LIMA WORLD LIBRARY

സ്തുതി പുരാണം. – വൃന്ദ പാലാട്ട്

പ്രശംസ ആരെയും പ്രസാദിപ്പിക്കും , എന്തിന് ദൈവങ്ങളെ പോലും സന്തോഷിപ്പിക്കും , പിന്നെ മനുഷ്യരുടെ കാര്യം പറയേണ്ടല്ലോ . പണ്ടു രാജാവിനെ നിരന്തരം പിറകെ നടന്ന് സ്തുതിക്കുന്നതിന് മാത്രമായി സ്തുതിപാഠകരെ ശമ്പളം കൊടുത്ത് കൊട്ടാരത്തിൽ നിയമിച്ചിരുന്നു. പക്ഷേ സ്വന്തം വ്യക്തിത്വം പരസഹായമില്ലാതെ ഉയർത്തിപ്പിടിക്കാൻ കഴിവുള്ളവരും രാജക്കന്മാരുടെ ഇടയിലുണ്ടായിരുന്നുവെന്നാണ് ചരിത്രം . അലക്‌സാണ്ടർ ചക്രവർത്തി തന്നെയാരെങ്കിലും പുകഴ്ത്തുമ്പോൾ
” ഇതെന്നെ പറ്റിയല്ല, ഞാൻ വെറുമൊരു മനുഷ്യൻ മാത്രമാണ് ” എന്ന് സ്വയം മന്ത്രിക്കുമായിരുന്നു എന്ന് കേട്ടിട്ടുണ്ട് .
നമ്മൾ എന്ത് നല്ല കാര്യം ചെയ്യുമ്പോഴും മറ്റുള്ളവരുടെ പ്രശംസ മനസ്സിലെങ്കിലും ആഗ്രഹിക്കും. ( നമ്മളൊക്കെ മനുസ്സരല്ലേ , പുള്ളേ ! ) പക്ഷേ അനർഹമായതും അനവസരത്തിലുള്ളതുമായ പ്രശംസ നമ്മളുടെ വ്യക്തിത്വം നശിപ്പിക്കും. അർഹിക്കാത്ത ലേബലുകൾ തീർത്തും അവഗണിക്കുന്നതും സ്തുതിപാഠകരിൽ നിന്ന് അകലം പാലിക്കുന്നതും നമ്മുടെ മാനസികാരോഗ്യം ഒരളവ് വരെ വർദ്ധിപ്പിക്കും .
പക്ഷേ ചില ആളുകൾ ഉണ്ട്. ചെറിയ പ്രശംസ പോലും ഇഷ്ടമല്ലാത്തവർ . ആരെങ്കിലും അവർ ചെയ്ത ഏതെങ്കിലും നല്ല കാര്യത്തിന് പുകഴ്ത്തിയാൽ അവർക്ക് ഒരു ജാള്യതയാണ്. ” ഇങ്ങനെയൊക്കെ പുകഴ്ത്താൻ ഞാനൊന്നും ചെയ്തിട്ടില്ല , ഞാനീ പ്രശംസയൊന്നും അർഹിക്കുന്നില്ല ” എന്നാണ് അവരുടെ തോന്നൽ. സ്വന്തം കഴിവിൽ സംശയമായത് കൊണ്ട് മാത്രം അന്യരുടെ പ്രശംസ കേട്ടാൽ സന്തോഷമില്ല . ഈ മനോഭാവത്തെ ” ഇംപോസ്റ്റർ സിൻഡ്രോം ” എന്ന് പാശ്ചാത്യ മന:ശാസ്ത്രജ്ഞർ വിളിക്കുന്നു . ഇവർ വെറും പാവങ്ങൾ ! അവരെ നമുക്ക് വിട്ടുകളയാം. പക്ഷേ വേറൊരു കൂട്ടരുണ്ട്. ” പ്രശംസയുണ്ടെങ്കിൽ സന്തോഷം വേറിട്ടു കരുതേണമോ ” എന്നാണ് അവരുടെ മുദ്രവാക്യം . ഒരിറ്റു വെള്ളത്തിന് വേണ്ടി മരുഭൂമിയിൽ അലയുന്ന പഥികൻ്റെ ദാഹമാണ് ഇവർക്ക് പ്രശംസയോട് . തന്നെ പ്രശംസിക്കുന്നവരോട് ചേർന്ന് നിൽക്കാനും അപദാനങ്ങൾ ഏറ്റുവാങ്ങാനും ഇവർക്ക് ഇഷ്ടമാണ്.
പഴയ ഗ്രീക്ക് പുരാണത്തിലെ ഒരു സുകുമാര കളേഭരനാണ് നാർസിയൂസ് എന്ന സരളമാനസൻ .
