നാം ആധുനീകരാണ് എന്ന് സ്വയം അടയാളപ്പെടുത്തുന്നവരാണ് പൊതുവിൽ. എന്നാൽ എത്രത്തോളം നാം ആധുനികരാണ്? എന്തെല്ലാമാണ് ആധുനികതയുടെ ലക്ഷണങ്ങൾ?
ആധുനികത എന്നത് പുരാതന ആചാര അനുഷ്ഠാനങ്ങളിൽ നിന്ന് മാറി, യുക്തിബോധത്തെയും വിവേകബോധത്തെയും അടിസ്ഥാനമാക്കി മനുഷ്യജീവിതത്തിൽ സംഭവിച്ച സാമൂഹിക, സാംസ്കാരിക, സാങ്കേതിക, രാഷ്ട്രീയ, സാമ്പത്തിക പരിവർത്തനങ്ങളാണ്.” അഥവാ മറ്റൊരു വിധത്തിൽ പറഞ്ഞാൽ “ആധുനികത എന്നത് വ്യക്തിസ്വാതന്ത്ര്യവും ശാസ്ത്രപരമായ ചിന്താധാരയും നവീനതയും ഉൾക്കൊള്ളുന്ന സാമൂഹിക സാഹചര്യങ്ങളുടെയും ജീവിതരീതികളുടെയും സമാഹാരമാണ്.”
ഇവിടെ വ്യക്തി തന്നെ സ്വയം പുനരാവിഷ്‌കരിക്കേണ്ടതുണ്ട്. പാരമ്പര്യമായി കൊണ്ടുനടക്കുന്ന വിഴുപ്പു ഭാണ്ഡങ്ങൾ ഉപേക്ഷിക്കേണ്ടതുണ്ട്. പുരുഷാധിപത്യ മതരാഷ്ടങ്ങൾ നിർമ്മിച്ച ജീവിത ശൈലിയെ നാം നിഷ്ക്കരുണം വലിച്ചെറിയേണ്ടതുണ്ട്. പ്രധാനമായും യുക്തിഭദ്രമായ ഒരു ചിന്താ രീതി അവലംബിക്കേണ്ടതുണ്ട്.
എന്താണാ യുക്തി ഭദ്രത; അത് സയൻറിഫിക് ആയ ഒരു സമീപനമാവുക തന്നെ വേണം. ഉദാഹരണത്തിന് നാം ഒരു വസ്തു (ഒരു സെൽഫോൺ ആകട്ടെ) ലഭിക്കുമ്പോൾ ഇത് എങ്ങനെ പ്രവർത്തിപ്പിക്കും എന്ന് ആലോചിക്കുന്നുണ്ട്. ആരാണ് ഉണ്ടാക്കിയത് എന്ന് ആരായുന്നുണ്ട്. എന്നാൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ചിന്തിക്കുന്നേയില്ല. ജീവിതത്തിൽ നാം പലതും കാണുന്നുണ്ട്, പലതും ഉപയോഗിക്കുന്നുമുണ്ട്. എന്നാൽ എങ്ങനെ അവ ഈ രൂപത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു എന്ന് അന്വേഷിക്കുന്നില്ല. ഈ ചിന്തയിലേക്ക് സംക്രമിക്കുമ്പോൾ നാം സയൻറിഫിക് ആകുന്നു.
ഈ ഭൂമിയും പ്രപഞ്ചവും ആരാണ് സൃഷ്ടിച്ചത് എന്ന ചോദ്യമല്ല ഈ പ്രപഞ്ചം എങ്ങനെ പ്രവർത്തിക്കുന്നു എന്ന ചിന്തയാണ് മനുഷ്യനെ ആധുനിക ശാസ്ത്ര ബോധമുള്ള മനുഷ്യനാക്കിയത്. ആപ്പിൾ എന്തുകൊണ്ട് താഴേക്ക് വീണു എന്ന ചോദ്യത്തിന് ഐസക് ന്യൂട്ടൺ ഉത്തരം തേടിയപ്പോഴല്ലല്ലോ ഗ്രാവിറ്റി കണ്ടെത്തുന്നത്. ആപ്പിൾ എങ്ങനെ താഴെ പതിച്ചു?, അപ്രകാരം അതിന്മേൽ പ്രവർത്തിച്ച ബലം എന്തായിരിക്കും? അപ്രകാരമെങ്കിൽ നക്ഷത്രങ്ങളും