LIMA WORLD LIBRARY

മിന്നാമിനുങ്ങ് – ജോസ് കുമാർ

മിന്നാമിനുങ്ങിനെക്കുറിച്ചോർക്കാത്ത താമസം, നിരനിരയായി പറന്നെത്തുകയായി മിന്നാമിന്നിക്കൂട്ടം.
പ്രമുഖ സാഹിത്യകാരനും
സംഗിതജ്ഞനും
‘സരസഗായക കവിമണി’ എന്നു വിളിക്കപ്പെടുന്ന
ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് (1868-1913) ജീവിച്ചിരുന്ന
മഹാകവി കണക്കു ചെമ്പകരാമൻ (കെ.സി) കേശവപിള്ള രചിച്ച
‘സുഭാഷിതരത്നാകരം’ എന്ന
വിശിഷ്ട ഗ്രന്ഥത്തിലെ ഏതാനും വരികളാണ് മിന്നാമിന്നുകളുടെ രൂപത്തിൽ മുന്നിലെത്തുന്നത്.
” പരിശ്രമം ചെയ്യുകിലെന്തിനേയും
വശത്തിലാക്കൻ
കഴിവുള്ളവണ്ണം
ദീർഘങ്ങളാംകൈകളെ നൽകിയത്രേ
മനുഷ്യരെപ്പാരിലയച്ചതീശൻ “.ഒരുപക്ഷെ മനുഷ്യർക്ക് നൽകിയതു പോലെ ഈശ്വരൻ ചില സിദ്ധികൾ തന്റെ മനോഹരസൃഷ്ടിയായ ഈ പ്രകാശദീപങ്ങൾക്കും നൽകാതിരിക്കില്ല. നമുക്കിങ്ങനെ കണ്ടാലോ?
നിശയിൽ നോക്കുകിലെന്തിനേയും ശരിക്കു കാണാൻ കഴിവുള്ളവണ്ണം
കനിവുള്ള കണ്ണുകൾ നൽകിയത്രേ
മിന്നാമിനുങ്ങിനെയയച്ചതീശൻ.
പകൽ നടക്കുന്ന വമ്പൻ കാര്യങ്ങൾ കണുവാനും കേൾക്കുവാനും
കണ്ടവ പാടിനടക്കുവാനും മാത്രമേ മനുഷ്യനു കഴിയുകയുള്ളു.
അതുകൊണ്ടായിരിക്കണം ഇരുട്ടിൽ നടക്കുന്ന കാര്യങ്ങൾ കാണുവാൻ മിന്നാമിനുങ്ങുകളെ പാരിലേക്കയതീശൻ. കാണുക മാത്രമല്ല ഇരുട്ടിൽ അല്പം വെളിച്ചംകൂടി പങ്കുവയ്ക്കുന്നുണ്ട് മിന്നാമിനുങ്ങുകൾ. പ്രകൃതിയിൽ മാറിമറയുന്ന രാത്രിപകലുകളെ വേർതിരിച്ചറിയുവാൻ മനുഷ്യന് സാധിക്കുന്നണ്ടെങ്കിലും മനസ്സിൽ
കുടിയിരിക്കുന്ന തമസ്സിനേയും തപസ്സിരിക്കുന്ന പ്രകാശത്തേയും
കാണുവാൻ അകക്കണ്ണ് തുറന്നിരിക്കണം. അതിനേക്കാൾ ഭയാനകമാണ്
സമൂഹത്തെ ഇരുട്ടിലാക്കുന്ന
അന്ധകാരപ്രവണതളെ തിരിച്ചറിയാൻ സാധിക്കാത്തവിധം മൂടപ്പെട്ടിരിക്കുന്ന സാമൂഹ്യവിചാരം!

ബൃഹദാരണ്യ ഉപനിഷത്ത് ഒന്നാം അദ്ധ്യായം മൂന്നാം ബ്രഹ്മത്തിലെ ഇരുപത്തിയെട്ടാം അക്കത്തിൽ
രേഖപ്പെടുത്തിയിരിക്കുന്നത് ഈ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യം.
” അസതോമാ
സദ്ഗമയ
തമസോമ ജ്യോതിർഗമയ
മൃത്യോമ
അമൃതം ഗമയ
ഓം ശാന്തി ശാന്തി ശാന്തി”
അസത്തയിൽ നിന്നും
സത്തയിലേക്കും
(അസത്യത്തിൽ നിന്ന് സത്യത്തിലേക്കും) അന്ധകാരത്തിൽ നിന്നും പ്രകാശത്തിലേക്കും
മരണത്തിൽനിന്നും നിത്യതയിലേക്കും
(അമരത്ത്വത്തിലേക്കും) നയിച്ച്
ശാന്തിയും സമാധാനവു പുലർത്തണമേയെന്ന പ്രാർത്ഥന പണ്ടത്തേക്കാളുപരി ഇന്നിന്റെ ആവശ്യമാണ്.