” കണ്ണാടി ആദ്യമായെൻ ബാഹുരൂപം സ്വന്തമാക്കി ” എന്ന് ഇന്ന് നമുക്ക് പാടാൻ കഴിയും . പക്ഷേ കണ്ണാടി ഇല്ലാതിരുന്ന ഗ്രീക്ക് മിഥോളജി കാലത്തെ സുഭഗ നായകന് സ്വന്തം സുന്ദര മുഖം കാണാൻ ഭാഗ്യമില്ലായിരുന്നു. അങ്ങനെയിരിക്കെ ദാഹജലത്തിനായി ഒരു തടാകത്തിലേക്ക് കൈ നീട്ടിയ നാർസിയൂസ് കണ്ടത് ജലോപരിതലത്തിലെ ഛായത്തളികയിൽ മഴവിൽ മനോഹരമായ ഒരു മുഖമാണ്. ആ ചാരുമുഖത്തിലേക്ക് നിർന്നിമേഷനായി നോക്കി മണിക്കൂറുകളോളം നിന്ന് പോയ നാർസിയൂസ് നേരം പോയതറിഞ്ഞില്ല. വിശപ്പും ദാഹവും മറന്നു . സ്വന്തം പ്രതിബിംബത്തെ സ്നേഹിച്ച് സ്നേഹിച്ച് അവസാനം ഭക്ഷണവും വെള്ളവും കിട്ടാതെ അവശനായി അവിടെ തന്നെ മരിച്ചു വീണതായിട്ടാണ് കഥ . അന്യരുടെ മുഖസ്തുതിയിൽ വീണ് അഭിരമിക്കുന്ന വ്യക്തികളെ പലരും നാർസിയൂസിനോട് ഉപമിക്കുന്നതായി കണ്ടിട്ടുണ്ട്. അത് ശരിയായിരിക്കാം. അത് കൊണ്ട് തന്നെ ഒരു പാട് നേരം കണ്ണാടിക്ക് മുന്നിൽ നിന്ന് സ്വന്തം സൗന്ദര്യം ആസ്വദിക്കുന്നവരുടെ അരികിൽ ഒരു മേശപ്പുറത്ത് കുടിക്കാൻ ഒരു കുപ്പി വെള്ളവും വിശപ്പിന് ഒരു ഉണ്ടംപൊരിയും കരുതുന്നത് നന്നായിരിക്കുമെന്നാണ് എൻ്റെ എളിമയേറിയ അഭിപ്രായം.
മലയാള വ്യാകരണത്തിൽ അലങ്കാരം എന്നൊരു സംഭവമുണ്ട്. അതിലൊന്നാണ് ഉപമാലങ്കാരം. ഉപമാലങ്കാരത്തിൻ്റെ ഉദാഹരണമാണ്
” മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെ പോലെ നിന്മുഖം ”
ശ്ശെടാ , ഇത് മുഖസ്തുതി പാരമ്യത്തിൻ്റെ ഒന്നാന്തരം ഉദാഹരണമല്ലേ എന്ന് മാഷിനോട് ചോദിച്ചാൽ ഉടനെ കിട്ടും ചൂരൽ കഷായം.
‘ നിന്ദാസ്തുതി ‘ എന്ന് വേറൊരു അലങ്കാരമുണ്ടത്രെ. നിന്ദിച്ചു കൊണ്ട് സ്തുതിക്കുക അല്ലെങ്കിൽ സ്തുതിച്ചു കൊണ്ട് സ്തുതിക്കുക എന്നതാണത്രേ ലക്ഷണം .
ദൂരെ സ്ഥലത്ത് ജോലി ചെയ്യുന്ന ഭർത്താവിനെ യാത്ര അയച്ചപ്പോൾ ” എല്ലാ മന്തിലും വരണേ, പ്രിയനേ ” എന്ന് ഭാര്യ അഭ്യർത്ഥിച്ചു. അതൊരു നിന്ദാസ്തുതിയായിരുന്നു . കാരണം അദ്ദേഹം ചെറിയൊരു മന്ത് ഉള്ളവനായിരുന്നു.
” മന്തനാണെന്ന് ചിന്തിക്ക വേണ്ടടോ
മന്തെനിക്കീശ്വരൻ തന്നതാണേ ”
എന്ന് മറുപടി പറഞ്ഞ് ഭർത്താവ് പടിയിറങ്ങി പോൽ.
എല്ലാം സ്തുതി മയം !

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px