ചന്ദ്രനും എന്തുകൊണ്ട് ഭൂമിയിലേക്ക് വീഴുന്നില്ല? എന്നു തുടങ്ങി അനവധി സംശയങ്ങൾക്കു യുക്തിഭദ്രമായ ശാസ്ത്രീയമായ ഉത്തരങ്ങൾ കണ്ടെത്താൻ തുനിഞ്ഞിറങ്ങിയപ്പോഴാണ്. ദാരിദ്ര്യം ഉണ്ടായത് എപ്രകാരം എന്നല്ല കാൾ മാർക്സ് ചിന്തിച്ചത്. ദാരിദ്ര്യം എപ്രകാരം പ്രവർത്തിക്കുന്നു എന്നതാണ്? എന്തായിരിക്കുമതിൻറെ ചലന നിയമങ്ങൾ, ആ നിയമങ്ങളെ നമുക്ക് മാറ്റിപ്പണിയാനാകുമോ അല്ലെങ്കിൽ തെറ്റായി പ്രവർത്തിക്കുന്ന ഈ സാമൂഹിക വ്യവസ്ഥയെ പാടെ തകർക്കാമോ? ഇതാണ് മാർക്സ് അന്വേഷിച്ചത്. എന്നതിനാലാണ് ചരിത്രത്തെ വ്യാഖ്യാനിക്കുകയല്ല മാറ്റിത്തീർക്കലാണ് മുഖ്യ കടമ എന്ന് അസന്നിഗ്ധമായി അദ്ദേഹം പറഞ്ഞു വെച്ചത്. ആധുനീകത നിർമിക്കണമെങ്കിൽ പാരമ്പര്യത്തെ തകർക്കുക തന്നെവേണം. ചിതലരിച്ച് ദുർബലമായ ഒരു വീട് മരാമത്തുപണികൾ ചെയ്ത് ചായം തേച്ചു സുന്ദരമാക്കിയതുകൊണ്ട് എന്തു ഗുണം. അതിൻറെ വെളിച്ചവും വായുവും കടക്കാത്ത ഇടുങ്ങിയ മുറികൾ, ഇടനാഴികൾ എല്ലാം മാറാത്തിടത്തോളം കാലം അത് പുതിയ വീടാവുകയില്ല. അത് പൊളിച്ചു കളഞ്ഞ് ആധുനിക സങ്കല്പങ്ങളിൽ അധിഷ്ഠിതമായ പുതിയ ഭവനം സാദ്ധ്യമാക്കുക തന്നെ വേണം.
ഇറ്റാലിയൻ ചിന്തകനായ അന്തോണിയോ ഗ്രാംഷിയുടെ according to his theory of cultural hegemony, പുതിയ സാമൂഹിക-സാംസ്‌കാരിക വ്യവസ്ഥ സ്ഥാപിക്കാനുള്ള ശ്രമം പഴയ മൂല്യങ്ങളെയും സ്ഥാപനങ്ങളെയും ചോദ്യം ചെയ്യാതെയും തകർക്കാതെയും കഴിയില്ലെന്ന് പ്രസ്താവിക്കുന്നു. ഗ്രാംഷി പറയുന്നു; ഭരണകൂടത്തിൻറെ ആധിപത്യം രാഷ്ട്രീയ ആധിപത്യം മാത്രമല്ല സാംസ്കാരികവുമാണ്. ഇന്ന് നമ്മുടെ ഇന്ത്യൻ സാഹചര്യങ്ങളിൽ അത് എത്രയോ വ്യക്തമായി നമുക്ക് അനുഭവവേദ്യമായിരിക്കുന്നു. നവോത്ഥാനം എന്ന് നാം പേരിട്ടു വിളിക്കുന്ന (ഞാനതിനെ അപ്രകാരം സംബോധന ചെയ്യുകയില്ല) നാരായണ ഗുരുവിൻറേയും അയ്യങ്കാളിയുടേയും മറ്റും പ്രവർത്തനങ്ങളെയും അതിൻറെ ഗുണഫലങ്ങളേയും പുറകോട്ടടിപ്പിച്ചുകൊണ്ട് ഇരുന്നൂറ് വർഷം പഴക്കമുള്ള ജീർണ്ണിച്ച ആചാരങ്ങളും ചിന്താധാരകളും സാമൂഹിക ആധിപത്യത്തിലേക്ക് തിരിച്ചു വരുന്ന ദുരന്ത സമാനമായ വർത്തമാനത്തിലാണ് നാം ഇന്ന് ജീവിച്ചു പോകുന്നത്.
