LIMA WORLD LIBRARY

ഓശാനയും കഷ്ടാനുഭവവും, യേശു കെട്ടപ്പെട്ടകഴുതയെ മാനിക്കുന്നു-സൂസന്‍ പാലാത്ര

യേശുക്രിസ്തുവും ശിഷ്യന്മാരും യാത്രചെയ്ത്, യെരുശലേമിനടുത്ത് ഒലീവ്മലയരികേ ബത്ത്ഫാഗയിലും ബേഥാന്യയിലുംഎത്തിയപ്പോള്‍ യേശു ശിഷ്യന്മാരില്‍ രണ്ടുപേരെ എതിരെയുള്ള ഗ്രാമത്തിലേക്കയച്ച് ഇപ്രകാരംപറഞ്ഞു:
‘അവിടെ, ആരും ഒരിക്കലും കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെകാണും. അതിനെ അഴിച്ചുകൊണ്ടുവരുവിന്‍, ഇത് എന്തിനുചെയ്യുന്നു എന്നാരെങ്കിലും ചോദിച്ചാല്‍ കര്‍ത്താവിന് ഇതിനെക്കൊണ്ട് ആവശ്യമുണ്ടെന്നു പറവിന്‍. ശിഷ്യന്മാര്‍ അപ്രകാരം കഴുതക്കുട്ടിയെ യേശുവിനു നല്കി. യേശു അതിന്മേല്‍ കയറിയിരുന്നു.

എതിര്‍ഗ്രാമത്തില്‍ കെട്ടിയിട്ടനിലയില്‍ കഴുതക്കുട്ടിയെകാണാന്‍തക്കവണ്ണം ഉള്‍ക്കണ്ണുള്ളവനാണ് യേശു. യേശു ക്രിസ്തു എല്ലാം കാണുന്നവനാണ്. കണ്ടിട്ട് വെറുതേ മടങ്ങാറില്ല. രോഗസൗഖ്യം വേണ്ടവര്‍ക്ക് സൗഖ്യം, അപ്പം വേണ്ടവര്‍ക്ക് അപ്പം, സ്വാതന്ത്ര്യം വേണ്ടവര്‍ക്ക് സ്വാതന്ത്ര്യം; ഇങ്ങനെ അനാഥരെയും വിധവകളെയും മാറാരോഗികളേയും ഒറ്റപ്പെട്ടവരെയും പാരതന്ത്ര്യമനുഭവിക്കുന്നവരെയും യേശു രക്ഷിച്ചു.

കഴുതയ്ക്ക് ഒരു പ്രത്യേകതയുണ്ട്, തീരേ ബുദ്ധിയില്ല. അതിനാല്‍ത്തന്നെ ആരും കഴുതയെ കെട്ടാറില്ല. എന്നാല്‍ ഈ കഴുത കെട്ടപ്പെട്ടനിലയിലാണ്. ബന്ധനത്തില്‍പ്പെട്ടവരെ സ്വതന്ത്രനാക്കുന്നവനാണ് എന്റെ യേശു. ദൈവം എല്ലാറ്റിന്റെയും ആദ്യഫലത്തിന്റെ കല്പന പുറപ്പെടുവിച്ചപ്പോള്‍പ്പോലും കഴുതയെ വീണ്ടെടുക്കാന്‍ പറഞ്ഞത് ആട്ടിന്‍കുട്ടിയെക്കൊണ്ടാണ്. അത്ര കൊള്ളരുതാത്ത കഴുത. മഹനീയസ്ഥാനമൊന്നുമില്ലാത്ത വെറുമൊരുമൃഗം!

യേശു, ആ കഴുതയുടെ കെട്ടഴിപ്പിച്ചു. ശിഷ്യന്മാര്‍ തങ്ങളുടെ ഉത്തരീയങ്ങളെ അതിന്മേല്‍ വിരിച്ചു. യേശു അതിന്മേല്‍ കയറിയിരുന്നു. യേശു എവിടെപ്പോയാലും അവന്റെ ലാവണ്യവാക്കുകള്‍ കേള്‍ക്കാനും സൗഖ്യം പ്രാപിക്കാനുമായി ജനസഞ്ചയം പിന്നാലേ കാണും. അനേകര്‍ തങ്ങളുടെ വസ്ത്രങ്ങളെ വഴിയില്‍ വിരിച്ചു. മറ്റുചിലര്‍ പറമ്പുകളില്‍നിന്നു ചില്ലിക്കൊമ്പുകള്‍ വെട്ടി, വഴിയില്‍ വിതറി. ഇത് ആ കഴുതയെ മാനിച്ചിട്ടല്ല. രാജാധിരാജന്‍ അതിന്മേല്‍ ഇരുന്ന് സഞ്ചരിക്കുന്നതുകൊണ്ടുമാത്രമാണ്. ജനം, കൈയില്‍ ഈന്തപ്പനകളുടെ കുരുത്തോലകളും ഒലിവിലക്കൊമ്പുകളും പിടിച്ച് ഉച്ചത്തില്‍ ഘോഷിച്ചു. ‘ഹോശന്നാ, കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍; വരുന്നതായ രാജ്യം, നമ്മുടെ പിതാവായ ദാവീദിന്റെരാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ. അത്യുന്നതങ്ങളില്‍ ഹോശന്ന’ ചുമടുചുമക്കാനല്ലാതെ മറ്റൊന്നിനും കൊള്ളാത്ത കഴുതയെപ്പോലും മാനിച്ചവനാണ് യേശു.

