സാമ്പത്തിക ശാസ്ത്രത്തില്‍ ‘ഗ്രെഷാംസ് ലോ’ (Gresham’s law) എന്നൊരു നിയമമുണ്ട്. കള്ളനാണയങ്ങളും നല്ല നാണയങ്ങളും ഒന്നിച്ച് കൈമാറ്റം ചെയ്യപ്പെടുന്ന സമൂഹത്തില്‍ നല്ല നാണയങ്ങള്‍ അപ്രത്യക്ഷമാവുകയും കള്ളനാണയങ്ങള്‍ മാത്രം പ്രചരിക്കുകയും ചെയ്യുമെന്നാണ് ആ നിയമംപറയുന്നത്. ഏതാണ്ട് അതുപോലെയാണ് കപടശാസ്ത്രത്തിന്റെയും സ്വഭാവം.നമ്മുടെ നൈസര്‍ഗികമായ ദൗര്‍ബല്യങ്ങളെയും ആഗ്രഹങ്ങളെയുമാണ് കപടശാസ്ത്രം ചൂഷണം ചെയ്യുന്നത്. സൂര്യചന്ദ്രാദികള്‍ ഒന്നും ദേവതകളല്ലെന്നും ചന്ദ്രന് സ്വയം പ്രകാശിക്കാന്‍ കഴിവില്ലെന്നും വാദിച്ച അനക്‌സഗോറസിനെ യവനര്‍ ആട്ടിയോടിച്ചു. അമാനുഷിക സിദ്ധികള്‍ നല്‍കാന്‍ കഴിവുള്ള ദേവതാ സങ്കല്പമായിരുന്നു അവര്‍ക്ക് ഇഷ്ടം. പറക്കും തളികയും, യക്ഷിക്കഥകളും,ചുട്ട കോഴിയെ പറപ്പിക്കലും, കടിച്ച പാമ്പിനെ വരുത്തിവിഷമിറക്കലും ഒക്കെശരിയായിരിക്കും എന്ന് അഭ്യസ്തവിദ്യര്‍ പോലും ഇന്നും വിശ്വസിക്കുന്നു.
തമിഴകത്തെ തെങ്കാശി ജില്ലയിലെ പാവൂര്‍സത്രം കല്ലാരണി ഗ്രാമത്തിലെ ശക്തിമാടസ്വാമി എന്ന ക്ഷേത്രത്തിലെ ഉത്സവുമായി ബന്ധപ്പെട്ട് ശവത്തിന്റെ തല ഭക്ഷിക്കുന്ന വീഡിയോ പുറത്ത് വന്നതോടെയാണ് ഇത്തരം അനാചാരങ്ങള്‍ തമിഴ് ഗ്രാമങ്ങളില്‍ തുടരുന്നതെന്ന ഞെട്ടിക്കുന്ന സത്യം പുറംലോകം അറിയുന്നത്.
ക്ഷേത്രത്തിലെ ‘സ്വാമിയാടലിനു’ശേഷം പൂജാരി രാത്രി 12 ന് വേട്ടയ്ക്കായി സമീപത്തെ ശ്മശാനത്തിലേക്ക് പോയാണ് മനുഷ്യ തലയോ,കയ്യോ,
കാലോ ഇവയുമായി എത്തുന്നത്. ഈ തല നാല് സ്വാമിമാര്‍ ചേര്‍ന്ന് കടിച്ചുപറിച്ച് തിന്നുന്ന ദൃശ്യം വീഡിയോയില്‍ വ്യക്തമാണ്. ഉത്സവത്തിന് മുമ്പുള്ള
ദിവസങ്ങളില്‍ ഈ ഗ്രാമത്തില്‍ മരിക്കുന്ന ആളിന്റെ പകുതി ശരീരമേ ദഹിപ്പിക്കൂ.
