LIMA WORLD LIBRARY

പ്രാര്‍ത്ഥന: ശ്വാസോച്ഛ്വാസത്തിന്റെ ആത്മീയ ലയം-ആന്റണി പുത്തന്‍പുരയ്ക്കല്‍

ജീവിതത്തിന്റെ താളലയങ്ങളില്‍, ശാന്തവും എന്നാല്‍ ശക്തവുമായ ഒരു സ്പന്ദനമുണ്ട്: പ്രാര്‍ത്ഥന. പ്രാര്‍ത്ഥന വെറുമൊരു യാന്ത്രികമായ പ്രവൃത്തിയല്ല, മറിച്ച് അത് ഒരു അവസ്ഥയാണ്. മനുഷ്യനും ദൈവവും തമ്മിലുള്ള ഒരു നിരന്തരമായ ആന്തരിക പ്രവാഹം, ശ്വസനം പോലെ തന്നെ സ്വാഭാവികവും അത്യവശ്യവുമായ ഒരു പ്രവൃത്തി.

പലരും പ്രാര്‍ത്ഥനയുടെ യഥാര്‍ത്ഥ അര്‍ത്ഥം അറിയാതെ വെറും ഒരു ദിനചര്യയും നിര്‍ബന്ധിത ആചാരാനുഷ്ഠാനവും കരുതുകയും അനുഷ്ഠിക്കുകയും ചെയ്യുന്നു. ഇത് പലപ്പോഴും, വ്യവസ്ഥാപിതമായ ദൈവ സങ്കല്‍പ്പത്തിലേക്കുള്ള ഒരു യാന്ത്രികമായ തിരിയലായി ഇത് മാറുന്നു. അതിനാല്‍ തന്നെ ഇത് ബോധപൂര്‍വമായ സാന്നിധ്യമോ, അര്‍ത്ഥപൂര്‍ണ്ണമായ ഒരു ആത്മീയ ചര്യയയോ അല്ലാതാകുന്നു. എന്നാല്‍, പ്രാര്‍ത്ഥന ഒരു മതപരമായ നിര്‍ബന്ധിത കടമയേക്കാള്‍ അത് ആത്മാവിന്റെ ജീവനുള്ള ശ്വാസമാണ്. പ്രാര്‍ത്ഥനയെ നാം ദൈവവുമായുള്ള സംഭാഷണമായി മാത്രം കാണാതെ, ശ്വാസോച്ഛ്വാസത്തിന് തുല്യമായ ഒരു അനിവാര്യമായ പ്രക്രിയയായി മനസ്സിലാക്കിയാലോ? ‘പ്രാര്‍ത്ഥന ശ്വാസോച്ഛ്വാസത്തിന് സമാനമാണ്’ എന്ന് പറയുന്നതിന്റെ അര്‍ത്ഥം, പ്രാര്‍ത്ഥനയെ പുതിയൊരു വെളിച്ചത്തില്‍ കാണാന്‍ നമ്മെ ക്ഷണിക്കുകയാണ്. ദൈവവുമായി നമ്മെ ബന്ധിപ്പിക്കുന്ന, നമ്മുടെ ആന്തരിക സന്തുലനവും സ്വസ്ഥതയും സമഗ്രമായ പ്രശാന്തതയും (ൃലശെഹശലിരല) ശക്തിപ്പെടുത്തുകയും നിലനിര്‍ത്തുകയും ചെയ്യുന്ന ഒരു തുടര്‍ച്ചയായ പ്രവൃത്തിയായി, പ്രവാഹമായി, സാന്നിധ്യമായി പ്രാര്‍ത്ഥനയെ മാറ്റുവാന്‍ നമുക്ക് സാധിക്കുമെന്ന യാഥാര്‍ത്ഥ്യത്തിലേക്കുള്ള ഒരു വെളിച്ചം വീശല്‍ ഇന്നു നമുക്കാവശ്യമാണ്.

