LIMA WORLD LIBRARY

പി.എസ് പ്രഭാവതിയുടെ കഥാസമാഹാരം ‘പാല പൂത്ത മണം’ വായനാ നിറവില്‍-വി.ജി.എം ലേഖ

അക്ഷരപ്പാല പൂത്തപ്പോള്‍…

കാലതീതമായ എഴുത്തിന്റെ യാത്രയില്‍ മൂന്നാം കണ്ണിന്റെ ജ്ഞാന സൃഷ്ടിയാല്‍ ഋതുക്കള്‍ സാക്ഷിയായി ഹൃദയം തൊട്ട അക്ഷരപ്പാല…….
ആര്‍ജ്ജിത സംസ്‌കാരങ്ങളുടെ ഫലമായ സത്ഭാവങ്ങളില്‍ ബഹിര്‍മുഖമായ മനസ്സ് ഇന്നലകളിലെ ചിന്തകളില്‍ ഉറങ്ങുകയും ഇന്നിന്റെ ചിന്തകളില്‍ ഉണരുകയും ചെയ്യുന്ന സമര്‍പ്പണശിലയാണ് കഥയുടെ ജീവിത ലക്ഷ്യം. കഥ പലായനങ്ങളുടെ സൃഷ്ടിയോ അഭയാര്‍ത്ഥികളുടെ താവളമോ അല്ല മറിച്ച് കാലത്തോട് സംവദിക്കുകയും അനുഭവ ജ്വാലയാല്‍ ഭസ്മീകരിക്കുകയും വീണ്ടും ഭാഷയിലൂടെ ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യുമ്പോള്‍ എഴുത്തിന്റെ ശില്പ ശാസ്ത്രത്തെ പ്രാണപ്രതിഷ്ഠ നടത്തുന്നു ഈ കഥകള്‍……..
നീതിദേവതയെ നീതി തുലാസില്‍ വിചാരണ ചെയ്യുന്ന നീതികേടിന്റെ നീതി ശാസ്ത്രങ്ങള്‍ തച്ചുടച്ച് ദേവസ്പര്‍ശം പകരുന്ന രചനാ വൈഭവം ഈ എഴുത്തുകാരിക്ക് സ്വന്തം……
താണ്ഡവ ഗാംഭീര്യത്താല്‍ കടഞ്ഞെടുക്കുന്ന പാലാഴിമഥനംപോലെ, ഓരോ തുള്ളിയിലും അമൃത് തുളുമ്പുന്ന ജീവിതപ്പാല പോലെ, രക്തകണങ്ങളില്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ‘രക്തബീജന്റെ ‘മാന്ത്രിക കരുത്ത് പോലെ വാള്‍മുനയില്‍ അടങ്ങാത്ത ആവേശം തുടിക്കുന്ന കഥകളുടെ തീര്‍ത്ഥയാത്ര …….
‘ പാല പൂത്ത മണവും’പേറി ‘സീതയും സുമിത്രയും ‘ കല്ലുകൊണ്ടൊരു കഥയുടെ ‘ശില്പ ഗണിതം’ എണ്ണി ‘തൊട്ടാവാടികള്‍ പൂക്കുന്ന ‘ വയല്‍ക്കാറ്റില്‍ പഞ്ചവര്‍ണ്ണക്കിളികളും ‘തീ’ അണയാത്ത മനസ്സില്‍ ‘ചക്കരച്ചൂടിന്റെ ‘ഇരുളില്‍ ‘ നമ്ര ‘യല്ല’ നീയനുജത്തീ ‘ എന്നവനും പിന്നെ ‘പൂച്ചയും പൂത്താങ്കീരിയും’ ” പുട്ടിയും’ പറന്നു വന്ന പൂക്കളും വശ്യസുഗന്ധമായി കഥയുടെ പുണ്യാശ്രമത്തില്‍ മഷിത്തൂവല്‍ തീര്‍ത്ത ‘ പ്രഭാവലയം’ – —-
ആശയങ്ങള്‍ അലങ്കാരങ്ങള്‍ക്കുള്ളിലോ ആഖ്യാനം രൂപഘടനക്കുള്ളിലോ ഭാവതലങ്ങള്‍ ഭാഷയുടെ പാത്രസൃഷ്ടിക്കുള്ളിലോ മിഴിയാമ്പലുകളെ വിടര്‍ത്തി ശ്രദ്ധാതന്തുക്കളിലൂടെ വിധിന്യായം കീഴ്‌പെടുത്തുന്ന കഥാതന്തു’ പ്രഭാപൂര’മാകുന്ന പാലപ്പൂ മണം. ഊര്‍ജ്ജക്കടല്‍ ഇരമ്പി മറിയുന്ന ഉത്തേജന പ്രക്രിയകഥയുടെ രാസമാറ്റങ്ങള്‍ക്ക് ഭൂമികയാവുന്ന ബീജാങ്കുരത്തിന്റെ സൃഷ്ടിപാത്രം .
ധര്‍മ്മാര്‍ത്ഥ കാമ മോക്ഷങ്ങളായ പുരുഷാര്‍ത്ഥങ്ങളിലൂടെ യാത്ര തുടരുന്ന ജീവിത കര്‍മ്മ പാതയില്‍ മുള്ളും പൂക്കളും താണ്ടി ശുദ്ധീകരണ പ്രക്രിയയ്ക്കായി ആഹ്വാനം ചെയ്യുന്നു ഈ കഥകള്‍…….
തീറെഴുതിക്കിട്ടിയ പാലമരത്തിലെ താമസ പുരയും , തീവ്രഗന്ധം ചുരത്തുന്ന പുറംപോക്കിലെ പാലപ്പൂവും, രക്ത കൊതി പൂണ്ട നാവുമായി പുരുഷനില്ലാ കുലത്തില്‍ പീഡനപര്‍വ്വമില്ലാതെ രാജാത്തിയായ യക്ഷിപ്പെണ്ണിന് ഹൃദയമില്ലാത്തവള്‍ എന്ന ചീത്തപ്പേരു മാറ്റി ഹൃദയം കൊടുത്ത് ലോലമായ കഥയിലൂടെ ഒരു അവയവദാനം നല്‍കി യക്ഷിയെ സര്‍വ്വജ്ഞപീഠത്തില്‍ ഇരുത്തീ കഥാകാരി.

”ഭക്തിയുടെ ശക്തി പോലെ
ധ്യാനാത്മക സാധന പോലെ
കര്‍മ്മബന്ധിതയാത്ര പോലെ
ധന്യമായ സൃഷ്ടിപൂജ…”

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px