ആടി മാസത്തിലെ (കര്‍ക്കിടകം) പഞ്ഞത്തില്‍ നിന്നും കരകയറാനും ചിങ്ങത്തില്‍ നല്ല വിളവ് ലഭിക്കാനുമാണ് ഈ ക്ഷേത്രത്തില്‍ ആടി മാസത്തിലെ ആദ്യ വെള്ളിയാഴ്ച ഉത്സവം നടത്തുന്നത്. പതിറ്റാണ്ടുകളായി ഈ ആചാരം ഇവിടെ നടക്കുന്നുണ്ട്. ജനക്കൂട്ടത്തിന്റെ മുന്നില്‍ വച്ചാണ് തലയടക്കമുള്ള ശരീരഭാഗങ്ങള്‍ ഭക്ഷിച്ച് ‘സ്വാമിയാട്ടം’ എന്ന ചടങ്ങ് അവസാനിപ്പിക്കുക. ഇത് വലിയ ചര്‍ച്ചയും കേസും ഒക്കെ ഉണ്ടാക്കാറുണ്ടെങ്കിലും കല്ലാരണി ഗ്രാമത്തില്‍ ഇതൊന്നും ആരും ശ്രദ്ധിക്കുന്നില്ല.മൃഗബലി നടത്തി ചുടു ചോര കുടിക്കുന്നതടക്കമുള്ള അനാചാരങ്ങള്‍ തമിഴ് വംശജര്‍ക്കു മുന്‍തൂക്കമുള്ള കേരള അതിര്‍ത്തി ഗ്രാമങ്ങളില്‍ ഇപ്പോഴും തുടരുന്നുണ്ട് ! എന്നാല്‍ ഇവിടെ നിലനിന്നിരുന്ന ഏത്രയോ ദുരാചാരങ്ങള്‍ക്ക് ഇതിനകം നമ്മള്‍ വിട നല്‍കിട്ടുണ്ട് എന്നതും ഓര്‍ക്കേണ്ടതുണ്ട്.
കന്യകയായ ബ്രാഹ്‌മണ സ്ത്രീ മരിച്ചാല്‍ അവരുടെ ആത്മാവിന് മോക്ഷം ലഭിക്കണമെങ്കില്‍ ദഹിപ്പിക്കുന്നതിന് മുമ്പ് ആ മൃതദേഹത്തെ ഒരു പുരുഷന്‍ പ്രാപിക്കണം. തണുത്തുറഞ്ഞ ആ ശവശരീരത്തെ ഭോഗിക്കേണ്ട ‘പുണ്യകര്‍മ്മം’ ചെയ്യാന്‍ നിയോഗിക്കപ്പെടുന്നത് ഒരു ചണ്ഡാളനെ ആയിരുന്നു. ‘ശവഭോഗം’ എന്ന ഈ ദുരാചാരം വലിയ പ്രക്ഷോഭങ്ങളില്‍ കൂടെയാണ് അവസാനിപ്പിച്ചത്.
1884 ല്‍ ഇന്ത്യയില്‍ അടിമത്തം നിരോധിച്ചുകൊണ്ടുള്ള നിയമം വന്നപ്പോള്‍, ‘ജാതി അടിമത്തം സവര്‍ണറുടെ അവകാശം ആണെന്നും അത് ഞങ്ങള്‍ നിലനിര്‍ത്തുമെന്നും’ പറഞ്ഞ് സവര്‍ണര്‍ ജാഥകള്‍ നടത്തി.1829 ല്‍ ഇന്ത്യയില്‍ സ്ത്രീയെ ജീവനോടെ വലിച്ചെറിയുന്ന സതി എന്ന ദുരാചാരം ബ്രിട്ടീഷ് സര്‍ക്കാര്‍ അവസാനിപ്പിച്ചപ്പോള്‍ പതിനായിരക്കണക്കിന് സ്ത്രീകള്‍ അതിനെതിരെ തെരുവിലിറങ്ങി.
