കലയും കച്ചവടവും സാങ്കേതികവിദ്യകളും സമന്വയിപ്പിച്ചു കൊണ്ടു് ഒട്ടേറെപ്പേരുടെ വിയര്‍പ്പിന്റെ വിലയായ സിനിമയില്‍ എന്നും ഏറ്റവുമധികം ജനപ്രീതി നേടിയെടുക്കുന്നത് തിരശ്ശീലയില്‍ പ്രത്യക്ഷപ്പെടുന്ന താര രാജാക്കന്മാരും താരസുന്ദരികളുമാണ്.
ലോകത്തെവിടേയും താരമൂല്യം ഒരു സിനിമയുടെ ബോക്‌സോഫീസ് വിജയത്തിന് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു .
താരാരാധനയുടെ പേരില്‍ ഇഷ്ടസിനിമ ഇരുന്നൂറും മുന്നൂറും തവണയൊക്കെ കാണുന്നവര്‍ തമിഴ്‌നാട്ടിലും ആന്ധ്രയിലും മഹാരാഷ്ട്രയിലുമൊക്കെ ധാരാളം പേരുണ്ട് .
താരങ്ങളോടുള്ള കടുത്ത ആരാധനയാണ് കാണികളെ ഇങ്ങനെ തീയേറ്ററുകളിലേക്ക് ഇരച്ചു കയറാന്‍ പ്രേരിപ്പിക്കുന്നത്.
സാംസ്‌ക്കാരിക നിലവാരത്തില്‍ ഇന്ത്യയില്‍ തന്നെ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ താരാരാധനയൊക്കെയുണ്ടായിരുന്നുവെങ്കിലും ചിത്രത്തിന്റെ സംവിധായകനെ നോക്കി സിനിമ കാണാന്‍ പോയിരുന്ന ഒരു കാലമുണ്ടായിരുന്നു .
താരങ്ങളേക്കാള്‍ ജനപ്രീതി പിടിച്ചുപറ്റിയ അത്തരത്തില്‍പ്പെട്ട ഒരു സംവിധായകനാണ് കുരുക്കള്‍പാടം സുബ്രഹ്‌മണ്യം സേതുമാധവന്‍ എന്ന കെ എസ് സേതുമാധവന്‍ .
പി സുബ്രഹ്‌മണ്യം , കുഞ്ചാക്കോ , എം കൃഷ്ണന്‍ നായര്‍ , എ വിന്‍സെന്റ് , പി ഭാസ്‌കരന്‍, ശശികുമാര്‍ , എ ബി രാജ് തുടങ്ങിയ ജനപ്രിയ സംവിധായകരുടെ ഇടയിലാണ് കലയും കച്ചവടവും സമന്വയഭാവങ്ങളോടെ കൂട്ടിക്കലര്‍ത്തി മലയാളത്തിലെ മികച്ച സാഹിത്യകൃതികളുടെ ചലച്ചിത്രാവിഷ്‌കാരങ്ങളുമായി
കെ എസ് സേതുമാധവന്‍ തന്റെ ജൈത്രയാത്ര നടത്തി മുന്നേറിയത്.
എം ഒ ജോസഫിന്റെ ‘ മഞ്ഞിലാസ് ‘ എന്ന ബാനറിന് പ്രൗഢഗംഭീരമായ ഒരു മേല്‍വിലാസമുണ്ടാക്കാനും , സത്യന്‍ എന്ന മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട നടന് കേരളീയ മനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ നേടാനുമൊക്കെ കെ എസ് സേതുമാധവന്റെ ചിത്രങ്ങള്‍ നല്‍കിയ സംഭാവനകള്‍ ചെറുതായിരുന്നില്ല.
1931-ല്‍ സുബ്രഹ്‌മണ്യം ലക്ഷ്മി ദമ്പതികളുടെ മകനായി പാലക്കാടാണ് കെ എസ് സേതുമാധവന്റെ ജനനം. പിതാവിന്റെ ജോലിസ്ഥലം തമിഴ്‌നാട്ടിലായിരുന്നതിനാല്‍ ചെറുപ്പത്തില്‍ തന്നെ തമിഴ് ഭാഷയിലും ഇദ്ദേഹം പ്രാവീണ്യം നേടി.
