ഇത് മഴക്കാലം
തിമിർത്ത് പെയ്യുന്നുണ്ട്
ഇടവമേഘങ്ങളും,
ഈറൻ കിനാക്കളും,
കനവ് കാണാതെ
കനത്ത് പെയ്യുന്നുണ്ട്
കദനവും യുദ്ധവും
തീമഴത്തുള്ളിയും
ഇത് മഴക്കാലം
മുനഞ്ഞ് കത്തുന്നുണ്ട്
ഭയവും, വിളക്കും
കുരുന്ന് ബാല്യങ്ങളും
ഇത് മഴക്കാലം
നനഞ്ഞ കൺപീലിയിൽ
മുകിലും, സമുദ്രവും
തൊട്ട് നിൽക്കുന്നുണ്ട്
പ്രളയവും, മായയും
തിരയും വിലാപവും
മണലിഴക്കുള്ളിൽ
കുരുങ്ങി നിൽക്കുന്നുണ്ട്
ചിതൽ തിന്നൊരോലയിൽ
ശാന്തിമന്ത്രത്തിൻ്റെ
ലയമറ്റ വരികൾ
കുതിർന്ന മൺപൊട്ടുകൾ
നിറമറ്റ പകലുകൾ
രാശിചക്രങ്ങളിൽ വെറുതെ
പലായനം ചെയ്യും
പ്രതീക്ഷകൾ
ഇത് മഴക്കാലം
പുകഞ്ഞ് നീറും
മണ്ണുതരിയതിൽ നിന്നും
പിളർന്ന ഭൂഖണ്ഡങ്ങൾ
തകരുന്ന സ്തൂപം
പതാകകൾ, വാനത്തി-
ലെഴുതുന്ന തീവെട്ടിയടരിൻ്റെ
കനലുകൾ.
ഇത് മഴക്കാലം
ഒളിപ്പോരിരുട്ടിൻ്റെ
തിമിരവും, വിഷ-
വലച്ചുരുളും നിരാസവും
വഴിയിൽ കുരുക്കിട്ടിടഞ്ഞ്
നിൽക്കുന്നുണ്ട്
നിറമറ്റ വാക്കെയ്ത് നീങ്ങുന്ന
നിഴലുകൾ
ഇത് മഴക്കാലം
ഋതുക്കളുടെ ഭാഷയ്ക്ക്
കടലിൻ്റെ ജതികൾക്ക്
കാറ്റാടിമരമതിന്
ജലമറ്റ പൊയ്കയ്ക്ക്
മണലെഴുത്തോർമ്മയ്ക്ക്
ഞാറ്റുവേലപ്പാട്ടിനിത്
മഴക്കാലം കുളിർന്ന
മണ്ണിൽ നിന്ന് പതിയെ-
മുള പൊട്ടുന്ന
പ്ളാവിലച്ചിറകുകൾ
ഇത് മഴക്കാലം
മൃദംഗം, മിഴാവുകൾ
തനിയെ-യാവർത്തനം
ചെയ്യുന്ന രാപ്പകൽ
ജതികൾ തെറ്റിപ്പിടഞ്ഞോടു
ന്നൊരാരരുവികൾ
മുടിയിലൊരു കൈതോല-
മണമുള്ള കാറ്റുകൾ
ചിരിയിലൊരു നട്ടുച്ച
നിറമുള്ള തീക്കനൽ.
ഇത് മഴക്കാലം
വരും, പോകുമൊരു
പ്രളയമത് പോലെ
മായ പോൽ
പെയ്തങ്ങ് തോർന്നിടും.
ലയമറ്റിടക്കിടെ
പെയ്യുന്നുവെങ്കിലും
ജലതരംഗം ചേർത്ത്
വായിച്ചെടുത്തിടും
പെരുമഴക്കാലം
കടന്ന് പോകും വഴി
ശ്രുതിയൊന്ന് താഴ്ത്തിടും
വീണ്ടും തുടങ്ങിടും…
ഇത് മഴക്കാലം
ഇലത്താളമിലകളുടെ
ഇത് മഴക്കാലം ജലത്തിൻ്റെ
വിപ്ളവം
ഇത് മണ്ണെഴുത്തിൻ്റെ
വേരിൻ്റെ അക്ഷരം
ഇത് മഴക്കാലം പ്രതീക്ഷയുടെ
ജലലിപികൾ