1856 ല്‍ വിധവ പുനര്‍വിവാഹ ബില്ല് പാസായപ്പോള്‍, പാരമ്പര്യം സംരക്ഷിക്കാനായി എതിര്‍പ്പുമായി ആളുകള്‍ വന്നു. 1859 ല്‍ ചാന്നാര്‍ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാനുള്ള അവകാശം നല്‍കിയപ്പോള്‍ മത തീവ്രവാദികള്‍ ഇതിനെതിരായി ജാഥകള്‍ നടത്തി. 1936 ല്‍ അവര്‍ണ്ണ ദളിത് ആദിവാസി വിഭാഗങ്ങള്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചത് എത്രയോ എതിര്‍പ്പുകളെ നേരിട്ട്, നടത്തിയ പ്രക്ഷോഭങ്ങളുടെ ഫലമായിട്ടായിരുന്നു.
1946 ല്‍ ദേവദാസി സമ്പ്രദായം നിരോധിക്കുന്ന ആക്ട് പാസായപ്പോള്‍,അവര്‍ ദേവിയുടെ ദാസിമാര്‍ ആണെന്നും അതുകൊണ്ട് ദേവദാസി ആചാരം തുടരണമെന്നും ആവശ്യപ്പെട്ട് ജാഥകള്‍ നടന്നു. 1960 ല്‍ ക്ഷേത്രത്തിലെ മൃഗബലി നിരോധിച്ചപ്പോള്‍ പൗരോഹിത്യം ഇത് ആചാരത്തിന്റെ ഭാഗമാണെന്ന് വാദിച്ചു കൊണ്ട് ഇതിനെ എതിര്‍ത്തു.2018 ല്‍ ബഹു. സുപ്രീം കോടതി ശബരിമല ക്ഷേത്ര വിലക്ക്, വിവേചനം എന്ന് പ്രഖ്യാപിച്ച് വിധി വന്നപ്പോള്‍ ഉണ്ടായ കോലാഹലങ്ങള്‍ നമ്മള്‍ കണ്ടതാണ്.
‘ ശബരിമലയില്‍ പോകുന്ന ഭക്തരാണ് ആത്മനിയന്ത്രണം പോകാതെ നോക്കേണ്ടത് ‘,എന്ന് സുഗതകുമാരിയും,
‘ തെറ്റുകള്‍ തെറ്റായി നിലനിര്‍ത്താം എന്ന് കരുതുന്നത് മൂഢത്തരം. സ്ത്രീ പ്രവേശന വിധിക്കെതിരെ സ്ത്രീകളെ സംഘടിപ്പിച്ചുള്ള സമരം പിന്നോട്ട് പോകലാണ് ‘, എന്ന് എം ടി യും അഭിപ്രായപ്പെട്ടു.
‘ ഇന്നലെ ചെയ്‌തോരബദ്ധം,
മൂഢര്‍ക്കിന്നത്തെ
യാചാരമാകാം,
നാളത്തെശാസ്ത്രമതാകാം, അതില്‍ മൂളായ്ക സമ്മതം രാജന്‍ ‘, എന്ന കുമാരനാശാന്റെ വചനം നമുക്ക് വഴികാട്ടിയാകണം. ഗുരുവായൂര്‍–വൈക്കം ക്ഷേത്രപ്രവേശന സമരം ഉള്‍പ്പെടെയുള്ള എല്ലാ സമര പരമ്പരകളിലും ഇത്തരം ആശയങ്ങളാണ് പ്രചോദനമായി നിലകൊണ്ടത്.
