മലയാളികളില്‍ വളരെയധികം സ്വാധീനംചെലുത്തിയിട്ടുള്ള കവിയും ഗദ്യകാരനുമായിരിന്ന ശ്രീ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ഏതാനു വരികളാണ് ഓര്‍മ്മയില്‍ ഓടിയെത്തുന്നത്.
‘എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും
അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം
അഴകുമാരോഗ്യവും സ്വസ്ഥതയും
അവിടത്തില്‍ മൊട്ടിട്ടു നിന്നീടുന്നു’
ഇപ്പോള്‍ മിന്നാമിനുങ്ങിനെക്കുറിച്ച് പറയുവാനുള്ളതും അതുതന്നെയാണ്.
എവിടെത്തിരഞ്ഞൊന്നു നോക്കിയാലും
അവിടെല്ലാം മിന്നുന്ന മിന്നാമിനുങ്ങുകള്‍ മാത്രം!
അഴകുമാരോഗ്യവും സ്വസ്ഥതയും
കൈമുതലായുള്ള മിന്നാമിനുങ്ങുകള്‍ !
ശ്രീമതി രാധ രവി
എഴുതിയ ഒരു കവിതയുമായാണ് ഇന്നത്തെ മിന്നാമിനുങ്ങ്
മുന്നിലെത്തുന്നത്.വായിച്ചുകേട്ടപ്പോള്‍ ഇന്നത്ത കാലഘട്ടത്തിന് തികച്ചും അനുയോജ്യമെന്ന് കണ്ടതുകൊണ്ട്
സഹൃദയരുമായി പങ്കുവയ്ക്കാമെന്ന് കരുതി.
‘കത്തി ജ്വലിക്കും സൂര്യ പ്രകാശത്തിലും
അന്ധകാരത്തിലകപ്പെട്ട മര്‍ത്യാ….
നിന്‍ ചെയ്തികള്‍ നീ അറിയാതെ പോകുന്നുവോ…
സത്യ ധര്‍മ്മ ച്യുതിയില്‍ ആണ്ടു പോയൊരു
കലികാല സന്തതികള്‍…
മണ്ണിനും പെണ്ണിനും, അധികാരമോഹത്തിനും വെട്ടിനുറുക്കുന്നു…
കത്തിച്ചു ചാരമാക്കുന്നു പച്ച മനുഷ്യനെ….
വിതയ്ക്കുന്നതൊക്കെയും അനര്‍ത്ഥങ്ങള്‍തന്നെയനര്‍ത്ഥങ്ങളെവിടെയും.
സാധുക്കളാം
ജന്മങ്ങള്‍ ബലിയാടുകളാകുന്ന കാലം…
നിഷ്പ്രയാസമൊരു ജീവനെടുക്കുവാന്‍പോലും പ്രാപ്തരായ നരാധമന്മാര്‍….
നിന്‍ അന്തരാത്മാവില്‍ നന്മയുടെ ഒരു ചെറു മിന്നാമിനുങ്ങിന്‍ വെളിച്ച മെങ്കിലും തെളിഞ്ഞിരുന്നെങ്കില്‍…
ഇരുട്ടിലും സ്വയം പ്രകാശം പരത്തി നേരിന്റെ പാതയില്‍ പാറി നടക്കും മിന്നാമിനുങ്ങുകളെ….
നിങ്ങള്‍ ഈശ്വര സൃഷ്ടിതന്‍ മനോഹര വിസ്മയം….’
ഈ കവിതയിലെ ചില വരികള്‍ ഈ കാലഘട്ടത്തെ ശരിയായി നിര്‍വചിച്ചിരിക്കുന്നു.
1 .സത്യധര്‍മ്മച്യുതിയില്‍ ആണ്ടുപോയൊരു കലികാല സന്തതികള്‍ !
2 . സാധുക്കളാം ജനങ്ങളിവിടെ ബലിയാടുകളാകുന്ന കാലം !
