LIMA WORLD LIBRARY

ചെറുകഥയുടെ അവസ്ഥാന്തരങ്ങള്‍- ഡോ.പി.എന്‍. ഗംഗാധരന്‍ നായര്‍

സൂഫി കഥകള്‍ ജീവിതത്തിന്റെ അഗാധാര്‍ത്ഥം അന്വേഷിച്ചെത്തുന്ന കൊച്ചു കഥകളാണ്. ഈ വിചാര കഥകള്‍ക്ക് തുല്യമല്ലെങ്കിലും കുറച്ചു കുഞ്ഞു കഥകള്‍ ഈയിടെ ഞാന്‍ വായിക്കുകയുണ്ടായി. അവ മണ്‍ഡേ സപ്ലിമെന്റില്‍ ചേര്‍ക്കാമെന്നുതോന്നി. ചെറുകഥയെക്കുറിച്ച് ഒരു ബ്രീഫിങ് അതിനുമുമ്പ് ആവശ്യമായതിനാല്‍ അതിലേക്ക് ചില സാഹിത്യ ഗ്രന്ഥങ്ങളുടെ സഹായം ഞാന്‍ തേടുകയുണ്ടായി. അങ്ങനെയാണ് ഈ ലഘുലേഖനം തയ്യാറാക്കിയിട്ടുള്ളത്.
മനുഷ്യര്‍ പരസ്പരം ആശയവിനിമയം തുടങ്ങിയ കാലം മുതല്‍ കഥയും അവരോടൊപ്പമുണ്ട്. ആദ്യകാലത്തെ കഥ വാമൊഴിപാരമ്പര്യം ആയിരുന്നെങ്കില്‍ പിന്നീട് വരമൊഴി രൂപത്തിലായി. പഞ്ചതന്ത്രം കഥകള്‍ ഈസോപ്പു കഥകള്‍ ആയിരത്തൊന്നു രാവുകള്‍ രാമായണത്തിലെയും മഹാഭാരതത്തിലെയും കഥകള്‍ ഉദാഹരണങ്ങള്‍. ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു സാഹിത്യരൂപമെന്ന നിലയിലാണ് ചെറുകഥ ആധുനിക കാലത്ത് ജന്മംകൊണ്ടത്. കണ്ടും കേട്ടും അനുഭവിച്ചും ഉള്ളില്‍തട്ടിയവയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് മിക്ക ചെറുകഥകളും രൂപപ്പെട്ടിട്ടുള്ളത്. അങ്ങനെ പറയുന്ന കഥകള്‍ ഹൃദയാകര്‍ഷകങ്ങള്‍ ആയിത്തീരുന്നത്, പറയുന്ന അനുഭവത്തിന്റെ ദീപ്തിയും പറയുന്ന സമ്പ്രദായത്തിന്റെ ഭംഗിയും അനുസരിച്ചാണ്.

ഈ കഥാരൂപത്തിന്റെ വെന്നിക്കൊടി നാട്ടിയത് ഫ്രാന്‍സിലും റഷ്യയിലും ആണ്. മോപ്പസാങ്ങും, ചെഖോവും രചിച്ച കഥകളെ അതിശയിക്കാന്‍ ഇന്നോളം വേറെയാരും ഉണ്ടായിട്ടില്ല. നോവലിനേക്കാള്‍ വളര്‍ച്ചപ്രാപിച്ച ഒരു സാഹിത്യ ശാഖയാണ് ചെറുകഥ. ഇംഗ്ലീഷ് കഥാസാഹിത്യത്തില്‍ നിന്നാണ് ഇവിടെയും ചെറുകഥയുടെ ഉത്ഭവം. വേങ്ങയില്‍ കുഞ്ഞിരാമന്‍നായനാര്‍ 1891ല്‍’ വിദ്യാവിനോദിനി’യില്‍ പ്രസിദ്ധം ചെയ്ത ‘വാസനാവികൃതി’യാണ് മലയാളത്തിലെ ആദ്യത്തെ ചെറുകഥ. അമ്പാടി നാരായണ പ്പൊതുവാള്‍,ഒടുവില്‍ കുഞ്ഞുകൃഷ്ണ മേനോന്‍, സി എസ് ഗോപാലപ്പണിക്കര്‍, മൂര്‍ക്കോത്തുകുമാരന്‍, കെ സുകുമാരന്‍, ഇ വി കൃഷ്ണപിള്ള എന്നിവര്‍ ചെറുകഥയുടെ ഒന്നാം തലമുറയില്‍പ്പെടുന്നു. സംഭവപ്രധാനമായ കഥകളില്‍ കൂടി നര്‍മ്മോപദേശം നടത്താനാണ് ഇവര്‍ ശ്രമിച്ചത്. അമേരിക്കന്‍ ചെറുകഥാകൃത്തുക്കളായ നഥാനിയേല്‍ ഹാത്തോണ്‍ (18041864),എഡ്ഗര്‍ അലന്‍പോ(18091849) മുതലായവരുടെ മാതൃകകള്‍ക്കനുസരിച്ചാണ് ഇവര്‍ കഥകള്‍ക്ക് തുടക്കം കുറിച്ചത്. മുമ്പ് സൂചിപ്പിച്ചതില്‍ നിന്നും ചെറുകഥക്കുള്ള പ്രധാന വ്യത്യാസ മെന്നത്, ചെറുകഥ ഫിക്ഷന്റെ ഭാഗവും ദീര്‍ഘമായ ആഖ്യാനത്തില്‍ അധിഷ്ഠിതമായതും ആണ്.

ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തില്‍ മലയാള ചെറുകഥയുടെ സുവര്‍ണ്ണദശ ആരംഭിക്കുന്നു. ദേശീയ പ്രസ്ഥാനം, സ്വാതന്ത്ര്യസമരം, മഹാത്മാഗാന്ധിയുടെ സമരാഹ്വാനങ്ങള്‍, റഷ്യയിലെ ഒക്ടോബര്‍ വിപ്ലവം, മാര്‍ക്‌സിയന്‍ തത്വചിന്തകളുടെ പ്രചാരം, ലോകമഹായുദ്ധത്തിന്റെ തിക്തഫലങ്ങള്‍, വര്‍ഗീയ കലാപങ്ങള്‍, ഇന്ത്യാവിഭജനം, സര്‍ സി പി യുടെ മര്‍ദ്ദനഭരണം, മരുമക്കത്തായത്തിന്റെ പതനം,ഇങ്ങനെയുള്ള പ്രാദേശിക പ്രശ്‌നങ്ങളും ഇക്കാലത്ത് സാഹിത്യ അന്തരീക്ഷത്തില്‍ നിറഞ്ഞുനിന്നു. ഈ രണ്ടാം തലമുറയിലെ കഥാകൃത്തുക്കളില്‍ പ്രമുഖരാണ് തകഴി ശിവശങ്കരപ്പിള്ളയും (1912-1999),കേശവദേവും (1904-1983). പൊന്‍കുന്നം വര്‍ക്കി, വൈക്കം മുഹമ്മദ് ബഷീര്‍,കാരൂര്‍ നീലകണ്ഠപ്പിള്ള, എസ് കെ പൊറ്റക്കാട്ട്, പി സി കുട്ടികൃഷ്ണന്‍ എന്നിവര്‍ ഈ തലമുറയില്‍പ്പെടുന്നു.

മലയാള ചെറുകഥയുടെ ഈ സുവര്‍ണ്ണ ദിശയെ സമ്പന്നമാക്കിയ എഴുത്തുകാരില്‍ ലളിതാംബിക അന്തര്‍ജ്ജനം, കെ സരസ്വതിയമ്മ, ഇ എം കോവൂര്‍, നാഗവള്ളി ആര്‍ എസ് കുറുപ്പ്, പോഞ്ഞിക്കര റാഫി, വെട്ടൂര്‍ രാമന്‍ നായര്‍, മലയാറ്റൂര്‍ രാമകൃഷ്ണന്‍,ടി കെ സി വടുതല, വി കെ എന്‍, എന്നിവര്‍ ഉള്‍പ്പെടുന്നു.
സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിന്റെ മോഹഭംഗവും, മൂല്യ തകര്‍ച്ചയും, നൈരാശ്യവുമെല്ലാം പ്രതിഫലിക്കുന്ന മൂന്നാം തലമുറയുടെ കഥകളില്‍ ടി പത്മനാഭന്‍,എം ടി വാസുദേവന്‍ നായര്‍ എന്നിവരാണ് ഇക്കൂട്ടത്തില്‍ പ്രമുഖര്‍. മാധവിക്കുട്ടി,എന്‍ പി മുഹമ്മദ്, കോവിലന്‍, നന്ദനാര്‍,പാറപ്പുറത്ത് എന്നിവരും ഇക്കാലത്തെ പ്രമുഖ ചെറുകഥാകൃത്തുക്കളാണ്. കാക്കനാടന്‍,എം പി നാരായണപിള്ള, ഒ വി വിജയന്‍, സക്കറിയ എന്നിവര്‍ ചെറുകഥയുടെ നാലാം തലമുറയെ പ്രതിനിധാനംചെയ്യുന്നു.