നമുക്ക് ആദ്യം ശ്വാസമെടുക്കല്‍ പരിശോധിക്കാം. ഇതൊരു സ്വീകരിക്കുന്ന പ്രവൃത്തിയാണ്. ശ്വസിക്കുമ്പോള്‍ ശരീരത്തില്‍ പ്രാണവായു നിറയുന്നതുപോലെ, പ്രാര്‍ത്ഥന ആത്മാവിനെ പ്രത്യാശ, വിശ്വാസം, അര്‍ത്ഥം എന്നിവയാല്‍ സദാ പരിപോഷിപ്പിക്കുന്നു. നമ്മള്‍ നിശ്വസിക്കുമ്പോള്‍ നമ്മിലെ ആശങ്കകള്‍, ഭയങ്ങള്‍, അഭ്യര്‍ത്ഥനകള്‍ എല്ലാം നമുക്ക് അതീതമായ ഒരു ശക്തിയുടെ കൈകളില്‍ ഏല്‍പ്പിക്കുന്നു. ഈ ലളിതമായ ചലനത്തില്‍ ആഴത്തിലുള്ള പ്രതീകാത്മകതയുണ്ട്. ഇങ്ങനെ ചെയ്യുമ്പോള്‍ നാം സ്വീകരിക്കലിന്റെയും കീഴടങ്ങുന്നതിന്റെയും നിശബ്ദതയുടെയും ആവിഷ്‌കാരത്തിന്റെയും ചാക്രിയമായ ബന്ധത്തില്‍ ജീവിക്കുവാന്‍ നമ്മെത്തന്നെ സമര്‍പ്പിക്കുന്നു. ആത്യന്തികമായി, പ്രാര്‍ത്ഥന വെറും വാക്കുകളുടെ വിനിമയം മാത്രമല്ല, മറിച്ച് നമ്മുടെ മനസ്സും ശരീരവും ആത്മാവും പൂര്‍ണ്ണമായി ഒരു ഉന്നത ശക്തിയില്‍ അര്‍പ്പിക്കുന്ന ഒരു സമര്‍പ്പണമാണ്. അത് നമ്മുടെ ആഗ്രഹങ്ങളെയും ഭയങ്ങളെയും ആശങ്കകളെയും കൈവിട്ട്, ദൈവികമായ ഒന്നിന്റെ ഹിതത്തിന് സ്വയം വിട്ടുകൊടുക്കുന്ന ഒരു പ്രക്രിയയാണ്. ഈ സമര്‍പ്പണത്തിലൂടെയാണ് നാം ആന്തരികമായ ശാന്തിയും ആത്മീയമായ നിറവും കണ്ടെത്തുന്നത്.

ജീവന്റെ ശ്വാസമാണ് പ്രാര്‍ത്ഥന. നാം ശ്വസിക്കുമ്പോള്‍, പ്രണവായു നമ്മുടെ കോശങ്ങളെ പോഷിപ്പിക്കുകയും നമുക്ക് ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു. ആത്മീയമായി, ശ്വാസമെടുക്കല്‍ കൃപ, സ്‌നേഹം, സമാധാനം, പ്രചോദനം എന്നിവ ദൈവിക ഉറവിടത്തില്‍ നിന്ന് സ്വീകരിക്കുന്നതിന് തുല്യമാണ്. ഇത് നിശബ്ദമായ ശ്രവണമാണ്, നമ്മുടെ ഹൃദയം തുറക്കല്‍, ഒന്നും ചെയ്യാതെ തന്നെ നമുക്ക് ലഭിക്കുന്നവ സ്വീകരിക്കല്‍. നാം ഒരു വലിയ ബന്ധത്തിന്റെ ഭാഗമാണെന്നും നമുക്ക് എപ്പോഴും പിന്തുണ ലഭ്യമാണെന്നും അംഗീകരിക്കലാണ് ഇത്. ഈ ശ്വാസമെടുക്കല്‍ നിശ്ചലതയുടെ നിമിഷങ്ങളില്‍ ജ്ഞാനവും ശാന്തതയും ചേര്‍ന്ന ഹൃദയത്തില്‍ പ്രകൃതിയുടെ സമാധാനപരമായ സൗന്ദര്യം കാണുമ്പോഴും ഹൃദയം സ്പര്‍ശിക്കുന്ന സംഗീതം കേള്‍ക്കുമ്പോഴും അല്ലെങ്കില്‍ ആഴമായ വിശ്വാസത്തിന്റെ സ്പന്ദനം അനുഭവിക്കുമ്പോഴും ആന്തരികമായൊരു അശരീര സന്ദേശം പോലെ പ്രചോദനവും നമ്മില്‍ സംഭവിച്ചുകൊണ്ടിരിക്കും.