3 .മിന്നാമിനുങ്ങിന്റെ ചെറിയൊരു വെളിച്ചം ഇവിടെ തെളിഞ്ഞിരുന്നെങ്കില്‍ !
എത്ര അര്‍ത്ഥവത്തായ വരികള്‍.
‘മാതൃദേവോ ഭവ ‘ എന്നു മാത്രമല്ല പശുക്കള്‍ക്കുപോലും ദേവിഭാവം നല്‍കി ആദരിക്കുന്ന ഭാരതീയ സംസ്‌കാരത്തിന്റെ പിന്‍മുറക്കാരാണ് ഓരോ ഭാരതീയനും.
എന്നാല്‍ ഇപ്പോഴിതാ നാരായണ്‍പൂര്‍ ജില്ലയില്‍ നിന്നുള്ള പത്തൊമ്പതു മുതല്‍ ഇരുപത്തിരണ്ടു വയസ്സുവരെ പ്രായമുള്ള മൂന്നു പെണ്‍കുട്ടികളോടൊപ്പം യാത്രചെയ്തിരിന്ന ആഗ്രയിലെ ഫാത്തിമ ആശുപത്രിയില്‍ ജോലി ചെയ്യന്ന സിസ്റ്റര്‍ വന്ദന ഫ്രാന്‍സീസിനും
സിസ്റ്റര്‍ പ്രീതി മേരിക്കും രണ്ടായിരത്തി ഇരുപത്തിയഞ്ച് ജൂലൈ മാസം ഇരുപത്തിയഞ്ചാം തീയതി ചത്തീസ്ഗഡിലെ ദുര്‍ഗില്‍ വച്ചുണ്ടായ തിക്താനുഭവം സ്ത്രീപീഡനത്തിന്റെ മറ്റൊരുദാഹരണമെന്ന് പറയാതിരിക്കുവാന്‍ വയ്യ.
പീഡനമെന്ന വാക്കിനര്‍ത്ഥം ഉപദ്രവമേല്‍പ്പിക്കുക അഥവ നൊമ്പരപ്പെടുത്തുക എന്നാണല്ലോ. വിപുലമായ ഈ അര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കപ്പെടുമ്പോള്‍ ലൈംഗീകപീഡനം മാത്രമല്ല സ്ത്രീപീഡധം എന്നു മനസ്സിലാക്കണം. പീഡനം
ഗാര്‍ഹികമാകാം
ശാരീരികമാകാം
വൈകാരിക/മാനസ്സീകമാകാം
സാമ്പത്തികമാകാം .
ഇവിടെ നടന്നത്
ഒരു വൈകാരിക/മാനസ്സീക പീഡനമല്ലേയെന്ന് സ്ത്രീപക്ഷവാദികള്‍ സംശയിക്കുന്നുവെങ്കില്‍
അവരെ കുറ്റപ്പെടുത്തവാനാകുമോ?
ഏതാനും ദിവസങ്ങള്‍ക്ക്മുമ്പ് അനുഗ്രഹീത എഴുത്തുകാരി ശ്രീമതി ഗിരിജ വാര്യര്‍ ‘ചില സ്ത്രീപക്ഷ ചിന്തകള്‍’ എന്ന ശീര്‍ഷകത്തില്‍ എഴുതിയ ലഖനം വായിക്കുവാനിടയായി. ലേഖനം തുടങ്ങതിങ്ങനെ:
‘ പെണ്ണിന് വില കല്പിക്കുന്ന സമുഹമാണോ നമ്മുടേത് ?
