LIMA WORLD LIBRARY

സ്വയം വിട വാങ്ങുന്നവര്‍-മിനി സുരേഷ്‌

ഭര്‍ത്താവിന്റെ ബന്ധത്തിലൊരു യുവാവ് കഴിഞ്ഞയാഴ്ച ആത്മഹത്യ ചെയ്തു.
കുടുംബാംഗങ്ങളോടെല്ലാം വളരെ സന്തോഷമായി
ഇടപെട്ടിരുന്ന അവന്‍ ആത്മഹത്യ ചെയ്തതിന്റെ
കാരണം അറിയുകയില്ലെന്ന മട്ടിലാണ് മാതാപിതാക്കളും , അടുത്ത ബന്ധുക്കളും പ്രതികരിച്ചത്. മരണകാരണം കൂടി സമൂഹമദ്ധ്യത്തില്‍ പോസ്റ്റ് മാര്‍ട്ടം ചെയ്യുവാനുള്ള താത്പര്യക്കുറവ് അങ്ങനെയൊരു വിഷമ ഘട്ടത്തില്‍ സ്വാഭാവികമാണല്ലോ. ഒരു കൂട്ടുകാരിയുടെ മകന്‍ കാനഡയില്‍ ആത്മഹത്യ
ചെയ്ത വാര്‍ത്തയും ഈയ്യാഴ്ചയുടെ ദുഃഖമായിരുന്നു. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ഒക്കെ എന്താണ് സംഭവിക്കുന്നതെന്നാണ് വിവരമറിയിക്കുമ്പോള്‍ മറ്റൊരു കൂട്ടുകാരി സങ്കടപ്പെട്ടത്.
ഇന്നത്തെ ന്യൂക്ലിയര്‍ കുടുംബങ്ങളില്‍ അച്ഛനമ്മമാര്‍ ഏറെ പ്രതീക്ഷയോടെയാണ് ഒന്ന് അല്ലെങ്കില്‍ ഒരാളെക്കൂടി വളര്‍ത്തിക്കൊണ്ട് വരുന്നത്. മാതാപിതാക്കളുടെയും , ചുറ്റുമുള്ളവരുടെയും പ്രതീക്ഷയ്‌ക്കൊത്ത്
പന്തലിക്കുവാന്‍ സാധിക്കാത്തതിനാലാണോ ?

മരിക്കുക എന്ന ഉദ്ദേശത്തോടെ സ്വയം നിര്‍ദ്ദേശിക്കുന്ന മരണമാണ് ആത്മഹത്യ. ചെറുപ്പക്കാരില്‍ പെണ്‍കുട്ടികളെ അപേക്ഷിച്ച് ആണ്‍കുട്ടികളിലാണ് ഈ പ്രവണത കൂടുതലും
കാണുന്നത്. അമേരിക്കന്‍ ഐക്യനാടുകളില്‍
ആത്മഹത്യാ നിരക്ക് വളരെ കൂടുതലാണ്.

കുട്ടികളിലും ,കൗമാരക്കാരിലും , യുവതി ‘ യുവാക്കന്മാരിലുമെല്ലാം ആത്മഹത്യാ ശ്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിന് നിരവധി ഘടകങ്ങളുണ്ട്.
വിഷാദരോഗം (പെണ്‍കുട്ടികളിലാണ് കൂടുതലായി കണ്ടുവരുന്നത്. )മാനസികാരോഗ്യം കുറഞ്ഞ കുടുംബ പശ്ചാത്തലം , അമിത ഉത്കണ്ഠ നിരാശ
എന്നിവ വിഷാദ രോഗത്തിന് കാരണമാകാറുണ്ട്. വിഷാദ രോഗമുള്ളവരിലധികവും സമൂഹത്തില്‍ നിന്നും ഉള്‍വലിഞ്ഞ് ഒറ്റപ്പെട്ട് കഴിയുവാനാഗ്രഹിക്കുന്നവരാണ്.
ജനിതക ഘടകങ്ങളും , മസ്തിഷ്‌കത്തിലെ ചില രാസവസ്തുക്കളുടെ സാന്നിധ്യവും സ്‌കിസോ ഫ്രീനിയ ,ബൈപോളാര്‍ രോഗം എന്നിവയ്ക്ക് കാരണമാകാറുണ്ട്. വിഭ്രമകരമായ ലോകത്ത്
മാനസിക നില തകരാറിലായവരെ പ്പോലെ പെരുമാറുന്ന ഇത്തരക്കാരും ആത്മഹത്യയിലേക്ക്
പെട്ടെന്ന് വഴുതി വീഴാറുണ്ട്.