മദ്രാസിലെ പ്രസിഡന്‍സി കോളേജില്‍ സസ്യശാസ്ത്രത്തില്‍ ബിരുദത്തിനു വേണ്ടി പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ കണ്ട
‘ദി കീസ് ഓഫ് കിംഗ്ഡം’ എന്ന ഇംഗ്ലീഷ് സിനിമ സേതുമാധവന് സിനിമാ മേഖലയില്‍ താല്പര്യം ജനിക്കാന്‍ കാരണമായി.
ഈ നോവല്‍ തേടിപ്പിടിച്ചു വായിച്ചാസ്വദിച്ചതില്‍ നിന്നായിരുന്നു പില്‍ക്കാലത്ത് മികച്ച സാഹിത്യ കൃതികള്‍ സിനിമയാക്കാനുള്ള പ്രചോദനവും ആവേശവും ഈ സംവിധായകന് ലഭിക്കുന്നതത്രെ! കുടുംബസുഹൃത്തായ പ്രശസ്ത സാഹിത്യകാരന്‍ ഓ വി വിജയനിലൂടെയാണ് സേതുമാധവന്‍ സിനിമയിലേക്ക് എത്തപ്പെട്ടത്.
വിജയന്റെ ഒരു സുഹൃത്ത് വഴി കോയമ്പത്തൂരിലെ സെന്‍ട്രല്‍ സ്റ്റുഡിയോയില്‍ ഛായാഗ്രാഹകനായ കെ രാമനാഥന്റേയും സംവിധായകനായ ടി ആര്‍ സുന്ദരത്തിന്റേയും കീഴില്‍ മൂന്നുവര്‍ഷത്തോളം സേതുമാധവന്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു.
പിന്നീട് സേലത്തും മദ്രാസ്സിലും മോഡേണ്‍ തിയേറ്റേഴ്‌സിലും ജോലി ചെയ്തു കൊണ്ടിരിക്കേ തെലുഗു സംവിധായകനായ എല്‍ വി പ്രസാദുമായുള്ള സഹവാസം സേതുമാധവന് സ്വതന്ത്ര സംവിധായകനാകാന്‍ വഴിയൊരുങ്ങി.
അങ്ങനെയാണ് ‘വീരവിജയം ‘എന്ന സിംഹള സിനിമയിലൂടെ സേതുമാധവന്‍ ആദ്യമായി സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്.
1961 – ല്‍ മുട്ടത്തുവര്‍ക്കിയുടെ ‘ജ്ഞാനസുന്ദരി ‘എന്ന നോവല്‍ ചലച്ചിത്രമാക്കിക്കൊണ്ടായിരുന്നു സേതുമാധവന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം .
ജീവിതത്തിലും സിനിമയിലും അന്തസ്സും ആഭിജാത്യവും പുലര്‍ത്തിയ ഈ സംവിധായകന്റെ മുന്നില്‍ നടനവിസ്മയമായിരുന്ന സത്യനും തമിഴ്‌നാടിന്റെ മക്കള്‍ തിലകമായ എം ജി ആറുമൊക്കെ കൊച്ചുകുട്ടികളെ പോലെ അനുസരണയോടെ നിന്നിട്ടുണ്ടത്രേ!
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സാഹിത്യകൃതികള്‍ സിനിമയാക്കിയിട്ടുള്ളത്
കെ എസ് സേതുമാധവനാണ് .
