LIMA WORLD LIBRARY

ഉന്നത പഠനം; കുട്ടിയുടെ അഭിരുചിക്ക് ആകണം മുന്‍ഗണന-അഡ്വ. ചാര്‍ളി പോള്‍ (ട്രെയ്‌നര്‍, മെന്റര്‍)

കുട്ടികളുടെ അഭിരുചി നോക്കാതെ പ്രൊഫഷണല്‍ കോഴ്‌സിന് ചേര്‍ത്തിട്ട് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു പോകുന്ന കുട്ടികളുടെ എണ്ണം കേരളത്തില്‍ വളരെയേറെ വര്‍ദ്ധിക്കുകയാണ്. രക്ഷിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പലരും പ്രൊഫഷണല്‍ കോഴ്‌സിന് ചേരുന്നത്.കുട്ടിയുടെ ജന്മവാസനയെ കുറിച്ച് അച്ഛനമ്മമാര്‍ക്ക് ഏകദേശം രൂപമു ണ്ടായിരിക്കാം. പക്ഷെ കുട്ടിക്ക് ഏറ്റവും യോജിച്ച പഠന മാര്‍ഗം ഏതെന്ന് കണ്ടെത്താന്‍ ആ അറിവ് മാത്രം പോരാ. അഭിരുചി കൃത്യതയോടെ നിര്‍ണയിച്ച് കോഴ്‌സുകള്‍ തെരഞ്ഞെടുത്താല്‍ മാത്രമേ ജീവിതത്തില്‍ വിജയിക്കാന്‍ കഴിയുള്ളൂ.

പഠന മാര്‍ഗ്ഗങ്ങളും അവസരങ്ങളും പെരുകിയതോടെ കുട്ടികളെ ഏതു കോഴ്‌സില്‍ ചേര്‍ക്കണമെന്ന് തീരുമാനിക്കാന്‍ രക്ഷിതാക്കള്‍ പ്രയാസപ്പെടുന്നുണ്ട്. ജീവിതവിജയം കൈവരിച്ചവരെ കണ്ട് അവരുടെ പാത തങ്ങളുടെ കുട്ടിയും പിന്തുടരട്ടെ എന്ന് വിചാരിക്കുന്ന വരുണ്ട്. ആഗ്രഹമുണ്ടായിരുന്നെങ്കിലും തനിക്ക് പഠിക്കാന്‍ കഴിയാത്ത കോഴ്‌സില്‍ മകനോ മകളോ പഠിക്കട്ടെ എന്ന മട്ടില്‍ ചിന്തിക്കുന്നവരുമുണ്ട്. ചിലര്‍ പൊങ്ങച്ചത്തിനു വേണ്ടി കുട്ടികളുടെ അഭിരുചിയും താല്പര്യങ്ങളും ബലി കഴിക്കാറുമുണ്ട്. രക്ഷിതാക്കള്‍ മക്കളുടെ മേല്‍ താല്‍പര്യമില്ലാത്ത കോഴ്‌സുകള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ ആത്മസംഘര്‍ഷങ്ങളില്‍ അകപ്പെടുകയാണ് കുട്ടികള്‍. അത് ദിശ മാറിപ്പോകാന്‍ ഇടവരുത്തിയേക്കാം. മക്കള്‍ അവര്‍ക്ക് താല്പര്യവും അഭിരുചിയും ഉള്ള വിഷയങ്ങളാണ് പഠിക്കേണ്ടത്.

