LIMA WORLD LIBRARY

കപ്പിയാരുടെ യുക്തിബോധം – ഡോ.പി.എൻ. ഗംഗാധരൻ നായർ

ഇംഗ്ലീഷ്സാഹിത്യകാരൻ സോമർസെറ്റ് മോം ( SomersetMaugham–
1874–1965) മിന്റെ ഒരു കഥയുടെ സാരാംശം ഇങ്ങനെയാണ്:
പള്ളിയിലെ വികാരിയച്ചൻ സ്ഥലം മാറിപ്പോയി. പകരം മറ്റൊരച്ഛൻ ആ സ്ഥാനം ഏറ്റെടുത്തു. ശമ്പള ദിവസം എല്ലാവരും അവരവരുടെ ശമ്പളം വാങ്ങിപ്പോയശേഷം കപ്പിയാർ ശമ്പളം വാങ്ങാൻ വൗച്ചറിൽ വിരലടയാളമാണ് പതിപ്പിച്ചത്.അച്ഛൻ കാര്യമന്വേഷിച്ചപ്പോൾ കപ്പിയാർ, തനിക്ക് ഒപ്പിടാൻ അറിഞ്ഞുകൂടാ എന്നു പറഞ്ഞു. ഒപ്പിടാൻ അറിഞ്ഞുകൂടാത്ത ആരും ഈ പള്ളിയിൽ ജോലിക്ക് വേണ്ട എന്ന് പറഞ്ഞുകൊണ്ട് അച്ഛൻ കപ്പിയാരെ പിരിച്ചു വിട്ടു. പലരും കപ്പിയാർക്കുവേണ്ടി ഇടപെട്ടെങ്കിലും അച്ഛൻ വഴങ്ങിയില്ല. പട്ടിണിയിൽ കഴിയുന്ന ഒരു കുടുംബം ആയിരുന്നു കപ്പിയാരുടേത്.
കപ്പിയാർ ഒരു ജോലി അന്വേഷിച്ച് ലണ്ടൻ പട്ടണത്തിൽ അലഞ്ഞു തിരിയുന്ന സമയത്ത്പട്ടണത്തിലെ ഒരു കടയിൽ കൂട്ടിയിട്ടിരുന്ന വേസ്റ്റ് തുണിക്കഷ്ണങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു.
കപ്പിയാർ അത് വാരി തന്റെ ബാഗിലിട്ടു കൊണ്ടുപോയി. വീട്ടിലെത്തി, പല നിറത്തിലുള്ള ആ തുണിക്കഷ്ണങ്ങൾ കൊണ്ട് അദ്ദേഹം കുറെ ലംഗോട്ടി തയ്ച്ചുണ്ടാക്കി. പിറ്റേദിവസം ഇതുമായി റോഡിൽ വില്പനയ്ക്കായി നിന്നു. ആളുകൾ വാങ്ങി. നല്ല വില കിട്ടി. കൂടുതൽ വേസ്റ്റ് തുണികൾ എല്ലാദിവസവും ശേഖരിച്ചു കൊണ്ടുവന്ന് പലവിധത്തിലുള്ള അടിവസ്ത്രങ്ങൾ തുന്നി. വിൽപ്പന തകൃതിയായി നടക്കുകയും അതിനെ തുടർന്ന് ലണ്ടൻ പട്ടണിത്തിൽ ഒരു കട വാടകയ്ക്കെടുത്ത് ബിസിനസ് തുടങ്ങി. കുറച്ചുസമയത്തിനുള്ളിൽ തന്നെ ധാരാളം ജോലിക്കാരും അവരുടെ അധ്വാനത്തിൽ ഉൽപ്പന്നങ്ങൾ ധാരാളമായി നിർമ്മിക്കാനും തുടങ്ങി. തുടർന്ന് അണ്ടർവിയർ കയറ്റുമതി ചെയ്യാൻ തുടങ്ങി. അങ്ങനെ പഴയ കപ്പിയാർ വലിയ പണക്കാരനായി. ലണ്ടൻ മേയരുടെ ഇലക്ഷൻ വന്നപ്പോൾ പണമിറക്കി അദ്ദേഹം ഇലക്ഷന് മത്സരിച്ചു. ജയിച്ചു. ലണ്ടൻമേയർ പലപ്പോഴും ബ്രിട്ടീഷ് ഭരണാധികാരിയുടെ കൂടെ പല യോഗത്തിൽ പങ്കെടുക്കേണ്ടതായി വന്നു. പല ഡോക്കുമെന്റുകളിലും ഒപ്പിടേണ്ട അവസരങ്ങളിൽ വിരലടയാളം കണ്ടു കൊണ്ട് ബ്രിട്ടീഷ് ക്വീൻ ഒരവസരത്തിൽ കാര്യം തിരക്കി,ഒപ്പിടാത്തത് എന്തുകൊണ്ടാണെന്ന്. തനിക്ക് ഒപ്പിടാൻ അറിഞ്ഞുകൂടെന്നും ഒപ്പിടാൻ പഠിച്ചിരുന്നെങ്കിൽ താൻ ഇപ്പോഴും ഒരു കപ്പിയാരായിമാത്രം ഒതുങ്ങി കഴിഞ്ഞേനെ
എന്നുമായിരുന്നു മറുപടി. വിദ്യാഭ്യാസം ഇല്ലെങ്കിലും പണമുണ്ടെങ്കിൽ എന്തും നേടാം എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. എന്നാലും
കപ്പിയാരുടെ ലക്ഷ്യബോധവും കഠിനാധ്വാനവും പ്രശംസനീയം തന്നെ.