മലയാറ്റൂര്‍ രാമകൃഷ്ണന്റെ യക്ഷി, പി അയ്യനേത്തിന്റെ വാഴ്വേമായം , കെ സുരേന്ദ്രന്റെ ദേവി ,ഉറൂബിന്റെ മിണ്ടാപ്പെണ്ണ് , പമ്മന്റെ അടിമകള്‍, ചട്ടക്കാരി , പാറപ്പുറത്തിന്റെ പണിതീരാത്ത വീട് , അരനാഴികനേരം , കെ ടി മുഹമ്മദിന്റെ അച്ഛനും ബാപ്പയും , കടല്‍പ്പാലം , കേശവദേവിന്റെ ഓടയില്‍ നിന്ന് , തകഴി ശിവശങ്കരപ്പിള്ളയുടെ ചുക്ക്, അനുഭവങ്ങള്‍ പാളിച്ചകള്‍ , മുട്ടത്തുവര്‍ക്കിയുടെ കരകാണാകടല്‍, അഴകുള്ള സെലീന , ലൈന്‍ബസ്സ് ,വെട്ടൂര്‍ രാമന്‍ നായരുടെ ജീവിക്കാന്‍ മറന്നു പോയ സ്ത്രീ ,തോപ്പില്‍ഭാസിയുടെ കൂട്ടുകുടുംബം, പി പത്മരാജന്റെ നക്ഷത്രങ്ങളെ കാവല്‍ തുടങ്ങിയ സാഹിത്യകൃതികളെയൊക്കെ എത്ര സുന്ദരമായാണ് കെ എസ് സേതുമാധവന്‍ അഭ്രപാളികളില്‍ പകര്‍ത്തി മലയാളികളെ ഹര്‍ഷ പുളകിതരാക്കിയത്.
മലയാളം ,തമിഴ് , തെലുങ്ക് ഭാഷകളിലായി 10 ദേശീയ പുരസ്‌ക്കാരങ്ങളും മലയാളത്തില്‍ നിന്ന് എട്ടു സംസ്ഥാന പുരസ്‌ക്കാരങ്ങളും കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ചലച്ചിത്രങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട് .
മൂന്നു പതിറ്റാണ്ടിലേറെ നായക വേഷത്തില്‍ തിളങ്ങിനിന്ന പ്രേംനസീറിനെ വില്ലനാക്കിയതും ഗാനഗന്ധര്‍വന്‍ യേശുദാസിസിനെ സംഗീത സംവിധായകനാക്കിയതും
(അഴകുള്ള സെലീന ) ഹാസ്യനടനായിരുന്ന അടൂര്‍ ഭാസിയെ ഗായകനാക്കിയതും (സ്ഥാനാര്‍ഥി സാറാമ്മ ) അദ്ദേഹത്തിന്റെ ചലച്ചിത്ര പരീക്ഷണങ്ങളില്‍ പെടുന്നു.
‘കണ്ണും കരളും ‘ എന്ന ചിത്രത്തിലൂടെ കമലഹാസനെ മലയാളത്തില്‍ ആദ്യമായി ബാലതാരമായും പിന്നീട് കന്യാകുമാരിയിലൂടെ നായകനായും അവതരിപ്പിച്ചതും , പില്‍ക്കാലത്ത് സൂപ്പര്‍സ്റ്റാര്‍ ആയി മാറിയ സുരേഷ് ഗോപിയെ ‘ഓടയില്‍നിന്ന് ‘ എന്ന ചിത്രത്തിലൂടെ ബാലതാരമായി അവതരിപ്പിച്ചതും കെ എസ് സേതുമാധവന്റെ സംഭാവനകള്‍ തന്നെ .
2009 -ല്‍ ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ‘ ജെ സി ഡാനിയല്‍ ‘പുരസ്‌ക്കാരം നല്‍കി കേരള ഗവണ്‍മെന്റ് ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട് .
59 ചലച്ചിത്രങ്ങളിലൂടെ ഏകദേശം മുന്നൂറോളം ഗാനങ്ങള്‍ കെ എസ് സേതുമാധവന്റെ മധുര സ്മരണകളുമായി മലയാളികളുടെ ഹൃദയഭൂമികയില്‍ ഇന്നും പൂത്തുലഞ്ഞു നില്‍ക്കുന്നു .