ഓര്‍ക്കുക, ഒരു അനാചാരവും,ഒരു അന്ധവിശ്വാസവും സ്വയം അലിഞ്ഞ് ഒരു നാള്‍ കൊണ്ട് ഇല്ലാതായതല്ല. മനുഷ്യസ്‌നേഹികളുടെ വര്‍ഷങ്ങള്‍ നീണ്ട നിരന്തരമായ നവീകരണ പ്രക്രിയയിലൂടെയും നവോത്ഥാന നേതാക്കളുടെ ത്യാഗപൂര്‍ണ്ണമായസമര പോരാട്ടങ്ങളിലൂടെയും ഇടപെടലിലൂടെയും പൊരുതി, പൊരുതി പൊളിച്ചടുക്കിയതാണ്, ഇല്ലാതാക്കിയതാണ് ഈഅന്ധവിശ്വാസങ്ങളെയുംഅനാചാരങ്ങളെയും. എന്നിട്ടും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയുംഅടിസ്ഥാനത്തിലുള്ള ചൂഷണങ്ങളും തട്ടിപ്പുകളും കൊലപാതകങ്ങളും കേരളത്തില്‍ ദിനംപ്രതി വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്.
ഉദ്ദിഷ്ട കാര്യങ്ങള്‍ നേടിയെടുക്കാനുള്ള നെട്ടോട്ടത്തിലാണ് ഇന്ന് കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങളും. പ്രചാരമേറെയുള്ള ദിനപ്പത്രങ്ങള്‍ പരസ്യങ്ങളിലൂടെ ഇതിന് ഒത്താശ ചെയ്യുന്നു. ജ്യോതിഷം,വാസ്തു, നാഡീജ്യോതിഷം, മന്ത്രവാദം, കുട്ടിച്ചാത്തന്‍സേവ, മഷിനോട്ടം, ധനാഗമയന്ത്രം, വശീകരണയന്ത്രം, കൈരേഖാശാസ്ത്രം (ഈ പട്ടിക വളരെ വലുതാണ് )തുടങ്ങിയ വിചിത്ര അന്ധ വിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തിജീവിതത്തിലെയും കുടുംബ ജീവിതത്തിലേയും സകല പ്രശ്‌നങ്ങളും പരിഹരിച്ച് ഐശ്വര്യവും സന്തോഷവും പ്രദാനം ചെയ്യുമെന്ന കപട വാഗ്ദാനത്തില്‍ വിശ്വസിച്ച് ഇവരുടെ കൈകളില്‍ പെട്ടുപോകുന്ന, വഞ്ചിക്കപ്പെടുന്ന എത്രയോ കുടുംബങ്ങള്‍.
‘ ഒരു നക്ഷത്രത്തിന് താറുമാറാക്കാന്‍ കഴിയുന്നതാണ് എന്റെ ജീവിതമെങ്കില്‍ അതിന് ഞാന്‍ ഒരു വിലയും കല്‍പ്പിക്കുന്നില്ല. ജ്യോത്സ്യവും അതുപോലുള്ള അത്ഭുത വിദ്യകളും പൊതുവേ ദുര്‍ബല മനസ്സുകളുടെ ലക്ഷണമാണ്.അവ നിങ്ങളുടെ മനസ്സുകളില്‍ പ്രബലമാകുന്നു എന്ന് കണ്ടാല്‍ ഉടനെ ഒരു നല്ല ഡോക്ടറെ കാണുകയും നല്ല ഭക്ഷണം കഴിച്ച് ശ്രമിക്കുകയും വേണം’….എന്നാണ് സ്വാമി വിവേകാനന്ദന്‍ അന്ധവിശ്വാസങ്ങളെക്കുറിച്ച് അഭിപ്രായപ്പെട്ടത്.