രക്ഷിതാക്കള്‍ ശാഠ്യം പിടിച്ച് അവരുടെ ആഗ്രഹം കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ കാര്യങ്ങള്‍ തകിടം മറിയും .ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കുട്ടികള്‍ താല്പര്യത്തോടെ കടന്നുവരണം. അവരെ പരീക്ഷണ മൃഗങ്ങള്‍ ആക്കാന്‍ തുനിയരുത്. താല്പര്യമില്ലാത്ത കോഴ്‌സുകളില്‍ ചേര്‍ന്ന് അവസാനം തൊഴില്‍ കണ്ടെത്തുവാനാവാതെയും മനസ്സിനിണങ്ങാത്ത തൊഴില്‍ചെയ്യേണ്ടി വരികയും ചെയ്യുന്ന ഗതികേടില്‍ കുട്ടികള്‍ എത്തിച്ചേരരുത് .അവര്‍ തെരഞ്ഞെടുക്കുന്ന മേഖലകളില്‍ വിജയം വരിക്കാനും സ്വന്തം കരിയറില്‍ സംതൃപ്തി നേടാനും കഴിയണം. എങ്കിലേ ജീവിതം സന്തോഷകരം സംതൃപ്തവും സമാധാനപരവുമാകു.

കണക്കില്‍ താല്പര്യമില്ലാത്തവരെ എന്‍ജിനീയറിങ് ബിരുദത്തിനു നിര്‍ബന്ധിച്ചു ചേര്‍ത്താല്‍ അവര്‍ സമ്മര്‍ദത്തിലാകും. ഇത്തരത്തില്‍പ്പെട്ട കുട്ടികള്‍ ഇടയ്ക്ക് പഠനം ഉപേക്ഷിച്ചു പോകുന്ന സംഭവങ്ങള്‍ ധാരാളമുണ്ട്. ആഗ്രഹത്തെക്കാള്‍ അഭിരുചിയാണ് പ്രധാനം. കുട്ടികള്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞാലും അഭിരുചി ഉണ്ടോയെന്നറിയണം.ഒരു പ്രത്യേക വിഷയത്തിലുള്ള ഒരാളുടെ നൈസര്‍ഗ്ഗികമായതാല്പര്യത്തെയും അതില്‍ കൂടുതല്‍ കഴിവാര്‍ജ്ജിക്കാനുള്ള അയാളുടെ സ്വാഭാവികമായ അഭിവാഞ്ചയെയും അഭിരുചി (Aptitude) എന്ന് വിളിക്കാം. അഭിരുചി ഇല്ലാത്ത മേഖല തെരഞ്ഞെടുത്താല്‍ ഇടയ്ക്ക് പഠനം ഉപേക്ഷിക്കേണ്ടി വരാം. മാനസിക പ്രശ്‌നങ്ങള്‍, കുറ്റബോധം ,വിവിധ തരം അഡിക്ഷന്‍, ദേഷ്യം, നിരാശ, സംഘര്‍ഷങ്ങള്‍ ,അക്രമവാസന തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകാം. ചിലര്‍ക്ക് വിട്ടുമാറാത്ത ചുമ, പനി, ചെവി വേദന, കണ്ണില്‍ നിന്ന് വെള്ളം വരിക, ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേദന എന്നിങ്ങനെ മാനസിക സമ്മര്‍ദം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്.

ബുദ്ധിശക്തിയുടെ പ്രത്യേകതകള്‍ ഓരോരുത്തരിലും ഓരോ വിധത്തിലാണ്. പലതരം ബുദ്ധിശക്തിയുടെ മിശ്രണമാണ് ഓരോരുത്തരിലും ഉള്ളത് .അതില്‍ ചിലതിന് മുന്‍തൂക്കം കൂടും. അതനുസരിച്ചാണ് കഴിവും താല്‍പര്യവും അഭിരുചിയും രൂപപ്പെടുന്നത്. ചിലര്‍ക്ക് കണക്ക്, മറ്റു ചിലര്‍ക്ക് ഭാഷാ വിഷയങ്ങള്‍, ചിലര്‍ക്ക് സാഹിത്യമാകും മറ്റു ചിലര്‍ക്ക് കല/സ്‌പോര്‍ട്‌സ് എന്നിങ്ങനെ മള്‍ട്ടിപ്പിള്‍ ഇന്റലിജെന്‍സിലെ ഏറ്റക്കുറച്ചില്‍ അനുസരിച്ച് അഭിരുചികള്‍ വ്യത്യസ്തമാകും. ആ അഭിരുചി കണ്ടെത്തി വളരാന്‍ അനുവദിച്ചാല്‍ കുട്ടികള്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും.

