മാറ്റത്തിന് വിധേയമാകുവാനും മെച്ചപ്പെടുവാനും വളരുവാനും പരിവർത്തനത്തിന് സദാ പ്രയത്നിക്കുവാനും നിരന്തരം നമ്മെ നിർബന്ധിക്കുന്ന ഒരു ലോകത്താണ് നാം ഇന്ന് ജീവിക്കുന്നത്. ഉൽപ്പാദനക്ഷമത, പ്രശസ്തി, അല്ലെങ്കിൽ ബാഹ്യമായ വിജയം എന്നിവ അളക്കപ്പെടുന്നത് മറ്റുള്ളവരുടെ പ്രതീക്ഷകൾക്കൊത്ത് നാം മാറുമ്പോഴാണെന്ന് നമ്മെ വിശ്വസിപ്പിക്കുവാൻ നമുക്ക് ചുറ്റുമുള്ളവർ ശ്രമിക്കുന്നു. എന്നാൽ യഥാർത്ഥവും സുസ്ഥിരവുമായ വളർച്ചയും ജീവിത സാക്ഷാത്കാരവും കൈവരിക്കുന്നത് നമ്മുടെ ഏകത (identity) പുനഃപരിശോധിക്കുന്നതിലും മാറ്റം വരുത്തുന്നതിൽ നിന്നുമല്ല സംഭവിക്കുന്നത്. നമ്മൾ ഇപ്പോൾ ആരാണെന്ന യാഥാർത്ഥ്യത്തെ അംഗീകരിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നതിൽ നിന്നാണ് അത് ഉടലെടുക്കുന്നത്.
വളർച്ചയുടെയും പുരോഗതിയുടെയും സാഫല്യത്തിന്റെയും കാതൽ നമ്മൾ അപൂർണ്ണരാണെന്നുള്ള വിശ്വാസമല്ല – നമ്മൾ പരിണമിച്ചുകൊണ്ടിരിക്കുന്നവരാണെന്നുളള ബോധ്യമാണ്. ഓരോ മാറ്റവും വളർച്ചയും വികാസവും സാക്ഷാത്കാരവും നമ്മൾ സ്വസ്വീകാര്യതയോടെ ആരംഭിക്കുമ്പോൾ മാത്രമാണ് സംഭവിക്കുന്നത്. നമ്മുടെ വളർച്ചയും വിജയവും ആരംഭിക്കുന്നത് അനുകമ്പയുടെയും സത്യസന്ധതയുടെയും സ്വീകാര്യതയുടെയും അടിത്തറയിൽ നിന്നുമാണ്. നമ്മുടെ കഴിവില്ലായ്മകൾ, അപൂർണ്ണതകൾ, എന്നിവയെല്ലാം മറികടക്കുവാനുള്ള പോരാട്ടമല്ല ജീവിതം, മറിച്ച്, ഇവയെല്ലാം നമ്മുടെ മാനവികതയുടെ അവിഭാജ്യ ഘടകങ്ങളായി കാണുവാനും അംഗീകരിക്കുവാനും തയ്യാറാകുമ്പോഴാണ് ജീവിതത്തിൽ വളർച്ചയും പരിണാമവും ആരംഭിക്കുന്നത്. നാം ഓരോരുത്തരുടെയും വ്യക്തിപരമായ ജീവിതത്തിലെ ഏറ്റവും മൂല്യവത്തായ ഒരു തിരിച്ചറിവാണിത്. ഇപ്രകാരം ചെയ്താൽ മാറ്റത്തിന് വിധേയമാകുവാനുള്ള നിർബന്ധമല്ല, സ്വാഭാവിക വികാസം അനുവദിക്കുന്നതിലാണ് അടങ്ങിയിരിക്കുന്നതെന്ന് നാം മനസ്സിലാക്കുവാൻ തുടങ്ങും.
സ്വസ്വീകാര്യത എന്നത് സംതൃപ്തിയും സന്തോഷവുമല്ല മറിച്ച്, അത് ബോധപൂർവ്വമായ സ്വയം പരിപോഷണത്തിലൂടെയുളള വളർച്ചയുടെ അവബോധമാണ്. ഒരു തോട്ടക്കാരൻ ഒരു വിത്ത് പാകി ഏതാനും ദിവസം കഴിഞ്ഞ് പൂവായി മാറണമെന്ന് നിർദ്ദേശിക്കുകയോ, വാശിപിടിക്കുകയോ ചെയ്യുന്നതുപോലെ, പരിവർത്തനത്തിനായി നാം നമ്മെത്തന്നെ മറ്റുള്ളവരുടെ ആഗ്രഹത്തിനും പ്രേരണയ്ക്കും അനുസരിച്ച് നിർബന്ധിക്കരുത്. ദയ, ക്ഷമ, വളരുവാനുളള ഇടം എന്നിവ ശരിയായ സാഹചര്യത്തിൽ നൽകുമ്പോഴാണ് വളർച്ചയും പരിണാമവും സംഭവിക്കുന്നത്. നമ്മുടെ യഥാർത്ഥ വ്യക്തിത്വത്തെ ബഹുമാനിക്കുമ്പോൾ, മറ്റുള്ളവർ അടിച്ചേൽപ്പിക്കുന്ന ആദർശങ്ങളെയും നിർബന്ധങ്ങളെയും പിന്തുടരുന്നതിനുപകരം, നമ്മുടെ മൂല്യങ്ങളോടും ഊർജ്ജത്തോടും യോജിക്കുന്ന തിരഞ്ഞെടുപ്പുകൾ നാം നടത്തണം.
അവസാനമായി, ഏറ്റവും ശക്തവും ക്രിയാത്മകവും ശാശ്വതമായി നിലനിൽക്കുന്നതുമായ പരിവർത്തനങ്ങൾ ഉണ്ടാകുന്നത് നമ്മൾ ആരാണെന്നതിനെക്കുറിച്ചുളള നിഷേധാത്മകമായ തിരസ്കരണത്തിൽ നിന്നുമല്ല ആരംഭിക്കുന്നത്. *മറിച്ച്, നമ്മുടെ അന്തർലീനമായ മൂല്യം തിരിച്ചറിഞ്ഞ്, അവയെ അംഗീകരിച്ച്, അവിടെ നിന്ന് തുടക്കം കുറിക്കുമ്പോഴാണ് യഥാർത്ഥ വളർച്ചയും പരിണാമവും നമ്മിൽ സംഭവിക്കുന്നത്.* യഥാർത്ഥ വളർച്ച നാം എന്തായിരിക്കുന്നുവോ അതിൽ നിന്നും മറ്റൊരാളായി മാറുന്നതിൽ നിന്നുമല്ല- അത് കൂടുതൽ പൂർണ്ണമായി നമ്മളായി മാറുന്നതിലാണ് കുടികൊള്ളുന്നത്.
സുസ്ഥിരമായ വളർച്ച സ്വയം പരിവർത്തനം ചെയ്യുന്നിടത്ത് നിന്നുമല്ല ആരംഭിക്കുകയും വികസിക്കുകയും ചെയ്യുന്നത്; നമ്മിലെ അന്തർലീനമായ ശക്തികളെ അംഗീകരിക്കുകയും വളർത്തുകയും അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നിടത്ത് നിന്നുമാണ് അത് യഥാർത്ഥത്തിൽ ആരംഭിക്കുന്നത്.