ശാസ്ത്രത്തെയും കപട ശാസ്ത്രത്തെയും വേര്‍തിരിച്ചറിയാന്‍ നമ്മുടെ ശാസ്ത്രജ്ഞര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുപോലും കഴിയാതായിരിക്കുന്നു. ശാസ്ത്ര സ്ഥാപനങ്ങള്‍ക്ക് തറക്കല്ലിടുമ്പോള്‍ പോലും ഭൂമിപൂജ നടത്തുകയും,റോക്കറ്റ് വിക്ഷേപിക്കുമ്പോള്‍ റോക്കറ്റ് മാതൃക കാട്ടി ഇഷ്ടദേവന്റെ അനുഗ്രഹം തേടുകയും ചെയ്യുന്ന ‘ശാസ്ത്രജ്ഞന്‍’ ശാസ്ത്രത്തെ നയിക്കുമ്പോള്‍ ഇന്നുള്ളതിലും മെച്ചപ്പെട്ട ഒരു അവസ്ഥ എങ്ങനെ പ്രതീക്ഷിക്കാന്‍ കഴിയും ?കെട്ടുകഥകളെ ശാസ്ത്ര സത്യങ്ങളും ചരിത്ര സത്യങ്ങളുമായി അവതരിപ്പിക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണ്. നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ പ്ലാസ്റ്റിക് സര്‍ജന്മാരുടെ ഒരു സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു,പ്ലാസ്റ്റിക് സര്‍ജറി ഇന്ത്യയില്‍ പ്രാചീനകാലത്ത് ഉണ്ടായിരുന്നു എന്നതിന്റെതെളിവാണ് ഗണപതിയുടെ
ശരീരത്തില്‍ ആനയുടെ തല യോജിപ്പിച്ചത് എന്ന്.
ക്ലോണിങ്ങിന്റെ മികച്ച ഉദാഹരണമായി കൗരവരുടെജനനത്തെ ഉദ്ധരിക്കുന്നവരുണ്ട്. എല്ലാ അറിവുകളും ബൈബിളിലും ഖുര്‍ആനിലും കണ്ടെത്തുന്നവരുടെ എണ്ണംകൂടിവരികയാണ്. ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് ശക്തി പകരാന്‍ കപട ശാസ്ത്രങ്ങളെ ഇന്ത്യയില്‍ ഉപയോഗിക്കുന്നുണ്ട്. ഈ അടുത്തകാലത്ത് മുംബൈ സര്‍വകലാശാലയില്‍ നടന്ന ഇന്ത്യന്‍സയന്‍സ് കോണ്‍ഗ്രസിന്റെ 102 ആം വാര്‍ഷികത്തില്‍ അരങ്ങേറിയ ‘പ്രാചീന ശാസ്ത്രം സംസ്‌കൃതത്തിലൂടെ’ എന്ന സിമ്പോസിയം ഇതിന് തെളിവാണ്. ശാസ്ത്രജ്ഞര്‍ മാത്രം പങ്കെടുക്കുന്ന സയന്‍സ് കോണ്‍ഗ്രസില്‍ ആദ്യമായാണ് ഇത്തരം സിമ്പോസിയം നടക്കുന്നത്. പ്രാചീന ഇന്ത്യയില്‍ ഭരദ്വാജ മഹര്‍ഷി മികച്ച വിമാനങ്ങള്‍ നിര്‍മ്മിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചിരുന്നു എന്നും, പുല്ലും വൈക്കോലും തിന്ന് സ്വര്‍ണ്ണം വിസര്‍ജിക്കുവാന്‍ കഴിയുന്ന പശുക്കള്‍ അന്ന് ഉണ്ടായിരുന്നു എന്നും മറ്റും അവകാശപ്പെടുന്ന തരത്തിലുള്ളവയായിരുന്നു ഈ സമ്മേളനത്തില്‍ അവതരിപ്പിച്ച മറ്റു പ്രബന്ധങ്ങള്‍ ! ശാസ്ത്രബോധംനന്നേ കുറവുള്ള ഇന്ത്യയില്‍ ഇവയൊക്കെ അവഗണിക്കാതിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഈ സാഹചര്യത്തില്‍ കേരളം രാജ്യത്തിന് വഴികാട്ടേണ്ടിയിരിക്കുന്നു.ശാസ്ത്രബോധത്തെ ജനങ്ങളുടെ സാമാന്യബോധം ആക്കി മാറ്റിക്കൊണ്ടു മാത്രമേ ഈ ഉത്തരവാദിത്വം നമുക്ക് നിറവേറ്റാനാകൂ.