വാസ്തവത്തിൽ നവോത്ഥാനം യൂറോപ്പിൽ സംഭവിച്ചതുപോലെ അല്ല മലയാളക്കരയിൽ അരങ്ങേറിയത്. മദ്ധ്യകാല ക്രസ്ത്യൻ മത മേലധികാരത്തെ പൂർണ്ണമായി തുടച്ചു നീക്കി യുക്തിഭദ്രമായ ചിന്താസരണിയിലേക്ക് മുന്നേറിക്കൊണ്ടായിരുന്നു യൂറോപ്പിൽ പ്രത്യേകിച്ചും ഫ്രാൻസിൽ നവോത്ഥാനം സംഭവിച്ചത്. എന്നാൽ നമ്മുടേത് മത നവീകരണം മാത്രമായി നിലകൊണ്ടു. അത് ജാതിയേയോ നമ്മുടെ പുരുഷാധികാര പൗരോഹിത്യ ബ്രാഹ്മണിക് മൂല്യങ്ങളേയോ കടപുഴക്കി എറിയാതെ ചില അവസരസമത്വങ്ങൾ മാത്രം സാദ്ധ്യമാക്കുകയാണ് ഉണ്ടായത്. മതത്തെ നവീകരിച്ചതുകൊണ്ടുമാത്രം ആധുനികത പ്രവേശം സാദ്ധ്യമല്ല എന്നതിൻറെ പ്രത്യക്ഷ ഉദാഹരണമാണ് മലയാളി സമൂഹം. നാരായണ ഗുരു പ്രസ്ഥാനം ആരാധനാ സ്വാതന്ത്ര്യത്തിനും തീണ്ടൽ പോലുള്ള അനാചാരങ്ങൾ ഇല്ലായ്മ ചെയ്യുന്നതിനും നേതൃത്വപരമായ പങ്ക് വഹിച്ചുവെങ്കിലും ബ്രാഹ്മണ്യവും മതമേലാധികാരവും ചൈനീസ് വന്മതിൽ കണക്കെ അനിഷേദ്ധ്യമായി നിലകൊണ്ടു. ഹിന്ദു മതമോ അതിന്റെ ലോക വീക്ഷണമോ ചോദ്യം ചെയ്യപ്പെടാതിരുന്നതുകൊണ്ടു തന്നെ അതിൻറെ അടിത്തറയായ ജാതിയും ചോദ്യം ചെയ്യപ്പെട്ടില്ല. (ഹിന്ദുത്വ ബ്രാഹ്മണിക് സിംഹാസനത്തിൻറെ അടിത്തറയിളക്കുന്ന തത്വചിന്താ ഭദ്രത ഗുരു പുലർത്തിയിരുന്നു എന്ന് വിസ്മരിക്കുന്നില്ല) എന്നാൽ പൊതു സമൂഹത്തിൽ ഹിന്ദു മതത്തിൻറെ യുക്തിഹീനമായ അധീശ പ്രത്യയശാസ്ത്രങ്ങൾ ചോദ്യം ചെയ്യപ്പെട്ടില്ല. ബ്രാഹ്മണ്യത്തിൻറെ സാംസ്കാരിക ആധിപത്യത്തെ തൂത്തെറിയാൻ മാത്രം വലുപ്പമാർന്ന ഭൗതീകസാഹചര്യങ്ങൾ വളർന്നുവരികയോ പ്രക്ഷോഭങ്ങളായി പൊതുസമൂഹത്തെ ഉലക്കുന്ന വിപ്ലവ മുന്നേറ്റം ഉണ്ടാവുകയോ ചെയ്തില്ല. പകരം അത് ചില രോഗങ്ങൾക്ക് മരുന്നു വെച്ചുകെട്ടുന്ന ബാഹ്യമാത്ര പ്രസക്തമായ പരിഷ്കാരങ്ങൾക്ക് മാത്രമാണ് വഴിവെച്ചത്.
നമ്മുടെ വീട്ടകങ്ങളെ നോക്കു. ഡിജിറ്റൽ യുഗത്തിലേക്ക് ലോകം കുതിച്ചുകൊണ്ടിരിക്കുമ്പോൾ നമ്മുടെ വീടുകൾ പഴയമൂല്യങ്ങളുടെ ചിലന്തിവലക്കുള്ളിൽ കുരുങ്ങി കിടക്കുകയാണ്. ആൺ പെൺ വ്യാകരണങ്ങളെ തിരുത്തി എഴുതുവാൻ ഇപ്പോഴും നമുക്കായിട്ടില്ല. അടുക്കളകളും തീൻ മുറികളും ഇപ്പോഴും സ്ത്രീകൾക്കുമാത്രമായി തീറെഴുതിയിരിക്കുന്നു. ഉദ്യോഗസ്ഥകളും കൂലിത്തൊഴിലാളികളുമൊക്കെയായ സ്ത്രീകൾ മാർക്സ് ചൂണ്ടിക്കാണിച്ചതു പോലെ ഇപ്പോഴും ഇരട്ട ചൂഷണത്തിന് ഇരയായിക്കൊണ്ടിരിക്കുന്നു. വീട്ടകങ്ങളിലെ പുരുഷന് ഇപ്പോഴും ഫ്യൂഡൽ മാടമ്പിയുടെ മുഖമാണ്. വീട്ടകങ്ങളെ ജനാധിപത്യവത്ക്കരിക്കുക എന്ന പ്രാഥമീക ആധുനിക സമീപനം പുരോഗമനവാദികളായ പുരുഷകേസരികൾക്കും അന്യമായ വസ്തുതയാണ്.