നിശ്വാസം എന്നത് വിട്ടുകൊടുക്കലിന്റെയും നല്‍കലിന്റെയും സ്വീകാര്യതയുടെയും പ്രവൃത്തിയാണ്. നാം ഉപയോഗിച്ച വായു വിട്ടയച്ച്, പുതിയതിന് ഇടം നല്‍കുന്നു. ആത്മീയമായി, ശ്വാസം വിടുന്നത് നന്ദി, അപേക്ഷകള്‍, ഭക്തി, വിശ്വാസം എന്നിവ പ്രകടിപ്പിക്കലാണ്. ഇത് ആശങ്കകള്‍, ഭയങ്ങള്‍, നമ്മെ ഭാരപ്പെടുത്തുന്ന എല്ലാം വിട്ടുകളയലാണ്. നമ്മുടെ ആഗ്രഹങ്ങളെ ദൈവത്തിന് സമര്‍പ്പിക്കുകയും മറ്റുള്ളവരുടെ ക്ഷേമത്തിനായി നമ്മുടെ ഊര്‍ജം വിട്ടുകൊടുക്കുകയുമാണ്. ഈ ശ്വാസം വിടല്‍, വാക്കുകളിലോ, ചിന്തകളിലോ ഉള്ള പ്രാര്‍ത്ഥനകളായോ, അനുകമ്പയുടെ പ്രവൃത്തികളായോ, ലോകത്തിന് സമാധാനം ആഗ്രഹിക്കുന്ന ആത്മാര്‍ത്ഥമായ വാഞ്ഛയായോ പ്രകടമാക്കുന്നു.

ശ്വാസോച്ഛ്വാസത്തില്‍ ഉള്ളതുപോലെ, പ്രാര്‍ത്ഥനയിലും ശ്വാസമെടുക്കലും വിടലും തമ്മില്‍ ‘നല്ലത്’* അല്ലെങ്കില്‍ ‘മോശം’ എന്ന വേര്‍തിരിക്കലോ, തിരഞ്ഞെടുപ്പുകളോ ഇല്ല. ഈ രണ്ട് ഘട്ടങ്ങളും പരസ്പരം ബന്ധപ്പെട്ട് ഒരു നിരന്തര ചാക്രീയമായ ചനലാത്മകത രൂപപ്പെടുത്തുന്നു. ശ്വാസമെടുക്കാതെയും വിടാതെയുമുളള ഒരു ജീവിതം ആര്‍ക്കും സാധ്യമല്ല. അതുപോലെ, അപേക്ഷകള്‍ മാത്രമുള്ള (ശ്വാസം വിടല്‍) ഒരു പ്രാര്‍ത്ഥനാ ജീവിതം അപൂര്‍ണ്ണമാണ്. ഇതുപോലെ തന്നെ, നിഷ്‌ക്രിയമായ സ്വീകരിക്കല്‍ മാത്രമുള്ള (ശ്വാസമെടുക്കല്‍) ഒരു പ്രാര്‍ത്ഥനയും ഉപയോഗശൂന്യവും അപൂര്‍ണ്ണവുമാണ്.

