ഉള്‍ക്കാഴ്ചയുടെ പ്രസക്തി-ഡോ. പി.എന്‍ ഗംഗാധരന്‍ നായര്‍

Facebook
Twitter
WhatsApp
Email

സ്രാവുകള്‍, ഗോള്‍ഡ് ഫിഷിനെപോലെയാണ്. വളരാന്‍ ലഭിക്കുന്ന സ്ഥലത്തിനനുസരിച്ച് അവയും വളരും. അതുപോലെയാണ് നമ്മുടെ ചിന്തകളും. ചിന്തകള്‍ക്കു വളരാനുള്ള സാഹചര്യങ്ങള്‍ ഒരുക്കി കൊടുത്താലേ അവയ്ക്ക് വികസിക്കുവാന്‍ സാധിക്കൂ.എങ്കിലേ ഉള്‍ക്കാഴ്ച വികസിക്കൂ. നമ്മള്‍ പലരും കാഴ്ചപുറത്തെ ദൃശ്യങ്ങള്‍ കൊണ്ട് തൃപ്തരാവുകയാണ്. ഉപരിപ്ലവമായ ഈ കാഴ്ചകള്‍ അന്തര്‍ലീനമായ സത്യത്തെ പ്രതിഫലിപ്പിക്കുന്നില്ല.
കാണാപ്പുറത്തെ കാഴ്ചകളാണ് യഥാര്‍ത്ഥ കാഴ്ചകള്‍. അവയാണ് ഉള്‍ക്കാഴ്ചകള്‍. കാഴ്ചയുടെയും ഉള്‍ക്കാഴ്ചയുടെയും സംഗമ വേദിയിലാണ് ഒരു ദര്‍ശനം,അഥവാ
ഒരു വീക്ഷണം ജന്മമെടുക്കുക. ഒരു നേതാവിന് ആവശ്യമായി വരുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ഉറവിടം ഈ ദര്‍ശനമാണ്. നേതാക്കളുടെ ഉള്‍ക്കാഴ്ചയാണ് അനുയായികളുമായുള്ള അവരുടെ ബന്ധത്തിന്റെ ആഴം നിര്‍ണയിക്കുന്നത്.

ചുറ്റുമുള്ള കഷ്ടപ്പാടുകള്‍ നമ്മുടെ പതിവ് കാഴ്ചകളാണ്. നമ്മുടെ ഈ പതിവ് കാഴ്ചകളിലൂടെയുള്ള യാത്രയില്‍ സിദ്ധാര്‍ത്ഥ രാജകുമാരനെ നയിച്ചത് ലോകത്തെ സമസ്ത സഹനങ്ങളുടെയും നാരായവേര് ആഗ്രഹമാണെന്ന ഉള്‍ക്കാഴ്ചയിലേക്കാണ്.
മനുഷ്യരിലെ ഉള്‍ക്കാഴ്ച അഥവാ തിരിച്ചറിവിന്റെ അഭാവത്തെക്കുറിച്ച് ബ്രിട്ടീഷ് എഴുത്തുകാരി എലിസബത്ത് ടെയിലര്‍ എഴുതിയ ഒരു പ്രസിദ്ധ കഥയുടെ സംഗ്രഹം ശ്രദ്ധിക്കാം:

ഒരു കൂട്ടം പ്രാവുകള്‍ ഒരു ക്ഷേത്രത്തിന്റെ മേല്‍ക്കൂരയില്‍ സസുഖം വാഴുമ്പോഴാണ് ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചത്. ഇനി എങ്ങോട്ട് മാറുമെന്ന് ആലോചിക്കുമ്പോഴാണ് തൊട്ടടുത്ത ക്രിസ്ത്യന്‍ പള്ളി കണ്ടത്.പ്രാവുകള്‍ ഒന്നിച്ച് ക്രിസ്ത്യന്‍ പള്ളിയുടെ മേല്‍ക്കൂരയില്‍ താവളമുറപ്പിച്ചു. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ക്രിസ്മസ് അടുത്തെത്തി. പള്ളിക്കു മോഡി കൂട്ടാനുള്ള പണി ആരംഭിച്ചു.ഇനി എവിടേക്ക് എന്ന് ചിന്തിച്ച് പ്രാവുകള്‍ അടുത്ത് കണ്ട മുസ്ലിം പള്ളി താവളമാക്കാന്‍ തീരുമാനിച്ചു.അവിടെ സുഖമായി കഴിയുമ്പോഴാണ് റംസാന്‍ കടന്നുവന്നത്. മുസ്ലിം പള്ളിയില്‍ പുതു വര്‍ണ്ണങ്ങള്‍ പൂശാന്‍ തുടങ്ങി.പ്രാവുകള്‍ വീണ്ടും തങ്ങളുടെ ആദ്യവാസസ്ഥലമായ അമ്പലത്തിന് മുകളിലേക്ക് തന്നെ തിരിച്ചു വന്നു. ഒരു ദിവസം റോഡില്‍ ആളുകള്‍ പരസ്പരം പോരാടുന്നത് കണ്ട് ഒരു കുഞ്ഞുപ്രാവ് തള്ളപ്രാവിനോട് ചോദിച്ചു,അവര്‍ ആരാണ് ?. അമ്മക്കിളി പറഞ്ഞു, അവര്‍ മനുഷ്യരാണ്.അമ്പലത്തില്‍ പോകുന്നവരെ ഹിന്ദുക്കള്‍ എന്ന് വിളിക്കുന്നു.ചര്‍ച്ചില്‍ പോകുന്നവരെ ക്രിസ്ത്യാനികള്‍ എന്നും, മോസ്‌കില്‍ പോകുന്നവരെ മുസ്ലിങ്ങള്‍ എന്നും വിളിക്കുന്നു. ഇതുകേട്ട് കുഞ്ഞുക്കിളി ചോദിച്ചു, അതെന്താ അമ്മേ അങ്ങനെ ?

നമ്മള്‍ അമ്പലത്തിന് മുകളില്‍ ആയിരുന്നപ്പോഴും, ചര്‍ച്ചിനും,മോസ്‌കിനും മുകളിലായിരുന്നപ്പോഴും നമ്മള്‍ അറിയപ്പെട്ടിരുന്നത് പ്രാവുകള്‍ എന്ന പേരില്‍ തന്നെയായിരുന്നില്ലേ. എന്തേ ഇവരെ മനുഷ്യര്‍ എന്ന് വിളിച്ചു കൂടാ ?. അമ്മപ്രാവ് മറുപടി നല്‍കി: നമ്മള്‍ ഇവിടെയുള്ള പ്രാവുകള്‍ക്കെല്ലാം ദൈവം എന്തെന്ന് കൃത്യമായി അറിയാവുന്നതുകൊണ്ട് നമ്മള്‍ ഒരുമയോടെ സുഖമായി ജീവിച്ചു പോകുന്നു. ഭൂമിയിലെ ഏറ്റവും ബുദ്ധിയുള്ളവര്‍ എന്ന് അഹങ്കരിക്കുന്ന മനുഷ്യര്‍ക്ക് ആകട്ടെ ദൈവം അവരില്‍ തന്നെ ഉണ്ടെന്നുള്ള ( ‘തത്ത്വമസി’ ) തിരിച്ചറിവ് ഇനിയും ഇല്ലാത്തതുകൊണ്ട് അവര്‍ പരസ്പരം പോരാടി ജീവിതം കളഞ്ഞുകൊണ്ടേയിരിക്കുന്നു !

