പെസഹാബുധനാഴ്ച വൈകുന്നേരം മിക്ക ക്രിസ്തീയഭവനങ്ങളിലും ഇണ്ട്രിയപ്പം (INRI Bread) ഉണ്ടാക്കും, പുളിപ്പില്ലാത്ത അപ്പം. വ്യാഴാഴ്ചരാവിലെ വീട്ടിലെ തലമൂത്തകാരണവര്‍ അപ്പം മുറിക്കും. അപ്പത്തിനു കൂട്ടാന്‍ തേങ്ങാപ്പാലും ശര്‍ക്കരപ്പാനിയും ചുക്കും ജീരകവും ഏലക്കായും ചേര്‍ത്ത് കാച്ചിക്കുറുക്കിയെടുക്കും. പാലുകുറുക്കു് എന്ന് ഇതിനെ വിളിക്കും. പാലുകുറുക്ക് ചേര്‍ത്താണ് അപ്പം കഴിക്കുന്നത്. ഈ അപ്പം പാലുകുറുക്ക് കൂട്ടാതെ കഴിച്ചാല്‍ രുചിയൊന്നുമില്ല.
പുട്ടിനു പറ്റിയ അരിപ്പൊടിയില്‍ അല്പം ഉഴുന്നരച്ചുചേര്‍ത്ത് അതില്‍ ചുവന്നുള്ളി, വെളുത്തുള്ളി, ജീരകം ഏറെ തേങ്ങാപ്പീര, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് സമചതുരത്തില്‍ ഇലകീറി ഇലയുടെ നടുക്ക് ഈ മാവു വച്ച് നാലു കോണ്‍ കിട്ടത്തക്കവണ്ണം കോണോടു കോണ്‍ മടക്കി അപ്പച്ചെമ്പില്‍ വച്ച് പുഴുങ്ങിയെടുക്കണം.
നല്ല കനല്‍ അടുപ്പില്‍ കട്ടിയുള്ള ദോശത്തട്ടം വച്ച് ചുട്ടെടുക്കുന്നവരും ഉണ്ട്. എന്നാല്‍ കുരിശപ്പം പുഴുങ്ങിത്തന്നെ എടുക്കണം. കുഴച്ചുവച്ച മാവില്‍നിന്ന് ആദ്യം വലിയ ഉരുള, പിന്നീട് അതില്‍ ചെറുത്, മൂന്നാമത് അതിലും ചെറുത് എന്ന അളവില്‍ മാവ് എടുത്തു മാറ്റിവച്ചിരുന്നതില്‍, കൂടുതല്‍ തേങ്ങാപ്പാലും തേങ്ങയും ചേര്‍ത്ത് വേണമെങ്കില്‍ അല്പം പഞ്ചസാരയും കൂടി ചേര്‍ത്ത് അപ്പച്ചെമ്പില്‍വച്ച് പുഴുങ്ങിയെടുക്കാം. എന്നാല്‍ ഏറിയ ആള്‍ക്കാരും വട്ടേപ്പം പുഴുങ്ങുന്ന രീതിയില്‍, അപ്പച്ചെമ്പില്‍ ഉണ്ടാക്കി എടുക്കുന്നു. ഓശാനക്കു പള്ളിയില്‍നിന്നു കിട്ടിയ കുരുത്തോലയില്‍നിന്ന്, ഈര്‍ക്കില്‍ ഇല്ലാതെ അല്പം ഓലചീന്തിയെടുത്ത് കുരിശാകൃതിയില്‍ കോര്‍ത്തെടുത്ത് അപ്പത്തിന്റെ നടുക്കുവച്ച് പുഴുങ്ങും. ഈ അപ്പം നല്ല ശുദ്ധവൃത്തിയോടെ ശ്രദ്ധയോടെ ഉണ്ടാക്കണമെന്നുള്ളതിനാല്‍ പലരും കുരിശുവച്ച് അപ്പമുണ്ടാക്കാന്‍ ഭയം കാണിക്കുന്നു.
യേശുവിന്റെ കാല്‍വരിയാഗസമയത്ത് കുരിശില്‍ യേശുവിന്റെ തലയ്ക്കുമീതെ, അവന്റെ കുറ്റപത്രം എബ്രായഭാഷയില്‍ എഴുതി വച്ചിരുന്നു. ‘നസറായനായ യേശു യഹൂദന്മാരുടെ രാജാവ്’ അതിന്റെ എബ്രായഭാഷയിലെ’JESUS NAZARENUS REX IUDAEORUM’ എന്നതിന്റെ ചുരുക്കരൂപമാണ് ‘INRI’ അര്‍ത്ഥം Jesus of Nazareth, King of the Jews.” INRI-ല്‍ നിന്നാണ് ഇന്റി അപ്പം എന്നു പറയാന്‍ തുടങ്ങിയത്. പറഞ്ഞു പറഞ്ഞ് ഇണ്ട്രിയപ്പം എന്നായി.