ഭാരതീയ ഇതിഹാസമായ മഹാഭാരതത്തിന്റെ ഭാഗമായ ആത്മജ്ഞാനിയുടെ ഗീതം എന്നറിയപ്പെടുന്ന ഭഗവദ്ഗീതയിൽ
വ്യാസമഹർഷി
ശ്രീകൃഷ്ണനിൽക്കൂടി വെളിപ്പെടുത്തിയിരിക്കന്നതും ഇരുട്ടിൽ പ്രകാശമായി ‘ഞാൻ’ എത്തുമെന്നുതന്നെയാണ്.
” എപ്പോഴെല്ലാം ധർമ്മത്തിനു ക്ഷയവും അധർമ്മത്തിന്
വൃദ്ധിയും ഉണ്ടാകുന്നുവോ
അപ്പോഴെല്ലാം ‘ഞാൻ’ സ്വയം രൂപമെടുത്ത് ലോകത്തിൽ പ്രത്യക്ഷനാകുന്നു”
സമൂഹത്തിൽ ഒളിഞ്ഞും തെളിഞ്ഞും നിലനിൽക്കുന്ന അസ്വസ്ഥതകളോടുള്ള സർഗാത്മകമായ പ്രതികരണങ്ങൾ കൊണ്ട് ജനങ്ങളെ ഉണർത്തുവാനും ഉദ്ബുദ്ധരാക്കുവാനും ശ്രീകൃഷ്ണഭഗവാന്റെ വാക്കുകൾ
സാക്ഷാത്കരിക്കപ്പെട്ടുകൊണ്ട് മിന്നാമിനുങ്ങുകളെപോലെ അതാതുകാലഘട്ടങ്ങളിൽ തൂലികാവെളിച്ചവുമായി പ്രത്യക്ഷപ്പെട്ടിട്ടുള്ള ധാരളം പ്രതിഭകളെ സാഹിത്യലോകത്ത് കാണാൻ സാധിക്കും.