ഈ ചോദ്യം പുരുഷാധിപത്യം കൊടികുത്തിവാഴുന്ന ഏതൊരു സമൂഹവും വിചിന്തനത്തിന് വിധേയമാക്കേണ്ടതുണ്ട്. ശ്രീമതി ഗിരിജ വാര്യര്‍ തുടര്‍ന്നെഴുതുന്നു: ‘ ഭാരതീയ സംസ്‌കാരം യോഗസംസ്‌കാരമാണ്, ഭോഗസംസ്‌കാരമല്ല. നമുക്കിടയില്‍ ‘നിര്‍ഭയ’കളും ‘സൗമ്യ’മാരും ‘ഉത്ര’മാരും ഉണ്ടാവാന്‍ പാടില്ല ‘ എന്നാല്‍ ഇന്ന് വിദ്യാഭ്യാസസ്ഥാപനങ്ങള്‍, കൃഷിയിടങ്ങള്‍, തൊഴിലിടങ്ങള്‍, വാഹനങ്ങള്‍ തുടങ്ങി എല്ലായിടങ്ങളിലും സ്ത്രീകള്‍ അപമാനിപ്പെടുകയും, സ്ത്രീപീഡനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു വരുകയും ചെയ്യുന്നതായി പഠനങ്ങളും ദൃശ്യശ്രവണമാദ്ധ്യമങ്ങളും വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ മതരാഷ്ട്രീയ-സാമുദായികജാതീയ പരിച്ഛേദനങ്ങള്‍ക്കപ്പുറം സ്ത്രീത്വത്തെ മാനിക്കാനും സംരക്ഷിക്കാനുമുള്ള ബോധം പുരുഷാധിപത്യസമൂഹത്തിലും ഭരണമേഖലകളിലും വളര്‍ന്നുവരേണ്ടത് സാമൂഹിക പുരോഗതിക്ക്
അനിവാര്യമെന്ന് അടിവരയിട്ട് പറയട്ടെ.
പ്രശസ്ത സാഹിത്യകാരന്‍ശ്രീ കാരൂര്‍ സോമന്‍
‘നിലവിലിരിക്കുന്ന പഴഞ്ചന്‍ വിശ്വാസപ്രമാണങ്ങളെ പുനരുദ്ധരിക്കുവാന്‍ ‘ ആഹ്വാനം ചെയ്തുകൊണ്ട് ‘ഇന്ത്യയുടെ രക്ഷകര്‍ കന്യാസ്ത്രികള്‍ ‘ എന്ന ശീര്‍ഷകത്തില്‍ എഴുതിയ ലേഖനം ആരുടേയും കണ്ണു തുറപ്പിക്കുമെന്ന് നിസ്സംശയം സാക്ഷ്യപ്പെടുത്തുവാന്‍ കഴിയും.
ലേഖനം തുടക്കം മുതല്‍ ഒടുക്കം വരെ വായിച്ചാല്‍
ചില കാര്യങ്ങള്‍ അദ്ദേഹം സത്യസന്ധമായി എഴുതിയിരിക്കുന്ന എന്നു കാണാം:
1.’ഒരു രാജ്യത്തിന്റെ യഥാര്‍ത്ഥ സംസ്‌കാരം കുടികൊള്ളുന്നത് ആ രാജ്യത്തിന്റെ
സാമൂഹ്യ സാംസ്‌ക്കാരിക ശാസ്ത്രീയ വളര്‍ച്ചയിലാണ്,
മതപരമായ വീക്ഷണഗതിയിലൂടെയല്ല.’
2.’ക്രിസ്ത്യാനികള്‍ ഭാരതത്തിനും കേരളത്തിനും വിദ്യാഭ്യാസ ആതുരസേവന സാമുഹ്യ സാംസ്‌ക്കാരിക്യ മേഖലകളില്‍ ഗണ്യമായ സംഭാവനകള്‍ മാത്രമേ നല്‍കിയിട്ടുള്ളു.’
3.’മണ്ണിനും മണ്ണാങ്കട്ടാക്കും കൊള്ളാത്ത മനസ്സ് മരവിച്ച മതഭ്രാന്തന്മാര്‍ മദമിളകിയ ആനകളെപോലെ നിരപരാധികളെ പീഡിപ്പിക്കുന്നത്
മനസ്സാക്ഷിയുള്ള ആര്‍ക്കും അംഗീകരിക്കാനാവില്ല.’