യേശുവിന്റെ ദേവാലയപ്രവേശം, നഗരപ്രവേശം, ജനങ്ങള്‍ നല്കിയ വരവേല്പ് ഒന്നും ഇഷ്ടപ്പെടാതിരുന്ന, യെരുശലേം ദൈവാലയത്തിലെ മഹാചാര്യന്മാരായ അന്നാസും മരുമകന്‍ കയ്യാഫാവും യേശുവിനെ എങ്ങനെയെങ്കിലും പിടിക്കുവാന്‍ തീരുമാനിച്ചു. യേശു ദേവാലയം ഒരു കച്ചവടസ്ഥലമാക്കിമാറ്റിയവരെ ചാട്ടവാര്‍ ചുഴറ്റി, അടിച്ചോടിച്ചു ! ദേവാലയത്തില്‍ക്കയറി നാണയം മാറുന്നവരുടെ പീഠങ്ങള്‍ മറിച്ചുകളഞ്ഞു. പാപബലിയ്ക്കുള്ള യാഗവസ്തുക്കളായ പ്രാക്കളെയും ആടിനെയും വില്ക്കുന്നവരെയെല്ലാം യേശു ചാട്ടവാര്‍ എടുത്തടിച്ചു പുറത്താക്കി. ‘എന്റെ ആലയത്തെ നിങ്ങള്‍ കള്ളന്മാരുടെ ഗുഹയാക്കിമാറ്റി ‘ എന്ന് അട്ടഹസിച്ചതൊന്നും ആചാര്യന്മാര്‍ക്ക് ദഹിച്ചിട്ടില്ല. എന്നാല്‍ പ്രവാചകപ്പുസ്തകങ്ങളെയും ന്യായപ്രമാണത്തെയും യേശു നിവര്‍ത്തിക്കുകയാണ് ചെയ്തത്.

‘യേശുവിനെപിടിച്ച്, കൈസറിനെ ഏല്പിച്ച്, ഇവന്‍ തന്നത്താന്‍ രാജാവാകാന്‍ ശ്രമിച്ച് കൈസറിന് വിരോധിയായി എന്ന് രാജദ്രോഹക്കുറ്റവും, ഇവന്‍ ദൈവപുത്രനെന്ന് പറഞ്ഞ്, ‘ ദൈവദൂഷണവും പറഞ്ഞു, നമ്മുടെ ആളുകളെ അവന്റെ അദ്ഭുത പ്രവൃത്തികള്‍കൊണ്ട് മറിച്ചുകളഞ്ഞു, ശബ്ബത്തില്‍ രോഗികളെ സൗഖ്യമാക്കി, ശബ്ബത്തിനെ അശുദ്ധമാക്കി ന്യായപ്രമാണം ലംഘിച്ചു, എന്നാക്കെ, ക്രൂശുമരണം വിധിക്കത്തക്കവണ്ണമുള്ള ഗൗരവതരമായ കുറ്റങ്ങള്‍ ചുമത്താന്‍ മഹാചാര്യന്മാര്‍ ശ്രമിച്ചു. അതിനായി അവര്‍, യേശുവിന്റെ വിരോധികളായ കൈസറിനും ഹെറോദോസിനും ഒപ്പം ചേര്‍ന്നു.
നാം ഒരുകാലത്ത് ബ്രിട്ടണിന്റെ ഭരണത്തിന്‍കീഴിലായിരുന്നതുപോലെ, അക്കാലത്ത് സീയോന്‍മല തുടങ്ങിയുള്ള പ്രവിശ്യകള്‍ റോമാധിപത്യത്തിന്റെ നുകത്തിന്‍ കീഴിലായിരുന്നു. അതിനാലാണ്, റോമന്‍ ഗവര്‍ണ്ണര്‍ ആയിരുന്ന പീലാത്തോസിനെക്കൊണ്ട്, യേശുവിനെ മരണശിക്ഷക്കു വിധിക്കുവാന്‍, യൂദന്മാര്‍ ശ്രമിച്ചത്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px