വയലാര്‍ ദേവരാജന്‍ ടീമായിരുന്നു ഇദ്ദേഹത്തിന്റെ ഭൂരിഭാഗം ചിത്രങ്ങളിലും സംഗീതവിഭാഗം കൈകാര്യം ചെയ്തത് .
‘ചെത്തിമന്ദാരം തുളസി പിച്ചക മാലകള്‍ ചാര്‍ത്തി ..’.( അടിമകള്‍ )
‘സീതാദേവി സ്വയംവരം ചെയ്‌തൊരു ത്രേതായുഗത്തിലെ ശ്രീരാമന്‍ ..’
(വാഴ്വേമായം )
‘സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍ ..’
( യക്ഷി )
‘കണ്ണുനീര്‍ തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ …’
( പണിതീരാത്ത വീട് )
‘സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു ..’.( അരനാഴികനേരം )
‘വീണപൂവേ വീണപൂവേ കുമാരനാശാന്റെ വീണപൂവേ . ‘.
( ജീവിക്കാന്‍ മറന്നു പോയ സ്ത്രീ )
‘പൂന്തേനരുവി
പൊന്മുടിപുഴയുടെ അനുജത്തി …’
(ഒരു പെണ്ണിന്റെ കഥ )
‘പള്ളിയരമന വെള്ളിയരമനയില്‍ ശില്പി തീര്‍ത്തൊരാള്‍രൂപം … ‘
( തെറ്റ് )
‘തൃക്കാക്കര പൂ പോരാഞ്ഞോ തിരുനക്കര പൂ പോരാഞ്ഞോ …’
(ലൈന്‍ ബസ് )
‘പ്രേമഭിക്ഷുകീ ഭിക്ഷുകീ ഭിക്ഷുകീ…’ ( പുനര്‍ജ്ജന്മം )
‘തങ്കഭസ്മക്കുറിയിട്ട
തമ്പുരാട്ടി … ‘ ( കൂട്ടുകുടുംബം )
‘ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം…: ‘
( ഭാര്യമാര്‍ സൂക്ഷിക്കുക )
‘പാരിജാതം തിരുമിഴിതുറന്നു ..’.( തോക്കുകള്‍ കഥ പറയുന്നു )
‘യുവാക്കളെ യുവതികളെ …’
( ചട്ടക്കാരി )
‘അക്കരപ്പച്ചയിലെ
അഞ്ജനച്ചോലയിലെ …. ‘
(സ്ഥാനാര്‍ഥി സാറാമ്മ )
‘വെണ്‍ചന്ദ്രലേഖയൊരപ്‌സര സ്ത്രീ …’
(ചുക്ക് )
‘പ്രവാചകന്മാരേ പറയൂ പ്രഭാതമകലെയാണോ …’
( അനുഭവങ്ങള്‍ പാളിച്ചകള്‍ )
ഇങ്ങനെ എണ്ണിയാല്‍ തീരാത്ത ഗാനങ്ങളാണ് ഈ സംവിധാനപ്രതിഭ കൈരളിക്ക് കാഴ്ചവച്ചത്.
1931 മെയ് 29ന് ജനിക്കുകയും 2021 ഡിസംബര്‍ 24-ന് കാലയവനികയ്ക്കുള്ളില്‍ മറയുകയും ചെയ്ത കെ എസ് സേതുമാധവന്റെ ജന്മവാര്‍ഷികദിനമാണിന്ന്.
ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള
‘ ദാദാ സാഹിബ്ബ് ഫാല്‍ക്കേ ‘ അവാര്‍ഡിനായി മലയാളത്തില്‍ നിന്നും ഏറ്റവും അര്‍ഹതപ്പെട്ട ഈ കലാപ്രതിഭയെ പരിഗണിച്ചില്ല എന്നുള്ളത് ഈ ദിനത്തില്‍ ഖേദപൂര്‍വ്വമാണെങ്കിലും എടുത്തു പറയേണ്ടിയിരിക്കുന്നു.












നന്നായിരിക്കുന്നു , സ്വപ്നങ്ങളുടെ കഥ !