്..
സാന്റിയാഗോ എന്ന ഈ വൃദ്ധന്‍,ആര്‍ക്കും ഒരു റോള്‍ മോഡല്‍ ആക്കാന്‍ പറ്റിയ കഥാപാത്രമാണ്.ജീവിതത്തോടുള്ള അഭിനിവേശം, അതും ചുമ്മായുള്ള അഭിനിവേശം അല്ല, ”ചെയ്യാനുള്ളത് അങ്ങേയറ്റം ചെയ്തുതീര്‍ത്ത്,ജീവിതത്തെ ജീവിച്ചു തീര്‍ക്കാനുള്ള” അഭിനിവേശം അയാള്‍ കാണിക്കുന്നു.
തനിക്ക് ഭക്ഷണം വെറുതെ തന്ന മാര്‍ട്ടിന്‍ മുതലാളിക്ക്,താന്‍ പിടിക്കുന്ന വലിയ മീനിന്റെ വയറിന്റെ ഭാഗം തന്നെ നല്‍കണം എന്ന് ആ വൃദ്ധന്‍ പറയുമ്പോള്‍, ‘അയാളെ ഭരിക്കുന്ന ആത്മവിശ്വാസം അനുകരണീയമല്ലേ ‘എന്ന് അനുവാചകനും ചിന്തിച്ചേക്കാം!
ചൂണ്ടക്കൊളുത്തില്‍ കുടുങ്ങിയ മീനിന്റെ ചൂണ്ടക്കയര്‍ അറുത്ത് വേണമെങ്കില്‍ അയാള്‍ക്ക് രക്ഷപ്പെടാം. പക്ഷേ വെല്ലുവിളികളെ നേരിടാന്‍ എപ്പോഴും റിസ്‌ക് എടുക്കാന്‍ തന്നെ അയാള്‍ ആഗ്രഹിക്കുന്നു. ചൂണ്ടക്കയറിനൊപ്പം,തോണിയില്‍ ചേര്‍ത്ത്‌കെട്ടിയ മീനുമായി അയാള്‍ കടലിന്റെ കാണാപ്പുറങ്ങളില്‍ സഞ്ചരിക്കുന്നു. ഇതുവരെ ആരും ചരിക്കാത്ത പാതയിലൂടെ ചലിക്കാന്‍ അയാള്‍ തയ്യാറാകുന്നു.
റോബര്‍ട്ട് ഫ്രോസ്റ്റിന്റെ “The Road Not Taken ” എന്ന കവിതയിലെ പഥികനെപ്പോലെ,
“I took the one less traveled by
And that has made all the difference ”
അതേ.. ധീരന്മാരുടെ വ്യത്യസ്തപാത തിരഞ്ഞെടുക്കുമ്പോഴാണ് ജീവിതം അര്‍ത്ഥവത്താകുന്നത്,ജീവിച്ചു എന്ന തോന്നലുണ്ടാകുന്നത്.
തന്നെ കഷ്ടത്തിലാക്കുന്ന മീനിനോട് അയാള്‍ക്ക് ഒരു വെറുപ്പുമില്ല. അയാള്‍ അതിനെ ‘ സഹോദരാ’ എന്ന് സംബോധന ചെയ്യുന്നു. ശക്തനായ ഒരു എതിരാളിയോടുള്ള മതിപ്പും ബഹുമാനവും ഈ വാക്കുകളില്‍ കാണാം. വാര്‍ദ്ധക്യത്തിലും തളരാത്ത മനസ്സുമായി അയാള്‍ സ്വപ്നം കാണുന്നത് ആഫ്രിക്കയിലെ സിംഹങ്ങളെയാണ്! തോല്‍വിയില്‍ നിന്നും തോല്‍വിയിലേക്ക് കൂപ്പുകുത്തുമ്പോഴും’ തന്നെ പരാജയപ്പെടുത്താന്‍ ആകില്ല ‘ എന്നുപറയുന്ന സാന്റിയാഗോ എന്ന മനുഷ്യനെയാണ് ഞാനേറെ സ്‌നേഹിച്ചു പോകുന്നത്!
ഈ ഒരു കഥാപാത്രസൃഷ്ടി നടത്തിയ ഏണസ്റ്റ് ഹെമിംഗ് വേ, മനുഷ്യനില്‍ വിശ്വസിക്കുന്ന, മനുഷ്യ കഥാനുഗായിയായ എഴുത്തുകാരനായിത്തീര്‍ന്നതും ഈ കൊച്ചു നോവലിന് നോബല്‍ പ്രൈസ് ലഭിച്ചതും ഇതേ കാരണങ്ങള്‍ കൊണ്ടാകാം!












Great article