4.’സത്ക്കര്‍മ്മങ്ങള്‍ ചെയ്യുവാനാണ്
ഭഗവത്ഗീത നമ്മേ പഠിപ്പിക്കുന്നത്.’
ഈ ലേഖനത്തിന് കോരളമൊട്ടാകെ ഊഷ്മളസ്വീകരണമാണ് ലഭിച്ചതെന്ന് ഇതിനോടകം മാധ്യമങ്ങളില്‍നിന്നറിയാന്‍ സാധിച്ചു.
ഈ കാലഘട്ടത്തില്‍ സാഹിത്യമെന്നാല്‍ പ്രകൃതിയിലെ കാറ്റിനേയും കടലിനേയും മഞ്ഞിനേയും മഴയേയും സൂര്യനേയും ചന്ദ്രനേയും
നക്ഷത്രങ്ങളേയും , പക്ഷിമൃഗാദികളേയും വൃക്ഷലതാദികളേയും വാഴ്ത്തിപ്പാടാനുള്ള ഒരു മാധ്യമായി തെറ്റിദ്ധരിച്ചിരിക്കുകയാണ് പലരും.
എന്നാല്‍ കഴിഞ്ഞ കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്ന സാഹിത്യകാരന്മാര്‍ സമുഹത്തിന്റെ നെടുവീര്‍പ്പുകളെ
ഒപ്പിയെടുത്ത് സാമൂഹ്യോന്നമനത്തിനുവേണ്ടി തൂലിക ചലിപ്പിച്ചിരുന്നതായി അവരുടെ സൃഷ്ടികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇവിടെയാണ് മറ്റുപല സാഹിത്യകാരന്മാരില്‍നിന്നും ശ്രീ കാരൂര്‍ വ്യത്യസ്തനാകുന്നത്. സമൂഹത്തിലുടലെടുക്കുന്ന ആനുകാലിക പ്രശ്‌നങ്ങളെ യഥോചിതം തന്റെ തലികയില്‍
കാര്യകാരണസഹിതം അപഗ്രഥിക്കുകയും വേണ്ട തിരുത്തലുകള്‍
നിര്‍ദ്ദേശിക്കുകയും ചെയ്യുക അദ്ദേഹത്തിന്റെ എഴുത്തുശൈലിയുടെ വേറിട്ടു നില്‍ക്കുന്ന പ്രത്യേകതയാണ്. സമൂഹത്തോടുള്ള പ്രതിബദ്ധത
ബോദ്ധ്യപ്പെടുത്തേണ്ടത് ഒരെഴുത്തുകാരന്റെ
കടമകൂടിയാണ്.
കാരണം സമൂഹമാണ് ഒരുവനെ എഴുത്തുകാരനാക്കുന്നതും.
ശ്രീ സോമന്റെ വാക്കുകള്‍ ശ്രദ്ധിക്കുക.
‘ ഇന്ന് കലാ സാഹിത്യ രംഗത്തുള്ളവര്‍ സാമൂഹികപ്രശ്‌നങ്ങളെ നിര്‍വികാരതയോടെ നോക്കിക്കാണുന്നു. ജാതിമതരാഷ്ട്രീയക്കാരുടെ അടിമകളായി
അന്ധതയില്‍ തപ്പിത്തടയുന്നു.അനീതി കണ്ടാല്‍ ശബ്ദിക്കില്ല. ‘
മാനവമൈത്രിയുടെ വക്താക്കളാകേണ്ടവരാണ് ഓരോ അക്ഷരസ്‌നേഹിയും.
ഓരോ എഴുത്തുകാരനും
എഴുത്തുകാരിയും
ഓരോ വായനക്കാരനും
വായനക്കാരിയും.
സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യം തുടങ്ങി എല്ലാ തുറകളിലും
സ്ത്രീസുരക്ഷ ഉറപ്പ് വരുത്തേണ്ടത്
രാജ്യഭരണകര്‍ത്താക്കളുടെ കടമയായിത്തന്നെ കരുതേണ്ടിയിരിക്കുന്നു.
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു.









