അഞ്ചാം ക്ലാസ് മുതൽ തുടങ്ങിയ
ഗൗരവ പത്രവായനയിലും
പ്രീഡിഗ്രി മുതൽ തുടങ്ങിയ
ഗൗരവ രാഷ്ട്രീയത്തിലും
ഞാൻ ഇഷ്ടപ്പെട്ടിരുന്നത് നാല് പേരുകളായിരുന്നു…
ഇ എം എസ്
ഇ കെ നായനാർ
കെ ആർ ഗൗരിയമ്മ
വി എസ് അച്യുതാനന്ദൻ
ഈ നാല് സഖാക്കളും നാല് ശൈലിയായിരുന്നു…
നാല് പേരുടേയും വ്യത്യസ്ത ശൈലിയിലുള്ള പ്രസംഗങ്ങൾ എവിടെയുണ്ടെങ്കിലും കേൾക്കാൻ പോകുമായിരുന്നു…
ഭാഗ്യത്തിന് നാല് പേരേയും നേരിൽ കാണാനും ചോദ്യങ്ങൾ ചോദിക്കാനുമുള്ള അവസരങ്ങളും എനിക്ക് കിട്ടി…
നാല് പേരിൽ നിന്നും പല കാരണങ്ങളാൽ വേറിട്ട് നിന്ന സഖാവാണ് അച്യുതാനന്ദൻ…
ബാല്യം,
കൗമാരം,
വിദ്യാഭ്യാസം,
സാമ്പത്തികം,
പ്രസംഗശൈലി,
എല്ലാത്തിലുമൊരു വേറിടൽ അച്യുതാനന്ദന് ഉണ്ടായിരുന്നു…
ഞാൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോൾ അച്യുതാനന്ദനാണ് പാർട്ടി സെക്രട്ടറി…
ജീവിത യാതനകളും
രാഷ്ട്രത്തിന്റെ ഭാവിയും സമാന്തരമായി കൊണ്ടു പോയതു കൊണ്ടാകാം
വസൂരിക്കല വളർന്നിരുന്ന അച്യുതാനന്ദന്റെ മുഖത്ത് ഒരു പൊട്ടിച്ചിരി പോലും വിരിയാതിരുന്നത്…
രാജ്യത്തെ വലയം ചെയ്തിരുന്ന ദുരധികാരത്തിന്റെ ഇരുട്ടിന് മുകളിൽ സ്വാതന്ത്ര്യത്തിന്റെ വെളിച്ചം വീശാനുള്ള സമരങ്ങളുടെ നായകനായ അച്യുതാനന്ദന്റെ മുഖമെപ്പോഴും ഗൗരവത്തിലായിരുന്നു…
ഉറച്ച അച്ചടക്കം…
ഉറച്ച അഭിപ്രായം…
ഉറച്ച നിലപാടുകൾ…
ഉറച്ച തീരുമാനങ്ങൾ…
ഉറച്ച ദീർഘവീക്ഷണത്തിന്റെ
ഏറ്റവും വലിയ ഉദാഹരണമാണ് 1987 മേയിൽ അധികാരത്തിലേറിയ നായനാർ സർക്കാർ…
കൈ തെറുത്ത് കയറ്റിയ ജുബ്ബയും മുണ്ടിന്റെ കോന്തല കൈയിൽ പിടിച്ചുള്ള നടത്തയും
ആരോഹണവരോഹണങ്ങളോടെ,
വാക്കുകളെ അളന്ന് കുറിച്ചുള്ള സഖാവ് അച്യുതാനന്ദന്റെ പ്രസംഗവും
എനിക്ക് എന്നും ആവേശമായിരുന്നു…
ഭരണപക്ഷത്തെ ക്രിയാത്മകമായി വിറപ്പിച്ച ഒരേയൊരു പ്രതിപക്ഷ നേതാവേ കേരളത്തിലുള്ളൂ.
അതാണ് സഖാവ്
വി എസ് അച്യുതാനന്ദൻ…
പുന്നപ്ര വയലാറിൽ വെടിയുണ്ട വീഴ്ത്തിയ ചെഞ്ചോരയാൽ നനഞ്ഞ ചെമ്മണ്ണെടുത്ത് ചെഞ്ചായമെഴുതിയ ചെങ്കൊടിയുമായി ചുവന്ന കേരളം സൃഷ്ടിക്കാൻ നേതൃത്വം നൽകിയ സമര സഖാവായ
വി എസ് അച്യുതാനന്ദനും വിടവാങ്ങി…