എന്താണ് ശാസ്ത്രം?
ഒരു പ്രശ്‌നം സംബന്ധിച്ച് ലഭ്യമായ എല്ലാ വിവരങ്ങളും ശേഖരിച്ച് അവയെ വിശകലനം ചെയ്തും സാധ്യതകള്‍ ആരാഞ്ഞും ഒരു തീരുമാനമെടുക്കുന്നതാണ് ശാസ്ത്രരീതി. അതിന് സിലബസ് അനുസരിച്ചുള്ള ശാസ്ത്ര വിഷയങ്ങള്‍ പഠിക്കണമെന്നില്ല. അങ്ങനെ പഠിച്ചിട്ടുള്ളവര്‍ക്ക് ഇത് സാധിക്കണമെന്നും ഇല്ല. ഇവിടൊക്കെ നമ്മുടെ നിലപാടു
കളാണ് പ്രധാനം.
കുറെ അറിവിന്റെ ശേഖരം മാത്രമല്ല, അവയെ ശരിയായി മനസ്സിലാക്കുകയും ചിന്തിക്കുകയും ചെയ്യുന്ന രീതിയാണ് ശാസ്ത്രബോധം. (അത് നമുക്ക്How, Where, When, Why എന്നീ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം നല്‍കും).
എല്ലാത്തരം വിമര്‍ശനങ്ങളെയും സ്വാഗതം ചെയ്യാനും കണ്ടെത്തിയ കാര്യങ്ങളെ വീണ്ടും വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കാനുള്ള കഴിവാണ് ശാസ്ത്രത്തിന്റെ മുഖ്യ സവിശേഷത. നമ്മുടെ നിത്യജീവിതത്തില്‍, ശാസ്ത്രമാണ് എന്ന് തിരിച്ചറിയാതെ തന്നെ നിരന്തരം,വളരെ സ്വാഭാവികമായി നമ്മളില്‍ പലരും ശാസ്ത്രം ജീവിതത്തില്‍ പ്രയോഗിക്കുന്നുണ്ട്. എങ്കിലും ശാസ്ത്ര രീതി എന്താണെന്നറിഞ്ഞ്, ലോകത്തിലെ മര്‍ദ്ദിത ജനതയുടെ
സമരായുധമായി അത് മാറണം.ഇന്ത്യയുടെയും ലോകത്തിന്റെയുംസമഗ്ര പരിവര്‍ത്തനത്തിന് ഇത്അത്യന്താപേക്ഷിതമാണ്. മാനവരാശിയെ ക്കുറിച്ചുള്ള ശുഭപ്രതീക്ഷയാണ് ശാസ്ത്രം നല്‍കുന്നത്.
‘നമ്മള്‍ ശ്രമിച്ചു കൊണ്ടേയിരിക്കണം. എവിടെയോ ഒരു മരുപ്പച്ച ഉണ്ട്. എത്തുമെന്ന് അറിയില്ല. എങ്കിലും പ്രതീക്ഷയോടെ നമ്മള്‍ സഞ്ചരിച്ചുകൊണ്ടിരിക്കണം. ഉടന്‍ എത്തിയില്ലെങ്കിലും ആ യാത്ര വലിയ കാര്യമാണ്. അത് തുടര്‍ന്നുകൊണ്ടേയിരിക്കണം. അതാണ് നമ്മെ മുന്നോട്ടു നയിക്കുന്നത്’എന്നാണ് എം ടി വാസുദേവന്‍ നായര്‍ ഇതിനെപ്പറ്റി അഭിപ്രായപ്പെട്ടിട്ടുള്ളത്.
ഡോ.പി.എന്‍. ഗംഗാധരന്‍ നായര്‍-9447340332