മാതാപിതാക്കളുടെ സംഘര്‍ഷം സൃഷ്ടിക്കുന്ന ഇടപെടലുകള്‍ , അവരുടെ വിവാഹേതര ബന്ധങ്ങള്‍ , കുട്ടിക്കാലത്തെ മുറിവുകള്‍ ,അക്കാദമിക് ബ ജോലി സ്ഥലങ്ങളിലെ
സമ്മര്‍ദ്ധം , അപ്രതീക്ഷിത പരാജയങ്ങള്‍, പ്രിയപ്പെട്ടവരുടെ മരണം , പ്രണയിതാക്കളുടെ വേര്‍ പിരിയല്‍ ,സഹപാഠികളുടെ ആത്മഹത്യ ,ലഹരി ഉപയോഗം , കുടുംബത്തില്‍ നിന്നോ സമൂഹത്തില്‍ നിന്നോ ഏല്‍ക്കേണ്ടി വരുന്ന അപമാനം അങ്ങനെ ആത്മഹത്യയിലേക്ക് നയിക്കുവാന്‍ എണ്ണിയാലൊടുങ്ങാത്ത കാരണങ്ങളുണ്ടാകും . വലിയ ലോണൊക്കെ എടുത്ത് വിദേശ രാജ്യങ്ങളില്‍ ചേക്കേറുന്ന വിദ്യാര്‍ത്ഥികള്‍ നല്ല ജോലി ലഭിക്കാതെയും മറ്റും ആത്മഹത്യ ചെയ്യുന്ന
പ്രവണത വര്‍ദ്ധിച്ചു വരുന്നുണ്ട്.

ആത്മഹത്യ ചെയ്യുവാനുള്ള തീരുമാനം ഒരു ദിവസം
കൊണ്ട് എടുക്കുന്നതല്ല. , നിരാശ കലര്‍ന്ന സ്വരത്തില്‍ ഒരാള്‍ മരണത്തേക്കുറിച്ച് സംസാരിച്ചാല്‍ മാനസിക പിന്തുണ കൊടുക്കുവാനും , വേണ്ട ചികിത്സ നല്‍കുവാനും
ശ്രദ്ധിക്കണം. യഥാസമയം കൗണ്‍സിലിംഗും, ചികിത്സയുമെല്ലാം നല്‍കിയാല്‍ അവരെ വിലപ്പെട്ട
ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാം. ഇതിനായി അറിവു പകരുന്ന സൈറ്റുകളുമുണ്ട് –
.
മാതാപിതാക്കളും മക്കളുമായി ഊഷ്മളമായ ബന്ധം നില നിര്‍ത്തണം . ഏതവസ്ഥയിലും നിന്റെ കൂടെ ഞാനുണ്ടെന്ന സുരക്ഷിതത്വ ബോധം പകര്‍ന്നു നല്‍കുന്നതില്‍ സുഹൃത്തുക്കള്‍ക്കും ,
അദ്ധ്യാപകര്‍ക്കും പങ്കുണ്ട്.
ഒരമ്മയും തന്റെ കുഞ്ഞുമായി ആത്മഹത്യക്കൊരുങ്ങില്ല. അത്രയും ഗതി കെട്ട അവസ്ഥയില്‍ താങ്ങായി , തണലായി ഒരാള്‍
എത്തിയില്ലെന്നതാണ് ഏറെ ദുഃഖകരം.

ആത്മഹത്യ ഒരു ഉള്‍വിളിയാണ്. ജീവിതത്തിനും
മരണത്തിനുമിടയിലുള്ള നൂല്‍പ്പാലത്തിലൂടെ കടന്നു പോകുമ്പോള്‍ നിലവിളി കേള്‍ക്കുവാനും ,
സഹായഹസ്തവുമായി ഒരാള്‍ കൂടെയുണ്ടെന്ന
ബോധം , ഇത്തിരി ആശ്വാസം അവരില്‍ ഉണര്‍ത്തിയാല്‍ , ആത്മഹത്യ ഒന്നിനും പരിഹാരമല്ല, എന്ന നിലപാടിലേക്ക്
അവരെ ചേര്‍ത്തു പിടിച്ച് മടക്കിക്കൊണ്ടു വരാം.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px