ഇന്നത്തെ മിന്നാമിനുങ്ങ് ശ്രദ്ധയിൽപ്പെടുത്തുന്നത്
ആയിരത്തി എണ്ണൂറ്റി എഴുപത്തിമൂന്നു മുതൽ ആയിരത്തി തൊള്ളായിരത്തി ഇരുപത്തിനാലുവരെ ജീവിച്ചിരുന്ന സ്നേഹഗായകൻ എന്നറിയപ്പെടുന്ന ആശയഗംഭീരനായ മഹാകവി കുമാരനാശാനെയാണ്. ജാതിമതവർഗ്ഗവർണ്ണ വിവേചനങ്ങൾ കൊടികുത്തി വാണിരുന്ന കാലം ! മഹാകവി
ചോദിക്കുകയാണ്.
“നരനുനരനശുദ്ധവസ്തു പോലും!
ധരയിൽ നടപ്പതു തീണ്ടലാണു പോലും!
നരകമിവിടമാണ് ഹന്ത കഷ്ടം !
ഹര! ഹര! ഇങ്ങനെ വല്ല നാടുമുണ്ടോ?”
സിംഹനാദം എന്ന കവിതയിൽ ഒരു കാലത്തെ കേരളത്തെക്കുറിച്ചെഴുതിയ ഈ വരികൾ വായിച്ചാൽ ആരും ലജ്ജിച്ച് തല താഴ്ത്തും.
ഒരു നവകേരളജനതക്ക് വിത്തു പാകുകയായിരിന്നു സ്നേഹഗായകൻ
മഹാകവി കുമാരനാശാൻ. വിശ്വപ്രേമത്തിന്റെ അത്യുദാത്തമായ സങ്കൽപ്പത്തെ അദ്ദേഹം ‘നളിനി’യിൽ ഇങ്ങനെ കുറിക്കുന്നു:
“സ്നേഹമാണഖിലസാരമൂഴിയിൽ
സ്നേഹസാരമിഹ
സത്യമേകമാം
മോഹനം ഭുവനസംഗമിങ്ങതിൽ
സ്നേഹമൂലമമലേ, വെടിഞ്ഞു ഞാൻ”.
എത്ര മനോഹരമായ ചിന്തകൾക്കാണ് മലയാളമനസ്സുകളിൽ അദ്ദേഹം
തിരി കൊളുത്തുന്നതെന്ന്
മഹാകവിയുടെ
വിവിധ രചനകളിൽക്കൂടി
കടന്നുപോകുമ്പോൾ കാണാൻ കഴിയും.
‘വീണപൂവ് ‘ ൽ മനുഷ്യജന്മത്തെ കവി കാണുന്നതെങ്ങെനെയെന്നു നോക്കുക.
” ഹാ പുഷ്പമേ അധികതുംഗപദത്തിലെത്രശോഭിച്ചിരുന്നു രാജ്ഞികണക്കയേ നീ !
ശ്രീഭൂവിലസ്ഥിര-അസംശയം
ഇന്നു നിന്റെയഭൂതിയെങ്ങു പുനരിങ്ങു കിടപ്പതോർത്താൽ!”
പുഷ്പം പോലെയാണ് ജീവിതമെന്ന് മർത്യഗണത്തെ ഓർമ്മപ്പെടുത്തുകയാണ് മഹാകവി.
പ്രഭാതത്തിൽ
തലയുയർത്തി നിൽക്കുന്ന പുഷ്പം വൈകുന്നേരമാകുമ്പോൾ സൂര്യതാപമേറ്റ് വാടിക്കരിഞ്ഞ് ഞെട്ടറ്റ് നിലത്തുവീണുകിടക്കന്ന അവസ്ഥ
മനുഷ്യജീവിതത്തിന്റെ നിസ്സാരതയിലേക്ക് വിരൽ ചൂണ്ടുന്നു.
‘നളിനി’യിൽ ആശാൻ
മാനവസമൂഹത്തെ
ഓർമ്മപ്പെടുത്തുന്നതിപ്രകാരം:
” തന്നതില്ല പരനുള്ളുകാട്ടുവാനൊന്നുമേ
നരനുപായമീശ്വരൻ!
ഇന്നു ഭാഷയിതപൂർണ്ണമിങ്ങഹോ
വന്നുപോം
പിഴയുമർത്ഥശങ്കയാൽ.!”
അന്നും ഇന്നും എന്നും മനുഷ്യന് ഉള്ള് തുറന്നുകാട്ടുവാൻ ഈശ്വരൻ ഉപായങ്ങളൊന്നും കനിഞ്ഞുനൽകിയിട്ടില്ല!
ദുഷിച്ച ജാതിവ്യവസ്ഥയെക്കറിച്ച് കവി വേദനിക്കുന്നതാണ്
‘ദുരവസ്ഥ’യിൽ
നമ്മൾ കാണുന്നത്.
“തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ
ദൃഷ്ടിയിൽപ്പെട്ടാലും ദോഷമുള്ളോർ
കെട്ടില്ലാത്തോർ
തമ്മിലുണ്ണാത്തോരിങ്ങനെയൊട്ടല്ലഹോ ജാതിക്കോമരങ്ങൾ. ”
ഉദ്യാനങ്ങളിൽ ഇത്തിരിവെട്ടവുമായി പറന്നു നടക്കുന്ന മിന്നാമിനുങ്ങകളെപോലെ സമുദായനേതാക്കളും സാമൂഹ്യപ്രവര്‍ത്തകരും രാഷ്ട്രീയധികാരികളും
ഉദ്യാനപാലകരാകണമെന്ന് മഹാകവി കുമാരനാശാൻ.
പൂക്കളുടെ വൈവിധ്യത്തെ പരിപോഷിപ്പിക്കേണ്ടതുപോലെ സമസ്ത ലോകത്തിന്റേയും
പരിപോഷണം
ആശാനോർമ്മിപ്പിക്കുന്നതിങ്ങനെ:
” മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ ”
“തമസോമാ ജ്യോതിർഗമയ”
(ബൃഹദാരണ്യ ഉപനിഷത്ത്).
ഈ അടുത്തിടെ പ്രശസ്ത എഴുത്തുകാരൻ ശ്രീ കാരൂർ സോമൻ ചോദിക്കുകയുണ്ടായി.
“സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന പൊയ്മുഖങ്ങളെ
തുറന്നുകാട്ടുവാൻ കഴിവുള്ള എത്രയെഴുത്തുകാരുണ്ട് നമ്മുടെയിടയിൽ?
ഈ അവസരത്തിൽ
മഹാകവി കുമാരനാശാൻ
നമ്മുടെ മുമ്പിൽ
നല്ലൊരു
മാതൃകതന്നെ.

മിന്നാമിനിങ്ങിനെക്കുറിച്ച് കുമാരനാശാനല്ലാതെ മറ്റേതെങ്കിലും മഹാകവികൾ ഇത്ര ദീർഘമായൊരു കവിത രചിച്ചിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
വീണ പൂവ്, നളിനി ,ലീല, ചണ്ഡാലഭിക്ഷുകിയും കരുണയും, ദുരവസ്ഥ , പ്രരോദനം, ചിന്താവിഷ്ടയായ സീത എന്നീ ഖണ്ഡകാവ്യങ്ങളിൽ സാഹിത്യലോകം
ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ‘മിന്നിനുങ്ങിന് ‘
വേണ്ടത്ര ശ്രദ്ധ കിട്ടിയിട്ടുണ്ടാകില്ലഎന്നുവേണം കരുതുവാൻ.
അതുണ്ട്തന്നെ എന്റെ മിന്നാമിനുങ്ങിൽ വായനക്കാർക്കുവേണ്ടി
കുമാരനാശാന്റെ
മിന്നാമിനുങ്ങ് എന്ന കവിത എടുത്തെഴുതുകയാണ്.