അഭിരുചിക്കനുസരിച്ച് പഠിക്കാനാകുന്നത് കൊണ്ടാണ് ജര്‍മ്മനി, ഫിന്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ് പോലെയുള്ള രാജ്യങ്ങള്‍ മനുഷ്യ വിഭവശേഷിയുടെ ഉപയോഗത്തിലും സമഗ്ര വികസനത്തിലും മുന്നില്‍ നില്‍ക്കുന്നത്. ഇക്കാര്യത്തില്‍ ശാസ്ത്രീയ സമീപനം ആവശ്യമാണ്.വിദ്യാര്‍ത്ഥിയുടെ താല്‍പര്യം, അഭിരുചി, മനോഭാവം, ലക്ഷ്യം, നൈപുണ്യശേഷി, ജോലി സാധ്യത, ഉപരിപഠന സാധ്യത ,കോഴ്‌സിന്റെ ദൈര്‍ഘ്യം,കുടുംബത്തിന്റെ സാമ്പത്തിക നില എന്നിവയ്ക്ക് അനുസരിച്ചുള്ള കോഴ്‌സ് തിരഞ്ഞെടുത്താലേ ജീവിതത്തില്‍ വിജയിക്കാനാവു.

സാമാന്യ ബുദ്ധിയില്‍ നിന്ന് വ്യത്യസ്തമായി മറ്റേതെങ്കിലും പ്രത്യേക രംഗത്ത് സാമര്‍ത്ഥ്യമോ നേട്ടമോ കൈവരിക്കാന്‍ സഹായിക്കുന്ന സവിശേഷമായ കഴിവാണ് അഭിരുചി. അത് കണ്ടെത്തി കൃത്യമായ ദിശയിലൂടെ നീങ്ങിയാല്‍ കുട്ടിക്ക് ലക്ഷ്യത്തിലെത്താനാകും. പരിചിതത്വവും സൂക്ഷ്മ നിരീക്ഷണവും അഭിരുചി കണ്ടെത്താന്‍ സഹായിക്കും. വിദഗ്ധാഭിപ്രായം തേടുന്നതും നല്ലതാണ്. പരമ്പരാഗത കോഴ്‌സുകളെക്കാള്‍ കൂടുതല്‍ തൊഴില്‍ സാധ്യതകളുള്ള പുത്തന്‍ കോഴ്‌സുകളാണ് പഠിക്കേണ്ടത്. ഡിഗ്രി കോഴ്‌സുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ വിദേശ പഠനത്തിനുള്ള സാധ്യതകളും മനസ്സിലാക്കണം. വിദേശ പഠനത്തിനുള്ള നടപടിക്രമം ,ചെലവ് തുടങ്ങിയവ പരിഹരിക്കാന്‍ എജ്യുക്കേഷണല്‍പ്രൊവൈഡര്‍ മാരുടെ സഹായം തേടാം.

തൊഴിലിലേക്കുള്ള വഴിയാണ് ഉപരിപഠനത്തിലൂടെ തുറക്കേണ്ടത്. ജീവിതത്തിന്റെ വൈവിധ്യത്തിന് അനുസരിച്ചുള്ള കോഴ്‌സുകളും തൊഴിലുകളും അനവധിയാണ്. യോജിച്ചത് ഏതെന്ന് കണ്ടെത്തണം. പഠിക്കാനുള്ള മികവ് തെളിയിച്ച സ്ഥാപനത്തില്‍ പ്രവേശനം നേടണം. അഭിരുചിക്കനുസൃതമായി തുടര്‍ വിദ്യാഭ്യാസം നേടുകയും പഠിച്ചതിന് യോജിച്ച തൊഴില്‍ കിട്ടുകയും ചെയ്യുമ്പോള്‍ മക്കള്‍ ജീവിത വിജയം നേടും. ഏതു കോഴ്‌സും പഠിക്കേണ്ട വിധം പഠിച്ചാല്‍ സാധ്യതകളുണ്ട്. അഭിരുചി, തൊഴില്‍ സാധ്യത എന്നീ ഘടകങ്ങള്‍ കൃത്യമായി പരിഗണിച്ച് ഉപരിപഠനം നടത്തിയാല്‍ മികച്ച കരിയര്‍ ഉറപ്പാണ്.

