LIMA WORLD LIBRARY

പിള്ളേരോണം-പ്രീതി നായര്‍

പിള്ളേര്‍ക്ക് മാത്രമായി ഒരോണം. ഓണത്തുമ്പികളുടേയും ഓണപ്പാട്ടിന്റെയും ഓര്‍മ്മകളുണര്‍ത്തുന്ന പിള്ളേരോണം കര്‍ക്കിടക മാസത്തിലെ തിരുവോണ നാളിലാണ് ആഘോഷിക്കുന്നത്. ചിങ്ങമാസത്തിലെ തിരുവോണ ദിനം പോലെ ചെറിയ സദ്യവട്ടങ്ങളൊക്കെ ഒരുക്കിയാണ് പിള്ളേരോണം ആഘോഷിക്കുന്നത്. ചെറിയ പൂക്കളം ഒരുക്കുന്ന ചടങ്ങുമുണ്ട്. കുട്ടികള്‍ക്ക് ഏറ്റവും പ്രിയങ്കരമായ ഉണ്ണിയപ്പം ഈ ദിനത്തിലെ പ്രധാന വിഭവമാണ്. പണ്ടുകാലങ്ങളില്‍ ഓണത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ഈ ദിനം മുതല്‍ ആരംഭിക്കുമായിരുന്നു. ചിങ്ങത്തിലെ തിരുവോണം മാവേലി മന്നന്റെ എങ്കില്‍ കര്‍ക്കിടകത്തിലെ തിരുവോണം വാമനന്റെ തെന്നും പക്ഷമുണ്ട്.

ദുരിതവും പട്ടിണിയും തുടര്‍ച്ചയായി പെയ്യുന്ന മഴയും ഇരുട്ടും നിറഞ്ഞ കര്‍ക്കിടക നാളുകള്‍ ഒരു കാലത്ത് ഉണ്ടായിരുന്നു. കര്‍ക്കിടക മഴയെ ശപിച്ച് ഉത്സാഹം നഷ്ടപ്പെട്ട് കഴിഞ്ഞുകൂടുന്ന ബാല്യങ്ങള്‍ കാത്തിരുന്നത് പിള്ളേരോണമായിരുന്നു. വരാനിരിക്കുന്ന സമൃദ്ധിക്ക് വേണ്ടി തയ്യാറാകാന്‍ , മലയാള കലണ്ടറിലെ ആദ്യമാസമായ ചിങ്ങം പുലരുന്നതിനുവേണ്ടിയുള്ള കാത്തിരിപ്പ് കര്‍ക്കിടകത്തിലെ ഈ ദിനം മുതല്‍ തുടങ്ങുന്നു.
പഴയകാലത്ത് ഈ ദിവസം മുതല്‍ പൂവിടല്‍ തുടങ്ങുന്ന ഒരാചാരം ഉണ്ടായിരുന്നു.

ആദ്യദിനം ഒരു വളയത്തില്‍ തുടങ്ങി ഇരുപത്തേഴ് ദിവസം ആകുമ്പോള്‍ ഇരുപത്തേഴ് വളയങ്ങള്‍ പൂവിടുമായിരുന്നു. പൂവ് തികയാതെ വരുമ്പോള്‍ നാട്ടില്‍ ലഭ്യമായ മത്തന്‍, കമ്പളം തുടങ്ങിയ പച്ചക്കറികളുടെ ഇലകളും ഉപയോഗിച്ചിരുന്നു. തിരുവോണ ദിവസം മണ്ണ് കുഴച്ച് ഓണത്തപ്പനെ ഉണ്ടാക്കി കണ്ണ് കൊത്താനായി മഞ്ചാടിക്കുരു ഉപയോഗിച്ചിരുന്നു കുട്ടികള്‍ .
കുട്ടികളില്‍ ഉത്തരവാദിത്തബോധമുള്ളവരായി വളര്‍ന്നു വരാനുള്ള ഒരു പരിശീലനം കൂടിയായിരുന്നു ഈ ദിനം. ഈ ദിനത്തില്‍ കുട്ടികള്‍ക്ക് പ്രത്യേക പരിഗണന ലഭിച്ചിരുന്നു.

വീട് നടത്താനുള്ള ഉത്തരവാദിത്തം കുട്ടികള്‍ക്ക് നല്‍കപ്പെട്ടിരുന്നു. അവര്‍ക്ക് കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനുള്ള സ്വാതന്ത്രവും നല്‍കിയിരുന്നു. ഇങ്ങനെ നല്‍കുക വഴി വരാനിരിക്കുന്ന ഓണത്തെ വരവേല്‍ക്കാന്‍ കുട്ടികള്‍ക്ക് പ്രത്യേക ഉത്സാഹവും ഊര്‍ജ്ജവും ലഭിക്കുന്നു. കൂടാതെ കുട്ടികളില്‍ ആചാരപരമായ ബോധവും സാംസ്‌കാരികതയും വളര്‍ത്താനുപകരിക്കു.ന്നു. ഉച്ചയൂണ് കഴിഞ്ഞാല്‍ വീട്ടിലെ കാരണവര്‍ കുട്ടികള്‍ക്ക് ഓണക്കോടി നല്‍കുന്ന ഒരു ചടങ്ങും നിലനിന്നിരുന്നു. ആ കാലത്ത് ഇന്നത്തെപ്പോലെ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ ഇല്ലാതിരുന്നു. കുട്ടികള്‍ ഓണക്കോടിയുമായി തുന്നല്‍ക്കാരനെ തേടി പോയിരുന്ന ഒരു കാലമായിരുന്നു. ഇന്നത്തെ ഓണം സെയിലില്‍ ബൈ ടു ഗെറ്റ് വണ്‍ ഫ്രീ എന്ന രീതിയില്‍ അടിച്ചു പൊളിക്കുന്ന ഇന്നത്തെ ന്യു ജെന്‍ കുട്ടികള്‍ ഇങ്ങനെയും ഒരു കാലമോ എന്ന് അത്ഭുദം കൂറുന്നു

കുട്ടികളുടെ ആരോഗ്യവും ക്ഷേമവും ഉദ്ദേശം വച്ചുള്ള ഈ ആചാരം കുഞ്ഞുങ്ങളുടെ ദീര്‍ഘായുസ്സിനും സൗഭാഗ്യത്തിനുമായുള്ള പ്രാര്‍ത്ഥനയാണ്.

ഋതുക്കള്‍ മാറിയാലും നമ്മുടെ ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ ഉണ്ടെങ്കിലും പിന്‍ തലമുറ നമുക്ക് കൈമാറിയ ആചാരങ്ങളെ മുറുകെ പിടിക്കാം. പിള്ളേരോണം എന്ന മറന്നു പോയ ആഘോഷം നമ്മുടെ പുതുതലമുറയ്ക്കായി വീണ്ടെടുക്കാം. സദ്യവട്ടങ്ങളും ചെറുപൂക്കളവും ഒക്കെയായി ആഘോഷിച്ചു തുടങ്ങാം.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px