ജീവിതത്തിന്റെ ഒരു താളമായി പ്രാര്‍ത്ഥന മാറേണ്ടിയിരിക്കുന്നു. പ്രാര്‍ത്ഥന പ്രത്യേക സമയത്തോ, മതപരമായ നിര്‍മ്മിച്ച സ്ഥലത്തോ നടത്തുവാനുള്ള ഒരു പ്രത്യേക പ്രവൃത്തിയല്ല. അതുപോലെ പ്രാര്‍ത്ഥന ഏതെങ്കിലും പുണ്യസ്ഥലങ്ങളിലോ, തീര്‍ത്ഥാടന കേന്ദ്രങ്ങളിലോ മാത്രം നിറവേറ്റപ്പെടേണ്ട ഒരു പ്രവൃത്തിയുമല്ല. ഈ ഭൂമിയും അതിലെ ഓരോ മണല്‍ത്തരിയും പുണ്യമുള്ളതാണ് – പ്രാര്‍ത്ഥനയ്ക്കായി നാം പ്രത്യേക സ്ഥലം തിരഞ്ഞെടുക്കേണ്ടതില്ല. പ്രാര്‍ത്ഥിക്കുവാന്‍ വേണ്ടി പ്രഭാത, മധ്യാഹ്ന, പ്രദോഷങ്ങള്‍ക്കായി കാത്തിരിക്കേണ്ടതുമില്ല – പിറവിയെടുക്കുന്ന ഓരോ നിമിഷവും നമുക്ക് പ്രാര്‍ത്ഥിക്കുവാനുളള സമയമാണ്. ഇത് ഒരു ആചാരമോ, അനുഷ്ഠാനമോ ആയി കരുതുന്നവരാണ് ഇപ്രകാരം ചെയ്യുന്നത്. ഇതൊരു ശീലമാണ്. ഇങ്ങനെ കാലവും സ്ഥലവും നോക്കി പ്രാര്‍ത്ഥിക്കുന്നവര്‍ സ്വന്തം മനസ്സിന്റെ വ്യഗ്രതയ്ക്ക് കീഴടങ്ങുക മാത്രമാണ് ചെയ്യുന്നത്. മറിച്ച് നമ്മില്‍ നിരന്തരം സംഭവിക്കേണ്ട ഒരു ആന്തരിക മനോഭാവമാണ്. ശ്വാസത്തെപ്പോലെ, അത് നമ്മെ നിരന്തരം അനുഗമിക്കുന്നു – സന്തോഷത്തിലും വേദനയിലും സമൃദ്ധിയിലും അഭാവത്തിലും. നാം ബോധപൂര്‍വ്വം പ്രാര്‍ത്ഥിക്കാത്തപ്പോള്‍ പോലും, നമ്മുടെ ഹൃദയം പലപ്പോഴും ഒരു നിശബ്ദ പ്രാര്‍ത്ഥനയില്‍ ഏര്‍പ്പെടുന്നു – ഒരു നെടുവീര്‍പ്പ്, ഒരു പ്രത്യാശ, ഒരു നന്ദി.

പ്രാര്‍ത്ഥന നിലയ്ക്കാത്ത ഒരു ബന്ധമാണ്, കടമയല്ല. പലരും പ്രാര്‍ത്ഥനയെ ഒരു മതപരമായ കടമയായോ, ഔപചാരിക ആചാരമായോ കാണുന്നു. എന്നാല്‍ നമ്മള്‍ അതിനെ ശ്വസനവുമായി താരതമ്യം ചെയ്യുമ്പോള്‍, കാഴ്ചപ്പാട് മാറുന്നു. ആരും ശ്വസിക്കാന്‍ ഓര്‍മ്മിക്കേണ്ടതില്ല – അത് ലളിതമായി സംഭവിക്കുന്നു. അതുപോലെ, പ്രാര്‍ത്ഥന ഒരു സ്വാഭാവിക ആന്തരിക മനോഭാവമാകാം – സ്വീകരിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്ന ഒരു ജാഗ്രതയുള്ള, തുറന്ന, ശ്രദ്ധയുള്ള ഹൃദയം.