അഭിരുചി നിര്‍ണയത്തില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും സഹായകമായ ഓണ്‍ലൈന്‍ ടെസ്റ്റ് ,കേരള സര്‍ക്കാരിന് കീഴിലുള്ള ‘ അസാപ്’ (അഡിഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം – ASAP) ഒരുക്കിയിട്ടുണ്ട്.

വെബ് സൈറ്റ്: ps://asapkerala.gov.in

email :infoace@asapkerala.gov.in,

assessment@asapkerala.gov.in

 

അസാപ്പിന്റെ വിലയിരുത്തലില്‍ വിദ്യാര്‍ത്ഥിയെ സംബന്ധിച്ച പലതും പഠനവിധേയമാക്കും. ന്യൂ മെറിക്കല്‍ / വെര്‍ബല്‍/ സ്‌പേഷ്യല്‍ എബിലിറ്റി / മെക്കാനിക്കല്‍ /ലോജിക്കല്‍ ആപ്റ്റിറ്റിയൂഡ്, പഠന ശീലങ്ങള്‍, ഭാവനയും നിരീക്ഷണത്തിലെ കൃത്യതയും, താല്പര്യമുള്ള പ്രവര്‍ത്തന മേഖലകളും വിഷയങ്ങളും, വ്യക്തിപരമായ സ്വഭാവ വിശേഷങ്ങളും മൂല്യങ്ങളും, പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ പ്രാവീണ്യം മുതലായവ വിലയിരുത്തും. അഭിരുചി പരീക്ഷകള്‍ക്ക് തയ്യാറെടുപ്പ് ആവശ്യമില്ല. ടെസ്റ്റ് 45 -50 മിനിറ്റ് നീണ്ടുനില്‍ക്കും.

കേരള ഹയര്‍സെക്കന്‍ഡറി ഡിപ്പാര്‍ട്ട്‌മെന്റിന്റെ കെ -ഡാറ്റ് (കേരള ഡിഫറന്‍ഷ്യല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് , എല്‍ – ക്യാറ്റ് (ലീഡ് കരിയര്‍ അസസ്‌മെന്റ് ടെസ്റ്റ്)തുടങ്ങിയവ വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ച് കോഴ്‌സുകള്‍ തെരഞ്ഞെടുക്കാന്‍സഹായിക്കുന്ന ടെസ്റ്റുകളാണ്. തൊഴില്‍ സാധ്യത, സീറ്റ് ലഭ്യത എന്നിവയും പരിഗണിക്കണം. അഭിരുചി കണ്ടെത്താനുള്ള മന:ശാസ്ത്ര ടെസ്റ്റുകള്‍ വെബ്‌സൈറ്റുകളിലും ലഭ്യമാണ്.

വാല്‍ക്കഷണം :
താറാവിനോട് മരം കയറാനും അണ്ണാനോട് നീന്താനും പറയരുത്. താറാവ് നീന്തട്ടെ . അണ്ണാന്‍ മരം കയറട്ടെ. അഭിരുചിയാണ് പ്രധാനം.

(ട്രെയ്‌നറും മെന്ററും ലൈഫ് കോച്ചുമായ ലേഖകന്‍, കേന്ദ്രസര്‍ക്കാരിന്റെ മിനിസ്ട്രി ഓഫ് സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് എംപവര്‍മെന്റ് വിഭാഗം മാസ്റ്റര്‍ ട്രെയ്‌നറും ,കേരള സര്‍ക്കാരിന്റെ മൈനോരിറ്റി,സാമൂഹ്യനീതി എന്നീ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ ഫാക്കല്‍റ്റിയുമാണ്. 8075789768)

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px