ഇനി,ഒരു ക്ലാസ്സില്‍ അധ്യാപകനും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ചോദ്യോത്തരം ശ്രദ്ധിക്കാം:
അധ്യാപകന്‍ കുട്ടികളോട് : ആപ്പിളിന്റെ നിറം
എന്താണെന്ന് പറയൂ?. ഒരു കുട്ടി ‘ചുവപ്പ്’ എന്നും, മറ്റൊരു കുട്ടി ‘പച്ച’ എന്നും,വേറൊരു കുട്ടി ‘മഞ്ഞ’എന്നും ഉത്തരം നല്‍കി. അപ്പോഴാണ് രാജു എന്ന വിദ്യാര്‍ത്ഥി ബാഗും തോളിലിട്ട്, കുറച്ച് താമസിച്ച്, ക്ലാസ്സിലേക്ക് കയറിവരുന്നത് എല്ലാവരുടെയും ശ്രദ്ധയില്‍പ്പെട്ടത്. അവനോട് അധ്യാപകന്‍ ചോദ്യം ആവര്‍ത്തിച്ചു. രാജു മുമ്പോട്ട് വന്ന് തന്റെ ബാഗ് കസേരയില്‍ വച്ചിട്ട് നേരെ നിവര്‍ന്നുനിന്നുകൊണ്ട് പറഞ്ഞു,’ആപ്പിളിന്റെ നിറം വെളുപ്പാണ് ‘. കുട്ടികളെല്ലാം അവനെ കളിയാക്കി ചിരിച്ചു. അധ്യാപകന്‍ വിശദീകരിച്ചു കൊടുത്തു, നീ പറയുന്നതല്ല സത്യം. ആപ്പിളിന്റെ നിറം ചുവപ്പോ,പച്ചയോ, മഞ്ഞയോ ആകാം. അപ്പോള്‍ രാജു പറഞ്ഞു, സാര്‍ അത് ആപ്പിളിന്റെ തൊലിയുടെ നിറമാണ്. ആപ്പിള്‍ മുറിച്ച് ഉള്ളിലേക്ക് നോക്കിയാല്‍ മനസ്സിലാകും അതിന്റെ നിറം വെള്ളയാണെന്ന്. അധ്യാപകന് മറുപടിയില്ലായിരുന്നു. ചിരിച്ച കുട്ടികള്‍ രാജു വിന്റെ തിരിച്ചറിവിനെ അംഗീകരിച്ചതുപോലെ നോക്കിയിരുന്നു.

എന്തിലും ഉള്‍ക്കാഴ്ച അഥവാ തിരിച്ചറിവാണ് പ്രധാനം,ബാഹ്യ നിറങ്ങള്‍ കൊണ്ട് തൃപ്തിപ്പെട്ടുകൂട.
സ്വന്തം കഴിവിലുള്ള തിരിച്ചറിവാണ് ഒരു വ്യക്തിക്ക് ജീവിതത്തില്‍ പരമപ്രധാനം.
ഒരു നേരത്തെ ശാപ്പാടിന് പോലും വഴിയില്ല.ഭാര്യയേയും സ്വന്തം മാതാവിനെയും പോറ്റേണ്ട ചുമതലയും. സ്ഥിതിഗതികള്‍ ഇങ്ങനെയൊക്കെ ആയിരുന്നെങ്കില്‍കൂടി ഫ്രഞ്ച്‌സാഹിത്യകാരന്‍ ആയിരുന്ന എമിലി സോള  തന്റെ എഴുത്ത് തുടര്‍ന്നുകൊണ്ടേയിരുന്നു.അദ്ദേഹം എഴുതിയത് ഒന്നും തന്നെ ആരും ഗൗനിച്ചില്ല. പുസ്തക പ്രസാധകര്‍ അദ്ദേഹത്തിന്റെ രചനകളെ ചവിറ്റുകൊട്ടയില്‍ തള്ളി. ദാരിദ്ര്യത്തോട് മല്ലിട്ടുകൊണ്ട് അദ്ദേഹം തന്റെ രചനകള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.തന്റെ കൃതികള്‍ ഏതെങ്കിലും ഒരു നാള്‍ മാനിക്കപ്പെടും എന്ന് അദ്ദേഹം ദൃഢമായി വിശ്വസിച്ചു. ആ ഉറച്ച വിശ്വാസം മൂലം ദിനരാത്രങ്ങള്‍ അദ്ദേഹം തള്ളി നീക്കി.

അദ്ദേഹത്തിന്റെ വിശ്വാസം അസ്ഥാനത്തായില്ല. പില്‍ക്കാലത്ത് ലോകം മുഴുവന്‍ അദ്ദേഹത്തിന്റെ കൃതികള്‍ വാഴ്ത്തപ്പെട്ടു. അവസാനം പണവും പ്രശസ്തിയും അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു. തന്റെ കഴിവിലുള്ള തിരിച്ചറിവ് ഇല്ലാതിരുന്നെങ്കില്‍ അദ്ദേഹം ഈ നിലയ്ക്ക് വളരുമായിരുന്നില്ല.

About The Author

Leave a Reply

Your email address will not be published. Required fields are marked *