എം സുകുമാരന്‍, പട്ടത്തുവിള കരുണാകരന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള, തുടങ്ങിയവരും ഈ തലമുറയില്‍പ്പെടുന്നു. ഈ തലമുറയിലെ മുമ്പനാണ് ഒ വി വിജയന്‍. വി പി ശിവകുമാര്‍, എന്‍ എസ് മാധവന്‍, മേതില്‍രാധാകൃഷ്ണന്‍,എന്നിവര്‍ ഉള്‍പ്പെടുന്ന അഞ്ചാം തലമുറ നവീനോത്തര കഥാകൃത്തുക്കളായി അറിയപ്പെടുന്നു. അക്ബര്‍ കക്കട്ടില്‍, കെ പി രാമനുണ്ണി,എം എ റഹ്‌മാന്‍, പി സുരേന്ദ്രന്‍, ചന്ദ്രമതി, സി വി ബാലകൃഷ്ണന്‍,ഗ്രേസി തുടങ്ങിയവരിലൂടെ മലയാളകഥ പുതിയ നൂറ്റാണ്ടില്‍ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്നു.

മറ്റേതൊരു സാഹിത്യ ശാഖയെ അപേക്ഷിച്ചും ചെറുകഥാസാഹിത്യം മലയാളത്തില്‍ അതിവേഗം വളരുകയാണ്. പുതിയ തലമുറക്കഥകളില്‍ ക്രാഫ്റ്റിലും, ശൈലിയിലും, പദന്യാസത്തിലുമെല്ലാം വലിയ സ്വീകാര്യതയും അംഗീകാരവും നേടി മുന്നേറുന്ന കഥാകൃത്തുക്കളാണ് അനൂപ് അന്നൂര്‍, സുഭാഷ് ഒട്ടുംപുറം, ഷബിത, ആഷ് അഷിത, അഖില കെ.എസ്, വി സുരേഷ് കുമാര്‍ എന്നിവര്‍. എന്തുകൊണ്ടും ഇന്നത്തെ ഏറ്റവും സജീവമായ സാഹിത്യരംഗം ചെറുകഥ തന്നെയാണെന്നതില്‍ സംശയമില്ല.
സൂഫികളുടെ സാഹിത്യസൃഷ്ടികളെ ഓര്‍മ്മിപ്പിക്കുന്ന, വളരെ കുറച്ചു വാചകങ്ങളില്‍ ഒതുങ്ങുന്ന, സന്ദേശം പകരുന്ന കുഞ്ഞു കഥകള്‍ മലയാളത്തിലും വന്നുകൊണ്ടിരിക്കുന്നു.

(1) ഒരിക്കല്‍ മഴയ്ക്കായി പ്രാര്‍ത്ഥിക്കാന്‍ ഗ്രാമക്കാര്‍ എല്ലാവരും ഒത്തുകൂടി. എന്നാല്‍ വന്നവരില്‍ ഒരു കൊച്ചു കുട്ടി
മാത്രമേ കുട കരുതിയിരുന്നുള്ളു.

(2) നിങ്ങള്‍ നിങ്ങളുടെ കുഞ്ഞിനെ മുകളിലേക്ക് ഉയര്‍ത്തിയെറിഞ്ഞാല്‍ അവന്‍പൊട്ടിച്ചിരിക്കും. കാരണം നിങ്ങള്‍ അവനെ താഴെ വീഴാന്‍ അനുവദിക്കില്ല.കയ്യില്‍ സുരക്ഷിതമായി പിടിക്കുമെന്ന് അവനറിയാം.