അപ്പത്തിന് പറയത്തക്ക രുചിയിലെങ്കിലും പാലുകുറുക്ക് കൂട്ടി അതുകഴിക്കുന്നവര്‍ക്കൊക്കെ ഒരാനന്ദമാണ്. തൊട്ടയല്‍വാസികള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊക്കെ സന്തോഷം പകരുന്ന അപ്പമാണ് ഇത്. ഈ അപ്പം മുറിച്ചുകൊടുക്കുമ്പോള്‍ ക്രിസ്മസ്സിന് കേക്കുമുറിക്കുമ്പോലെ എല്ലാവര്‍ക്കുമുണ്ടാകുന്ന ആഹ്ലാദം അവര്‍ണ്ണനീയമാണ്.
യേശു തന്റെ ശിഷ്യരുമൊത്ത് അന്ത്യ അത്താഴം കഴിച്ചത്, പെസഹാ നാളിലാണ്. യേശുവിന്റെ പരിപാവനമായ അന്ത്യയത്താഴത്തെ മാത്രമല്ല, മിസ്രയിമിലെ അടിമത്തത്തില്‍നിന്ന് യിസ്രായേല്‍ ജനതക്ക് കിട്ടിയ മോചനത്തിന്റെ ആഘോഷംകൂടെയാണ്, പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാള്‍. പെസഹ എന്ന ഹീബ്രു വാക്കിന്റെ അര്‍ത്ഥം ജമീൈ്‌ലൃ കടന്നു പോക്ക് എന്നാണ്.
യിസ്രായേല്‍ ജനതയെ അതികഠിനമായി പീഡിപ്പിച്ച ഫറവോനും മിസ്രയിമിനും നേരെ സര്‍വ്വശക്തനായ യഹോവയുടെ കോപം ജ്വലിക്കുന്നു. സംഹാരദൂതന്‍ മിസ്രയീമില്‍ കടിഞ്ഞൂല്‍ സംഹാരം നടത്തുന്നു. ഭയന്നുപോയ ഫറവോന്‍ ഇസ്രായേല്‍ ജനതയോട്,
ദേശം വിട്ടുപോകാന്‍ കല്പിക്കുന്നു. അങ്ങനെ ഇസ്രായേല്‍ജനം ഓടിപ്പോകുന്നു. അവര്‍ രക്ഷപെട്ടോടിപ്പൊന്നതിന്റെ ഓര്‍മ്മയായി തലമുറതലമുറയായി ഈ പെസഹാദിനങ്ങള്‍ ആചരിക്കുമെന്ന് തീരുമാനം എടുക്കുന്നു, അത് ദൈവകല്പനയാണ്. ബൈബിളിലെ പുറപ്പാട് 12-ല്‍ പെസഹാ നാളുകളെക്കുറിച്ചും അതിന്റെ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചുമെല്ലാം ഭംഗിയായി വിവരിച്ചിട്ടുണ്ട്.
ഹീബ്രുവിലെ ഒന്നാം മാസമായ നീസാന്‍ പതിനഞ്ചാം തീയതി മുതല്‍ ഇരുപത്തിയൊന്നാംതീയതി വൈകുന്നേരംവരെയും പുളിപ്പില്ലാത്ത അപ്പം കഴിക്കണമെന്ന നിത്യനിയമം യിസ്രായേല്‍ മക്കള്‍ ഉറപ്പാക്കി.
പെസഹാ പെരുന്നാളില്‍ പാപബലിക്കായ് പെസഹാ കുഞ്ഞാടിനെ അറുക്കുമായിരുന്നു. പെസഹാടിനെ നീക്കി സര്‍വ്വജനത്തിനു വേണ്ടിയും യേശു സ്വയം യാഗമായി. മര്‍ക്കോസ്: 14: ന്റെ 12 മുതല്‍ 72 വരെയുള്ള വാക്യങ്ങളില്‍, യേശുവിന്റെ അന്ത്യ അത്താഴവും യൂദയുടെ ഒറ്റുകൊടുക്കലും പത്രോസിന്റെ തള്ളിപ്പറയലും പത്രോസിന്റെ പശ്ചാത്താപവും യേശുവിന്റെ ഗദ്‌സമേനിലെ പ്രാര്‍ത്ഥനയും വിവരിച്ചിരിക്കുന്നു.