പക്ഷേ ജീവിതത്തിന്റെ മൂല്യവത്തായ പല കാര്യങ്ങളും പണം കൊണ്ട് നേടാൻ സാധ്യമാവാത്തതാണ്. ഇക്കാര്യത്തിൽ സ്വാമി വിവേകാനന്ദന്റെ
സ്ത് വചനങ്ങൾ ഇപ്രകാരമാണ് :
പണംകൊണ്ട് ക്ലോക്ക് വാങ്ങാം,സമയം വാങ്ങാൻ കഴിയില്ല.
പണംകൊണ്ട് പുസ്തകം വാങ്ങാം, അറിവ് വാങ്ങാൻ കഴിയില്ല.പണം കൊണ്ട് രക്തംവാങ്ങാം,
ആയുസ്സ് വാങ്ങാൻ കഴിയില്ല.പണംകൊണ്ട് പദവി നേടാം, എന്നാൽ ആദരവ് വാങ്ങാൻ കഴിയില്ല.പണം കൊണ്ട് വീടു വാങ്ങാം, സ്നേഹമുള്ള കുടുംബം വാങ്ങാൻ കഴിയില്ല.
‘പണമില്ലാത്തവൻ പിണം’ എന്നൊരു ചൊല്ലുണ്ടല്ലോ. ഉള്ളതുകൊണ്ട് മാത്രം എല്ലാം ആയോ.അത് ചെലവാക്കാൻ മനസ്സില്ലെങ്കിലോ. അപ്പോൾ കറൻസി നോട്ടുകൾ വെറും കടലാസിന് തുല്യമായി മാറുന്നു. അമേരിക്കക്കാരി ഹെറ്റി ഹോളണ്ട് ഗ്രീൻ (1834–1916) ലോകത്തിലെ ഏറ്റവും വലിയ പണക്കാരിയായ വനിത എന്നാണ് അക്കാലത്ത് അറിയപ്പെട്ടിരുന്നത്. പക്ഷേ പിശുക്ക് മാത്രം കൈമുതലായിരുന്ന അവർ പണം ചെലവിടുന്നത് പാഴ് ചെലവായിട്ടാണ് കണക്കാക്കിയത്. ജീവിതത്തിന്റെ അവസാനകാലത്ത് ഹെറ്റിക്ക് 95 മില്യൺ ഡോളറിന്റെ സ്വത്ത് ഉണ്ടായിരുന്നു. തന്നെ ആരെങ്കിലും തട്ടിക്കൊണ്ടുപോയി തന്റെ പണം കൈക്കലാക്കുമോ എന്ന ഭയം അവരെ വല്ലാതെ വേട്ടയാടി. ഒടുവിൽ ആധിമൂത്ത് പക്ഷാഘാതം പിടിപെട്ട് തളർന്നുവീണു. കുറച്ചുകാലം അതേ കിടപ്പിൽ കിടന്നു. കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പാദ്യത്തിൽ നിന്ന് ഒന്നും ചിലവാക്കാൻ ആവാതെ ഹെറ്റി ഹോളണ്ട് ഗ്രീൻ പരലോകത്തേക്ക് യാത്രയായി. വിയർപ്പൊഴുക്കി അധ്വാനിച്ച് സമ്പാദിക്കുന്ന സ്വത്ത് ആവശ്യത്തിന് ചെലവാക്കുമ്പോഴാണ്സുഖവും സംതൃപ്തിയും ലഭിക്കുക. നിയമാനുസൃതം ആർജ്ജിച്ച സമ്പത്ത് സത്കർമ്മങ്ങൾക്കായി വിനിയോഗിക്കുമ്പോഴാണ് ലൗകികമായ സന്തോഷം ഉണ്ടാകുന്നത്.