ഈ പ്രാര്‍ത്ഥനയുടെ രൂപത്തിന് പ്രത്യേക വാക്കുകളോ, രൂപങ്ങളോ ആവശ്യമില്ല. രാവിലെ ഒരു ചെറിയ നന്ദി പ്രകടനത്തോടെ ആരംഭിക്കാം. കഷ്ടപ്പാടുകളില്‍ ഒരു നിശബ്ദമായ, വിധി നിര്‍ണ്ണയം ഇല്ലാത്ത നിരീക്ഷണം. മാറ്റം വരുത്തുവാന്‍ കഴിയാത്തതിനെ ഹൃദയപൂര്‍വ്വം സ്വീകരിക്കല്‍. പ്രകൃതിയെ കാണുമ്പോള്‍ ആദരവിന്റെ ഒരു നിമിഷം – ഇതെല്ലാം പ്രാര്‍ത്ഥനയാണ്. പ്രാര്‍ത്ഥിക്കുന്നവര്‍ കൂടുതല്‍ ബോധപൂര്‍വ്വം മാത്രമല്ല, കൂടുതല്‍ ആഴത്തിലും ജീവിക്കുന്നു. കാരണം അവര്‍ എല്ലാറ്റിനോടും എപ്പോഴും അനുസ്യൂതം ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നു.

പ്രാര്‍ത്ഥന നിര്‍ബന്ധിത ആചാരമോ, അനുഷ്ഠാനമോ ആയി കരുതരുത്. മറിച്ച് ദൈവവുമായുള്ള ഒഴുകുന്ന സംഭാഷണമായിരിക്കണം. നമ്മള്‍ ശ്വസിക്കുമ്പോള്‍, ദൈവത്തിന്റെ സാന്നിധ്യവും സമാധാനവും വചനവും നാം ആഗിരണം ചെയ്യുന്നു. നമ്മള്‍ നിശ്വസിക്കുമ്പോള്‍, നമ്മുടെ ആശങ്കകളും അഭ്യര്‍ത്ഥനകളും നന്ദിയും നാം അവനിലേക്ക് തിരികെ നല്‍കുന്നു. നമ്മുടെ മുഴുവന്‍ ജീവിതത്തെയും ഒരു പ്രാര്‍ത്ഥനയാക്കുക – വാക്കുകള്‍ കൊണ്ട് മാത്രമല്ല, തുറന്ന മനസ്സിന്റെയും ബന്ധത്തിന്റെയും മനോഭാവത്തിലൂടെ. ദൈവസാന്നിധ്യത്തില്‍ നാം അത് ചെയ്താല്‍ ഓരോ ചിന്തയും, ഓരോ പ്രവൃത്തിയും, ഓരോ ശ്വാസവും ഒരു പ്രാര്‍ത്ഥനയാകും.

പ്രാര്‍ത്ഥനയെ ശ്വാസോച്ഛ്വാസത്തിന്റെ സ്വാഭാവികവും ലയാത്മകവുമായ പ്രക്രിയയായി മനസ്സിലാക്കുമ്പോള്‍, അത് ഒരു അധിക ഭാരമായി, വിരസമായി തോന്നാതെ, നമ്മുടെ ദൈനംദിന ജീവിതവുമായി സമന്വയിപ്പിക്കാന്‍ നമുക്ക് കഴിയും. ഇത് നമ്മുടെ ജീവിതത്തിന്റെ അഭിഭാജ്യ ഘടകമായി ഭാഗമായി മാറുന്നു. ശക്തിയുടെയും ബന്ധത്തിന്റെയും നവീകരണത്തിന്റെയും സൗഖ്യത്തിന്റെയും ഒരു ഉറവിടമായി, എപ്പോഴും ലഭ്യമാണ് ഓരോ ശ്വാസനിശ്വാസത്തിലും.