ഈ ഭൂമിയില്‍ തലചായ്ക്കാനിടം സമ്പാദിക്കാനല്ല, ഇവിടെ സ്വത്തുസമ്പാദിച്ച്, രാജാധിരാജനായി വാഴാനുമല്ല; പിന്നെയോ, അജ്ഞതയുടെ, അന്ധകാരത്തില്‍കിടന്ന ലോകജനതയെ പാപത്തില്‍നിന്ന് രക്ഷിപ്പാനാണ് യേശുനാഥന്‍ മനുഷ്യനായി അവതരിച്ചത്.
ശിഷ്യന്മാര്‍ ഗുരുവിനോട് ചോദിച്ചു: ‘നീ പെസഹാ കഴിപ്പാന്‍ ഞങ്ങള്‍ എവിടെ ഒരുക്കേണം’?
യേശു ശിഷ്യന്മാരില്‍ പത്രോസിനെയും യോഹന്നാനെയും വിളിച്ച് അവരോടു പറഞ്ഞു; ‘നഗരത്തില്‍ ചെല്ലുവിന്‍, അവിടെ ഒരു കുടംവെള്ളം ചുമന്നുകൊണ്ട് ഒരുമനുഷ്യന്‍ നിങ്ങളെ എതിര്‍പെടും. അവന്റെ പിന്നാലെചെന്ന് അവന്‍ കടക്കുന്നേടത്ത്, ആ വീട്ടുടയവനോട് ഞാന്‍ എന്റെ ശിഷ്യന്മാരുമായി പെസഹാ കഴിപ്പാനുള്ള ശാല എവിടെയെന്ന് ഗുരു ചോദിക്കുന്നു എന്നു പറവിന്‍. അവന്‍ വിരിച്ചൊരുക്കിയ ഒരു വന്മാളിക കാണിച്ചുതരും അവിടെ ഒരുക്കുവിന്‍” ശിഷ്യന്മാര്‍ യേശു പറഞ്ഞതുപോലെ പോയിക്കണ്ട് പെസഹാ അവിടെ ഒരുക്കി. മര്‍ക്കോസിന്റെ മാളിക വിശുദ്ധനാടുയാത്രക്കാര്‍ക്ക് കാണാനാവും.
പ്രസ്തുത അത്താഴവേളയില്‍ യേശു പറയുന്നു: ‘നിങ്ങളില്‍ ഒരുവന്‍ എന്നെ കാണിച്ചുകൊടുക്കും. എന്നോടുകൂടെ കൈ താലത്തില്‍ മുക്കുന്നവന്‍ തന്നേ. മനുഷ്യപുത്രനെ കാണിച്ചു കൊടുക്കുന്ന മനുഷ്യന് അയ്യോ കഷ്ടം. അവന്‍ ജനിക്കാതിരുന്നെങ്കില്‍ ഏറെ നന്ന്’
യേശു ശിഷ്യന്മാരുടെ പാദം കഴുകി എളിമയുടെ മാതൃക കാട്ടിക്കൊടുത്തു. നിങ്ങള്‍ തമ്മില്‍ത്തമ്മില്‍ സ്‌നേഹിപ്പിന്‍ എന്ന് അവരെ പഠിപ്പിച്ചു. ഇന്ന് ദൈവത്തെ കൊഞ്ഞനം കുത്തി കാണിക്കുന്നതുപോലെയായി ഈ കാല്‍കഴുകല്‍സ്മരണ. ‘കാല്‍കഴുകല്‍ ശുശ്രൂഷ’ എന്ന പേരില്‍.
മനുഷ്യര്‍ തമ്മില്‍ത്തമ്മില്‍ സ്‌നേഹിപ്പാനും എളിമയോടെ ജീവിക്കാനുമാണ് കര്‍ത്താവ് മാതൃക കാട്ടിയത്. എന്നാല്‍ ഇന്നത് കേവലം ഒരുദിവസത്തെ അതായത് വര്‍ഷത്തിലൊരു ദിവസത്തെ ചടങ്ങാക്കി മാറ്റിക്കളഞ്ഞു. ഈസമയത്ത് നമുക്ക് മദര്‍ തെരേസയെയും ഇന്ന് ദരിദ്രര്‍ക്കിടയില്‍ ജീവിച്ചുകൊണ്ട് അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ദയാബായി തുടങ്ങിയവരെയും സ്മരിക്കാം.
യേശുവിന്റെ ശിഷ്യന്മാര്‍ക്കിടയില്‍ വലിയവന്‍ ആര് ചെറിയവന്‍ ആര് എന്ന തര്‍ക്കം ഉടലെടുത്തിരുന്നത് യേശു മനസ്സിലാക്കിയിട്ടാണ്, ദൈവപുത്രന്‍ തന്റെ ശിഷ്യരുടെ പാദം കഴുകി തുവര്‍ത്തിക്കൊടുത്തത്.
About The Author
No related posts.