“ഇതെന്തൊരാനന്ദമിതെന്തു കൗതുകം!
സ്വതന്ത്രമായ് സുന്ദരമിപ്രഭാകണം
ഇതാ പറന്നെത്തിയടുത്തു ഹാ! പറ-
ന്നിതാ തൊട്ടുമ്മുമ്പിതു വിണ്ണിലായിതേ!

ഉടൻ മടങ്ങുന്നിത, പൂത്തിരുട്ടിലായ്-
ക്കിടന്ന വേലിച്ചെടിതന്റെ തുമ്പിതിൽ;
ചുടുന്നതില്ലിച്ചെറുതീയതൊന്നുമേ!
കെടുന്നുമില്ലീ മഴയത്തുപോലുമേ!

ഇരിക്കൊലാ പൊങ്ങുക, വിണ്ണിലോമനേ,
ചരിക്ക നീ മിന്നിമിനുങ്ങിയങ്ങനെ,
വരിഷ്ഠമാം തങ്കമുരച്ച രേഖപോ-
ലിരുട്ടു കീറുന്നൊരു വജ്രസൂചിപോൽ.

സ്ഫുരിക്കുമീ നിന്നുടലിൻ പദാർത്ഥമെ-
ന്തുരയ്ക്ക, മിന്നൽപ്പിണരിൻ സ്ഫുലിംഗമോ?
വിരഞ്ഞുപോം താരഗണങ്ങൾ തമ്മിലാ-
ഞ്ഞുരഞ്ഞുപാറും പൊടിയോ, നിലാവതോ?

പുളച്ചിടുന്നെന്മനതാരഹോ! വെറും
വെളിച്ചമേ, വാ കിളിവാതിലൂടെ നീ,
വിളിച്ചുകേളാത്തവിധം ഗമിക്കിലാ-
മൊളിച്ചിടാൻ കള്ള, നിനക്കു വയ്യെടോ!

പിലാവിലും തെങ്ങിലുമക്കവുങ്ങിലും
വിലോലമായ് മാവിലുമങ്ങുമിങ്ങുമേ
വിലങ്ങിടും നീ പ്രകൃതിക്കു ചാർത്തുവാൻ
നിലാവു പൂമ്പട്ടിനു പാവു നെയ്കയോ?

മിനുങ്ങി നീ ചെന്നിടു, മാറണയ്ക്കുവാൻ
കനിഞ്ഞിതാ കൈത്തളിരാർന്ന ഭൂരുഹം
അനങ്ങിടാതങ്ങനെ നിൽപ്പി,താർക്കുമേ
മനം കൊതിക്കും മൃദുവെത്തൊടാനെടോ!

അതാ വിളങ്ങുന്നു ഭവദ്ഗണങ്ങളാൽ
സ്വതേ ചുഴന്നിപ്പനിനീർമലർച്ചെടി;
അതിന്നൊടൊക്കില്ലൊരു ചക്രവർത്തിത-
ന്നതിപ്രകാശം കലരും കിരീടവും.

പരന്ന വൻ‌ശാഖകൾ മേലിവറ്റയാർ-
ന്നിരുട്ടിൽ മിന്നുന്നു മരങ്ങളാകവേ;
നിരന്നു നക്ഷത്രഗണങ്ങൾ കീഴുമാ-
ർന്നിരട്ടയായ് തീർന്നൊരു വിണ്ണുപോലവേ.

വിളങ്ങിയും മങ്ങിയുമൊന്നിതാ വരു-
ന്നിളങ്കതിർത്തൂവൊളിയാർന്നു പൊങ്ങിയും
തളർന്നുവീണും—ചെറുതാരമൂഴിതാൻ
വളർപ്പതാമിങ്ങിതു—തള്ള വാനിലാം.

മുറിക്കകത്തായിതു! ഹാ! പ്രകാശമേ,
കരത്തിൽ വാ, കേറുക പുസ്തകങ്ങളിൽ,
ഉറക്കറയ്ക്കുള്ള കെടാവിളക്കുപോ-
ലിരിക്ക വന്നീയണിമേശമേലുമേ.

കനക്കുമുത്സാഹമൊടങ്ങുമിങ്ങും
തനിക്കു തോന്നുമ്പടിതന്നെയെങ്ങും
മിനുങ്ങിമങ്ങും ചൊടിയാർന്ന മിന്നാ-
മിനുങ്ങുമുൾപ്പൂവുമുടപ്പിറപ്പോ?”
*************************
ജോസ്കുമാർ

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px