ഒരു ദിവസം ഗാന്ധിജി കുറച്ചു പണം ആവശ്യപ്പെട്ടപ്പോൾ ട്രിച്ചി ജമാൽ മുഹമ്മദ് ഒരു ചെക്ക് ലീഫ് എടുത്ത് അതിൽ ഒപ്പ് മാത്രം ഇട്ട് ഗാന്ധിജിയെ ഏൽപ്പിച്ചിട്ട് ആവശ്യമുള്ള തുക എടുത്തുകൊള്ളാൻ പറഞ്ഞു.
“ബിർളപോലും ഇങ്ങനെ ഒരു ബ്ലാങ്ക് ചെക്ക് എനിക്ക് തന്നിട്ടില്ല”, എന്ന് പറഞ്ഞുകൊണ്ട് ഗാന്ധിജി ഒരു ലക്ഷം രൂപ എന്ന് ചെക്കിൽ എഴുതിച്ചേർത്തു. ജമാൽ മുഹമ്മദിന്റെ സേവനതൽപരതയെ ഗാന്ധിജി പ്രശംസിച്ചു.
അമേരിക്കൻ ബിസിനസുകാരനായിരുന്ന കോടീശ്വരനും മനുഷ്യസ്നേഹിയുമായിരുന്ന റോക്ക് ഫെല്ലർ (1839–1937) ന്റെ അടുത്ത് ഒരുകൂട്ടം കോളേജ് വിദ്യാർത്ഥികൾ, കോളേജിൽ ഒരു പുതിയ ക്ലാസ് മുറി പണിയുന്നതിന് വേണ്ടി സംഭാവന ചോദിച്ചുകൊണ്ട് സമീപിച്ചു. ആ സമയം അദ്ദേഹം ഒരു ചിമ്മിനി വിളക്കിന്റെ വെളിച്ചത്തിൽ ഇരുന്ന് വായിക്കുകയായിരുന്നു വിദ്യാർത്ഥികളെ കണ്ടപാടെ ആ വിളക്ക് അണച്ചുകൊണ്ട് അദ്ദേഹം സംസാരിക്കുവാൻ തുടങ്ങി.വളരെ പിശുക്കനായ ഈ മനുഷ്യൻ എങ്ങനെ സംഭാവന നൽകുമെന്ന് വിദ്യാർഥികൾ ചിന്തിച്ചു. കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിയ അദ്ദേഹം മൂന്നു ലക്ഷം രൂപ സംഭാവന നൽകി. അൽഭുതപരതന്ത്രരായ വിദ്യാർഥികളിൽ ഒരുവൻ റോക്ക്
ഫെല്ലറോട് ഇപ്രകാരം ചോദിച്ചു, ഞങ്ങൾ വന്ന ഉടനെ വിളക്ക് അണച്ചതിന്റെ ഉദ്ദേശം എന്തായിരുന്നു? വായിക്കുവാൻ വിളക്ക് ആവശ്യമാണല്ലോ. നിങ്ങളോട് സംസാരിക്കുവാൻ അത് വേണമെന്നില്ല. വെറും തുച്ഛമായ തുകയല്ലേ അതിനു വേണ്ടു എന്നുവച്ച് നിസ്സാരമാക്കരുത്. പലതുള്ളികൾ ആണ് പെരുവെള്ളം ആകുന്നത്. മിതവ്യയം എന്നത് പിശുക്ക് എന്ന് ധരിക്കരുത്. ഞാൻ എപ്പോഴും മിതവ്യയം പാലിച്ച് ജീവിക്കുന്നതുകൊണ്ടാണ് ഈ സംഭാവന നിങ്ങൾക്ക് തരാൻ സാധിച്ചത്,എന്ന് പുഞ്ചിരി തൂകിക്കൊണ്ട് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ മിതവ്യയശീലത്തിന്റെ മാഹാത്മ്യം.
ഒരാൾ പണം സമ്പാദിക്കുന്നത്, എങ്ങനെ ചെലവ് ചെയ്യുന്നത്,എങ്ങനെ സൂക്ഷിക്കുന്നത്, എന്നറിഞ്ഞാൽ അയാളുടെ യോഗ്യത ഏതാണ്ട് മനസ്സിലാക്കാൻ സാധിക്കും. ധൂർത്തന്മാരോട് നമുക്ക് പരിതാപം തോന്നുന്നുണ്ടെങ്കിൽ പിശുക്കന്മാരോട് വെറുപ്പാണ് തോന്നുക. പണംസമ്പാദിച്ചില്ലെങ്കിലും തരക്കേടില്ല, കടക്കാരനാവാതിരുന്നാൽ മതി.