(3) നാളെ ജീവനോടെ ഉണ്ടാകുമോ എന്ന് ഉറപ്പില്ലാതെയാണ് ഓരോ രാത്രിയിലും നാം ഉറങ്ങാന്‍ കിടക്കുന്നത്. എന്നിട്ടും, പിറ്റേന്ന് ഉണരാന്‍ അലാം ഒരുക്കിവെച്ചാണ് നാം കിടക്കാന്‍ പോകുന്നത്.

(4) ഭാവിയെക്കുറിച്ച് ഒന്നുമറിയില്ലെങ്കിലും നമ്മളൊക്കെ നാളെ ചെയ്യേണ്ട വലിയ പദ്ധതികള്‍ തയ്യാറാക്കുന്നു.

(5) ലോകം അനുഭവിക്കുന്ന കഷ്ടതകള്‍ നമ്മള്‍ കാണുന്നുണ്ട്.
എന്നിട്ടും നമ്മള്‍ വിവാഹിതരാകുന്നു.

(6) ഒരു മുതിര്‍ന്ന പൗരന്റെ ടീ ഷര്‍ട്ടില്‍ മനോഹരമായ ഒരു വാചകം..’ ഞാനൊരു 60 കാരന്‍ അല്ല. 44 വര്‍ഷത്തെ അനുഭവ പരിചയമുള്ള ഒരു മധുര 16 കാരനാണ്’.

(7) ആശ്രമത്തിലെ പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ ഗുരു ശിഷ്യനോട് പ്രസാദം വിതരണം ചെയ്യാന്‍ ആവശ്യപ്പെട്ടു. പക്ഷേ പ്രസാദവിതരണത്തെ ത്തുടര്‍ന്ന് അവിടെല്ലാം പ്രശ്‌നങ്ങളായി. പ്രസാദം ചിലര്‍ക്ക് കിട്ടിയില്ല, കിട്ടിയ ചിലര്‍ക്ക് കൂടുതല്‍ കിട്ടുകയും ചെയ്തു. പരാതിയെ തുടര്‍ന്ന് ഗുരു ശിഷ്യനെ വിളിപ്പിച്ച് കാരണം അന്വേഷിച്ചു. ‘ദൈവത്തെപ്പോലെ ആയിക്കോട്ടെ വിതരണം എന്ന് അങ്ങല്ലേ പറഞ്ഞത്’, എന്നായി ശിഷ്യന്‍. അപ്പോള്‍ ഗുരു പറഞ്ഞു :’ഇന്നുമുതല്‍ താന്‍ എന്റെ ഗുരുവും ഞാന്‍ തന്റെ ശിഷ്യനു മായിരിക്കും’.

(8) അമ്മ മകന് ഇന്ത്യയുടെ ഭൂപടം വാങ്ങിക്കൊടുത്തു. പക്ഷേ വലിയ താമസമില്ലാതെതന്നെ അത് അവന്‍ കീറി കഷണങ്ങളാക്കി. അമ്മ മകനെ ശാസിച്ചു. മകന്‍ കീറിയ കഷണങ്ങള്‍ ചേര്‍ത്തുവച്ച് ഒട്ടിച്ച് ഒന്നാക്കി. അപ്പോള്‍ അമ്മ
അതിശയത്തോടെ ചോദിച്ചു, ഇതെങ്ങനെ സാധിച്ചു? അപ്പോള്‍ മകന്‍ പറഞ്ഞു, പടത്തിന്റെ പിറകില്‍ ഒരു മനുഷ്യന്റെ പടം ഉണ്ടായിരുന്നു. അത് ചേര്‍ത്തുവച്ചപ്പോള്‍ ഭൂപടം ശരിയായി !

ഇവയൊക്കെ കുഞ്ഞു കഥകള്‍ എന്നല്ലാതെ ചെറുകഥയുടെ ഉയരത്തിലേക്ക് ഇവ എത്തിയിട്ടില്ലന്ന് നിസ്സംശയം പറയാം.

***

ഡോ.പി.എന്‍ ഗംഗാധരന്‍ നായര്‍.
9447340332.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px