നമ്മുടെ വേഗതയേറിയതും ശ്രദ്ധ വ്യതിചലിച്ചതുമായ ലോകത്ത്, പ്രാര്‍ത്ഥന പലപ്പോഴും ഒരു തിടുക്കത്തിലുള്ള പാരായണമോ, അല്ലെങ്കില്‍ തുടര്‍ച്ചയായ അഭ്യര്‍ത്ഥനകളുടെ ഒരു പരമ്പരയോ ആകാം. അവധാനപൂര്‍വ്വമായ നമ്മുടെ പൂര്‍ണ്ണ ശ്രദ്ധ വര്‍ത്തമാന നിമിഷത്തിലേക്ക് കൊണ്ടുവരുന്നതിലൂടെ പ്രാര്‍ത്ഥന പവിത്രമായ സംഭാഷണത്തിന്റെ ആഴത്തിലാക്കാനുള്ള ഒരു പാത തുറക്കുവാന്‍ നമ്മെ സഹായിക്കുന്നു. അവധാനപൂര്‍വ്വമായ പ്രാര്‍ത്ഥന (ാശിറളൗഹ ുൃമ്യലൃ) ഏറ്റവും ഉയര്‍ന്ന സാന്നിധ്യത്തിന്റെയും സ്വസ്വീകാര്യതയുടെയും ഒരു പരിശീലനമാണ്. ഇത് വിധിയില്ലാതെ നമ്മുടെ ചിന്തകളെയും വികാരങ്ങളെയും ശാരീരിക സംവേദനങ്ങളെയും നമുക്ക് ചുറ്റുമുള്ള ലോകത്തെക്കുറിച്ചും പൂര്‍ണ്ണമായി ബോധവാന്മാരാകാന്‍ നമ്മെ സഹായിക്കുന്നു. ഈ സമീപനം പ്രാര്‍ത്ഥനയെ വെറും മാനസിക വ്യായാമത്തില്‍ നിന്ന് ശരീരം, മനസ്സ്, ആത്മാവ് എന്നിവയെ ഉള്‍പ്പെടുത്തുന്ന ഒരു സമഗ്രമായ അനുഭവമാക്കി മാറ്റുന്നു. ശൂന്യമായ പദപ്രയോഗങ്ങള്‍ക്കും ആവര്‍ത്തന വിരസതയ്ക്കുമപ്പുറം ആധികാരികവും തുറന്നതും കരുണാമയവുമായ സാന്നിധ്യത്തിന്റെ ഇടത്തിലേക്ക് നീങ്ങാനുള്ള ഒരു ആഹ്വാനമാണിത്. ശ്രദ്ധാപൂര്‍വ്വമായ പ്രാര്‍ത്ഥന പരിശീലിക്കുന്നതിലൂടെ, നമുക്ക് ഒരു ലളിതമായ ദൈനംദിന ആചാരത്തെ ആഴമേറിയതും ജീവന്‍ നല്‍കുന്നതുമായ ഒരു പരിശീലനമാക്കി മാറ്റുവന്‍ കഴിയും. അത് നമ്മുടെ ജീവിതത്തെ സമ്പന്നമാക്കുകയും ഓരോ നിമിഷത്തിലും സമാധാനവും ശാന്തിയും സന്തോഷവും കണ്ടെത്തുവാന്‍ സഹായിക്കുകയും ചെയ്യും.

പ്രാര്‍ത്ഥനയുടെ ആഴം അറിയുന്നതും, പൂര്‍ണ്ണമാവുന്നതും, അത് കൃതജ്ഞതയുടെ നിശബ്ദമായ ഹൃദയസ്പന്ദനമായി മാറുമ്പോള്‍ മാത്രമാണ്. പ്രാര്‍ത്ഥന ആത്മനിഷ്ഠവും സത്യവും പൂര്‍ണ്ണവുമാകുന്നത് എന്തുകൊണ്ടും അല്ലാതെ എന്നിട്ടും ഹൃദയം നന്ദിയില്‍ നിറയുമ്പോഴാണ്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px