കടക്കെണിയിൽപ്പെട്ട് തന്റെ ഭാര്യയെയും മക്കളെയും വധിച്ചു ആത്മഹത്യ ചെയ്യുന്ന എത്രയോ സംഭവങ്ങളാണ് നാം നിത്യേന കേൾക്കുന്നത്.
പ്രസിദ്ധ സ്കോട്ടിഷ് കവിയും നോവലിസ്റ്റും ആയിരുന്ന വാൾട്ടർ സ്കോട്ട് വ്യത്യസ്ത വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. മുപ്പതോളം നോവലുകൾ അദ്ദേഹം എഴുതിയിട്ടുണ്ട്. നീതിയിലും സത്യനിഷ്ടയിലും സ്കോട്ട് പ്രസിദ്ധനായിരുന്നു. പ്രസാധകരുടെ അലസത കാരണം അദ്ദേഹം വലിയ കടക്കാരനായി. സ്വയം നിർധനനായി പ്രഖ്യാപിക്കുവാൻ കോടതിയോട് അപേക്ഷിക്കുകയാണ് നല്ലതെന്ന് സുഹൃത്തുക്കൾ ഉപദേശിച്ചെങ്കിലും തന്റെ പേനയെ ആശ്രയിക്കുക അല്ലാതെ മറ്റൊരു പോംവഴിയും അദ്ദേഹം കണ്ടില്ല. അങ്ങനെ രാപകൽ പരിശ്രമിച്ച് എഴുതിപൂർത്തിയാക്കിയ പുസ്തകങ്ങളുടെ വരുമാനം കൊണ്ടുമാത്രം
കടം മുഴുവനും വീട്ടുവാൻ അദ്ദേഹത്തിന് കഴിഞ്ഞു.
നമ്മൾ എല്ലാ കാര്യങ്ങളെയും സമീപിക്കാറുള്ളത് ‘അതുകൊണ്ട് എനിക്ക് എന്ത് പ്രയോജനം’ എന്നമനോഭാവത്തോടെയാണ്. ഒരിക്കൽ എന്തെങ്കിലും മടക്കി കിട്ടിയേക്കാം എന്ന് പ്രതീക്ഷ ഉണ്ടെങ്കിലേ നമ്മൾസഹപ്രവർത്തകരെ വരെ സഹായിക്കുകയുള്ളൂ. ജോലിക്ക് പുറമേ മറ്റുചില ജോലികൾ കൂടി ചെയ്യാനുള്ള സന്നദ്ധത നമ്മൾ പ്രകടിപ്പിക്കുമ്പോൾ അതിൽ നിന്നും ലഭിക്കാനിടയുള്ള അധികവരുമാനത്തിൽ ആവും കണ്ണ്.അങ്ങനെ ചിട്ടപ്പെടുത്തിയ ഒരു മനസ്സാണ് നമുക്കുള്ളത്. എന്നാൽ യഥാർത്ഥ കാരുണ്യത്തിന് പ്രതിഫലം ഒന്നുമില്ല. സ്വന്തം ജീവിതാദർശങ്ങളിൽ മുറുകെപ്പിടിച്ച് മുന്നോട്ടുപോവുക എന്നുള്ളത് മാത്രമാണ് കമനീയമായിട്ടുള്ളത്. നമ്മുടെ ഹൃദയത്തിലെ ദയവിന്റെയും കാരുണ്യത്തിന്റെയും തീനാളം കെടാതെ സംരക്ഷിക്കേണ്ടതുണ്ട്.
” ധനാർജ്ജനത്തിന് അറിവ് കൂടിയേ തീരൂ എന്നില്ല. അറിവ് വളർത്താൻ ധനസമ്പത്ത് ഉണ്ടായേ തീരൂ എന്നുമില്ല. രണ്ടും സ്വതന്ത്രമാണ്. ഒരക്ഷരം പോലും അറിയാത്തവൻ കോടീശ്വരനായിരിക്കാം മഹാ ജ്ഞാനിയായ ഒരുവൻ നിത്യദരിദ്രനും. അനർഹരായ കൂട്ടർക്ക് ധനം വന്നു കൂടിയാൽ അവർ അഹങ്കരിക്കും നാടിനും നാട്ടുകാർക്കും അവർ ഭീഷണിയാകും”.( തിരുക്കുറൾ).


Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px