ആധുനികത നമ്മെ സംബന്ധിച്ച് പുതിയ വസ്ത്രം മാത്രമായിരുന്നു. ആത്മചേതനയും ശരീരവും ഭൂതകാലത്തിൻറെ ശവത്തെ ചുമന്നുകൊണ്ടു നടന്നു. ഭാവുകത്വത്തിൽ മാത്രമാണ് നാം ആധുനീകർ ആയത്. സാഹിത്യത്തിൽ നാം ഉത്തരാധുനികർ പോലും ആകുകയുണ്ടായി. ഭാഷാപരമായ ചില പ്രവണതകൾക്കപ്പുറം സാഹിത്യത്തിൽ ആധുനികത വളർന്നില്ല. പലപ്പോഴും ഭാഷയുടെ മാന്ത്രികതകൊണ്ട് ഗോത്രസംസ്കാരത്തെ വാഴ്ത്തുകയാണ് പല പ്രമുഖ എഴുത്താളുകളും ചെയ്തു വന്നത്. (അയ്യപ്പ പണിക്കർ,സുഗതകുമാരി മുതൽപേർ) നഷ്ട സ്വർഗ്ഗത്തെ കുറിച്ചുള്ള വിലാപങ്ങൾ മുഴുവനും ഭൂതകാലം എത്രയോ മഹനീയമായിരുന്നു എന്ന വ്യാജപ്രപഞ്ചം സൃഷ്ടിച്ചു കൊണ്ടിരുന്നു. ആധുനിക ലോക വീക്ഷണങ്ങൾ പതുക്കെ നഷ്ടപ്പെടുകയും പുരാവൃത്തങ്ങളുടെ പുനരാവിഷ്കാരങ്ങൾ നിറഞ്ഞ് തുളുമ്പുകയും ചെയ്തു. ഈയിടെ കവിയും ചിന്തകനുമായ കല്പറ്റ നാരായണൻ ചൂണ്ടിക്കാട്ടിയ ഒരു പ്രസക്തമായ നിരീക്ഷണമുണ്ട് ” നമ്മുടെ എഴുത്തുകാർ മുഴുവൻ കുടുംബസ്ഥർ ആയിരുന്നു.” ഈ കുടുംബസ്ഥ സദാചാര കുലദൈവങ്ങൾക്ക് പുരാവൃത്ത നൃത്തത്തറവിട്ടു പുറത്ത് പോകുക അസാദ്ധ്യമാണല്ലോ.
നിത്യജീവിതത്തിൽ നാം പുനരുത്ഥാന വാദികളായി. കുഴിച്ചു മൂടിയതിനെ എല്ലാം ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പുനപ്രതിഷ്ഠിച്ചു കൊണ്ടിരിക്കുന്നു. നാരായണ ഗുരു പ്രസ്ഥാനം പൊരുതി നേടിയ ആരാധനാ സ്വാതന്ത്ര്യം ഇന്ന് പാരമ്പര്യവാദികൾ അവരുടെ ജനകീയതക്ക് വേരുകളാഴ്ത്താൻ സമർത്ഥമായി ഉപയോഗിക്കുന്നത് കാണാനാകും.
ഈ വസ്തുതകൾ പാരമ്പര്യത്തെ പൂർണ്ണമായും തകർക്കാതെ ആധുനികത പടുത്തുയർത്താനാവില്ല എന്ന ആശയത്തെ കൂടുതൽ ബലവത്താക്കുന്നു.
ചുരുക്കത്തിൽ:
ഒരു പുതിയ സമൂഹം നിർമ്മിക്കാൻ, പഴയ മൂല്യങ്ങൾ, വിശ്വാസങ്ങൾ, സ്ഥാപനങ്ങൾ ഇവയെ വെല്ലുവിളിക്കേണ്ടതുണ്ട്. അതായത്:
• പഴയ മൗലിക തത്വങ്ങൾ ചോദ്യം ചെയ്യപ്പെടണം
• പഴയ ബഹുമാന്യ സ്ഥാപനങ്ങൾ പരിഷ്കരിക്കപ്പെടണം അല്ലെങ്കിൽ മാറ്റപ്പെടണം
• പഴയ ചിന്താരീതികൾ പൊളിച്ചെഴുതപ്പെടണം
ഇതൊക്കെയില്ലാതെ പുതിയ ആധുനികതയ്ക്ക് ഇടമില്ല.
*****************************************











